- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കെ.ടി.ജലീൽ നേരത്തെ മന്ത്രിസ്ഥാനം രാജിവെച്ചതാണ്; സംഗതികൾ അവിടെ അവസാനിച്ചതാണ്; നിയമപരമായ കാര്യങ്ങൾ നോക്കാൻ ആർക്കും സ്വാതന്ത്ര്യമുണ്ടെന്നും എ.വിജയരാഘവൻ; വിധിയിൽ പ്രസക്തി ഇല്ലെന്നും അടുത്ത മന്ത്രിസഭയിലേക്ക് വരാൻ ജലീലിന് തടസ്സമുണ്ടെന്ന് തോന്നുന്നില്ലെന്നും എ.എൻ.ഷംസീറും
തിരുവനന്തപുരം: ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി തള്ളിയത് മുൻ മന്ത്രി കെടി ജലീലിന് തിരിച്ചടിയായിരിക്കുകയാണ്. ലോകായുക്ത വിധി വന്ന സാഹചര്യത്തിൽ കെടി ജലീൽ നേരത്തെ തന്നെ മന്ത്രി സ്ഥാനം രാജിവെച്ചതാണെന്ന് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു. അവിടെ അവസാനിച്ചതാണിത്. ഇതിൽ നിയമപരമായ കാര്യങ്ങൾ നോക്കുകയെന്നത് ആർക്കും സ്വാതന്ത്ര്യമുള്ള കാര്യമാണ്. കെടി ജലീൽ ഇപ്പോൾ മന്ത്രിയല്ല. അതുകൊണ്ട് ഈ വിഷയത്തിൽ കൂടുതൽ പ്രതികരിക്കേണ്ടതില്ലെന്ന് വിജയരാഘവൻ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ജലീലിനെതിരായ ലോകായുക്ത ഉത്തരവ് ശരിവച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിയിൽ പ്രസക്തിയില്ലെന്ന് എഎൻ ഷംസീർ പറഞ്ഞു. ലോകായുക്ത വിധിക്ക് പിന്നാലെ ജലീൽ രാജിവച്ച് ഒഴിഞ്ഞതാണ്. അതുകൊണ്ട് വിധി ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നും എഎൻ ഷംസീർ വ്യക്തമാക്കി.
ഷംസീറിന്റെ വാക്കുകൾ: 'വിധിയിൽ പ്രസക്തി ഇല്ല, ജലീൽ രാജിവച്ച് ഒഴിഞ്ഞതാണ്. അതുകൊണ്ട് വിധിയെ ചർച്ച ചെയ്യേണ്ട കാര്യമില്ല. സർക്കാരിന്റെ കാലാവധി അവസാനിക്കാനിരിക്കുകയാണ്. അതുകൊണ്ട് ഈ വിധി പ്രത്യേകിച്ച് ഒരു മാറ്റവും ഇവിടെയുണ്ടാക്കാൻ പോകുന്നില്ല. ഇനി അപ്പീലിന് പോകണോ വേണ്ടെയോ എന്നത് പാർട്ടിയോട് ആലോചിച്ച് ജലീൽ തീരുമാനിക്കും. അടുത്ത മന്ത്രിസഭയിലേക്ക് വരാൻ ജലീലിന് എന്തെങ്കിലും തടസമുണ്ടോയെന്ന് എനിക്ക് തോന്നുന്നില്ല.''
ലോകായുക്തയുടെ ഉത്തരവിൽ തെറ്റില്ലെന്നും, ഇടപെടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ലോകായുക്ത എല്ലാ ചട്ടങ്ങളും പാലിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. എല്ലാ രേഖകളും പരിശോധിച്ച് ലോകായുക്ത പുറപ്പെടുവിച്ച ഉത്തരവിൽ ഇടപെടേണ്ടതില്ലെന്ന് നിലപാടെടുത്ത ഹൈക്കോടതി ജലീലിന്റെ ഹർജി തള്ളുകയായിരുന്നു. നടപടിക്രമങ്ങൾ പാലിക്കാതെയാണ് ലോകായുക്ത ഉത്തരവ് പുറപ്പെടുവിച്ചതെന്നായിരുന്നു സർക്കാർ കോടതിയിൽ പറഞ്ഞത്. ജലീലിന് പിന്തുണയുമായി നേരിട്ട് കോടതിയെ സമീപിക്കണമെന്നായിരുന്നു സർക്കാരിന് എ ജി നൽകിയ നിയമോപദേശം.
ചട്ടങ്ങൾ പാലിക്കാതെയാണ് ലോകായുക്ത ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്നാണ് എജി സർക്കാരിന് നൽകിയ നിയമോപദേശം. ലോകായുക്ത ആക്ട് സെക്ഷൻ 9 പ്രകാരമുള്ള നടപടി ക്രമങ്ങൾ പാലിച്ചിട്ടില്ലെന്നും നിയമോപദേശത്തിൽ എജി പറയുന്നു. പരാതി ലഭിച്ചാൽ അന്വേഷണത്തിന് മുമ്പ് എതിർകക്ഷിക്ക് പരാതിയുടെ പകർപ്പ് നൽകണമെന്നാണ് ഈ ചട്ടം അനുശാസിക്കുന്നത്. ജലീലിന് പരാതിയുടെ പകർപ്പ് നൽകിയത് അന്തിമ ഉത്തരവിന് ഒപ്പമെന്നും ഇത് നിലനിൽക്കില്ലെന്നും എജി നിയമോപദേശത്തിൽ നിരീക്ഷിച്ചിരുന്നു. ഇതേ വാദങ്ങളാണ് കെ ടി ജലീൽ കോടതിയിലും ഉന്നയിച്ചത്. എന്നാൽ റിട്ട് ഹർജിയുമായി ഹൈക്കോടതിയെ സമീപിക്കുന്നതിൽ നിന്ന് അവസാന നിമിഷം സർക്കാർ പിന്മാറുകയായിരുന്നു.ബന്ധുനിയമന വിഷയത്തിൽ ജലീൽ അധികാരദുർവിനിയോഗം നടത്തിയെന്നും മന്ത്രിസ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നുമായിരുന്നു ലോകായുക്ത വിധി.
മറുനാടന് മലയാളി ബ്യൂറോ