- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇരന്ന് വാങ്ങുന്നത് ശീലമായിപ്പോയി' എന്ന് ജയരാജന്റെ മകന്റെ ഒറ്റവരി പോസ്റ്റ്; പാനൂർ സംഘർഷവുമായി ബന്ധപ്പെട്ടാണെങ്കിൽ ഇത്തരമൊരു അഭിപ്രായപ്രകടനത്തോട് ഞാൻ യോജിക്കുന്നില്ലെന്ന് അച്ഛന്റെ തിരുത്ത്; സമാധാനമുണ്ടാക്കാനുള്ള യജ്ഞത്തിലാണ് പാർട്ടി അനുഭാവികൾ ഏർപ്പെടേണ്ടതെന്ന് ആഹ്വാനം; ജയിൻ രാജിന്റെ പോസ്റ്റിലുള്ളതു കൊലപാതക ഗൂഢാലോചനയോ? ജയരാജന്റെ മകനും വില്ലനാകുമ്പോൾ
കണ്ണൂർ: രാഷ്ട്രീയം പറയാത്തവരാണ് പി ജയരാജന്റെ മക്കൾ. കഷ്ടപ്പെട്ട് പണിയെടുത്ത് ജീവിക്കുന്നവർ. അച്ഛന് തിരുത്തേണ്ടി വരാത്ത മക്കൾ എന്ന് എവരും വിലയിരുത്തിയവർ. എന്നാൽ കൂത്തുപറമ്പിൽ ജയരാജൻ മകനെ തിരുത്തുകയാണ്. ജയരാജന്റെ മകൻ ജയിൻ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിൽ ആയ സാഹചര്യത്തിലാണ് ഇത്. രണ്ട് മണിക്കൂറ് മുൻ പോസ്റ്റ് ചെയ്ത 'ഇരന്ന് വാങ്ങുന്നത് ശീലമായിപ്പോയി' എന്ന ഒറ്റവരി പോസ്റ്റാണ് വിവാദമായത്. മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിന് പിന്നാലെയുള്ള ഫേസ്ബുക്ക് പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.
നിരവധി പേരാണ് ജയിന്റെ പോസ്റ്റിനോട് പ്രതികരിച്ചത്. പോസ്റ്റിന് താഴെ മൻസൂറിന്റെ കൊലപാതകത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ കമന്റിട്ടു. കൂത്തുപറമ്പിലേത് ആസൂത്രിത കൊലയെന്നതിന്റെ തെളിവാണ് ഫേസ്ബുക്ക് പോസ്റ്റെന്ന് യൂത്ത് ലീഗ് നേതാവ് പി. കെ ഫിറോസ് പ്രതികരിച്ചു. ഇതിന് പിന്നാലെ ജയരാജൻ തിരുത്തുമായി രംഗത്തു വന്നു. ഇപ്പോൾ ചാനലുകളിൽ എന്റെ മകന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് വാർത്തയായതായി കണ്ടു. ഏത് സാഹചര്യത്തിലാണ് മകൻ അത്തരമൊരു പോസ്റ്റിട്ടത് എന്നറിയില്ല. പാനൂർ സംഘർഷവുമായി ബന്ധപ്പെട്ടാണെങ്കിൽ ഇത്തരമൊരു അഭിപ്രായപ്രകടനത്തോട് ഞാൻ യോജിക്കുന്നില്ല. ദൗർഭാഗ്യകരമായ മരണം നടന്ന ആ പ്രദേശത്ത് സമാധാനമുണ്ടാക്കാനുള്ള യജ്ഞത്തിലാണ് പാർട്ടി അനുഭാവികൾ ഏർപ്പെടേണ്ടത്-ഇതാണ് ജയരാജന്റെ പോസ്റ്റ്.
ഇന്നലെയാണ് കൂത്തുപറമ്പിൽ മുസ്ലിം ലീഗ് പ്രവർത്തകൻ പുല്ലൂക്കര പാറാൽ സ്വദേശി മൻസൂറിന് വെട്ടേറ്റത്. വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ ഉച്ചയോടെ സിപിഐഎം -ലീഗ് സംഘർഷമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നലെ രാത്രിയോടെ ആക്രമണമുണ്ടായത്. കണ്ണൂർ പാനൂരിന് അടുത്ത് കടവത്തൂർ മുക്കിൽപീടികയിലാണ് ആക്രമണം നടന്നത്. ബോംബ് എറിഞ്ഞ് ഭീതിപടർത്തിയശേഷം മുഹ്സിനെയും മൻസൂറിനെയും വെട്ടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചയോടെ മൻസൂർ മരിക്കുകയായിരുന്നു. മുഹ്സിൻ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സിപിഎമ്മിന് ഈ കൊലപാതകത്തിൽ പങ്കില്ലെന്നാണ് പാർട്ടി നിലപാട്. ഇതിനിടെയാണ് ഇരന്നു വാങ്ങുന്നത് ശീലമായി എന്ന ജയിൻ രാജിന്റെ പോസ്റ്റ് ചർച്ചയായത്.
പൊതുവേ രാഷ്ട്രീയ പ്രശ്നത്തിൽ വിവാദങ്ങളുണ്ടാക്കാത്തവരാണ് ജയരാജന്റെ മക്കൾ. പക്വതയോടെ പെരുമാറുന്നവരെന്നാണ് എന്നും വിലയിരുത്തിയിരുന്നത്. അതുകൊണ്ട് തന്നെ പാർട്ടി കേന്ദ്രങ്ങളേയും ഈ പോസ്റ്റ് ഞെട്ടിച്ചു. അക്രമ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്നതായി ഈ പോസ്റ്റ്. ജയരാജന്റെ സ്വന്തം മണ്ഡലമാണ് കൂത്തുപറമ്പ്. ഇവിടെയാണ് കൊല നടന്നതെന്നതും ശ്രദ്ധേയമാണ്. വോട്ടെടുപ്പിന് പിന്നാലെ കണ്ണൂരിലുണ്ടായ അക്രമത്തിൽ മുസ്ലിം ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ടതിലേക്ക് കാര്യങ്ങളെത്തിച്ചത് തിങ്കളാഴ്ച ഉണ്ടായ വാക്കു തർക്കമാണ്.
കൂത്തുപറമ്പ് പുല്ലൂക്കരയിലെ പാറാൽ മൻസൂർ(21) ആണ് ഇന്നലെ അർധരാത്രിയോടെ കൊല്ലപ്പെട്ടത്. സഹോദരൻ മുഹസിന്(27) സാരമായ പരുക്കുണ്ട്. സിപിഎം ആണ് അക്രമത്തിന് പിന്നിലെന്ന് ലീഗ് ആരോപിച്ചു. മൻസൂറിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് കൂത്തുപറമ്പ് നിയോജക മണ്ഡലത്തിൽ ഹർത്താൽ ആചരിക്കാൻ നിയോജക മണ്ഡലം യുഡിഎഫ് കമ്മിറ്റി ആഹ്വാനം ചെയ്തു. തിരഞ്ഞെടുപ്പ് ഒരുക്കത്തിന്റെ ഭാഗമായി തോരണം കെട്ടുന്നതിനേച്ചൊല്ലി തിങ്കളാഴ്ച രാത്രിയുണ്ടായ തർക്കമാണ് ഇന്നലത്തെ സംഘർഷത്തിലേക്ക് നയിച്ചത്. ഈ തർക്കം ബൂത്തിലും പ്രശ്നമുണ്ടാക്കി. ഇതോടെയാണ് മുഹസിനെയും മൻസൂറിനേയും വകവരുത്താനുള്ള തീരുമാനം എടുത്തത്. സംഭവുമായി ബന്ധപ്പെട്ട് സിപിഎം പ്രവർത്തകൻ ഷിനോസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട മൻസൂറിന്റെ അയൽവാസിയാണ് ഷിനോസ്. അക്രമി സംഘത്തിലെ 11 പേരെക്കുറിച്ച് സൂചന ലഭിച്ചെന്ന് പൊലീസ് അറിയിച്ചു. നടന്നത് രാഷ്ട്രീയ കൊലപാതകമാണെന്ന് പൊലീസ് സമ്മതിക്കുന്നുണ്ട്.
കസ്റ്റഡിയിലുള്ള സിപിഎം. പ്രവർത്തകൻ അക്രമം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് വാട്സാപ്പിൽ പങ്കുവെച്ച സ്റ്റാറ്റസും പുറത്തുവന്നു. മുസ്ലിംലീഗുകാർ ഈ ദിവസം വർഷങ്ങളോളം ഓർത്തുവെക്കും, ഉറപ്പ് എന്നാണ് ഇയാൾ വാട്സാപ്പിൽ പങ്കുവെച്ച സ്റ്റാറ്റസ്. അതിന് ശേഷമായിരുന്നു കൊല. ഇതും ഗൂഢാലോചന വ്യക്തമാക്കുന്നുവെന്ന് യുഡിഎഫ് ആരോപിച്ചിരുന്നു. പുല്ലൂക്കരയിൽ ഇന്നലെ നടന്നതെന്ന് പറഞ്ഞ് സിപിഎം പ്രവർത്തകർ അക്രമത്തിന് ഇരയായ വാർത്തയും ജെയിൻ രാജ് പോസ്റ്റ് ചെയ്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ