തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ സ്ഥാനം കിട്ടാതെ പോയതോടെ പി.ജയരാജൻ ഫാൻസ് സോഷ്യൽ മീഡിയയിൽ പടയ്ക്ക് ഇറങ്ങി കഴിഞ്ഞു. റെഡ് ആർമി ഒഫീഷ്യൽസ് എന്ന ഫേസ്‌ബുക്ക് പേജിലാണ് ജയരാജൻ അനുകൂല പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. അതിനൊപ്പം, ജയരാജന്റെ മകൻ ജയിൻ രാജും പിതാവിനെ തുണയ്ക്കുന്ന പോസ്റ്റിട്ടു. 'ആരൊക്കെ തള്ളിപ്പറഞ്ഞാലും എന്നും എപ്പോഴും ഇടനെഞ്ചിൽ തന്നെ' എന്ന തലവാചകത്തോടെയാണ് ജയിന്റെ പോസ്റ്റ്. ജയരാജന്റെ ചിത്രവും വീഡിയോയും ഒപ്പമുണ്ട്.

നിരവധി പേരാണ് ജയിനിനെ പിന്തുണച്ച് പോസ്റ്റിടുന്നത്. ചിലർക്ക് ചില്ലറ വിമർശനവും ഇല്ലാതില്ല. അതിൽ ഒന്ന് ഇങ്ങനെ:

'പി.ജെ ..സിപിഎമ്മിന്റെ നേതാവാണ് മകനും കൂട്ടുകാരും കൂടി അദ്ദേഹത്തെ ഒരു വഴിക്ക് ആക്കാതിരുന്നാൽ മതി..' ഈ കമന്റിന് ജയിൻ രാജ് മറുപടിയും നൽകി.

നിന്റെ പൊരയിൽ നിന്ന് അല്ല എനിക്ക് ചെലവിന് തരുന്നത്..എന്റെ അഭിപ്രായം പറയാൻ നിന്റെ ശീട്ടും എനിക്ക് വേണ്ട.. ഗുഡ് നൈറ്റ് നേതാവേ.

ചിലർ ഉപദേശിക്കുന്നു:

വികാരവും , വിവേകവുമാണ് ഒരു സഖാവിനെ നയിക്കേണ്ടത് ... സ: പി.ജയരാജൻ സമുന്നതനായ നേതാവാണ്, സ്ഥാനമാനങ്ങൾ ഒരു സഖാവിന് പാർട്ടി നൽകുന്ന ഉത്തരവാദിത്തമാണ്, പാർട്ടി മെമ്പർ മുതൽ പിബി അംഗം വരെയുള്ളവർ അതാണ് ചെയ്യുന്നത് , സ്ഥാനമാനങ്ങൾക്ക് സഖാവ് ആഗ്രഹിക്കുന്നു എന്നത് ആരും വിശ്വസിക്കാത്ത ഒന്നാണ്, ഇങ്ങനെയുള്ള അവസരങ്ങളിൽ സ: പി ജയരാജന്റെ അടുത്ത ആളുകളിൽ നിന്ന് ഇങ്ങനെ ഉണ്ടാവുന്ന പ്രതികരണങ്ങൾ തെറ്റിദ്ധരിക്കപ്പെടും

അതേസമയം, പിജെ ഫാൻസിന്റെ വികാരം ഇതിനെല്ലാം അപ്പുറത്താണ്.

റെഡ് ആർമി ഒഫീഷ്യൽസ് എന്ന ഫേസ്‌ബുക്ക് പേജിലും ജയരാജൻ അനുകൂല പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ജയരാജൻ സെക്രട്ടറിയേറ്റിൽ ഇല്ല, എന്നാൽ ജനങ്ങളോടൊപ്പം ഉണ്ട്. സ്ഥാനമാനങ്ങളിൽ അല്ല ജനഹൃദയങ്ങളിലാണ് സ്ഥാനം എന്നെല്ലാമാണ് ഫെയ്സുബുക്ക് പോസ്റ്ററിൽ പറയുന്നത്.

നേരത്തെ വിവാദമാവുകയും പാർട്ടി വിലക്കുകയും ചെയ്ത ജയരാജനെ പുകഴ്‌ത്തിക്കൊണ്ടുള്ള ഗാനവും പോസ്റ്റുകൾക്കൊപ്പം ഫേസ്‌ബുക്ക് പേജിൽ പങ്കുവച്ചിട്ടുണ്ട്.

https://www.facebook.com/100004944787543/videos/915145475786068/

റെഡ് ആർമി ഒഫീഷ്യൽസ് എന്ന പേജിൽ ജയരാജൻ അനുകൂല പോസ്റ്റുകൾ ഇടുന്നതിനെ നേരത്തെ പാർട്ടി വിലക്കിയിരുന്നു. വ്യക്തി ആരാധനയാണ് ഇത്തരം പോസ്റ്റുകളെന്നാണ് പാർട്ടി പറഞ്ഞിരുന്നത്. ഇതിനിടെയാണ് വീണ്ടും ജയരാജനെ പ്രകീർത്തിച്ചുള്ള പോസ്റ്റുകൾ പേജിൽ സജീവ ചർച്ചയായ

പദവിയല്ല നിലപാടാണ് പ്രധാനമെന്ന് ജയരാജൻ

സിപിഎമ്മിന്റെ 23ാം സംസ്ഥാന സമ്മേളനത്തിന് പിന്നാലെ വിവാദങ്ങൾക്ക് മറുപടിയുമായി മുൻ കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ. പദവിയല്ല നിലപാടാണ് പ്രധാനമെന്ന് ജയരാജൻ പ്രതികരിച്ചു. അഴിച്ചുപണിക്കും കൂട്ടിച്ചേർക്കലിനും ഒടുവിൽ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റിൽ പി ജയരാജനെ ഉൾപ്പെടുത്താത്തത് വിവാദമായ പശ്ചാത്തലത്തിലാണ് അദ്ദേഹം പ്രതികരണവുമായി രംഗത്തെത്തിയത്. പാമ്പൻ മാധവൻ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുപ്രവർത്തകൻ എന്ന നിലയിൽ സ്ഥാനമാനത്തിനല്ല നിലപാടിനാണ് അംഗീകാരമുള്ളത്. ഉൾപ്പാർട്ടി ജനാധിപത്യമുള്ള പാർട്ടിയാണ് സിപിഎം. ഓരോ പ്രവർത്തകനും സിപിഎം പാർട്ടി സമ്മേളനങ്ങളിൽ വിമർശനങ്ങൾ ഉന്നയിക്കുകയും സ്വയം വിമർശനം നടത്തുകയും ചെയ്യുന്നു. വിമർശനവും സ്വയം വിമർശനവുമുള്ള ഏകപാർട്ടിയാണ് സിപിഎം. തീരുമാനങ്ങൾ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മാധ്യമങ്ങളെ ആദ്യമേ അറിയിച്ചിരുന്നു.

എന്നാൽ മാധ്യമങ്ങൾ ഒളിഞ്ഞുനോട്ടം നടത്തുകയാണ് ചെയ്യുന്നത്. തന്നെ തഴഞ്ഞോ എന്നാണ് മാധ്യമങ്ങൾക്ക് അറിയേണ്ടത്. കോൺഗ്രസിൽ തീരുമാനങ്ങൾ എടുക്കുന്നത് അമ്മയും രണ്ട് മക്കളും ചേർന്നാണെന്നും ജയരാജൻ പരിഹസിച്ചു.സമ്മേളനത്തിന് പിന്നാലെ പി ജയരാജനെ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്താത്തതിനെതിരെ സമൂഹമാധ്യമങ്ങളിലും മറ്റും വൻ പ്രതിഷേധം ഉയർന്നിരുന്നു. വ്യക്തികളെ പ്രകീർത്തിക്കുന്ന തരത്തിൽ പോസ്റ്റുകൾ ഇടരുതെന്ന നിർദ്ദേശം വകവയ്ക്കാതെ നിരവധി സിപിഎം അനുകൂലികളാണ് പി ജയരാജന് പരസ്യപിന്തുണ നൽകുന്നത്.