കൊച്ചി: അങ്കമാലി മജിസ്‌ട്രേറ്റ് കോടതി വിധി സുപ്രിംകോടതിയും ശരിവച്ചാൽ ദിലീപ് 90 ദിവസം റിമാന്റിൽ കഴിയണം. 90 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകാനാണ് ശ്രമമെന്ന് പൊലീസ് പറയുന്നു. അത് നടന്നാൽ പിന്നെ വിചാരക്കാലവും സൂപ്പർ താരം അഴിക്കുള്ളിൽ തന്നെയാകും. അതുകൊണ്ട് തന്നെ ജാമ്യം നിഷേധിക്കപ്പെട്ട ദിലീപിന്റെ അടുത്തനീക്കം കരുതലോടെയായിരിക്കും. ജാമ്യത്തിനായി ഹൈക്കോടതിയെതന്നെ വീണ്ടും സമീപിക്കാനുള്ള സാധ്യത കുറവാണെന്നാണ് ദിലീപിനോട് അടുത്തവൃത്തങ്ങൾ പറയുന്നു. സുപ്രീംകോടതിയിൽ അടിതെറ്റാതിരിക്കാനുള്ള കരുതലും എടുക്കും.

കൂടുതൽ നിയമോപദേശം തേടിയശേഷമാകും ജാമ്യത്തിന് സുപ്രീംകോടതിയെ സമീപിക്കുക. സുപ്രീംകോടതിയിൽ പ്രമുഖ അഭിഭാഷകൻ രാം ജേഠ്മലാനിയാകും ദിലീപിന് വേണ്ടി ഹാജരാകുകയെന്നും സൂചനയുണ്ട്. ദിലീപിന്റെ അടുത്ത സുഹൃത്തുക്കളിൽ ചിലർ ജേഠ് മലാനിയെ സമീപിച്ചിരുന്നു. മുതിർന്ന അഭിഭാഷകൻ രാംകുമാറാണ് ദിലീപിനുവേണ്ടി ഇപ്പോൾ ഹാജരാകുന്നത്. രാംകുമാറും ജേഠ് മലാനിയും കേസ് സംബന്ധിച്ച് ആശയവിനിമയം നടത്തിയതായും സൂചനകളുണ്ട്. സംഭവം അപൂർവവും അതീവ ഗുരുതരമായ കേസാണെന്നും പ്രോസിക്യൂഷന്റെ വാദങ്ങൾ കോടതി അംഗീകരിച്ചാണ് ജാമ്യം ഹൈക്കോടതി നിഷേധിച്ചത്. അന്വേഷണം നടക്കുന്നഘാട്ടത്തിൽ ജാമ്യം അനുവദിച്ചാൽ കേസിനെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷൻ വാദം കോടതി ശരിവച്ച സാഹചര്യത്തിൽ അന്വേഷണം പൂർത്തിയാകുന്ന മുറക്ക് മാത്രമേ ഇനി ജാമ്യം ലഭിക്കാൻ സാധ്യതയുള്ളൂ.

സുപ്രീംകോടതിയെ സമീപിക്കാതെ വീണ്ടും ഹൈക്കോടതിയിൽ ഹർജി നൽകാൻ ദിലീപിന് സാധിക്കും. കുറ്റപത്രം നൽകുന്നതിന് മുമ്പ് തെളിവെടുപ്പ് പൂർത്തിയായെന്ന് കോടതിയെ ബോധിപ്പിക്കാനാണ് ദിലീപിന്റെ നീക്കം. എല്ലാ പഴുതുകളും അടച്ചുള്ള കേസ് ഡയറിയാണ് പൊലീസ് കോടതിയിൽ സമർപ്പിച്ചത്. ഈ സാഹചര്യത്തിൽ സുപ്രിംകോടതിയിൽ പോയാലും അനുകൂല വിധിയുണ്ടാകാൻ സാധ്യതയില്ലെന്ന് നിയമ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ കൂടുതൽ ചിന്തിച്ചശേഷമാകും ദിലീപ് സുപ്രിംകോടതിയെ സമീപിക്കുക. കുറ്റപത്രം തയ്യാറാകുന്നതുവരെ ദിലീപിന് ജാമ്യം നൽകാൻ പ്രൊസിക്യൂഷൻ അനുമതി നൽകില്ല. ഈ സാഹചര്യത്തിൽ കുറഞ്ഞത് രണ്ടാഴ്‌ച്ചക്ക് ശേഷം മാത്രമേ സുപ്രിംകോടതിയെ സമീപിക്കാൻ സാധ്യതയുള്ളു. ഇതിനായി സുപ്രിംകോടതിയലെ മുതിർന്ന അഭിഭാഷകൻ രാം ജെഠ്മലാനിയെ സമീപിക്കും. ജയലളിതയുടേതടക്കം ഒട്ടേറെ കേസുകളിൽ ജെഠ്മലാനി സുപ്രിംകോടതിയിൽ ഹാജരായിട്ടുണ്ട്.

പ്രഥമദൃഷ്ട്യായുള്ള തെളിവുകൾ പ്രകാരം ദിലീപ് ഇതിൽ ഇടപെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നു. അന്വേഷണം നിർണായക ഘട്ടത്തിലാണ്. ഒളിവിലുള്ള ദിലീപിന്റെ മാനേജർ അപ്പുണ്ണിയെയും കേസിലുൾപ്പെട്ട അഭിഭാഷകനെയും വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. നിലവിലെ അന്വേഷണത്തിൽ പുരോഗതിയുണ്ടെന്നും പ്രോസിക്യൂഷൻ വിശദീകരിച്ചു. പൾസർ സുനി ബ്ലാക്‌മെയിൽ ചെയ്യാൻ ശ്രമിച്ചെന്ന ദിലീപിന്റെ പരാതി സത്യത്തിൽനിന്നും ഒളിച്ചോടാനുള്ള ബുദ്ധിപൂർവമായ നീക്കമെന്നും വിലയിരുത്തൽ. ഈ പരാതി പിഴവാണ് ദിലീപിനെ കേസിൽ കുടുക്കുന്നത്. ഇതോടെ വലിയ കുടുക്കിൽ താരമെത്തി.

അതിനിടെ ദിലിപിനെ വീഡിയോ കോൺഫറൻസിങ് വഴി ഹാജരാക്കിയാൽ മതിയെന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. ദിലീപിന് സുരക്ഷാ പ്രശനമുണ്ടെന്നും അതിനാൽ ജയിലിൽനിന്നും പുറത്തിറക്കാൻ കഴിയുന്നില്ലെന്നും ഈ സാഹചര്യത്തിൽ വീഡിയോ കോൺഫറൻസിങ് അനുവദിക്കണമെന്ന് പൊലിസ് നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. ഇന്ന് ദിലീപിന്റെ റിമാന്റ് കാലവാധി അവസാനിക്കും. കോടതിയുടെ ഉത്തരവ് വന്നതോടെ ദിലീപിന് ജയിലിൽ വീഡിയോകോൺഫറൻസിങ് നടത്താം. ജൂലൈ 10ന് അറസ്റ്റ് ചെയ്ത ദിലീപിനെ 14 ദിവസത്തേക്കാണ് കോടതി റിമാന്റ് ചെയ്തത്. ഇന്ന് വീണ്ടും അത് രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാനാണ് സാധ്യത.

നടിക്കുനേരെ നടന്ന ആക്രമണം ക്രൂരവും പൈശാചികവും സമൂഹ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതുമാണെന്ന് ഹൈക്കോടതി വിലയിരുത്തിയിട്ടുണ്ട്. യുവനടിയെ ദേശീയപാതയിൽനിന്ന് തട്ടിയെടുത്ത് ഓടുന്ന കാറിൽ രണ്ടര മണിക്കൂറോളം പീഡനത്തിനിരയാക്കി അത് വീഡിയോയിൽ പകർത്തിയ സംഭവം ഏറെ ഗൗരവമുള്ളതാണ്. ജാമ്യഹരജി തള്ളാൻ പ്രോസിക്യൂഷൻ ഉന്നയിച്ച വാദങ്ങളെല്ലാം കോടതി മുഖവിലയ്ക്കെടുത്തു. ഗൂഢാലോചന രഹസ്യമായിട്ടായിരിക്കുമെന്നതിനാൽ നേരിട്ട് തെളിവുകൾ അപൂർവമായേ ഉണ്ടാകൂവെന്ന പ്രോസിക്യൂഷൻ വാദം വിധിന്യായത്തിൽ എടുത്തുപറയുന്നു. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഹർജിക്കാരന് കേസിൽ ബന്ധമുണ്ടെന്ന് കണ്ടെത്തിയത്.

ഗൂഢാലോചനയുടെ ഭാഗമായി ഹരജിക്കാരനും ഒന്നാംപ്രതിയും അഞ്ചിടങ്ങളിൽ കണ്ടതിന് തെളിവുകളുണ്ട്. ഒരു ഹോട്ടലിൽവച്ചാണ് വലിയ തുക അഡ്വാൻസായി നൽകിയത്. ഹരജിക്കാരന്റെ പേരിൽ മുറി ബുക്ക് ചെയ്തതിന്റെ തെളിവായി ഹോട്ടൽ രേഖകളുണ്ട്. ഈ അഞ്ചിടങ്ങളിലും ഒരേസമയം ഹരജിക്കാരനും ഒന്നാംപ്രതിയും ഒന്നിച്ചുണ്ടായിരുന്നുവെന്നതിന് ടവർ ലൊക്കേഷനും ഫോൺ കാൾ വിശദാംശങ്ങളും തെളിവായുണ്ട്. ഹരജിക്കാരനെതിരെ സാക്ഷികളുടേതുൾപ്പെടെ മൊഴികളുമുണ്ട്. ഗൂഢാലോചന സംബന്ധിച്ച് ഒന്നാംപ്രതി പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഇക്കാര്യങ്ങൾ തെളിയിക്കുന്ന രേഖകൾ പിന്നീട് അന്വേഷണത്തിൽ കണ്ടെത്തുകയും ചെയ്തു. ഇതെല്ലാം ദിലീപിന് നിയമ പോരാട്ടത്തിൽ വലിയ വെല്ലുവിളിയാണ്.