- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രഹസ്യ സർവ്വീസ് ഫണ്ട് ഉപയോഗിച്ച് വീട്ടുസാധനം വാങ്ങി; കുടുംബാംഗങ്ങളുടെ യാത്രയ്ക്ക് സിഗ്നൽ ഓഫ് ചെയ്യിക്കുന്നു; ചൈനാ യാത്രയ്ക്ക് ഫണ്ട് നൽകിയത് ഒമാൻ വ്യവസായി; വിദേശത്തെ മകന്റെ ജോലിയിലും അക്കൗണ്ടിലും സംശയങ്ങൾ; സുദേഷ് കുമാറിനെതിരെ ആരോപണങ്ങളുടെ നീണ്ട നിര; ജയിൽ ഡിജിപിയ്ക്കെതിരെ നടപടിക്ക് സാധ്യത
തിരുവനന്തപുരം: വിജിലൻസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ ഡിജിപി സുദേഷ് കുമാറിനെതിരെ അന്വേഷണത്തിനൊരുങ്ങി ആഭ്യന്തരവകുപ്പ്. അതിനിടെ സുദേഷ് കുമാറിനെതിരെ കൂടുതൽ ആരോപണങ്ങൾ ഉയരുകയാണ് സേനയ്ക്കുള്ളിൽ നിന്ന് തന്നെ. ഇതെല്ലാം വിശദമായി പരിശോധിക്കാനാണ് നീക്കം. ചില ഊമക്കത്തുകൾ ഉന്നത കേന്ദ്രങ്ങൾക്ക് ലഭിച്ചതയാണ് സൂചന. ഈ സാഹചര്യത്തിൽ സുദേഷ് കുമാർ കുടുക്കിലേക്ക് പോകും. ജയിൽ ഡിജിപിയാണ് നിലവിൽ സുദേഷ് കുമാർ.
തിരുവനന്തപുരത്തെ ജൂവലറിയിൽ നിന്ന് സ്വർണം വാങ്ങി പണം നൽകിയില്ലെന്നും ഗതാഗത കമ്മിഷണറായിരിക്കെ വൻതുക കൈക്കൂലി വാങ്ങിയെന്നതും ഉൾപ്പെടെ ഒട്ടേറെ പരാതികളാണ് ആഭ്യന്തര സെക്രട്ടറിക്ക് ലഭിച്ചത്. ഇതിൽ ജൂവലറിയിലെ കേസ് കുടുക്കായി മാറുകയും ചെയ്യും. ഇതിനിടെയാണ് ചില പൊലീസുകാരെ കൊണ്ട് ചില സാധനങ്ങൾ വാങ്ങിയെന്ന ആരോപണം ഉയരുന്നത്. കുടുംബാഗത്തിന്റെ കാർ യാത്രയ്ക്കായി സിഗ്നലുകളിലെ തടസ്സം മാറ്റാൻ ശുപാർശ നൽകിയെന്ന ആരോപണവും ഉയരുന്നുണ്ട്. ഇതെല്ലാം പരാതിയായി ചില ഉന്നതർക്ക് മുന്നിലുണ്ട്.
വിജിലൻസ് ഡയറക്ടറായിരുന്ന സുദേഷ് കുമാറിനെ ജയിൽ മേധാവി സ്ഥാനത്തേക്ക് മാറ്റിയത് ഒരാഴ്ച മുൻപാണ്. സുദേഷിനെതിരെ ഉയർന്ന ഗുരുതര ആരോപണങ്ങളിൽ അന്വേഷണം തുടങ്ങുന്നതിന് മുന്നോടിയാണ് വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്നുള്ള മാറ്റം. അധികാര ദുർവിനിയോഗത്തിന്റെയും അനധികൃത സമ്പാദ്യത്തിന്റെയും പരാതികളാണ് ആഭ്യന്തരവകുപ്പിന് ലഭിച്ചിരിക്കുന്നത്. ജൂവലറി കേസിൽ പ്രാഥമിക അന്വേഷണം നടത്തും. എഫ് ഐ ആർ ഇട്ടാൽ സസ്‌പെന്റ് ചെയ്യുകയും ചെയ്തു.
തിരുവനന്തപുരത്തെ പ്രമുഖ ജ്വലറിയിൽ മകൾക്കൊപ്പം എത്തിയ സുദേഷ് 7 പവൻ സ്വർണം വാങ്ങി. 5 ശതമാനം ഡിസ്‌കൗണ്ട് നൽകാമെന്ന് ജൂവലറി അറിയിച്ചപ്പോൾ ഉടമയെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തി 95 ശതമാനം ഡിസ്‌കൗണ്ട് നേടി. 2016 ഒക്ടോബർ 28ന് കുടുംബസമേതം ചൈന സന്ദർശിച്ചു. യാത്രാച്ചെലവായ 15 ലക്ഷത്തിലേറെ രൂപ സ്‌പോൺസർ ചെയ്തത് കോഴിക്കോടുകാരനായ ഖത്തറിലെ വ്യവസായിയായിരുന്നു. മറ്റു വിലപിടിച്ച പാരിതോഷികങ്ങളും വ്യവസായിയിൽ നിന്ന് വാങ്ങി.
ബിസിനസുകാരുടെ കയ്യിൽ നിന്ന് പണം വാങ്ങി സർക്കാർ അനുമതിയില്ലാതെ ആറ് തവണ വിദേശ രാജ്യങ്ങൾ സന്ദർശിച്ചു. ഗതാഗതകമ്മിഷണറായിരിക്കെ നിയമനത്തിലും സ്ഥലംമാറ്റത്തിലും ഇടപെട്ട് ഇടനിലക്കാർ വഴി ലക്ഷങ്ങൾ കോഴ വാങ്ങി, വിദേശത്തുള്ള മകന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചു തുടങ്ങിയ ഗുരുതര ആരോപണമാണ് ഉയരുന്നത്. പരാതികളുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം നടത്തണമെന്നാണ് ആഭ്യന്തരവകുപ്പിന്റെ ശുപാർശ. പരാതിയിൽ മുഖ്യമന്ത്രിയുടെ അന്തിമ അനുമതിക്കായി കിട്ടിയാൽ അന്വേഷണം നടക്കും. എന്നാൽ ആരോപണമെല്ലാം സുദേഷ് കുമാർ നിഷേധിക്കുകയാണ്.
ജൂവലറിക്കാരെ ഭീഷണിപ്പെടുത്തിയെന്ന് പരാതി
കോവിഡ് 19 പൊട്ടിപ്പുറപ്പെടുന്നതിന് ഏതാനും മാസം മുമ്പാണ് സംഭവം.തിരുവനന്തപുരത്തെ പ്രമുഖ ജൂവലറിയിൽ മകൾക്ക് സ്വർണ നെക്ലേസ് വാങ്ങാൻ സുദേഷ് കുമാർ ഭാര്യക്കൊപ്പം പോയി. ഈ ജൂവലറിയുടെ പേര് പരാതിയിൽ പറയുന്നില്ലെങ്കിലും അത് ഭീമ ജൂവലറി എന്നറിയുന്നു. ഒരു ആന്റിക് മോഡൽ നോക്കി വച്ചിട്ട് പിറ്റേന്ന് മകളെയും കൊണ്ടുവരാമെന്ന് പറഞ്ഞ് പോയി. കൂട്ടത്തിൽ ഡിസ്‌കൗണ്ടുകളെ കുറിച്ചും അന്വേഷിച്ചു. ഏഴുപവന്റെ നെക്ലേസിന് സ്വർണവിലയ്ക്കൊപ്പം 25 ശതമാനം പണിക്കൂലിയും ഉണ്ടെന്ന് ജൂവലറി ജീവനക്കാർ പറഞ്ഞു. പിറ്റേന്ന് മകളെയും കൂട്ടി വന്നപ്പോൾ നെക്ലേസ് ഇഷ്ടമായി. ഡിസ്‌കൗണ്ട് ആവശ്യപ്പെട്ടപ്പോൾ ജനറൽ മാനേജരോട് ചോദിച്ചശേഷം ജീവനക്കാർ 5% തുക കുറച്ചു നൽകാൻ തയാറായി. എന്നാൽ 95% കിഴിവാണ് എഡിജിപി ആവശ്യപ്പെട്ടത്. പിന്നീട് 50% കിഴിവു നൽകാൻ ജൂവലറി തയാറായി.എന്നാൽ, താൽപര്യമില്ലെന്ന് അറിയിച്ച് കുടുംബം മടങ്ങി. പിറ്റേന്ന് ജൂവലറിയിലെത്തിയ എഡിജിപി ഭീഷണി സ്വരത്തിൽ സംസാരിച്ചതിനെത്തുടർന്ന് ഉടമ 95% ഡിസ്‌കൗണ്ടിൽ മാല കൊടുക്കാൻ നിർബന്ധിതനായി. ഇൻവോയിസിൽ ഈ ഡിസ്‌കൗണ്ടിന്റെ കാര്യം രേഖപ്പെടുത്തിയിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. ജൂവലറി ഉടമ പിന്നീട് ഒരു മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനോട് ഇക്കാര്യം പറഞ്ഞപ്പോഴാണ് വിവരം പുറത്ത് വന്നത്. സിസി ടിവി ദൃശ്യങ്ങളും തെളിവായുണ്ട്.
ചൈനാ യാത്രയിൽ ദുരൂഹത
2016 ഒക്ടോബർ 28 ന് ഭാര്യയ്ക്കും മകനും മകൾക്കും ഒപ്പം സുദേഷ് കുമാർ 12 ദിവസം ചൈനയ്ക്ക് പോയി. വടക്കൻ കേരളത്തിലായിരുന്നു അപ്പോൾ അദ്ദേഹത്തിന് പോസ്റ്റിങ്. ഫ്ളൈറ്റ് ബുക്ക് ചെയ്യാനും, ഹോട്ടൽ താമസത്തിനും ഭക്ഷണത്തിനും ഷോപ്പിങ്ങിനും ഉള്ള പണം ഖത്തറിൽ ബിസിനസ് ചെയ്യുന്ന കോഴിക്കോട് സ്വദേശിയാണ് ചെലവഴിച്ചതെന്ന് പരാതിയിൽ പറയുന്നു. ഈ വ്യവസായിയും യാത്രയിൽ സുദേഷ് കുമാറിനെയും കുടുംബത്തെയും അനുഗമിച്ചു. ഡൽഹിയിൽ നിന്ന് സുദേഷ് കുമാറും കുടുംബവും വിമാനം കയറിയപ്പോൾ വ്യവസായി ഖത്തറിൽ നിന്നാണ് കയറിയത്. ബീജിങ് ഷാങ്ഗായി. ഗ്വാങ്സോ എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു. യാത്രാ ചെലവ് കേദേശം 15 ലക്ഷം രൂപയായിരുന്നു. ഖത്തർ ബിസിനസ്‌കാരൻ ആണ് ഇത് ക്രെഡിറ്റ് കാർഡും ബാങ്ക് അക്കൗണ്ടും ഉപയോഗിച്ച് അടച്ചത്. ഇതുകൂടാതെ, 10 ലക്ഷം വിലമതിക്കുന്ന സമ്മാനങ്ങളും ഉത്തരേന്ത്യക്കാരനായ സുദേഷ് കുമാർ ഖത്തർ വ്യവസായിയിൽ നിന്ന് കൈപ്പറ്റിയെന്നും പരാതിയിൽ പറയുന്നു. പുരാവസ്തു തട്ടിപ്പു നടത്തിയ മോൺസൻ മാവുങ്കലിനെതിരെ പരാതി നൽകിയവരിലൊരാളാണ് ഈ വ്യവസായി.അന്വേഷണം നടത്തിയാൽ ഇതിന്റെ തെളിവുകൾ നൽകാൻ തയാറാണെന്നും പരാതിക്കാരൻ പറയുന്നു.
സർക്കാർ അനുമതിയില്ലാതെ യാത്രകൾ
സമാനമായി കോവിഡിന് മുമ്പ് ആറ് തവണ സുദേഷ് കുമാർ ദുബായിയും ഖത്തറും സന്ദർശിച്ചു. സർക്കാർ അനുമതിയില്ലാതെയായിരുന്നു ഈ യാത്രകളെന്നും പരാതിയിൽ ആരോപിക്കുന്നു. ഈ യാത്രകളിലും മൂന്നാമത് ഒരു കക്ഷിയാണ് ചെലവുകൾ വഹിച്ചത്. അതിൽ ഒരു കുട്ടി ഡോക്ടറും ഉൾപ്പെടുന്നു. ഈ യാത്രകൾ ചട്ട വിരുദ്ധമായിരുന്നു.
ട്രാൻസ്പോർട്ട് കമ്മീഷണറായിരിക്കെ ലക്ഷങ്ങൾ സമ്പാദിച്ചുവെന്ന് ആരോപണം
എംവിഐമാരുടെയും എഎംവിഐമാരുടെയും, ആകർഷകമായ പോസ്റ്റിങ് വഴി ലക്ഷങ്ങൾ സമ്പാദിച്ചു എന്നാണ് ആരോപണം. മോട്ടോർ വാഹന വകുപ്പിൽ ഡപ്യൂട്ടേഷനിൽ എത്തിയ ഒരു എംഎൽഎയുടെ പിഎ വഴിയാണ് കൈക്കൂലി മേടിച്ചത്. സബ് ആർടിഒ, അതിർത്തി ചെക്ക് പോസ്റ്റ് പോസ്റ്റിങ്ങുകൾ ഓരോ ഉദ്യോഗസ്ഥനും നാല് മുതൽ അഞ്ച് ലക്ഷം രൂപയ്ക്ക് വരെയാണ് വിറ്റത്. വടക്കൻ മേഖലയിലെ ഒരു ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണറാണ് അതിന് ഇടനിലക്കാരനായത്. ഇയാൾ പിന്നീട് സുദേഷ് കുമാറിന്റെ അഴിമതിക്ക് ബലിയാടായി സസ്പെൻഷനിൽ ആവുകയും ചെയ്തു.
ഈ അഴിമതി പണം യുഎഇയിലെ മകന്റെ ബാങ്ക് അക്കൗണ്ടിൽ ഇടാൻ രണ്ട് തവണ ദുബായിക്ക് പറന്നു. ട്രാൻസ്പോർട്ട് കമ്മീഷണറായുള്ള 10 മാസത്തിനിടെ ആയിരുന്നു ഇതെല്ലാം. ഈ അഴിമതി പണം തമ്പാനൂരിലെ ഒരു ഡീലർ വഴി യുഎസ് ഡോളറാക്കി ദുബായിലേക്ക് സുദേഷ് കുമാർ നേരിട്ട് കൊണ്ടുപോകുകയായിരുന്നു. ബിഎസ്എഫിലെ തന്റെ ബന്ധം വഴി സിഐഎസ്എഫിലെ വിഐപി സംവിധാനം ഉപയോഗിച്ചായിരുന്നു പണം കടത്തിയത്. ഈ ഡോളറുകൾ ദുബായ് മണി എക്സേചഞ്ചിൽ, മറ്റൊരു യുഎഇ ഐഡിയുള്ള മറ്റൊരു മലയാളിയുടെ അക്കൗണ്ട് ഉപയോഗിച്ച് മാറ്റിയെടുത്ത് പിന്നീട് മകന്റെ അക്കൗണ്ടിൽ നിക്ഷേപിക്കുകയായിരുന്നു. അന്നത്തെ ഗതാഗത മന്ത്രി ഈ പണം വാങ്ങിയുള്ള സ്ഥലംമാറ്റങ്ങൾ ശ്രദ്ധയിൽ പെട്ടതോടെ റദ്ദാക്കിയെന്നും പരാതിയിൽ പറയുന്നുണ്ട്.
മകന് യുഎഇ മാളിൽ ജോലി തരപ്പെടുത്തി
യുഎഇയിലെ പ്രമുഖ മാളിൽ സുദേഷ് കുമാർ തന്റെ മകന് ജോലി തരപ്പെടുത്തിയെന്നും ആക്ഷേപമുണ്ട്. ഈ മാൾ ചെയിനിലെ രണ്ട് മുഖ്യ അംഗങ്ങൾ തീരദേശ കയ്യേറ്റ നിയമലംഘന കേസിൽ ആരോപണ വിധേയരായവരാണ്. ഈ കേസ് ഇപ്പോൾ വിജിലൻസ് അന്വേഷിച്ച് വരികയാണ്. എങ്ങനെയാണ് തന്റെ മകന് ജോലി തരപ്പെടുത്തിയ അതേ കമ്പനിക്ക് എതിരെ വിജിലൻസ് ഡയറക്ടർക്ക് അന്വേഷണം നടത്താൻ കഴിയുക എന്നും പരാതിക്കാരൻ ചോദിക്കുന്നു. അർഹതയില്ലാതെയാണ് സുദേഷ് കുമാറിന്റെ മകന് ജോലി തരപ്പെടുത്തിയതെന്നും ആരോപണമുണ്ട്. അന്വേഷണം നടത്താൻ സുദേഷ് കുമാറിനെ വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റി നിർത്തണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. ബിഎസ്എഫിൽ ജോലി നോക്കുമ്പോൾ സുദേഷ് കുമാറിന് എതിരെ മൂന്നു അഴിമതി അന്വേഷണങ്ങൾ ഉണ്ടായിരുന്നു. അതിൽ രണ്ടെണ്ണം തുടങ്ങി വച്ചത് മുൻ ഡിജിപി രമൺ ശ്രീവാസ്തവ ആയിരുന്നു.
മറ്റ് ആരോപണങ്ങൾ
പാലക്കാട് പൊലീസ് സൂപ്രണ്ടായിരിക്കെ, വോളിബോൾ കോർട്ടിന്റെ നിർമ്മാണത്തിനായി അനധികൃത പിരിവ് നടത്തി സ്വന്തം പോക്കറ്റിലാക്കി. വിജിലൻസ് അന്വേഷണം നടന്നിരുന്നു. വിജിലൻസ് വകുപ്പിന് അനുവദിക്കുന്ന രഹസ്യ സർവീസ് ഫണ്ട് വ്യക്തിപരമായ ആവശ്യങ്ങൾക്ക് വിനിയോഗിക്കുന്നു. വീട്ടുസാധനങ്ങൾ ഈ പണം ഉപയോഗിച്ച് വാങ്ങുന്നു. ഓഫീസ് വാഹനങ്ങൾ സുദേഷ് കുമാറും, കുടുംബാംഗങ്ങളും, കുടുംബ നായയുടെ യാത്രയ്ക്കും ദുരുപയോഗിക്കുന്നു.
വ്യക്തിപരമായ ആവശ്യത്തിനു സൗകര്യങ്ങൾക്കുമായി പൊലീസ് ഉദ്യോഗസ്ഥരെ ചീത്ത വിളിക്കുന്നു. വെഹിക്കിൾ ഡയറി സ്വകാര്യ യാത്ര എന്ന് രേഖപ്പെടുത്തുന്ന പതിവും ഉണ്ട്( ഉദാ: ഗാവസ്‌കർ കേസ്). ഈ പശ്ചാത്തലത്തിൽ സുദേഷ് കുമാറിനെ വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റി നിർത്തി അന്വേഷണം നടത്തണമെന്നാണ് പരാതിയിലെ മുഖ്യ ആവശ്യം.
മറുനാടന് മലയാളി ബ്യൂറോ