- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുപ്രീകോടതി വിലക്കു ലംഘിച്ച് തമിഴ്‌നാട്ടിലെ അൻപതോളം ഗ്രാമങ്ങളിൽ ജെല്ലിക്കെട്ട് നടത്തി; കാളപ്പോരാട്ടം മഞ്ജുവിരട്ട് എന്ന പേരിൽ; പ്രതിഷേധ പ്രകടനവും നിരാഹരവും ആത്മഹത്യാശ്രമങ്ങളും ബിജെപിക്ക് അപമാനമായി; ആന്ധ്രയിലെ ജെല്ലിക്കെട്ടിൽ 500 കാളകൾ
തൊടുപുഴ: ബന്ദ് നിരോധിച്ച ഹൈക്കോടതി വിധി മറികടക്കാൻ ഹർത്താൽ നടത്തുന്ന കേരളത്തിലെ സ്ഥിതി പോലെ തമിഴ്‌നാട്ടിൽ സുപ്രീം കോടതി വിധി ലംഘിച്ച് ജെല്ലിക്കെട്ട് നടത്തി. തമിഴ്‌നാട്ടിലെ അൻപതോളം ഗ്രാമങ്ങളിലാണ് മാട്ടുപൊങ്കൽ ദിനത്തിൽ ജെല്ലിക്കെട്ട് ആഘോഷിച്ചത്. മഞ്ജുവിരട്ട് എന്ന പേരിലായിരുന്ന മിക്കയിടത്തും കാളപ്പോര് അരങ്ങേറിയത്. തമിഴ് ജനതയു
തൊടുപുഴ: ബന്ദ് നിരോധിച്ച ഹൈക്കോടതി വിധി മറികടക്കാൻ ഹർത്താൽ നടത്തുന്ന കേരളത്തിലെ സ്ഥിതി പോലെ തമിഴ്‌നാട്ടിൽ സുപ്രീം കോടതി വിധി ലംഘിച്ച് ജെല്ലിക്കെട്ട് നടത്തി.
തമിഴ്‌നാട്ടിലെ അൻപതോളം ഗ്രാമങ്ങളിലാണ് മാട്ടുപൊങ്കൽ ദിനത്തിൽ ജെല്ലിക്കെട്ട് ആഘോഷിച്ചത്. മഞ്ജുവിരട്ട് എന്ന പേരിലായിരുന്ന മിക്കയിടത്തും കാളപ്പോര് അരങ്ങേറിയത്.
തമിഴ് ജനതയുടെ സംസ്‌കാരത്തിന്റെ ഭാഗമായി മാറിയ ജെല്ലിക്കെട്ടിനുള്ള നിരോധനം അംഗീകരിക്കില്ലെന്നു പരസ്യമായി പ്രഖ്യാപിച്ച് പതിനായിരക്കണക്കിന് ജനങ്ങളാണ് വിവിധ പോരാട്ടകേന്ദ്രങ്ങളിൽ തടിച്ചുകൂടിയത്. കഴിഞ്ഞ ദിവസങ്ങളിൽ കോടതി നിരോധനത്തിനെതിരെ ഉയർന്ന വ്യാപക പ്രതിഷേധം ആത്മഹത്യാശ്രമങ്ങൾക്കുവരെ കാരണമായിരുന്നു. ഇതിനു പിന്നാലെയാണ് മാട്ടുപ്പൊങ്കൽ ദിവസമായ ശനിയാഴ്ചയും ഞായറാഴ്ചയും സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ കാളപ്പോര് നടന്നത്. ജെല്ലിക്കെട്ട് തടയാനെത്തിയ പൊലിസിനു നേരെ കല്ലേറുണ്ടായി. പൊലിസ് ലാത്തിച്ചാർജ് നടത്തുകയും ചെയ്തു. ഇതിനു പുറമേ, ആന്ധ്രപ്രദേശിൽ തമിഴ്‌നാട് അതിർത്തി പ്രദേശത്ത് നടത്തിയ ജെല്ലിക്കെട്ടിൽ സംഘർഷപൂരിതമായ അന്തരീക്ഷത്തിൽ നടന്ന ജെല്ലിക്കെട്ടിൽ അഞ്ഞൂറുലേറെ കാളകളെ മത്സരത്തിൽ പങ്കെടുപ്പിച്ചതും ചരിത്രസംഭവമായി.
തമിഴ്‌നാടിന്റെ ദേശീയോത്സവമാണ് തൈമാസം (മകരം)ഒന്നിന് നടക്കുന്ന പൊങ്കൽ. പിറ്റേന്നാണ് മാട്ടുപൊങ്കൽ. ഈ ദിവസവും അടുത്ത മൂന്നു ദിവസങ്ങളിലും പലയിടത്തും ജെല്ലിക്കെട്ട് നടത്തുകയാണ് പതിവ്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ നിരോധന ഉത്തരവിനെ തുടർന്ന് കഴിഞ്ഞ വർഷം ജെല്ലിക്കെട്ട് നടന്നില്ല. ഏതാനും ദിവസം മുമ്പ് ഉപാധികളോടെ പരിസ്ഥിതി മന്ത്രാലയം ജെല്ലിക്കെട്ടിന് അനുമതി നൽകിയെങ്കിലും രണ്ടാം ദിവസം സുപ്രീം കോടതി ഇത് സ്റ്റേ ചെയ്തു. ഇതോടെ തുടർച്ചയായ രണ്ടാം വർഷവും ജെല്ലിക്കെട്ടിന് ചുവപ്പ് കൊടിയുയർന്നു.
എന്നാൽ കോടതി നിരോധനം മറികടന്ന് കാളപ്പോര് നടത്തുമെന്ന് വിവിധ സംഘടനകൾ പ്രഖ്യാപിച്ചിരുന്നു. തമിഴ് രാഷ്ട്രീയ കക്ഷികളെല്ലാം ജെല്ലിക്കെട്ടിനെ അനുകൂലിച്ച നിലപാടാണ് സ്വീകരിച്ചത്. ജെല്ലിക്കെട്ടിന് മഞ്ജുവിരട്ട് എന്ന പേരുകൂടിയുണ്ട്. ഈ പേരിലാണ് ഇക്കൊല്ലം മത്സരം നടത്തിയത്. പലയിടത്തും ജെല്ലിക്കെട്ടിലെ ചില മത്സരനടപടികളിൽ ബോധപൂർവം നേരിയ മാറ്റമുണ്ടാക്കി. കോടതിയലക്ഷ്യ നടപടികളുണ്ടായാൽ അതിനെ മറികടക്കുകയായിരുന്നു ലക്ഷ്യം. പ്രധാന മത്സരകേന്ദ്രങ്ങളായ മധുരക്കടുത്ത അളംഗനല്ലൂരിലും പാലമേടും ആവണിയാപുരത്തും ആവേശകരമായാണ് ജെല്ലിക്കെട്ട് നടത്തിയത്.
ആവണിയാപുരത്ത് പോരുകാളകളുമായെത്തിയ സംഘത്തെ പൊലിസ് തടയാൻ ശ്രമിച്ചു. കാളകളെ കുളിപ്പിക്കാൻ കൊണ്ടുപോകുകയാണെന്നു പറഞ്ഞെങ്കിലും പൊലിസ് വിട്ടയയ്ക്കാൻ കൂട്ടാക്കിയില്ല. തുടർന്നുണ്ടായ സംഘർഷത്തിനൊടുവിൽ പൊലിസ് ലാത്തിചാർജ് നടത്തി. എന്നാൽ പൊലിസ് പ്രതിരോധം മറികടന്ന് ആവണിയാപുരത്ത് തുറന്ന മൈതാനിയിൽ കാളകളെ തുറന്നുവിട്ടു പോരാട്ടം നടത്തുകയായിരുന്നു. അളംഗനല്ലൂരിൽ പ്രദർശനം എന്ന് വ്യാഖ്യാനിച്ചാണ് കാളപ്പോരാട്ടം ഒരുക്കിയത്. ആന്ധ്രപ്രദേശിൽ തമിഴ്‌നാട് അതിർത്തിയായ രംഗൻപേട്ടയിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കടന്നു പോകുന്ന അവസരത്തിലാണ് അഞ്ഞൂറോളം കാളകളെ ഉൾപ്പെടുത്തി ജെല്ലിക്കെട്ട് നടത്തിയത്. പൊലിസ് സാന്നിധ്യവും മുഖ്യമന്ത്രിയുടെ യാത്രയുംമൂലം കടുത്ത സംഘർഷാവസ്ഥയാണ് ഉണ്ടായിരുന്നതെങ്കിലും അനിഷ്ട സംഭവങ്ങളൊന്നുമുണ്ടാകാതെ ജെല്ലിക്കെട്ട് നടന്നു. ഇടുങ്ങിയ വഴിയിലൂടെ ജനങ്ങൾ ചുറ്റും നിൽക്കുന്ന മൈതാനത്തേയ്ക്ക് കാളകളെ പ്രകോപിപ്പിച്ച് തുറന്നുവിട്ടാണ് ജെല്ലിക്കെട്ട് മത്സരം അരങ്ങേറുന്നത്. എന്നാൽ കോടതി വിധി ലംഘിച്ച് മിക്ക സ്ഥലങ്ങളിലും ജെല്ലിക്കെട്ട് നടത്തിയത് തുറസായ കൃഷിയിടങ്ങളിലാണ്.
ജെല്ലിക്കെട്ട് അനുമതിയുമായി ബി. ജെ. പി സർക്കാർ വിജ്ഞാപനം ഇറക്കിയത് തമിഴ്‌നാട്ടിൽ ഉടൻ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൂടി മുമ്പിൽ കണ്ടാണ്. ഇതേതുടർന്ന് നരേന്ദ്ര മോദിക്ക് അഭിവാദ്യമർപ്പിച്ച് തമിഴ്‌നാട്ടിലാകെ പോസ്റ്ററുകളും ഫ്‌ളെക്‌സുകളും ഉയർന്നു. എന്നാൽ സുപ്രീം കോടതിയുടെ നിരോധനം വന്നതോടെ മോദിയുടെ ബോർഡുകൾ നശിപ്പിക്കപ്പെടുകയും പോസ്റ്ററുകൾ കീറിക്കളയുകയും ചെയ്തു. ഒരു സ്ത്രീ മണ്ണെണ്ണയൊഴിച്ചും ഒരു പുരുഷൻ മൊബൈൽ ടവറിനു മുകളിൽ കയറിയും ആത്മഹൂതിക്ക് ശ്രമിച്ചു. ഒട്ടേറെ ഗ്രാമങ്ങളിൽ ജനങ്ങൾ പൊങ്കൽ ദിനത്തിൽ നിരാഹാരവും കരിങ്കൊടി പ്രകടനവും നടത്തി. പൊലിസിനു നേരെ കല്ലെറിഞ്ഞും ജനം പ്രതിഷേധമറിയിച്ചു. ഒടുവിൽ കോടതി വിധി കാറ്റിലെറിഞ്ഞ് ജെല്ലിക്കെട്ടും നടത്തി. ജനങ്ങളുടെ ഈ വൈകാരിക പ്രകടനങ്ങൾ വ്യക്തമാക്കുന്നത് ജെല്ലിക്കെട്ട് അവരുടെ ജീവിതത്തിന്റെ, സംസ്‌കാരത്തിന്റെ ഭാഗമാണെന്നും അതില്ലാതാക്കാൻ കഴിയില്ലെന്നുമാണ്.