- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനിയൊരു ഉത്തരവുണ്ടാവുന്നതു വരെ അധനികൃത കെട്ടിടങ്ങൾ പൊളിക്കരുത്; ജഹാംഗിർപുരിയിൽ സ്റ്റേ തുടരുമെന്ന് സുപ്രീം കോടതി; ഇടക്കാല ഉത്തരവ് രണ്ടാഴ്ച്ചത്തേക്ക്; ഉത്തരവുണ്ടായിട്ടും പൊളിച്ചത് ഗൗരവമായി കാണുന്നുവെന്ന് കോടതി; ചെറിയ കടകൾ പൊളിക്കാൻ ബുൾഡോസർ എന്തിനെന്നും കോടതി
ന്യൂഡൽഹി: ഡൽഹിയിലെ ജഹാംഗിർപുരിയിൽ അനധികൃത കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നത് സുപ്രീം കോടതി തടഞ്ഞു. ഇനിയൊരു ഉത്തരവുണ്ടാവുന്നതു വരെ തൽസ്ഥിതി തുടരാൻ ജസ്റ്റിസ് എൽ നാഗേശ്വർ റാവുവിന്റെ നേത്വത്തിലുള്ള ബെഞ്ച് ഉത്തരവിട്ടു. കെട്ടിടങ്ങൾ ഇടിച്ചുനിരത്തുന്നത് അടിയന്തര ഇടപെടലിലൂടെ ഇന്നലെ ചീഫ് ജസ്റ്റിസ് എൻവി രമണ തടഞ്ഞിരുന്നു.
കെട്ടിടങ്ങൾ ഇടിച്ചുനിരത്തുന്നതിനെതിരെ ജമാഅത്തെ ഉലമ ഇ ഹിന്ദും മറ്റ് മൂന്നു പേരും നൽകിയ ഹർജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. നടപടിക്രമങ്ങൾ പാലിക്കാതെയാണ് പൊളിക്കൽ നടപടിയുമായി മുനിസിപ്പൽ കോർപ്പറേഷൻ മുന്നോട്ടുപോയതെന്നു ഹർജിക്കാർക്കു വേണ്ടി ഹാജരായ ദുഷ്യന്ത് ദവെ ചൂണ്ടിക്കാട്ടി. ചട്ടപ്രകാരമുള്ള മുൻകൂർ നോട്ടീസ് നൽകാതെയായിരുന്നു നടപടി. മുസ്ലിം സമുദായത്തെ ലക്ഷ്യമിട്ടാണ് പൊളിക്കൽ നടപടിയെന്നും ദവെ പറഞ്ഞു.
കയ്യേറ്റങ്ങൾ ഒഴിപ്പിക്കലായിരുന്നു ലക്ഷ്യമെങ്കിൽ സൈനിക ഫാമുകളിലും ഗോൾഫ് ലിങ്കുകളിലുമാണ് ഉദ്യോഗസ്ഥർ പോകേണ്ടിയിരുന്നതെന്ന് കപിൽ സിബൽ പറഞ്ഞു. ഡൽഹിയിലെ രണ്ടു കെട്ടിടങ്ങളിൽ ഒന്നു വീതം അനധികൃതമാണ്. തെക്കൻ ഡൽഹിയിലെ ആഡംബര കേന്ദ്രങ്ങളിൽ പലതും അനധികൃതമാണ്. അതൊന്നും ലാക്കാക്കാതെ പാവപ്പെട്ടവരെയാണ് ലക്ഷ്യമിടുന്നത്- സിബൽ പറഞ്ഞു.
മുസ്ലിംകളുടെ കെട്ടിടങ്ങൾ മാത്രമാണോ പൊളിച്ചതെന്ന് കോടതി ആരാഞ്ഞു. ഇത് മന്ത്രിമാർ തന്നെ പറയുന്നതാണെന്നായിരുന്നു അഭിഭാഷകരുടെ മറുപടി. നോട്ടീസ് നൽകിയിരുന്നെന്നും ചെറിയ കടകളും മറ്റുമാണ് പൊളിച്ചുനീക്കിയതെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. ചെറിയ കടകൾ പൊളിക്കാൻ എന്തിനാണ് ബുൾഡോസറുമായി എത്തിയതെന്ന ചോദ്യത്തോടെയാണ് കോടതി പ്രതികരിച്ചത്. സുപ്രീം കോടതിയുടെ സ്റ്റേ ഉത്തരവു വന്നിട്ടും പൊളിക്കൽ തുടർന്നർ ഗൗരവത്തോടെ കാണുന്നതായി കോടതി വ്യക്തമാക്കി.
പൊളിക്കലിനെതിരെ സിപിഎം നേതാവ് ബൃന്ദാ കാരാട്ടും ഹർജി നൽകിയിട്ടുണ്ട്. എല്ലാ ഹർജിയിലും നോട്ടീസ് അയയ്ക്കാൻ നിർദേശിച്ച കോടതി കേസ് രണ്ടാഴ്ചയ്ക്കു ശേഷം പരിഗണിക്കുമെന്ന് വ്യക്തമാക്കി.