തിരുവനന്തപുരം: സുഹൃത്തുക്കളെ... വാർത്തകൾക്ക് മാത്രമുള്ള ഗ്രൂപ്പ് ആണല്ലോ ഇത്. സ്വന്തം സ്ഥാപനത്തിലെ അവകാശ ലംഘനങ്ങൾ മാധ്യമ പ്രവർത്തകർ ഒരിക്കലും വാർത്ത ആക്കാറില്ല. ജയ്ഹിന്ദിലും അവസ്ഥ മറിച്ചല്ലെന്നു പറയണ്ടല്ലോ ? കേരളത്തിലെ മാധ്യമ സ്ഥാപനങ്ങളിൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുന്നതും ശമ്പളം മുടങ്ങുന്നതും ആദ്യത്തെ സംഭവം ഒന്നുമല്ല. പക്ഷെ ഭക്ഷണം കഴിച്ചിട്ട് വാ കഴുകാനും.. കുടിക്കാനുള്ള വെള്ളത്തിനും.. എന്തിനു ഒന്ന് മൂത്രം ഒഴിക്കാനുമുള്ള സൗകര്യങ്ങൾ ഒരുക്കി തരണമെന്ന് ഡസ്‌ക് ചീഫ് മുതൽ അങ്ങ് എച് ആർ വരെ, സ്ത്രീകള് അടക്കമുള്ളവർ കാല് പിടിക്കേണ്ട സാഹചര്യം ഈ സ്ഥാപനത്തിൽ മാത്രമേ ഉള്ളൂ.-കഴിഞ്ഞ ദിവസം വാട്‌സ് ആപ്പിൽ പ്രചരിച്ച സന്ദേശങ്ങളിലൊന്നാണ് ഇത്. ജയ്ഹിന്ദ് ടിവിയിലെ വനിതാ റിപ്പോർട്ടറാണ് ഇങ്ങനെ പരിതപിച്ച് കുറിപ്പിട്ടത്. എന്നിട്ടും കോൺഗ്രസ് നിയന്ത്രണത്തിലുള്ള ജയ്ഹിന്ദ് ചാനലിലെ മേധാവികൾ കണ്ണു തുറക്കുന്നില്ല.

അവസാനമായിട്ട് ഒന്ന് കൂടി... ശമ്പളം തരാത്തതും ഒരു ഷിഫ്റ്റിൽ നാല് പേരൂടെ പണി എടുപ്പിക്കുന്നതും അല്ല ഈ പരാതി. സ്ത്രീകള് അടക്കമുള്ളവരുടെ പ്രാഥമിക ആവശ്യങ്ങൾക്ക് ഉള്ള സൗകര്യം തരണമെന്നാണ് ഈ പരാതി-ഇങ്ങനെ പറഞ്ഞു കൊണ്ട് അവസാനിപ്പിച്ച കുറിപ്പിൽ തന്നെ എല്ലാമുണ്ട്. ശമ്പളവുമില്ല ഓഫീസിൽ വെള്ളവുമില്ല. ചാനലിന്റെ തലപ്പത്തുള്ളവർ ചുറ്റിയടിക്കുകയും ചെയ്യുന്നു. കഴിഞ്ഞയാഴ്ച ജയ്ഹിന്ദിന്റെ ഡയറക്ടർ ബോർഡ് യോഗം ചേരുകയും ചില നിർണ്ണായക തീരുമാനം എടുക്കുകയും ചെയ്തു. അതിലൊന്ന് കോൺഗ്രസ് ചാനലിന്റെ പ്രസിഡന്റായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ തെരഞ്ഞെടുത്തുവെന്നതായിരുന്നു. ഏഴ് പ്രവാസികൾ കോടികളുമായി മുതൽ മുടക്കിനുണ്ടെന്നും വീമ്പു പറഞ്ഞു. എന്നാൽ ഇതിന്റെ ഗുണമൊന്നും ചാനലിലെ ജീവനക്കാർക്കില്ല. അവർ ദുരിത ജീവിതം തുടരുകയാണ്. അതിന്റെ നേർ സാക്ഷ്യമാണ് വാട്‌സ്ആപ്പിൽ ചർച്ചയാകുന്ന ഈ കുറിപ്പ്.

ചാനൽ പ്രസിഡന്റ് ചെന്നിത്തലയെങ്കിൽ മാനേജിങ് ഡയറക്ടർ കെപിസിസിയുടെ അധ്യക്ഷൻ എംഎം ഹസ്സനാണ്. ഇവിടേയും എയും ഐയും തമ്മിൽ പോരുണ്ട്. ചെന്നിത്തലയുടെ വിശ്വസ്തനായ വി എസ് ഷിജുവാണ് ജോയിന്റെ എംഡി. ഷിജുവിനെ കൊണ്ടു വന്നത് സിഇഒ കെപി മോഹനനേയും എക്‌സിക്യൂട്ടീവ് എഡിറ്റർ ഇന്ദുകുമാറിനേയും ഒതുക്കാനാണ്. ഇത് മനസ്സിലാക്കി കെപി മോഹനനും ഇന്ദുകുമാറും പതിയെ പിൻവലിഞ്ഞു. ഷിജുവിനാണെങ്കിൽ ഒന്നും ചെയ്യാനും കഴിയുന്നില്ല. ഇതോടെ വെട്ടിലായത് ജീവനക്കാരാണ്. ശമ്പളവുമില്ല. ഈ ദുരിത ജീവിത്തിനിടെ എക്‌സിക്യൂട്ടീവ് എഡിറ്റർ അമേരിക്കയ്ക്ക് പോയി. കെപി മോഹനൻ ഗോവയ്ക്കും. ഷിജുവാണെങ്കിൽ ഡൽഹിയിലും. ഇതോടെ ജയ്ഹിന്ദിൽ നാഥനില്ലാതെയായി. ഈ ദുരവസ്ഥയാണ് വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെ മാധ്യമ പ്രവർത്തക തുറന്നുകാട്ടിയത്.

ജയ്ഹിന്ദിൽ നിന്ന് ജീവനക്കാർ മറ്റ് ചാനലുകളിലേക്ക് ചേക്കേറുകയാണ്. ഇതിനിടെയാണ് ചാനലിൽ വെള്ളമില്ലാത്ത അവസ്ഥയുമെത്തിയത്. ഇതോടെ സ്ത്രീ ജീവനക്കാർ കൂട്ടത്തോടെ അവധിയെടുത്തു. ഇത് ചാനലിന്റെ പ്രവർത്തനത്തേയും ബാധിച്ചു. അപ്പോഴും പ്രാഥമിക സൗകര്യം ഒരുക്കാൻ പോലും മാനേജ്‌മെന്റ് തയ്യാറാകുന്നില്ല. എല്ലാവരും പരസ്പരം കൈകഴുകി കളിക്കുകയാണ് ചെയ്യുന്നതെന്നാണ് പരാതി. ഇങ്ങനെ വന്നാൽ വനിതാ ജീവനക്കാരെല്ലാം സ്ഥിരം അവധിയിൽ പ്രവേശിക്കാനും ഇടയുണ്ട്. മൂത്രമൊഴിക്കാൻ കഴിയാതെ വാർത്ത വായിച്ച യുവതി തലകറങ്ങി വീണതും ബാക്കി വാർത്ത മറ്റൊരു അവതരാകൻ വായിച്ചതുമെല്ലാം മാനേജ്‌മെന്റിന്റെ ശ്രദ്ധയിൽ എത്തി. എന്നിട്ടും ആരും ഇടപെടുന്നില്ല. വാർത്ത വായിക്കാനാവാത്ത മാധ്യമ പ്രവർത്തകയാണ് വിഷയം വാട്‌സ് ആപ്പ് ഗ്രൂപ്പുകളിൽ ചർച്ചയാക്കിയത്.

മാധ്യമ പ്രവർത്തകയുടെ വാട്‌സ് ആപ്പ് പോസ്റ്റ് ഇങ്ങനെ-കഴിഞ്ഞ 3ആഴ്ചയിൽ ഡെസ്‌കിൽ 10മണിക്കൂറോളവും അതിലധികവും പണി എടുക്കുന്ന ആളുകൾക്ക് കുടിക്കാൻ ഉള്ള വെള്ളമില്ല. നിത്യേന കുടിക്കാൻ വെള്ളം വെക്കുന്ന ജാറിൽ ചെടി വളർന്ന് നിന്നത് ആർക്കും അറിയാത്തതാണോ ? അതിനു പ്രതിവിധി ആയി വീട്ടിൽ നിന്നു കുപ്പിയിൽ വെള്ളം കൊണ്ട് വന്നു തുടങ്ങി എല്ലാവരും. അവിടെ തീർന്നില്ല പ്രശ്‌നം.. ബാത്റൂമിൽ വരുന്ന വെള്ളം ഓടയിൽ നിന്നു പമ്പ് ചെയുന്ന പോലെ നാറ്റവുമായി വന്നപ്പോളും പലരും പരാതി പറഞ്ഞു. ഇത് കഴിഞ്ഞ രണ്ട് ആഴ്ചയായി തുടരുന്നു. നിവർത്തി ഇല്ലാത്ത സാഹചര്യങ്ങളിൽ ആ വെള്ളത്തിൽ തന്നെ ഭക്ഷണം കഴിച്ച ശേഷം വാ കഴുകാനും ബാത്റൂമിൽ പോകാനും ഉപയോഗിച്ചവരുണ്ട് ഡെസ്‌കിൽ.. ഇതും ആർക്കും അറിയാത്തത് അല്ല. കഴിഞ്ഞ 5ദിവസമായി പൂര്ണമായും വെള്ളം ഉപയോഗിക്കാൻ വയ്യാത്ത അവസ്ഥയിൽ ആയി. ടാങ്ക് ക്ലീൻ ചെയ്യാത്തത് ആണെന്നും, പ്രാവ് ചത്ത് കിടക്കുന്നത് ആണെന്നും, പൈപ്പ് പൊട്ടി ഡ്രൈനേജ് പൈപ്പുമായി ലിങ്ക് ആയതാണെന്നും ഒക്കെ കേൾക്കുന്നുണ്ട്.

സ്ത്രീകള് പരാതി പറഞ്ഞത് പ്രകാരം ന്യൂസ് എഡിറ്റർ രാജേഷ് ഉള്ളൂർ എച് ആറിൽ വിളിച്ചു കാര്യം പറഞ്ഞു (ഇതിന് ഞാൻ സാക്ഷിയാണ് )നാളെ എന്ന മറുപടി ആണ് ലഭിച്ചത്. ആ നാളെ കഴിഞ്ഞിട്ട് 4ദിവസമായി. ബാത്റൂമിൽ നിന്നു കപ്പ് എടുത്ത് കുടിവെള്ളം വെച്ചിരിക്കുന്ന ജാറിൽ നിന്നു വെള്ളം എടുത്ത് ബാത്റൂമിൽ പോകാനുള്ള നിർദ്ദേശം ആണ് ലഭിച്ചത്. ആണുങ്ങൾ കൂടി ഉള്ള സ്ഥാപനത്തിൽ അവർക്ക് മുന്നിലൂടെ കപ്പുമായി പോകാനുള്ള മടി കൊണ്ട് ഞാൻ അടക്കമുള്ളവർ മണിക്കൂറുകളോളം വേദന സഹിച്ചു. ഇന്നലെ ബാലേട്ടനോട് പരാതി പറഞ്ഞത് പ്രകാരം ബാലേട്ടൻ എച് ആറിൽ വിളിക്കുകയും ഫോൺ എനിക്ക് കൈമാറുകയും ഉണ്ടായി. പ്രശ്‌നങ്ങൾ ആവർത്തിച്ച് പറഞ്ഞപ്പോൾ രണ്ട് ദിവസത്തിനുള്ളിൽ പരിഹാരം എന്ന് ആവർത്തിച്ചു. താഴത്തെ കിച്ചനോട് ചേർന്നുള്ള ബാത്റൂം ഉപയോഗിക്കാമെന്നും പറഞ്ഞു. പക്ഷെ അവിടെയും വെള്ളം ഇല്ല. കിച്ചണിലെ പൈപ്പിൽ നിന്നു വെള്ളമെടുത്തു ബാത്റൂമിൽ കൊണ്ട് പോകണം.

ഇന്നലെ ഡെസ്‌കിൽ ഒരു പെൺകുട്ടി ലീവ് എടുത്തു. കാരണം ആണ് വേദനിപ്പിക്കുന്നത്, മാസമുറ ആയി ബാത്റൂമിൽ പോകാനുള്ള സൗകര്യമില്ലാതെ വരാൻ കഴിയില്ല. ഇതിൽ ഞാൻ അടക്കമുള്ള പലർക്കും യൂറിനറി ഇൻഫെക്ഷൻ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇന്ന്, ബാത്റൂമിൽ ബക്കറ്റിൽ വെള്ളം നിറച്ചു വെച്ചിട്ടുണ്ടെന്നു കേട്ടു 7.30-8.30വായിച്ചിറങ്ങിയ ഞാൻ ബാത്റൂമിൽ കയറിയ ഞാൻ ഓക്കാനിച് കൊണ്ടാണ് തിരിച്ചു ഇറങ്ങിയത് . വെള്ളം ഇല്ലാതെ ക്ലീൻ ചെയ്യാതെ കിടന്ന ക്ലോസറ്റിൽ മല മൂത്ര വിസർജ്യം കൊണ്ട് നിറഞ്ഞിരുന്നു. 9മണി വായിക്കാൻ കേറാനുള്ളതും കൊണ്ടും സമയ കുറവ് കൊണ്ടും വേദന സഹിച്ചു വായിക്കാൻ കേറി ഓൺ എയറിൽ ഇരുന്നു കരഞ്ഞത് 9മണി ബുള്ളറ്റിൻ കണ്ടവർ കണ്ടിട്ടുണ്ടാകണം. ബുള്ളറ്റിൻ പൂർത്തിയാക്കാനാകാതെ ബിൻഷ വായിക്കാൻ കയറിയതും അറിഞ്ഞിട്ടുണ്ടാകണം.-ഇങ്ങനെ പോകുന്നു കുറിപ്പ്. പക്ഷേ ഇത് വായിച്ചിട്ടും സ്ത്രീ ജീവനക്കാരുടെ വേദന കണ്ടിട്ടും ആരും ഒന്നും ചെയ്യുന്നില്ല.