- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാവിലെ ആറുമുതൽ രാത്രി എട്ടുവരെ തടവുകാരെ എഫ് എം റേഡിയോ കേൾപ്പിക്കും; വീട്ടിലേക്ക് പരിധിയില്ലാതെ ഫോൺ വിളിയും; വ്യായാമം നിർബന്ധം; സൂര്യപ്രകാശം കൊള്ളാൻ അരമണിക്കൂറെങ്കിലും സെല്ലിന് പുറത്തു നിൽക്കാം; തടവുകാരുടെ ആത്മഹത്യ കുറയ്ക്കാൻ മാനസിക ഉല്ലാസ പദ്ധതിയുമായി സിങ്കം; ജയിലുകൾ മുഖം മാറ്റുമ്പോൾ
കൊല്ലം : ജയിലുകൾ മുഖം മാറുകയാണ്. ജയിൽ മേധാവി സിങ്കം ഋഷിരാജ് സിങ് പരിഷ്‌കരണത്തിന് ഒരുങ്ങുമ്പോൾ ജയിലുകളിൽ ഇനി പകലന്തിയോളം പാട്ടുകേൾക്കാം. രാവിലെ ആറുമുതൽ രാത്രി എട്ടുവരെ തടവുകാരെ എഫ്.എം.റേഡിയോ കേൾപ്പിക്കണമെന്നാണ് ജയിൽ ഡി.ജി.പി.യുടെ നിർദ്ദേശം. തടവുകാരുടെ ആത്മഹത്യ തടയാനുള്ള നടപടികളുടെ ഭാഗമായാണിത്.
മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനും ഉല്ലാസം തോന്നുന്നതിനുമുള്ള നടപടികളാണ് സ്വീകരിക്കുന്നത്. ഇതിലൂടെ ആത്മഹത്യാ നിരക്ക് കുറയ്ക്കാനാണ് ശ്രമം. സന്നദ്ധസംഘടനകളുടെ സഹായത്തോടെ മാസികകൾ വാങ്ങി വിതരണം ചെയ്യണം. അങ്ങനെ വായനയും പാട്ടുമായി ജയിലുകളിലും സൗഹൃദാന്തരീക്ഷം എത്തും. മാനസികാരോഗ്യത്തിനൊപ്പം ശാരീരിക ആരോഗ്യത്തിനും പദ്ധതികൾ ഉണ്ട്. ഫോൺ വിളിയും ഇനി പരിധിയില്ലാത്തതാകും. വീട്ടുകാരുമായി തടവുകാരെ കൂടുതൽ അടുപ്പിക്കാനാണ് ഇത്. ഇതിനൊപ്പം കൗൺസിലിങ് ക്ലാസുകളും. അങ്ങനെ ജയിലുകളിലെ മുഖം അടിമുടി മാറ്റുകയാണ് ലക്ഷ്യം.
വ്യായാമം നിർബന്ധമാക്കുകയും അരമണിക്കൂറെങ്കിലും സൂര്യപ്രകാശം കൊള്ളുന്നത് ഉറപ്പാക്കുകയും ചെയ്യും. കുടുംബാംഗങ്ങളുടെ ഫോൺ നമ്പരിലേക്ക് എണ്ണംനോക്കാതെ വിളിക്കുന്നതിന് അനുവദിക്കാനാണ് തീരുമാനം. വീട്ടിലേക്ക് ഫോൺ വിളിക്കാൻ താൽപ്പര്യമില്ലാത്തവരെ ഫോൺവിളിക്കാൻ പ്രോത്സാഹിപ്പിക്കണമെന്നും പറയുന്നു. ജയിൽ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിലാകും ഫോൺ വിളികൾ. ഇല്ലാത്ത പക്ഷം ദുരുപയോഗം ചെയ്യുമെന്നതിനാലാണ് ഇത്.
ആഴ്ചയിലൊരിക്കൽ കൗൺസലിങ് ക്ലാസ് നടത്തും. ഇതിനായി സന്നദ്ധസംഘടനകളുമായി ആലോചിച്ച് പാനൽ ഉണ്ടാക്കണം. തടവുകാരുമായി സാധാരണവേഷത്തിൽ ഇടപഴകാനും അവരുടെ സുഖവിവരങ്ങൾ ചോദിച്ചറിയാനുമായി ഒരു അസിസ്റ്റന്റ് പ്രിസൺ ഓഫീസറെ നിയോഗിക്കണം. ജയിലുകളിൽ വെൽഫെയർ ഓഫീസർമാരുടെ സന്ദർശനം ഉറപ്പുവരുത്താനും നിർദേശിച്ചിട്ടുണ്ട്. ജയിലുകളിലെ ആത്മഹത്യശ്രമത്തെ തടയുന്നതിന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ ചില നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഇത് പരിഗണിച്ചാണ് ഋഷിരാജ് സിംഗിന്റെ തീരുമാനങ്ങൾ.
ജയിലിലെ പൊതുധാരയിൽ അംഗമാകാനും പിന്നീട് സമൂഹത്തിലേക്ക് മടങ്ങിച്ചെല്ലാനാകുംവിധം തടവുകാർക്ക് തുടർച്ചയായി മാനസികാരോഗ്യ പരിപാലനം നൽകണമെന്ന് കേന്ദ്ര കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തടവുകാർക്ക് മാനസികപിന്തുണയും ആശ്വാസവും പകരുന്ന ബന്ധം വളർത്തിയെടുക്കാൻ ജയിൽ അധികൃതരും മുൻകൈയെടുക്കും. എല്ലാ തടവുകാർക്കും തൊഴിൽ, വിദ്യാഭ്യാസം, കഴിവുതെളിയിക്കുന്ന പരിപാടികൾ എന്നിവയിൽ പങ്കെടുക്കാനുള്ള അവസരങ്ങൾ സൃഷ്ടിക്കണം. മാനസികാരോഗ്യചികിത്സ ആവശ്യമുള്ളവർക്ക് ലഭ്യമാക്കണം.
ദീർഘകാല ശിക്ഷയുടെ ആഘാതം, പരോൾ നിഷേധിക്കപ്പെട്ടത്, ഏകാന്തതടവ്, രോഗാവസ്ഥ, മാനസികമായ പ്രശ്‌നങ്ങൾ തുടങ്ങിയവയാണ് ആത്മഹത്യയിലേക്കു നയിക്കുന്നതെന്നായിരുന്നു കണ്ടെത്തൽ. പുറത്തുള്ളവരുടെ കത്തുകളോ സന്ദർശനമോ ഇല്ലാത്തതും മാനസികപ്രശ്‌നങ്ങൾക്ക് വഴിയൊരുക്കുമെന്ന് സൂചിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഫോൺ വിളിയും പാട്ടു കേൾക്കലുമായി തടവുകാരുടെ മനസ്സ് ശാന്തമാക്കാനുള്ള സിങ്കത്തിന്റെ തീരുമാനം.
മറുനാടന് മലയാളി ബ്യൂറോ