പത്തനംതിട്ട: സബ്ജയിലിൽ നിന്നും റിമാൻഡ് തടവുകാരായ രണ്ടു ബംഗാളികൾ രക്ഷപ്പെട്ടു. കഞ്ചാവു കേസിൽ റാന്നി എക്സൈസ് സംഘം ജൂലായ് 21ന് അറസ്റ്റു ചെയ്ത് കോടതി റിമാൻഡ് ചെയ്ത പശ്ചിമ ബംഗാൾ സ്വദേശികളായ ജയദേവ് സ്വാഹു (28), ഗോപാൽ ദാസ് (28) എന്നിവരാണ് രക്ഷപ്പെട്ടത്.

ഇന്നു പുലർച്ചെ മൂന്നിന് ശേഷമാണ് ജയിൽ ഗാർഡുമാർ വിവരം അറിയുന്നത്. അതിനും മണിക്കൂറുകൾക്ക് മുൻപ് ഇവർ രക്ഷപ്പെട്ടിരിക്കാമെന്നാണ് കരുതുന്നത്. 19 പേരെ ഇട്ടിരുന്ന സെല്ലിന്റെ ബാത്ത്റൂമിൽ ടകയറിയ പ്രതികൾ തോർത്തുകൾ കൂട്ടിക്കെട്ടി കയർ പോലെയാക്കി ഓട് മേഞ്ഞമേൽക്കൂരയിൽ കയറി. അതിന് ശേഷം ഓടിളക്കി പുറത്തു കടന്ന് മതിൽ ചാടിയാണ് രക്ഷപ്പെട്ടത്. ജയിലിൽ സിസിടിവി ക്യാമറ ഉണ്ടെങ്കിലും സൂപ്രണ്ടിന്റെ മുറിയിലാണ് അതിന്റെ കൺട്രോൾ റൂം. രാത്രിയിൽ സൂപ്രണ്ട് മുറിയും പൂട്ടി സ്ഥലം വിട്ടു കഴിഞ്ഞാൽ പിന്നെ ആർക്കും ആ ഭാഗത്തേക്ക് നോക്കാൻ കഴിയില്ല.

കനത്ത മഴ ആയിരുന്നതിനാൽ ഗാർഡുമാരും ഉറക്കത്തിലായിരുന്നുവെന്ന് പറയുന്നു. മനസുവച്ചാൽ ആർക്കു വേണമെങ്കിലും എളുപ്പം ചാടാവുന്ന തരത്തിലാണ് പത്തനംതിട്ട സബ്ജയിലിന്റെ ഭൂപ്രകൃതി. ഇവിടെ തടവിൽ കഴിയുന്നവരിൽ ഏറെയും റിമാൻഡ് പ്രതികൾ ആയതു കൊണ്ട് മാത്രമാണ് ആരും ചാടിപ്പോകാത്തത്. ബംഗാൾ സ്വദേശികൾക്ക് ജാമ്യം എടുക്കാൻ ആരും വരില്ല എന്ന തിരിച്ചറിവാണ് ഇവരെ ജയിൽ ചാട്ടത്തിന് പ്രേരിപ്പിച്ചത്.

ഇന്നു പുലർച്ചെ രണ്ടിനും മൂന്നിനും ഇടയിലാണ് പ്രതികൾ രക്ഷപ്പെട്ടത് എന്നാണ് ജയിൽ അധികൃതർ പറയുന്നത്. എന്നാൽ, മൂന്നുമണിക്ക് ശേഷമാണ് വിവരം ജയിൽ അധികൃതർ അറിഞ്ഞതെന്നും അതിന് മുൻപ് തന്നെ ഇവർ രക്ഷപ്പെട്ടിരിക്കാമെന്നും പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തു. ജയിലിൽ വൻസുരക്ഷാ വീഴ്ചയാണുള്ളത്.

മുൻപും ഇതേപ്പറ്റി പരാതി ഉയർന്നിരുന്നു. ഇവിടുത്തെ സെല്ലുകൾ ഒന്നും തന്നെ സുരക്ഷിതമല്ല. വളരെ പഴക്കം ചെന്ന കെട്ടിടങ്ങളാണുള്ളത്. അടുത്ത കാലത്ത് ഒരു കെട്ടിടം ഇടിഞ്ഞു വീണെങ്കിലും അത് പുനർനിർമ്മിക്കാനുള്ള നടപടിയും ആയിട്ടില്ല.