- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മീൻ മുളക് തേക്കാൻ വേണ്ടി മുറിച്ചത് പോലെ ശരീരത്തിലാകെ കത്തികൊണ്ട് വരഞ്ഞ പാടുകൾ; മർദ്ദനത്തിൽ ഇരു വൃക്കകളും തകർന്നു; ആശുപത്രിയിൽ എത്തിച്ച യഹിയ മുങ്ങിയത് കള്ളം പറഞ്ഞും; ജിദ്ദയിലെ ഹൗസ് ഡ്രൈവറെ കാരിയറായി ഉപയോഗിച്ചോ? അഗളിക്കാരന്റെ മരണത്തിന് പിന്നിലും സ്വർണ്ണക്കടത്ത് റാക്കറ്റ്; വിമാനത്താവളങ്ങളെ മാഫിയ നിയന്ത്രിക്കുമ്പോൾ
മലപ്പുറം: പെരിന്തൽമണ്ണയിൽ സ്വർണക്കടത്ത് റാക്കറ്റെന്ന് സംശയിക്കുന്ന സംഘത്തിന്റെ മർദ്ദനമേറ്റ് മരിച്ച അബ്ദുൾ ജലീലിന്റെ ശരീരത്തിൽ മാരക മുറിവുകൾ. ശരീരത്തിലാകെ കത്തി കൊണ്ട് വരഞ്ഞ പാടുണ്ട്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇരു വൃക്കകളും തകരാറിലായ അവസ്ഥയിലായിരുന്നു. മീൻ മുളക് തേക്കാൻ വേണ്ടി മുറിച്ചത് പോലെ ശരീരത്തിലാകെ കത്തികൊണ്ട് വരഞ്ഞ പാടുകളാണെന്നും ക്രൂരമായ മർദ്ദനമാണ് അബ്ദുൾ ജലീലിനേറ്റത് എന്നതാണ് വസ്തുത.
15ാം തിയ്യതി രാവിലെ 9 മണിക്കാണ് നെടുമ്പാശേരി എയർപോർട്ടിൽ ജലീൽ ഇറങ്ങുന്നത്. സുഹൃത്തുക്കൾ ഒപ്പമുണ്ട് എയർപോർട്ടിൽ വരണ്ട, പെരിന്തൽമണ്ണയിലേക്ക് വന്നാൽ മതിയെന്നാണ് വീട്ടുകാരെ ആദ്യം അറിയിച്ചത്. കുറച്ച് സമയത്തിന് ശേഷം നിങ്ങൾ തിരിച്ചു പൊയ്‌ക്കോ വരാൻ കുറച്ചു വൈകും എന്ന് പറഞ്ഞ് വീട്ടുകാരെ നിർബന്ധപൂർവം പറഞ്ഞയക്കുകയാണുണ്ടായത്. അതിനു ശേഷം ഇദ്ദേഹത്തെ പറ്റി ഒരു വിവരവും ലഭിച്ചില്ലിരുന്നില്ല. ജിദ്ദയിൽ ഹൗസ് ഡ്രൈവറായാണ് ജലീൽ ജോലി ചെയ്തിരുന്നത്. ജലീലിനെ ആരോ കാരിയറായി ഉപയോഗിച്ചുവെന്നാണ് സംശയം.
''ശരീരമാകെ കത്തി കൊണ്ട് വരഞ്ഞ പാടുകൾ'എന്തോ ഒരു ചതിയിൽ പെട്ടതാണെന്നാണ് ഞങ്ങൾ മനസ്സിലാക്കുന്നത്. കാരണം ഈ വ്യക്തി അങ്ങനെ ക്രിമിനൽ പശ്ചാത്തലമുള്ളയാളല്ല. സാധാരണ ജീവിതം നയിക്കുന്നയാളാണ്. ജിദ്ദയിൽ ഹൗസ് ഡ്രൈവറായാണ് ജോലി ചെയ്യുന്നത്. പത്ത് വർഷമായി സൗദിയിലാണ്. രണ്ടര വർഷം കൂടുമ്പോഴാണ് ഇയാൾ നാട്ടിലേക്ക് വരുന്നത്. ആകെ മൂന്നോ നാലോ പ്രാവിശ്യമേ ഈ പത്ത് വർഷത്തിനിടയിൽ വന്നിട്ടുള്ളൂ.സ്വർണക്കടത്ത് നടത്തിയോ എന്ന് ഞങ്ങൾക്ക് പറയാൻ കഴിയില്ലെന്ന് ബന്ധുക്കൾ പറയുന്നു,
അബ്ദുൾ ജലീലിന് സാമ്പത്തിക പ്രതിസന്ധികളുണ്ടായിരുന്നു. ഇത് കാരണം ആരെങ്കിലും പ്രലോഭിപ്പിച്ചോ എന്ന് പറയാൻ കഴിയില്ല. വളരെ ഗുരുതരമായ അവസ്ഥയിലാണ് ആശുപത്രിയിൽ കണ്ടത്. മീൻ മുളക് തേക്കാൻ മുറിച്ചത് പോലെ ശരീരത്തിലാകെ ക്രൂരമായി മുറിവേറ്റിരുന്നു. പ്രതികളെ ഉടനെ കണ്ടെത്തുമെന്നാണ് പ്രതീക്ഷയെന്നും ബന്ധു പറഞ്ഞു.സംഭവത്തിൽ മുഖ്യപ്രതി യഹിയയെന്ന ആളെന്ന് പാെലീസ് വ്യക്തമാക്കിയിട്ടുണ്ട്. അബ്ദുൾ ജലീലിനെ ആശുപത്രിയിലെത്തിച്ചത് ഇയാളായിരുന്നു. ശേഷം ഇയാൾ മുങ്ങി.
സംഭവത്തിലുൾപ്പെട്ട മൂന്ന് പേർ പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് സൂചന.അഗളി സ്വദേശിയാണ് അബ്ദുൾ ജലീൽ (42). വിമാനത്താവളത്തിൽ നിന്ന് മടങ്ങവെ ഒരു സംഘം ഇയാളെ തട്ടിക്കൊണ്ട് പോയി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നിൽ സ്വർണക്കടത്ത് സംഘമാണെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. മർദ്ദിച്ച സംഘത്തിലുണ്ടായിരുന്ന യഹിയ തന്നെയാണ് അബ്ദുൾ ജലീലിനെ പെരിന്തൽ മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അബ്ദുൾ ജലീലിന്റെ ഭാര്യയെ വിളിച്ച് വിവരമറിയിച്ച ശേഷം ഇയാൾ ആശുപത്രിയിൽ നിന്ന് പോയി. ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരമറിയിച്ചത്. റോഡരികിൽ പരിക്കേറ്റ് കിടന്നയാളാണെന്നു പറഞ്ഞ് ആക്കപ്പറമ്പ് സ്വദേശി യഹിയ ആണ് ജലീലിനെ പെരിന്തൽമണ്ണയിലെ ആശുപത്രിയിലെത്തിച്ചത്.
അബ്ദുൽ ജലീലിന്റെ ഭാര്യ പറഞ്ഞതിങ്ങനെ- '15ആം തിയ്യതി വിമാനത്താവളത്തിൽ എത്തുമെന്ന് പറഞ്ഞപ്പോൾ സ്വീകരിക്കാൻ ഞങ്ങൾ പകുതി വഴി വരെ പോയി. അപ്പോൾ അദ്ദേഹം വിളിച്ചിട്ട് വരേണ്ട, നേരം വൈകും, അങ്ങോട്ടുവരാമെന്ന് പറഞ്ഞു. അതോടെ ഞങ്ങൾ തിരിച്ചുപോന്നു. അന്നു രാത്രി 10 മണിക്ക് വിളിച്ചിട്ട് ഇന്നു വരാൻ പറ്റില്ല. നാളെ വരാമെന്ന് പറഞ്ഞു. 16നും 17നുമെല്ലാം വിളിച്ച് ഇതുതന്നെ പറഞ്ഞു. നെറ്റ് കോളായിരുന്നു. അങ്ങോട്ട് എന്തെങ്കിലും ചോദിക്കും മുൻപ് കട്ടാവും. 18ന് വിളിച്ചില്ല. ഒരു വിവരവുമില്ല.
അതോടെയാണ് അഗളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. അടുത്ത ദിവസം വിളിച്ചപ്പോൾ വരുമെന്നും പരാതി പിൻവലിക്കാനും പറഞ്ഞു. എവിടെയാണെന്ന് ചോദിച്ചപ്പോൾ മറുപടി കിട്ടിയില്ല. അറിയില്ലെന്ന് പറയാൻ കൂടെയുള്ള ആരോ പറയുന്നതു കേട്ടു. ഉപദ്രവിക്കുന്നതായിട്ടൊന്നും പറഞ്ഞില്ല. എല്ലാ ദിവസവും പ്രതീക്ഷ തന്നു. നാളെ വരും, നാളെ വരുമെന്ന്. പക്ഷേ വന്നില്ല. പിന്നെ ഇന്ന് രാവിലെയാണ് കോൾ വന്നത്. ആശുപത്രിയിൽ വെന്റിലേറ്ററിലാണെന്ന് പറഞ്ഞു. അപ്പോ തന്നെ ഞങ്ങൾ അങ്ങോട്ടു പുറപ്പെട്ടു'.
മറുനാടന് മലയാളി ബ്യൂറോ