തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിന്റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ നടത്തിയ മാർച്ചുകളിൽ നിറയുന്നത് സ്ത്രീകളുടേയും യുവാക്കളുടേയും സജീവ സാന്നിധ്യം. ഇടതുപക്ഷത്തിന് മാത്രം നടത്താനാകുമെന്ന് കരുതിയ വിധത്തിലെ പ്രതിഷേധത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. ബിജെപിയും യുവമോർച്ചയും മഹിളാമോർച്ചയും കളം നിറയുമ്പോൾ വിട്ടുകൊടുക്കാതെ കോൺഗ്രസും യൂത്ത് കോൺഗ്രസും മഹിളാ കോൺഗ്രസും പ്രതിഷേധത്തിൽ സജീവം. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ സമരങ്ങൾ നടത്തുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം സർക്കാരാണു നടപടിയെടുക്കേണ്ടതെന്നു ഹൈക്കോടതി വാക്കാൽ പരാമർശിച്ചത് പ്രതിഷേധക്കാർക്ക് വിനയാകും. സർക്കാർ അതിശക്തമായ നടപടികൾ ഇനിയെടുക്കും.

ഇന്നലെയും പ്രതിഷേധങ്ങൾ സംഘർഷമുണ്ടാക്കി. മലപ്പുറം, കോട്ടയം, നെടുങ്കണ്ടം (ഇടുക്കി), ആലപ്പുഴ, പത്തനംതിട്ട എന്നിവിടങ്ങളിൽ ലാത്തിച്ചാർജിലും ജലപീരങ്കി പ്രയോഗത്തിലും ഒട്ടേറെ പ്രവർത്തകർക്കു പരുക്കേറ്റു. മലപ്പുറത്തു യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഷാജി പാച്ചേരി, കെഎസ്‌യു സംസ്ഥാന സെക്രട്ടറി പി.റംഷാദ് എന്നിവർ അടക്കം 5 പേരെ കണ്ണിനും തലയ്ക്കും സാരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി സിദ്ദീഖ് പന്താവൂരിനും മർദനമേറ്റു.

കോട്ടയത്ത് യൂത്ത് കോൺഗ്രസ്, യൂത്ത് ഫ്രണ്ട് ജോസഫ് വിഭാഗം എന്നിവർ വെവ്വേറെ നടത്തിയ മാർച്ചുകളിൽ സംഘർഷം. കെപിസിസി സെക്രട്ടറി നാട്ടകം സുരേഷ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയി, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ടോം കോര അഞ്ചേരിൽ, ഡിസിസി ജനറൽ സെക്രട്ടറി ജോണി ജോസഫ്, കേരള കോൺഗ്രസ് (ജോസഫ്) ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ, യൂത്ത് ഫ്രണ്ട് (ജോസഫ്) ജില്ലാ പ്രസിഡന്റ് ഷിജു പാറയിടുക്കിൽ എന്നിവർക്കു പരുക്കേറ്റു.

ആലപ്പുഴയിൽ കെഎസ്‌യു ജില്ലാ പ്രസിഡന്റ് നിതിൻ എ. പുതിയിടവും 2 വനിതാ ഭാരവാഹികളും ഉൾപ്പെടെ 21 പേർക്കു പരുക്കേറ്റു. 50 പേർക്കെതിരെ കേസുണ്ട്. ഇടുക്കി നെടുങ്കണ്ടത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനിടെയുണ്ടായ ലാത്തിച്ചാർജിൽ ഒട്ടേറെ പേർക്കു പരുക്കേറ്റു. പത്തനംതിട്ടയിൽ മഹിളാ മോർച്ച പ്രകടനത്തിനിടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. നിയമസഭയിൽ 50 വർഷം പൂർത്തിയാക്കുന്ന ഉമ്മൻ ചാണ്ടിയെ കെപിസിസി ആദരിക്കുന്ന ചടങ്ങാലും സംഘർഷം ചർ്ചയായി. വി.ടി.ബൽറാം എംഎൽഎക്ക് ഒപ്പം പാലക്കാട് നടന്ന സമരത്തിൽ പങ്കെടുത്ത് ക്രൂരമായ പൊലീസ് മർദനത്തിന് ഇരയായ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.പി. സരിൻ ആണ് കെപിസിസിയിലെ ചടങ്ങിനിടയിൽ ഉമ്മൻ ചാണ്ടിയുടെ അടുത്തെത്തിയത്. പൊലീസ് മർദനത്തിന്റെ ഗുരുതര പരുക്കുകൾ ഉമ്മൻ ചാണ്ടിയെ കാണിച്ച സരിനെ അദ്ദേഹം ആശ്വസിപ്പിച്ചു. പരുക്കുകൾ വേഗം ഭേദമാകട്ടെയെന്നും പറഞ്ഞു.

കടുത്ത നിലപാടുമായി ഹൈക്കോടതി

കോവിഡ്കാല സമരങ്ങൾ വിലക്കിയിട്ടും ആൾക്കൂട്ട സമരങ്ങൾ പെരുകുകയാണെന്ന ഹർജികളാണു ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. വിവിധ രാഷ്ട്രീയ പാർട്ടികളുടെ സമരചിത്രങ്ങൾ ഹർജിക്കാരായ ജോൺ നുമ്പേലിയും മറ്റും കോടതിയുടെ ശ്രദ്ധയിൽപെടുത്തി.

ദുരന്തകൈകാര്യ നിയമത്തിൽ ശിക്ഷാനടപടികൾക്കു വ്യവസ്ഥയുണ്ടെങ്കിലും നടപടിയെടുക്കുന്നില്ലെന്നു ഹർജിഭാഗം ആരോപിച്ചു. രാഷ്ട്രീയ പാർട്ടികൾക്കു ഹൈക്കോടതിയുടെ ഉത്തരവു കൈമാറിയിട്ടും അതു ലംഘിച്ചു സമരങ്ങൾ തുടരുകയാണെന്നു സർക്കാരിനു വേണ്ടി ഹാജരായ അഡീ.അഡ്വക്കറ്റ് ജനറൽ വ്യക്തമാക്കി. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറും ഐജിയും നൽകിയ നടപടി റിപ്പോർട്ട് ശ്രദ്ധയിൽപെടുത്തി. രേഖാമൂലം വിശദീകരണം നൽകാമെന്നും അറിയിച്ചു.

കോൺഗ്രസ്, സിപിഎം, ബിജെപി, യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ്, ഡിവൈഎഫ്‌ഐ തുടങ്ങി സംഘടനകളുടെ സമരങ്ങൾ ഹർജിഭാഗം ശ്രദ്ധയിൽപെടുത്തിയിരുന്നു. മിക്ക രാഷ്ട്രീയ പാർട്ടികൾക്കും ഹർജിയിൽ നോട്ടിസ് നൽകിയെങ്കിലും യുഡിഎഫ് കൺവീനർക്കു വേണ്ടി മാത്രമാണ് അഭിഭാഷകൻ ഹാജരായത്.