- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോത്ര വിഭാഗത്തിൽനിന്നുള്ള ആദ്യ വനിതാ രാഷ്ട്രപതി; പിന്നാലെ കർഷക കുടുംബത്തിൽ നിന്നും ഉപരാഷ്ട്രപതിയും; ബംഗാളിലെ 'ഒറ്റയാൾ പോരാളിക്ക് ഇനി രാജ്യസഭയിൽ സമവായം ഒരുക്കേണ്ട ദൗത്യം; കർഷക സമരത്തിലും കൈവിടാത്ത ജാട്ട് വിഭാഗത്തിനെ ഒപ്പം നിർത്തി ബിജെപി
ന്യൂഡൽഹി: ഗോത്ര വിഭാഗത്തിൽനിന്നുള്ള ആദ്യ വനിതാ രാഷ്ട്രപതിക്കു പിന്നാലെ കർഷക കുടുംബത്തിൽ നിന്നുമുള്ള ഉപരാഷ്ട്രപതി. രാജ്യത്തെ ജനങ്ങളുടെ മനസ്സറിഞ്ഞ് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നോട്ട് വച്ച രണ്ട് സ്ഥാനാർത്ഥികളും ആധികാരിക ജയത്തോടെ ഉന്നത പദവിയിലേക്ക് കടന്നുവരുമ്പോൾ ശ്രദ്ധേയമാകുന്നത് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനങ്ങളുടെ കരുത്ത് തന്നെ. പൊതുപ്രവർത്തകനായും ജനപ്രതിനിധിയായും അഭിഭാഷകൻ എന്ന നിലയിലുമുള്ള അനുഭവ സമ്പത്തുമായാണ് ജഗ്ദീപ് ധൻകർ രാജ്യത്തിന്റെ ഉപരാഷ്ട്രപതി പദത്തിലേക്ക് നടന്നു കയറുന്നത്.
പശ്ചിമ ബംഗാളിൽ സംസ്ഥാന സർക്കാരുമായുള്ള നിരന്തര ഏറ്റുമുട്ടലിന് ശേഷമാണ് ധൻകർ ഡൽഹിയിൽ ഉന്നത പദവിയിലേക്ക് എത്തുന്നത്. രാജ്യസഭയിൽ സമവായത്തിന്റെ അന്തരീക്ഷം ഒരുക്കുക എന്നതാണ് ധൻകറിനെ കാത്തിരിക്കുന്ന പ്രധാന ദൗത്യം.
രാഷ്ട്രപതി ദ്രൗപദി മുർമുവിന് പിന്നാലെ ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ പിറക്കുന്നത് പുതുചരിത്രമാണ്. 780 എംപിമാരിൽ 725 പേരാണ് വോട്ട് ചെയ്തത്. ധൻകർ 528 വോട്ട് നേടി. പ്രതിപക്ഷ സ്ഥാനാർത്ഥി മാർഗരറ്റ് അൽവയ്ക്ക് നേടാനായത് 182 വോട്ട് മാത്രം. 15 വോട്ട് അസാധുവായി. കേവല ഭൂരിപക്ഷത്തിന് 372 വോട്ടാണ് വേണ്ടിയിരുന്നത്.
ബംഗാളിൽ ഗവർണറായി എത്തിയതു മുതൽ മമതയുടെ തൃണമൂൽ സർക്കാരുമായുണ്ടായ ഉരസലിന്റെ പേരിൽ അദ്ദേഹം വാർത്തകളിൽ നിറഞ്ഞു. 2021ലെ ബംഗാൾ തിരഞ്ഞെടുപ്പിനു പിന്നാലെ സംസ്ഥാനത്തുണ്ടായ കലാപം മുതൽ നിയമസഭയിൽ ബില്ലുകൾ പാസ്സാകുന്നത് വൈകുന്നതു വരെ ഇരുവരും തമ്മിലുള്ള വാക്‌പോരുകൾക്ക് വഴിതെളിച്ചു. ഒടുവിൽ ബംഗാളിൽ സർക്കാർ സർവകലാശാലകളുടെ ചാൻസലർ പദവിയിൽനിന്ന് ഗവർണറെ ഒഴിവാക്കി അത് മുഖ്യമന്ത്രി ഏറ്റെടുക്കുന്നതിലേക്കു വരെ കാര്യങ്ങൾ നീങ്ങി.
പോരു മുറുകുന്നതിനിടെയാണ് ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി ജഗ്ദീപിനെ പ്രഖ്യാപിക്കുന്നത്. തൃണമൂൽ നേതൃത്വം ജഗ്ദീപിനെ 'ബിജെപി ഏജന്റാ'യി കണക്കാക്കിയപ്പോൾ ഭരണഘടനാ തത്വങ്ങൾ ഉയർത്തിപ്പിടിക്കുന്ന മികച്ച ഗവർണറായി സംസ്ഥാന ബിജെപി അദ്ദേഹത്തെ വാഴ്‌ത്തി. മമത ബാനർജിക്കെതിരെ പോരടിക്കാനല്ല മറിച്ച് മമതാ സർക്കാരിന്റെയും സംസ്ഥാന നിയമസഭയുടെയും തെറ്റുകൾ ചൂണ്ടിക്കാട്ടുകയാണ് താൻ ചെയ്യുന്നതെന്നാണ് ധൻകർ പറഞ്ഞത്.
അതേ മമത ബാനർജിയുമായി ഒടുവിൽ ഒത്തുതീർപ്പിലെത്തിയാണ് ധൻകർ പടിയിറങ്ങിയത്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ നിന്ന് തൃണമൂൽ കോൺഗ്രസ് വിട്ടു നിന്നത് ഈ ധാരണയുടെ സൂചനയായി.
ബിജെപി ദേശീയ ആസ്ഥാനത്തു ചേർന്ന പാർലമെന്ററി ബോർഡ് യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, അമിത് ഷാ എന്നിവരുടെ നേതൃത്വത്തിലാണ് ധൻകറിനെ സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തത്. മുൻ കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വി, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്, കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ജമ്മു കശ്മീർ ലഫ്.ഗവർണർ മനോജ് സിൻഹ, മുൻ കേന്ദ്രമന്ത്രി എസ്.എസ്.അലുവാലിയ, കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി എന്നിവരുടെ പേരുകളും ആദ്യഘട്ടം മുതൽ സ്ഥാനാർത്ഥിപദത്തിലേക്ക് ഉയർന്നുവന്നിരുന്നു. ഇവരെയെല്ലാം പിന്തള്ളിയാണ് ധൻകർ സ്ഥാനാർത്ഥിയായത്.
ജാട്ട് വിഭാഗത്തെ പ്രീതിപ്പെടുത്തുന്നതിനായാണ് ധൻകറിനെ സ്ഥാനാർത്ഥിയാക്കിയതെന്നാണ് വിലയിരുത്തൽ. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ജാട്ട് സമൂഹം, കർഷക പ്രതിഷേധം രാജ്യത്ത് ശക്തമായ സമയത്തും ബിജെപിക്കൊപ്പം നിന്നിരുന്നു. സംസ്ഥാനത്ത് ഈ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കു ലഭിച്ച വോട്ടുവിഹിതത്തിലും ഇത് പ്രതിഫലിച്ചു. മാത്രമല്ല അടുത്ത വർഷം രാജസ്ഥാനിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ജാട്ട് വിഭാഗം നിർണായക പങ്കുവഹിക്കുന്ന തിരഞ്ഞെടുപ്പിൽ ധൻകറിനെ സ്ഥാനാർത്ഥിയാക്കിയതിലൂടെ ഒരു മുഴം മുൻപേ എറിഞ്ഞിരിക്കുകയാണ് ബിജെപി.
കഴിഞ്ഞ രണ്ടു ദശാബ്ദ കാലത്തോളം ബിജെപിയുമായി ബന്ധം പുലർത്തുന്ന ധൻകറിന്, പാർട്ടിയുടെ സുപ്രധാന വൈരികളിലൊരാളായ മമതയുടെ ഉറക്കം കെടുത്തിയതിനുള്ള പാരിതോഷികമായാണ് ഈ സ്ഥാനാർത്ഥിത്വം നൽകിയതെന്ന് ഒരു വിഭാഗം നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ജാട്ടുകളുടെ വോട്ടു ലക്ഷ്യമിട്ടാണ് നീക്കമെന്ന വാദത്തിനാണ് മുൻതൂക്കമേറെ. അതിനു കാരണവുമുണ്ട്.
മറ്റെല്ലാ ജാട്ട് നേതാക്കളെയും പോലെ, ഹരിയാനയിൽനിന്നുള്ള കർഷക നേതാവ് ചൗധരി ദേവി ലാലിന്റെ അനുയായിയാണ് ധൻകറിന്റെയും രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. ഇന്ത്യയുടെ ഉപ പ്രധാനമന്ത്രിയും ഹരിയാന മുഖ്യമന്ത്രിയുമായിരുന്നു ദേവിലാൽ. ജുൻജുനുവിലെ ലോക്‌സഭാ സ്ഥാനാർത്ഥിയായി 1989ൽ ധൻകറിനെ നിർദ്ദേശിക്കുന്നതും ദേവി ലാലാണ്. ജുൻജുനുവിൽ നിന്ന് ലോക്‌സഭ അംഗമായി. വി പി സിങ് സർക്കാരിൽ പാർലമെന്ററികാര്യ സഹമന്ത്രിയായിരുന്നു. പിന്നീട് രാജസ്ഥാൻ രാജ്യസഭ അംഗമായി.
എന്നാൽ പിന്നീട് ഇദ്ദേഹത്തെ വിട്ട് ധൻകർ കോൺഗ്രസിനൊപ്പം ചേർന്നു. പി.വി.നരസിംഹ റാവുവിന്റെ കാലത്തായിരുന്നു ഇത്. എന്നാൽ രാജസ്ഥാൻ കോൺഗ്രസിൽ അശോക് ഗെലോട്ട് ശക്തനായതോടെ അദ്ദേഹം ബിജെപിയിലേക്കു മാറി. വൈകാതെ വസുന്ധര രാജെയുടെ വിശ്വസ്തനായി. എന്നാൽ ഇടക്കാലത്ത് അദ്ദേഹം അഭിഭാഷകവൃത്തിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. മികച്ച അഭിഭാഷകനായി പേരെടുത്തു. പിന്നീട് 2019ലാണ് ബംഗാൾ ഗവർണറായി സ്ഥാനമേൽക്കുന്നത്.
രാജസ്ഥാനിലെ കിതാന എന്ന ചെറിയ ഗ്രാമത്തിലെ ജാട്ട് കർഷക കുടുംബത്തിൽ 1951 മെയ് 18നാണ് ജഗ്ദീപ് ജനിച്ചത്. കിതാനയിലെ സർക്കാർ സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ ജഗ്ദീപ് പിന്നീട് സൈനിക സ്‌കൂളിൽ ചേർന്നു. ജയ്പുർ മഹാരാജാസ് കോളജിൽനിന്ന് ഫിസിക്‌സിൽ ബിരുദവും ജയ്പുർ സർവകലാശാലയിൽനിന്ന് എൽഎൽബിയും കരസ്ഥമാക്കി. 1979 നവംബർ 10 നു അഭിഭാഷകനായി എന്റോൾ ചെയ്തു. സുപ്രീം കോടതിയിലും രാജസ്ഥാൻ ഹൈക്കോടതിയിലും മികവു തെളിയിച്ച അഭിഭാഷകനായ ധൻകർ ജനതാദൾ ടിക്കറ്റിലാണ് 1989 ൽ രാജസ്ഥാനിൽനിന്നു പാർലമെന്റിൽ എത്തിയത്.
1990 ൽ കേന്ദ്രമന്ത്രിയായി. 1993 ൽ കോൺഗ്രസിൽ ചേർന്നു. 1993-98 കാലഘട്ടത്തിൽ രാജസ്ഥാനിലെ കിഷൻഗറിൽ നിന്നു നിയമസഭയിലെത്തി. 2003 ൽ ആണ് ബിജെപിയിൽ ചേരുന്നത്. 2019ലാണ് ജഗ്ദീപ് ധൻകറിനെ ബംഗാൾ ഗവർണറായി നിയമിക്കുന്നത്.
ജാട്ട് വിഭാഗത്തിനുൾപ്പെടെ ഒബിസി പദവി നേടിക്കൊടുക്കുന്നതിൽ സുപ്രധാന പങ്കു വഹിച്ച നേതാവാണ് ധൻകർ. അതിനാലാകണം ജെ.പി.നഡ്ഡ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചപ്പോൾ 'കർഷക പുത്രൻ' എന്ന് എടുത്തു പറഞ്ഞതും. രാജസ്ഥാൻ തിരഞ്ഞെടുപ്പാണ് ബിജെപിയുടെ ലക്ഷ്യമെന്നു സൂചിപ്പിക്കുന്ന മറ്റൊന്നു കൂടിയുണ്ട്. ധൻകർ ഉപരാഷ്ട്രപതിയായാൽ ലോക്‌സഭയും രാജ്യസഭയും നിയന്ത്രിക്കുന്നവർ രാജസ്ഥാനിൽനിന്നാകും. ലോക്‌സഭ സ്പീക്കർ ഓം ബിർല രാജസ്ഥാനിലെ കോട്ടബൻഡി മണ്ഡലത്തിൽനിന്നുള്ള എംപിയാണ്.
രാജ്യസഭ നിയന്ത്രിക്കുക ഉപരാഷ്ട്രപതിയാണ്. ധൻകർ ആദ്യമായി ലോക്‌സഭയിലേക്കെത്തിയ ജുൻജുനുവിലായിരുന്നു ഇത്തവണത്തെ ആർഎസ്എസിന്റെ ദേശീയ സമ്മേളനം നടന്നതെന്ന പ്രത്യേകതയുമുണ്ട്. ധൻകറിന്റെ ജന്മസ്ഥലവും ജുൻജുനു ജില്ലയിലാണ്. ഇത്തരത്തിൽ, നേരത്തേതന്നെ ബിജെപിയും ആർഎസ്എസും ധൻകറിന്റെ ഉപരാഷ്ട്രപതി സ്ഥാനം സംബന്ധിച്ച കൃത്യമായ ധാരണയിലെത്തിയെന്നാണു സൂചന.
ഏക സിവിൽ കോഡ് പോലെ സർക്കാരിന്റെ പല നീക്കങ്ങൾക്കും രാജ്യസഭയിലെ വിജയം നിർണ്ണായകമാണ്. ജഗ്ദീപ് ധൻകർ നിയമ പഠനത്തിന് ശേഷം ഹൈക്കോടതിയിലും സുപ്രീംകോടതിയിലും അഭിഭാഷകനായിരുന്നു. രാജസ്ഥാൻ ഹൈക്കോടതി ബാർ അസോസിയേഷൻ മുൻ പ്രസിഡന്റാണ്.
ആക്രമണ ശൈലി പുറത്തെടുക്കുമ്പോഴും മാന്യതയും ലാളിത്യവും കൈവിടാതെയുള്ള പെരുമാറ്റത്തിലൂടെ ശ്രദ്ധേയനായ ധൻകർ രാജ്യസഭയിലെ അന്തരീക്ഷത്തിൽ കൊണ്ടു വരുന്ന മാറ്റങ്ങൾക്കായി കാത്തിരിക്കാം.
മറുനാടന് മലയാളി ബ്യൂറോ