ന്യൂഡൽഹി: രാജ്യത്തെ അലട്ടുന്ന സാമ്പത്തിക മാന്ദ്യത്തിന് ഉത്തരവാദി ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയാണെന്ന് ബിജെപി നേതാവും രാജ്യസഭ എംപിയുമായ സുബ്രഹ്മണ്യൻ സ്വാമി. അതേസമയം കോൺഗ്രസ്സിനെ പിന്തുണക്കുന്ന നിലപാടാണ് യശ്വന്ത് സിൻഹയുടെ പ്രസ്താവനയെന്നും സുബ്രഹ്മണ്യൻ സ്വാമി കുറ്റപ്പെടുത്തി. ന്യൂഡൽഹിയിൽ ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.'

യുപിഎ സർക്കാരിന്റെ കാലത്ത് തളർച്ച നേരിട്ട ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ തിരികെ കൊണ്ടുവരാൻ മോദി സർക്കാരിന് ആവശ്യത്തിലേറെ സമയം ലഭിച്ചു.എന്നാൽ സാമ്പത്തികമാന്ദ്യം ഇപ്പോഴും നിലനിൽക്കുന്നു. അതിന്റെ ഉത്തരവാദിത്വം ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിക്കാണ്.'
ജിഎസ്ടി, നോട്ട് നിരോധനം എന്നിവ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണം ചെയ്തില്ല. പരിഷ്‌കാരങ്ങൾക്ക് സർക്കാർ സജ്ജമല്ല എന്ന കാര്യം ജെയ്റ്റ്‌ലി പ്രധാനമന്ത്രിയെ അറിയിച്ചതേയില്ലെന്നും സ്വാമി കുറ്റപ്പെടുത്തി. ധനമന്ത്രാലയത്തിന് വീഴ്‌ച്ച പറ്റിയിട്ടുണ്ടെങ്കിൽ പ്രധാനമന്ത്രി നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ധനമന്ത്രാലയത്തിൽ രാഷ്ട്രീയ, സാമ്പത്തിക വിദഗ്ധൻ ഇല്ലാതെ പോയതാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യശ്വന്ത് സിൻഹയുടെ നിലപാട് തള്ളിയ സ്വാമി അദ്ദേഹത്തിനെതിരെ നടപടി വേണമോ എന്ന കാര്യം പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്നും വ്യക്തമാക്കി. സിൻഹയുടെ നിലപാട് കോൺഗ്രസ്സിനെ സഹായിക്കുമെന്നും സ്വാമി പറഞ്ഞു.