നാളെ ഇന്ത്യ വീണ്ടുമൊരു സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ മനുഷ്യത്വരഹിതമായ ദുർഭരണത്തിൽ നിന്നും എന്നെന്നേക്കുമായി മോചനം ലഭിച്ച ദിനത്തെ ഇന്നും അടങ്ങാത്ത ആഹ്ലാദാരവങ്ങളോടെ മാത്രമേ നമുക്ക് വരവേൽക്കാനാവൂ. ഇന്ത്യൻ ഉപഭൂഖണ്ഡത്തെ ആധുനികവൽക്കരിക്കാനും ഇവിടുത്തെ അനാചാരങ്ങളെ ഇല്ലായ്മ ചെയ്യാനും നമ്മെ പരിഷ്‌കൃതരാക്കാനും ബ്രിട്ടീഷ് ഭരണം നിമിത്തമായിട്ടുണ്ടെങ്കിലും ബ്രിട്ടീഷ് സാമ്രാജ്യത്വം നമ്മോട് ചെയ്ത ക്രൂരതകൾ ഒരിക്കലും മറക്കാൻ ഭാരതത്തിനാവില്ല. ജാലിയൻവാലാ ബാഗ് സംഭവത്തിൽ ബ്രിട്ടീഷ് പട്ടാളം പത്ത് മിനുറ്റിൽ 1000 ഇന്ത്യക്കാരെ ചുട്ടെരിച്ച സംഭവം മാത്രം മതി ഇന്നും നമ്മുടെ സിരകളിലെ ബ്രിട്ടീഷ് വിരുദ്ധ രക്തത്തെ ഉത്തേജിപ്പിക്കുവാൻ. ഇതിന് പുറമെ സ്വാതന്ത്ര്യം നൽകാൻ തീരുമാനിച്ചപ്പോഴും പോകുന്ന പോക്കിലും ഇന്ത്യാ മഹാരാജ്യത്തിന് പരമാവധി ദ്രോഹം ചെയ്യുകയെന്ന നിഗൂഢ ലക്ഷ്യത്തോടെ രാജ്യത്തെ ഇന്ത്യയും പാക്കിസ്ഥാനുമായി വിഭജിച്ചിട്ടായിരുന്നു സൂര്യനസ്തമിക്കാത്ത സാമ്രാജ്യം ഈ മണ്ണിൽ നിന്നും കെട്ട് കെട്ടിയിരുന്നത്. ആ വിഭജനത്തിന്റെ ഭാഗമായി തിരികൊളുത്തപ്പെട്ട വർഗീയ കലാപങ്ങളിലൂടെ പത്ത് ലക്ഷം പേരുടെ കൊലപാതകങ്ങൾക്കാണ് ബ്രിട്ടൻ വഴിമരുന്നിട്ടത്. ഇതിന് പുറമെ തങ്ങളുടെ ഭരണകാലത്ത് മൂന്ന് കോടിയാളുകളെ പട്ടിണിക്കിട്ട് കൊല്ലാനും ബ്രിട്ടൻ മടിച്ചിരുന്നില്ല.

ഇത്തരത്തിൽ സാമ്രാജ്യത്വ ഭരണകാലത്ത് ബ്രിട്ടൻ ചെയ്ത് കൂട്ടിയ ചില കൊടുംപാതകങ്ങളോട് ഇന്ത്യക്കാർക്ക് മാത്രമല്ല ബ്രിട്ടീഷ് ജനതയിലെ നല്ലൊരു വിഭാഗത്തിന് പോലും കടുത്ത എതിർപ്പുണ്ടെന്നാണ് അടുത്തിടെ നടന്ന യുഗോവ് പോളിലൂടെ വെളിപ്പെട്ടിരിക്കുന്നത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിലും അതിന്റെ കോളോണിയലിസ്റ്റ് ചരിത്രത്തിലും തങ്ങൾക്ക് അഭിമാനമേറെയുണ്ടെന്നാണ് യുഗോവ് പോളിൽ പങ്കെടുത്ത 44 ശതമാനം പേരും വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാൽ 23 ശതമാനം ബ്രിട്ടീഷുകാർ ഇത്തരം കൊടും ചെയ്തികളെയോർത്ത് ഇന്നും പശ്ചാത്തപിക്കുന്നുണ്ടെന്നും പോൾഫലം വെളിപ്പെടുത്തുന്നു. മറ്റൊരു 23 ശതമാനം പേർക്ക് ഇക്കാര്യത്തിൽ പ്രത്യേകിച്ച് കാഴ്ചപ്പാടുകളൊന്നുമില്ല.

1922ൽ ബ്രിട്ടീഷ് സാമ്രാജ്യം അതിന്റെ പരമോന്നതിയിൽ എത്തിയപ്പോൾ ലോക ജനസംഖ്യയിൽ അഞ്ചിലൊന്നും ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭരണത്തിൻ കീഴിലായിരുന്നു. ലോകത്തിലെ ഭൗമമേഖലയിൽ കാൽഭാഗവും ബ്രിട്ടന്റെ ആധിപത്യത്തിലുമായിരുന്നു. തങ്ങൾ ഭരിച്ച പ്രദേശങ്ങളിൽ വിവിധ തരത്തിലുള്ള വികസനങ്ങൾ നടപ്പിലാക്കിയെന്നാണ് സാമ്രാജ്യത്വത്തെ അനുകൂലിക്കുന്നവർ അവകാശപ്പെടുന്നത്. എന്നാൽ ഇക്കാലങ്ങളിൽ ബ്രിട്ടീഷ് സാമ്രാജ്യം തങ്ങളുടെ വിവിധ അധീനപ്രദേശങ്ങളിൽ നടത്തിയ കൂട്ടക്കൊലകൾ, പട്ടിണിക്കിട്ടുള്ള കൊലപാതകങ്ങൾ, കോൺസൻട്രേഷൻ ക്യാമ്പുകൾ തുടങ്ങിയവയിലൂടെ വിതച്ച നാശത്തെയാണ് ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ എതിർക്കുന്നവർ എടുത്ത് കാട്ടുന്നത്.ഇത്തരത്തിൽ ബ്രിട്ടീഷ് സാമ്രാജ്യത്വം നടത്തിയ ഏറ്റവും വെറുക്കപ്പെട്ടതും മനുഷ്യത്വരഹിതവുമായ അഞ്ച് സംഭവങ്ങളെയാണ് സാമ്രാജ്യത്വ വിരുദ്ധർ കൂടുതലായി അപലപിച്ചിരിക്കുന്നത് അവ താഴെപ്പറയുന്നവയാണ്.

1. ബോയർ കോൺസൻട്രേഷൻ ക്യാമ്പുകൾ
1899നും 1902നും ഇടയിൽ നടന്ന രണ്ടാം ബോയർ യുദ്ധത്തിനിടയിൽ ബ്രിട്ടീഷുകാർ ബോയർ ജനതയുടെ ആറിലൊന്ന് ഭാഗത്തെയും തടവുകാരാക്കിയിരുന്നു. സ്ത്രീകളും കുട്ടികളുമായിരുന്നു ഇതിൽ മുഖ്യമായും ഉൾപ്പെട്ടിരുന്നത്. അവരെ ക്രൂരമായ കോൺസൻട്രേഷൻ ക്യാമ്പുകളിൽ അടച്ചിട്ട് മനുഷ്യത്വരഹിതമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. ആളുകളെ തിക്കിനിറച്ചിരുന്ന ഈ ക്യാമ്പുകളിൽ വളരെ പരിമിതമായി മാത്രമേ ഭക്ഷണം നൽകിയിരുന്നുള്ളൂ.

ഇവർക്കിടയിൽ മാരകരോഗങ്ങൾ പടർന്ന് പിടിക്കുകയും മിക്കവരും നരകയാതന അനുഭവിച്ച് മരിക്കുകയുമായിരുന്നു. ഏതാണ്ട് 107,000 പേരായിരുന്ന ഇത്തരം ക്യാമ്പുകളിൽ തടവിലാക്കപ്പെട്ടിരുന്നത്. ഇതിൽ 27,927 പേർ മരിക്കുകയും ചെയ്തു. ഇതിന് പുറമെ അഗണ്യമായ തോതിൽ കറുത്ത ആഫ്രിക്കൻ വംശജരും ഇവിടെ മരിച്ചിരുന്നു.

2. അമൃത് സർ കൂട്ടക്കൊല
ബ്രിട്ടൻ ഇന്ത്യയിൽ നടത്തിയിരുന്ന അനീതികരമായ കോളനി ഭരണത്തിനെതിരെ സമാധാനപരമായി പ്രതിഷേധിച്ചിരുന്ന ആയിരക്കണക്കിന് ആളുകൾക്ക് നേരെ പഞ്ചാബിലെ അമൃത്സറിലുള്ള ജാലിയൻ വാലബാഗിൽ ബ്രിട്ടീഷ് പട്ടാളം നടത്തിയ വെടിവയ്പാണിത്. പ്രകോപനമില്ലാതെയുള്ള വെടിവയ്പിൽ പത്ത് മിനുറ്റിനിടെ 1000ത്തോളം പേരാണ് മരിച്ച് വീണിരുന്നത്. 1919 ഏപ്രിൽ 13നായിരുന്നും ചരിത്രം പൊറുക്കാത്ത ഈ കൊടുംപാതകം അരങ്ങേറിയിരുന്നത്. ബ്രിഗേഡിയർ റെജിനാൾഡ് ഡയർ എന്ന ബ്രിട്ടീഷ് ഓഫീസറായിരുന്നു ഇതിന് ഉത്തരവിട്ടിരുന്നത്. വെടിയുണ്ടകൾ തീരുന്നത് വരെയായിരുന്നു ഇവിടെ വെടിയുതിർത്തിരുന്നത്. പിൽക്കാലത്ത് ഡയറിനെ ബ്രിട്ടനിൽ നായകനായി വാഴ്‌ത്തുകയും 26,000 പൗണ്ട് സമ്മാനമായി ജനം നൽകുകയും ചെയ്തിരുന്നു. ഇതിൽ കടുത്ത എതിർപ്പുള്ള നിരവധി പേർ ഇന്നും ബ്രിട്ടീഷ് ജനതയിലുണ്ടെന്ന് പുതിയ പോളിലൂടെ വെളിപ്പെട്ടിട്ടുണ്ട്.

3. ഇന്ത്യാ വിഭജനം
1947ൽ ഇന്ത്യ വിട്ട് പോകാൻ തീരുമാനിച്ച ബ്രിട്ടൻ പോകുന്ന പോക്കിൽ ഇന്ത്യാ മഹാരാജ്യത്തോട് ചെയ്ത് പൊറുക്കാനാവാത്ത തെറ്റായിട്ടാണ് ഇന്ത്യാ വിഭജനത്തെ നിരവധി പേർ കാണുന്നത്. 1947ൽ ഒരു ലഞ്ചിനിടെയായിരുന്നു സൈറിൽ റാഡ്ക്ലിഫ് ഇന്ത്യയും പാക്കിസ്ഥാനുമായി വിഭജിക്കുന്ന ബോർഡർ വരച്ചത്. ഇത്തരത്തിൽ മതത്തിന്റെ അടിസ്ഥാനത്തിൽ ഉപഭൂഖണ്ഡത്തെ റാഡ്ക്ലിഫ് ആദ്യമായി വിഭജിച്ച ശേഷം 10 മില്യൺ പേർ ഇന്ത്യയിൽ നിന്നും പാക്കിസ്ഥാനിൽ നിന്നും അങ്ങോട്ടുമിങ്ങോട്ടും പലായനത്തിന് വിധിക്കപ്പെടുകയും അവരിൽ പത്ത് ലക്ഷത്തോളം പേർ വർഗീയ കലാപത്തിൽ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

4. മൗ മൗ കലാപം
1951നും 1960നും ഇടയിൽ കെനിയയിലുണ്ടായ മൗ മൗ കലാപത്തെ തുടർന്ന് അവിടം ഭരിച്ചിരുന്ന ബ്രിട്ടീഷ് കൊളോണിയൽ ശക്തികൾ കെനിയക്കാരെ മനുഷ്യത്വ രഹിതമായി അടിച്ചമർത്തുകയും പീഡിപ്പിച്ച് കൊല്ലുകയുമായിരുന്നു. ഇതിനെക്കുറിച്ചോർത്ത് നിരവധി ബ്രിട്ടീഷുകാർ ഇന്നും പശ്ചാത്തപിക്കുന്നുണ്ട്. ഈ സംഭവത്തിൽ നിരവധി സ്ത്രീകളെയാണ് ബ്രിട്ടീഷ് സൈന്യം ബലാത്സംഗം ചെയ്തുകൊന്നിരുന്നത്. ഈ കലാപത്തെ തുടർന്ന് യുകെ സർക്കാരിന് 200 മില്യൺ പൗണ്ടിന്റെ നഷ്ടമുണ്ടായിരുന്നു.

കലാപത്തിലേർപ്പെട്ടിരുന്ന കികുയു ഗോത്രവർഗക്കാരെ ഇവിടുത്തെ ക്യാമ്പുകളിൽ തടഞ്ഞ് വച്ച് കൊടിയ പീഡനങ്ങൾക്കിരയാക്കിയിരുന്നു. ഈ കോൺസൻട്രേഷൻ ക്യാമ്പുകളിൽ 20,000 മുതൽ ഒരു ലക്ഷം പേർ വരെ കൊല്ലപ്പെട്ടുവെന്നാണ് വിവിധ ചരിത്രകാരന്മാർ വെളിപ്പെടുത്തുന്നത്.

5. ഇന്ത്യയിലെ ക്ഷാമം
ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണ കാലത്ത് 12 മില്യണും 29 മില്യണും ഇടയിലുള്ളവർ പട്ടിണികിടന്ന് മരിച്ചിട്ടുണ്ടെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഇതിനെ ഇന്നും ഇന്ത്യക്കാർക്ക് പുറമെ ബ്രിട്ടീഷ് ജനതയിൽ നിരവധി പേരും അപലപിക്കുന്നുണ്ട്. ഇന്ത്യയിൽ ഇത്തരത്തിൽക്ഷാമം കത്തിപ്പടരുമ്പോഴും ഇവിടെ നിന്നും മില്യൺ കണക്കിന് ടൺ ഗോതമ്പ് ബ്രിട്ടനിലേക്ക് കയറ്റുമതി നടത്താനും ബ്രിട്ടീഷ് സാമ്രാജ്യം മടിച്ചിരുന്നില്ല. വിൻസ്റ്റൻ ചർച്ചിൽ ബ്രിട്ടീഷ് പട്ടാളക്കാർക്കായും ഗ്രീസ് പോലുള്ള രാജ്യങ്ങളിലേക്കുമായി ഭക്ഷണം തിരിച്ച് വിട്ടതിന്റെ ഫലമായി 1943ൽ മാത്രം നാല് മില്യൺ ബംഗാളികൾ പട്ടിണി കിടന്ന് മരിച്ചിരുന്നു. താൻ ഇന്ത്യക്കാരെ വെറുക്കുന്നുവെന്നും അവർ മൃഗതുല്യരായ മനുഷ്യരാണെന്നും അവർക്ക് മൃഗീയമായ മതമാണുള്ളതെന്നുമായിരുന്നു ബംഗാളിലെ ക്ഷാമത്തെക്കുറിച്ച് അന്ന് ചർച്ചിൽ പ്രതികരിച്ചിരുന്നത്.