കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന താരങ്ങൾ ഏറെയാണ്. കെപിഎസി ലളിതയും മുകേഷും ജഗദീഷും ഗണേശും സിദ്ദിഖും...അങ്ങനെ നീളും ഇത്തവണത്തെ പട്ടിക. അതിൽ ഏവരുടേയും ശ്രദ്ധ പത്തനാപുരത്താണ്. സിറ്റിങ് എംഎൽഎയായ ഗണേശ് കുമാറിനെ പിടിച്ചു നിർത്താൻ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കുന്നത് ജഗദീഷിനെ. തൊട്ടു പിറകെ ബിജെപിക്കായി മത്സരിക്കാൻ ഭീമൻ രഘുവും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പത്തനാപുരത്തുകൊണ്ടുവെന്ന് പ്രചരണം കൊഴുപ്പിച്ച് നേട്ടമുണ്ടാക്കാനാണ് ബിജെപി ശ്രമം.

ബിജെപി ആവശ്യപ്പെട്ടാൽ പത്തനാപുരത്ത് ജഗദീഷിനും ഗണേശിനും എതിരെ മത്സരിക്കാൻ തയ്യാറാണെന്ന് നടൻ ഭീമൻ രഘു. സ്ഥാനാർത്ഥി ആയാൽ പത്തനാപുരം മണ്ഡലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊണ്ടു വരുമെന്നും ഭീമൻ രഘു പറഞ്ഞു. താൻ കൂടി പത്തനാപുരത്ത് സ്ഥാനാർത്ഥി ആയാൽ സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ മണ്ഡലമായി പത്തനാപുരം മാറുമെന്നും അദ്ദേഹം പറഞ്ഞു. പത്തനാപുരത്ത് എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർത്ഥികളായ ജഗദീഷ്, ഗണേശ് എന്നിവരോട് തനിക്ക് അടുത്ത സൗഹൃദമുണ്ട്. എന്നാൽ തന്റെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് തീരുമാനമൊന്നും ആയിട്ടില്ലെന്നും ഭീമൻ രഘു കൂട്ടിച്ചേർത്തു.

നേരത്തെ കൊല്ലം തുളസിയെ സ്ഥാനാർത്ഥിയാക്കി പത്തനാപുരം കൊഴുപ്പിക്കാൻ ബിജെപി നീക്കം നടത്തിയിരുന്നു. ഇതിനിടെയാണ് ഭീമൻ രഘുവെത്തിയത്. നേമത്ത് രാജഗോപാലിന്റെ പ്രചരണ യോഗത്തിനെത്തി താൻ ബിജെപിക്കാരനാണെന്ന് രഘും പ്രഖ്യാപിച്ചു. ബിജെപി ആവശ്യപ്പെട്ടാൽ അനുസരിക്കും ജനങ്ങൾക്ക് തന്നെക്കൊണ്ട് ചെയ്യാവുന്ന സഹായങ്ങൾ ചെയ്യുമെന്നും ഭീമൻ രഘു പറഞ്ഞു. സമീപകാലത്താണ് ഭീമൻ രഘു ബിജെപി വേദിയിൽ എത്തിയത്. ഈ തെരഞ്ഞെടുപ്പിൽ ഒ. രാജഗോപാൽ തീർച്ചയായും വിജയിക്കുമെന്നും ബിജെപിക്ക് 80 സീറ്റ് ലഭിക്കുമെന്നും അടുത്തിടെ ബിജെപി വേദിയിൽ അദ്ദേഹം പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് പത്തനാപുരത്ത് സ്ഥാനാർത്ഥിയാകുമെന്ന പ്രചരണം. അതിനിടെ ഗണേശ് കുമാറാണ് ഈ നീക്കത്തിന് പിന്നിലെന്നും സൂചനയുണ്ട്. ന്യൂനപക്ഷ സമുദായത്തിൽ ഗണേശിന് നല്ല പിന്തുണയുണ്ട്. അതുകൊണ്ട് തന്നെ രഘുവിലൂടെ ബിജെപി കുറച്ച് ഭൂരിപക്ഷ വോട്ടുകൾ നേടിയാൽ അത് ജഗദീഷിന് ദോഷം ചെയ്യുമെന്നും തനിക്ക് അനായാസം ജയിക്കാമെന്നുമാണ് ഗണേശിന്റെ വിലയിരുത്തൽ. മുസ്ലിം സമുദായ സംഘടനകളുടെ പിന്തുണയുള്ളതിനാൽ ഈ നീക്കത്തിലൂടെ പത്തനാപുരത്ത് വിജയം തുടരാമെന്ന് തന്നെയാണ് ഗണേശിന്റെ നിലപാട്.

എന്നാൽ ഈ വാദങ്ങൾ ബിജെപി തള്ളുകയാണ്. പത്തനാപുരം പോലുള്ള മണ്ഡലത്തിൽ നിന്ന് പരമാവധി വോട്ടുകളാണ് ബിജെപി ലക്ഷ്യമിടുന്നത്. അതുമൂലം ആരുടേയും തോൽവിയും വിജയവുമൊന്നും ബിജെപി ലക്ഷ്യമിടുന്നില്ല. പത്തനാപുരത്ത് നല്ല സ്ഥാനാർത്ഥിയാണെങ്കിൽ ബിജെപി ജയിക്കുകയും ചെയ്യും. ശക്തമായ ത്രികോണത്തിന്റെ ഗുണം ബിജെപിക്കുണ്ടാകുമെന്നാണ് അവരുടെ വിലയിരുത്തൽ. ഏതായാലും സീറ്റ് ഉറപ്പിച്ചത് പോലെയാണ് ഭീമൻ രഘുവിന്റെ പ്രതികരണം.

പത്തനാപുരത്ത് ജയിക്കുകയാണെങ്കിൽ അഴിമതിയില്ലാത്ത ഒരു ഭരണം തന്നെയാണ് ഞാൻ ജനങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നത്. അത്രയേറെ അഴിമതിയാണ് നമ്മുടെ രാജ്യത്ത് നടക്കുന്നത്. അതിൽ നിന്നൊക്കെ ഒരു മോചനത്തിനായി ബിജെപി അധികാരത്തിൽ വരണം. ഈ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികൾ കേരളത്തിൽ വിജയിക്കുമെന്നു തന്നെയാണ് എന്റെ പ്രതീക്ഷയെന്നും ഭീമൻ രഘു പറയുന്നു.