ഫിലഡൽഫിയ: പതിനഞ്ചു വയസ്സിൽ രണ്ടു പേരെ കുത്തി കൊലപ്പെടുത്തിയ കേസ്സിൽ 1953 മുതൽ ജയിൽ ശിക്ഷ അനുഭവിച്ചു വരുന്ന ജൊ ലിവോൺ (83) ജയിൽ മോചിതനായി. അമേരിക്കയിൽ ഏറ്റവും കൂടുതൽ വർഷം ജയിലിൽ കഴിയേണ്ടി വന്ന ആദ്യ കറുത്ത വർഗക്കാരനായ കൗമാരക്കാരനാണ് ജൊ.

68 വർഷങ്ങൾക്കുശേഷം ആദ്യമായി പുറംലോകം കണ്ട ജൊക്ക് തന്റെ കണ്ണുകളെ പോലും വിശ്വസിക്കാനാവുന്നില്ല. അംബര ചുംബികളായ കെട്ടിടങ്ങൾ, മനോഹരമായ റോഡുകൾ ഇതെല്ലാം എനിക്ക് തരുന്ന സന്തോഷത്തിന് അതിരുകളില്ലെന്നാണ് പുറത്തു കാത്തുനിന്നിരുന്ന മാധ്യമ പ്രവർത്തകരോടു ജൊ പ്രതികരിച്ചത്.

അലബാമയിലെ കൃഷിയടങ്ങളിൽ, പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കാതെ വളർന്നു വന്ന ജൊ കുടുംബാംഗങ്ങളോടൊപ്പം പതിമൂന്നാം വയസ്സിൽ ഫിലഡൽഫിയായിലേക്ക് താമസം മാറ്റി. അവിടെ സ്‌കൂളിൻ ചേർന്നെങ്കിലും ക്ലാസിലെ മറ്റു കുട്ടികളോടൊപ്പം പഠനത്തിൽ ഉയർച്ച ലഭിക്കാതിരുന്ന ജൊ രണ്ടുവർഷത്തിനുശേഷം കൗമാര പ്രായക്കാരുമായി കൂട്ടുചേർന്നതാണ് ജീവിതത്തെ മാറ്റിമറിച്ചത്. പതിനാലിനും, പതിനാറിനും ഇടയിൽ പ്രായമുള്ളവർ ചേർന്ന ഹെഡ് ഹണ്ടേഴ്സ് എന്ന ഗുണ്ടാ സംഘത്തിന് രൂപം നൽകുകയും മദ്യത്തിനടിമകളാകുകയും ചെയ്തു.

1953 ഫെബ്രുവരി 20ന് ഇവർ കൂട്ടം ചേർന്ന് ആളുകളെ കത്തിയും, മാരകായുധങ്ങളും ഉപയോഗിച്ചു അക്രമിക്കുകയും, 60, 65 ഉം പ്രായമുള്ള രണ്ടു പേർ ആക്രമണത്തിൽ കൊല്ലപ്പെടുകയും, ആറു പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇതിൽ ജൊ ഉൾപ്പെടെ 4 പേർ കുറ്റക്കാരണെന്ന് കണ്ടെത്തി. കേടതി പരോളില്ലാതെ ഇരട്ട ജീവപര്യന്തം ശിക്ഷ വിധിക്കുകയുമായിരുന്നു. നിരവധി നീതിപീഠങ്ങൾ ഈ കേസ് കേൾക്കുകയും ഒടുവിൽ മോചനത്തിന് വഴി തെളിയുകയുമായിരുന്നു.