കോഴിക്കോട്: ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ.ടി ജലീലിന്റെ ബന്ധു അദീബ് രാജിവെച്ച് ഒഴിഞ്ഞെങ്കിലും വിവാദങ്ങൾ ജലീലിനെ വിട്ട് ഒഴിയുന്നില്ല. മന്ത്രി സിപിഎം പിന്തുണ ഉറപ്പിക്കുമ്പോഴും ഓരോ ദിവസവും കൂടുതൽ തെളിവുകൾ പുറത്ത് വിട്ടുകൊണ്ട് രംഗത്തെത്തുകയാണ് യൂത്ത്‌ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. ആരോപണം വന്നതോടെ മന്ത്രിബന്ധു കെ.ടി അദീബ് ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷൻ ജനറൽമാനേജർ തസ്തികയിൽ നിന്ന് രാജിവെച്ചെങ്കിലും നിയമനം മന്ത്രിയുടെ അറിവോടെ തന്നെയായിരുന്നുവെന്നതിന് കൂടുതൽ തെളിവുകൾ പി.കെ ഫിറോസ് വ്യാഴാഴ്ച കോഴിക്കോട് വാർത്താസമ്മേളനത്തിൽ പുറത്ത് വിട്ടു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് അദീബിന്റെ ശമ്പളക്കണക്ക്.

തന്റെ നിയമനവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ കാരണം രാജിവെക്കുന്നുവെന്ന് പ്രസ്താവിച്ചാണ് അദീപ് രാജിവെച്ചത്. കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യാൻ താൽപര്യം കാണിച്ച യുവാവിനെ അഭിനന്ദിക്കുന്നതിന് പകരം അവഹേളിക്കുകയാണ് ലീഗ് ചെയ്തതെന്ന് മന്ത്രി തന്നെ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ രാജിവെച്ച് സൗത്ത് ഇന്ത്യൻ ബാങ്കിലേക്ക് അദീബ് തിരിച്ച് പോവുകയും ചെയ്തിരുന്നു.

സൗത്ത് ഇന്ത്യൻ ബാങ്കിൽ ഒരു ലക്ഷം രൂപയിലേറെ ശമ്പളം ലഭിച്ചിരുന്ന കെ.ടി അദീബ് വെറും 85664 രൂപയ്ക്കാണ് ഡെപ്യൂട്ടേഷനിൽ ന്യൂനപക്ഷ ധനാകാര്യ കോർപ്പറേഷനിൽ ജോലി ചെയ്യുന്നത് എന്നായിരുന്നു ഇത് സംബന്ധിച്ച് മന്ത്രിയും കോർപ്പറേഷൻ അധികൃതരും ആദ്യം മുതൽ പറഞ്ഞിരുന്നത്. മറ്റ് അലവൻസുകളൊന്നും അനുവദിക്കുന്നില്ലെന്നും പറഞ്ഞിരുന്നു.

എന്നാൽ, അത് തെറ്റാണെന്നും തനിക്ക് പെട്രോൾ അലവൻസ് ഉൾപ്പെടെ മുമ്പ് സൗത്ത് ഇന്ത്യൻ ബാങ്കിൽ അനുവദിച്ചിരുന്ന അലവൻസുകളെല്ലാം അനുവദിച്ച് തരണമെന്നും ചൂണ്ടിക്കാട്ടി അദീബ് കോർപ്പറേഷന് നൽകിയ കത്ത് ഇന്ന് യൂത്ത് ലീഗ് പുറത്ത് വിട്ടു. ഇതോടെ കുറഞ്ഞ വേദനത്തിന് ജോലി ചെയ്യാൻ അദീബ് സമ്മതിക്കുകയായിരുന്നുവെന്ന മന്ത്രിയുടെ വാദമാണ് പൊളിഞ്ഞത്.

മാസത്തിൽ 100 ലിറ്റർ പെട്രോൾ അടിക്കാനുള്ള തുക, വിനോദത്തിനുള്ള അലവൻസ്, വർഷത്തിൽ വാഹനം നന്നാക്കാനുള്ള തുക തുടങ്ങി വിചിത്രമായ വിവിധ ആവശ്യങ്ങളാണ് അദീബ് കോർപ്പറേഷനോട് ആവശ്യപ്പെട്ടത്. യൂത്ത്‌ലീഗ് വിഷയം ഉയർത്തിക്കൊണ്ട് വന്നില്ലെങ്കിൽ ഇതൊക്കെ അനുവദിച്ച് കൊടുക്കാനും സർക്കാർ മടിക്കില്ലായിരുന്നുവെന്ന് പി.കെ ഫിറോസ് ചൂണ്ടിക്കാട്ടുന്നു. സ്വകാര്യ ബാങ്കിൽ നിന്നും ഡെപ്യൂട്ടേഷനിൽ പൊതുമേഖലാ സ്ഥാപനത്തിലേക്ക് ബന്ധുവിനെ നിയമിക്കണമെന്ന തീരുമാനം ധനകാര്യ വകുപ്പിന്റെ അനുമതിക്ക് ബന്ധപ്പെട്ടവർ വിട്ടെങ്കിലും വകുപ്പിൽ നിന്നും മറുപടി ലഭിക്കാതായതോടെ മന്ത്രി സ്വന്തം ഇഷ്ടപ്രാകരം അംഗീകാരം നൽകിയെന്ന ഗൗരവമേറിയ പുതിയ ആരോപണവും യൂത്ത്‌ലീഗ് ഉന്നയിക്കുന്നുണ്ട്.

വിവരാവകാശ നിയമപ്രകാരം നിയമന രേഖ ആവശ്യപ്പെട്ടപ്പോൾ അത് നൽകാൻ തയ്യാറാവുന്നില്ല പകരം അത് കോർപറേഷന്റെ കീഴിലാണുള്ളതെന്ന മറുപടിയാണ് തങ്ങൾക്ക് ലഭിക്കുന്നതെന്നും ഫിറോസ് ചൂണ്ടിക്കാട്ടുന്നു. ഇത് വിവരാവകാശ നിയമത്തിന്റെ ലംഘനം കൂടിയാവുമെന്നിരിക്കെ ബന്ധു നിയമനവുമായി ബന്ധപ്പെട്ട് മന്ത്രി കൂടുതൽ പ്രതിസന്ധിയിലേക്കാണ് പോവുന്നത്.

24-ാം തീയതി മുതലാണ് കാസർകോഡ് മുതൽ തിരുവനന്തപുരം വരെയുള്ള യൂത്ത്‌ലീഗിന്റെ ഒരുമാസം നീണ്ട് നിൽക്കുന്ന യുവജനയാത്ര നടക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനമായി യൂത്ത്‌ലീഗ് ഉയർത്തിക്കാട്ടുന്നതും കെ.ടി ജലീലിന്റെ ബന്ധുനിയമന വിവാദം തന്നെയായിരിക്കും.

സിപിഎം നേതൃത്വത്തിന്റെ ശക്തമായ പിന്തുണ വിഷയത്തിൽ കെ.ടി ജലീലിന് ലഭിക്കുന്നുണ്ടെങ്കിലും യൂത്ത്‌ലീഗ് ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് കൃത്യമായ മറുപടി പറയാൻ ഇതുവരെ നേതൃത്വത്തിന് സാധിച്ചിട്ടില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലെല്ലാം മുഖ്യമന്ത്രിയെത്തിയിരുന്നുവെങ്കിലും ബന്ധു നിയമന വിവാദത്തിൽ കൃത്യമായ മൗനം പാലിക്കാനാണ് ശ്രമിച്ചത്. ഇക്കാര്യവും യാത്രയ്ക്കുടനീളം ഉന്നയിക്കാനാണ് യൂത്ത്‌ലീഗിന്റെ ശ്രമം. മാത്രമല്ല വരും ദിവസങ്ങളിൽ യു.ഡി.എഫ് സമരം ഏറ്റെടുക്കുമെന്നും അറിയിച്ചുണ്ട്. ഇതോടെ സമരം ശക്തമാകുമെന്ന മുന്നറിയിപ്പ് തന്നെയാണ് യൂത്ത്‌ലീഗ് നൽകുന്നത്.