- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തടവറയിലെ ദയാവധത്തിന് വിരാമമിടാൻ നടപടി തുടങ്ങി; 1500 ഓളം പേരെ കൂടി ഉൾക്കൊള്ളാവുന്ന നാല് പുതിയ ജയിലുകൾ കൂടി പണിയുന്നു; ഇരിങ്ങാലക്കുടയിൽ കൂടുതൽ സൗകര്യവുമൊരുക്കും; മറുനാടൻ ഇംപാക്ട്
തിരുവനന്തപുരം: ജയിലുകളിലെ ദയാവധത്തിന് പരിഹാരമൊരുക്കാൻ നടപടികളുമായി ജയിൽ വകുപ്പ്. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി പുതിയ നാല് ജയിലുകളാണ് ജയിൽ വകുപ്പ് നിർമ്മിക്കുന്നത്. തൊടുപുഴ മുട്ടം, മലപ്പുറം തവനൂർ, മലമ്പുഴ, നിലവിലുള്ള വിയ്യൂർ ജയിലിനോട് ചേർന്ന് പുതിയ ഒന്ന് എന്നിവയാണ് പുതിയതായി നിർമ്മിക്കുന്നവ. തടവറകളിലെ പ്രശ്‌നവുമായി ബന്ധപ്പെട
തിരുവനന്തപുരം: ജയിലുകളിലെ ദയാവധത്തിന് പരിഹാരമൊരുക്കാൻ നടപടികളുമായി ജയിൽ വകുപ്പ്. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി പുതിയ നാല് ജയിലുകളാണ് ജയിൽ വകുപ്പ് നിർമ്മിക്കുന്നത്. തൊടുപുഴ മുട്ടം, മലപ്പുറം തവനൂർ, മലമ്പുഴ, നിലവിലുള്ള വിയ്യൂർ ജയിലിനോട് ചേർന്ന് പുതിയ ഒന്ന് എന്നിവയാണ് പുതിയതായി നിർമ്മിക്കുന്നവ. തടവറകളിലെ പ്രശ്‌നവുമായി ബന്ധപ്പെട്ട് മറുനാടൻ മലയാളി തുറന്നുകാട്ടിയ സാമൂഹിക പ്രശ്‌നത്തിന്റെ വ്യാപ്തിയുൾക്കൊണ്ടാണ് നടപടി.
സംസ്ഥാനത്തെ വനിതാ ജയിലുകൾ ഒഴികെയുള്ളവയിൽ ഉൾക്കൊള്ളാവുന്നതിലും അധികം തടവുകാരാണുള്ളത്. 6217 അന്തേവാസികൾക്ക് മാത്രം സൗകര്യമുള്ള സംസ്ഥാനത്തെ 54 ജയിലുകളിൽ പാർപ്പിച്ചിരിക്കുന്നത് 7481 തടവുകാരെ. ഈ സാഹചര്യം വിശദീകരിച്ചാണ് ജയിലുകളിൽ രോഗം മൂലം മരിക്കുന്നവരുടേയും മറ്റും എണ്ണം കൂടുന്നത് മറുനാടൻ റിപ്പോർട്ട് ചെയ്തത്. ഈ സാഹചര്യത്തിലാണ് പുതിയ ജയിലുകൾ വരുന്നത്. കൂടാതെ ഇരിങ്ങാലക്കുട സ്‌പെഷൽ സബ് ജയിലിനെ കൂടുതൽ സൗകര്യങ്ങളുമായി മറ്റൊരു സ്ഥലത്ത് മാറ്റിപ്പണിയുന്നതിനുള്ള പ്രാരംഭ നടപടികളും തുടങ്ങി. പുതിയ ജയിലുകൾ പൂർത്തിയായാൽ 1500 ഓളം അധിക തടവുകാരെ ഉൾക്കൊള്ളാനാകുമെന്ന് ജയിൽ വകുപ്പ് ചീഫ് വെൽഫെയർ ഓഫീസർ എ. കുമാരൻ പറഞ്ഞു.
വിയ്യൂർ ജയിലിനോട് ചേർന്ന് അതീവ സുരക്ഷാ ക്രമീകരണങ്ങളുള്ള ജയിലിന്റെ നിർമ്മാണം ഏകദേശം പൂർത്തിയായി. കുഴപ്പക്കാരായ തടവുകാരെ പാർപ്പിക്കുന്നതിനാണ് ഈ ജയിൽ. അഞ്ഞൂറോളംപേരെ പാർപ്പിക്കുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.
മലമ്പുഴയിൽ ജയിലിനായി ജല അഥോറിറ്റിയുടെ സ്ഥലം കൈമാറിയിട്ടുണ്ട്. പണി പൂർത്തിയായാൽ പാലക്കാട് സ്‌പെഷൽ സബ് ജയിലിലെ തടവുകാരെ അവിടേക്ക് മാറ്റും. തൊടുപുഴ മുട്ടത്ത് നിർമ്മിക്കുന്ന ജയിലിൽ മുന്നൂറോളം തടവുകാർക്കുള്ള സൗകര്യമൊരുക്കും.
വിചാരണത്തടവുകാരായി 1491 പേരാണ് ജയിലുകളിലുള്ളത്. 923 പേരാണ് ശിക്ഷിക്കപ്പെട്ട് കഴിയുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകൾ ഉൾപ്പെടുന്ന തെക്കൻ മേഖലയിലെ 15 ജയിലുകളിലായി 2901 തടവുകാരാണുള്ളത്. എന്നാൽ 2485 പേർക്കുള്ള സൗകര്യം മാത്രമാണുള്ളത്. മധ്യമേഖലയായ തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം എന്നിവിടങ്ങളിലെ 17 ജയിലുകളിൽ 1488 തടവുകാർക്കുള്ള സൗകര്യമാണുള്ളത്. എന്നാൽ 1761 തടവുകാരുണ്ട്. വടക്കൻ മേഖലയിലെ കണ്ണൂർ, പാലക്കാട്, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ 23 ജയിലുകളിലായി 2414 തടവുകാരുണ്ട്. 2244 പേർക്കുള്ള സൗകര്യമേയുള്ളൂ. തിരുവനന്തപുരം സെൻട്രൽ ജയിലിന് 727 പേരെ ഉൾക്കൊള്ളാൻ മാത്രമാണ് ശേഷി. എന്നാൽ ഇവിടെ 1253 തടവുകാരെ പാർപ്പിച്ചിട്ടുണ്ട്.
ഇത്രയും തടവുപുള്ളികളെ പരിപാലിക്കുന്നതിനാവശ്യമായ ജീവനക്കാരെയും നിയമിച്ചിട്ടില്ല. താഴേത്തട്ടിലുള്ള വാർഡന്മാരാണ് മേൽനോട്ടം വഹിക്കുന്നത്. ആറു തടവുകാർക്ക് ഒരു വാർഡൻ എന്ന അനുപാതത്തിൽ 1754 ജീവനക്കാരെങ്കിലും വേണ്ടതാണ്. അധികമായി പാർപ്പിച്ചിരിക്കുന്ന തടവുകാരെക്കൂടി കണക്കിലെടുത്താൽ 2000 ജീവനക്കാരെയെങ്കിലും വിന്യസിക്കേണ്ടിവരും. എന്നാൽ 1460 ജീവനക്കാർ മാത്രമാണ് ഇപ്പോഴുള്ളത്. ഈ ജീവനക്കാരിൽ നല്ലൊരു ഭാഗവും ദിവസവേതനക്കാരുമാണ്. തടവുകാരെ പരിപാലിക്കുന്നതിനാവശ്യമായ ഒരു പരിശീലനവും ഇവർക്ക് ലഭിച്ചിട്ടില്ല. പരിഷ്‌കൃതരാജ്യങ്ങളിൽ ജയിൽ ഉദ്യോഗസ്ഥർക്ക് വിദഗ്ധമായ പരിശീലനമാണ് നൽകുന്നത്. അടയന്തരഘട്ടങ്ങൾ നേരിടാനുള്ള വൈദഗ്ധ്യവും ഇവർക്കുണ്ട്. എന്നാൽ യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാതെയാണ് കേരളത്തിലുള്ള ജയിൽ ഉദ്യോഗസ്ഥന്മാരെ നിയമിക്കാറുള്ളത്.
ഏഴായിരത്തിൽപരം തടവുകാർക്ക് ആകെ ജയിലിലുള്ളത് ആകെ 7 ഡോക്ടർമാരുടെ സേവനം മാത്രമാണ്. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ സെൻട്രൽ ജയിലുകളിൽ മാത്രമാണ് ആശുപത്രി സൗകര്യം ഉള്ളത്. കഴിഞ്ഞ ആറുവർഷത്തിനിടയിൽ കേരളത്തിലെ തടവറകളിൽ മരിച്ചവരുടെ എണ്ണം 280 ആണെന്നാണ് ജയിൽ രേഖകൾ വ്യക്തമാക്കുന്നത്. ഇവരിൽ ഭൂരിഭാഗവും പെട്ടെന്നുള്ള രോഗകാരണങ്ങൾ കൊണ്ടാണ് മരണമടഞ്ഞിട്ടുള്ളത്. വിദഗ്ധചികിത്സ ലഭിച്ചിരുന്നെങ്കിൽ ഇവരിൽ പലരുടെയും ജീവൻ രക്ഷിക്കാമായിരുന്നു. ഈ സാഹചര്യങ്ങളാണ് മറുനാടൻ ഉയർത്തിക്കാട്ടിയത്
മാരകരോഗങ്ങളോടു മല്ലിടുന്ന 200 ഓളം തടവുകാർ ഇപ്പോഴും ജയിലുകളിൽ ഉണ്ട്. ജയിലുകളിൽ മനോരോഗികളുടെ എണ്ണവും ക്രമാതീതമായി വർദ്ധിച്ചുവരുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ജയിൽരേഖയനുസരിച്ചു തന്നെ അഞ്ഞൂറിൽപരം തടവുകാർക്ക് മനോരോഗമുണ്ട്, ചിലരുടെ നില ഗുരുതരവുമാണ്. അവർ മനോരോഗ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നു. എന്നാൽ ഒരു ജയിലിലും മനോരോഗ വിദഗ്ധന്റെ സേവനം ഇല്ലായെന്നുള്ളതാണ് യാഥാർഥ്യം. തടവുകാർക്ക് മനോരോഗം വരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന യാഥാർഥ്യത്തിനനുസരിച്ചുള്ള സൗകര്യങ്ങൾ ഒരുക്കാൻ അധികൃതർക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല.