കോഴിക്കോട്: സ്വവർഗ്ഗാനുരാഗം നിയമവിധേയമാക്കിയ സുപ്രിംകോടതി വിധിയിൽ ജമാഅത്തെ ഇസ്ലാമിക്കും അനുബന്ധ സംഘടനകൾക്കും വ്യത്യസ്ത നിലപാട്.ജമാഅത്തെ ഇസ്ലാമി വിധിയെ നിശിതമായ വിമർശിക്കുമ്പോൾ സംഘടനയുടെ പാർട്ടിയായ വെൽഫയർ പാർട്ടി ഇതിനെ അനുകൂലിക്കയാണ്.വെൽഫയർ പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയായ ഫ്രട്ടേണിറ്റി മൂവ്മെന്റ് വിധിയെ അനുകൂലിക്കുമ്പോൾ, ജമാഅത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള വിദ്യാർത്ഥിസംഘടനയായ എസ്ഐഒയും യുവജനസംഘടനയായ സോളിഡാരിറ്റിയും വിധിയെ എതിർക്കയാണ്.ഒരു സംഘടനക്ക് ഹലാൽ ആയത് എങ്ങനെയാണ് സഹോദര സംഘടനക്ക് ഹറാമാവുന്നെത് എന്ന് ചോദിച്ച് സോഷ്യൽ മീഡിയ രംഗത്തിറങ്ങിയതോടെ ജമാഅത്തുകാർ ശരിക്കും പ്രതിരോധത്തിലാണ്.

സ്വവർഗ്ഗാനുരാഗം നിയമവിധേയമാക്കിയ സുപ്രിംകോടതി വിധിയിൽ ഇന്ന് മാധ്യമങ്ങളിൽ ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീറിന്റേതായ പ്രസ്താവനയുണ്ട്.സുപ്രിം കോടതി വിധി അംഗീകരിക്കാനാവില്ല എന്നാണ് എംഐ അബ്ദുൽ അസീസിന്റെ പ്രസ്താവന. അതായത് ഇന്ത്യാരാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ വിധി അംഗീകരിക്കാനാവില്ലെന്ന്. വിധി പുറപ്പെടുവിച്ച അന്ന് ആർഎസ്എസും ഇതു തന്നെയാണ് പറഞ്ഞത്.

ജമാഅത്തെ ഇസ്ലാമി, വെൽഫയർപാർട്ടി, ഫ്രട്ടേണിറ്റി മൂവ്‌മെന്റ്, എസ്‌ഐഒ ഇവയൊക്കെ ഒരമ്മപെറ്റ മക്കാളാണെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് മനസ്സിലാകുന്നതാണെന്നാണ് സോഷ്യൽ മീഡിയിൽ വിമർശകർ ചൂണ്ടിക്കാട്ടുന്നത്. ഈ പലസംഘടനകളുടെയും ഭാരവാഹികൾ പോലും ഒരേ ആളുകളാണ്. ഉദാഹരണത്തിന് വെൽഫയർപാർട്ടിക്ക് വേണ്ടി വേങ്ങര ജില്ലാപഞ്ചായത്ത് ഡിവിഷനിലേക്ക് മത്സരിച്ച ജംഷീൽ അബൂബക്കർ തന്നെയാണ് ഫ്രട്ടേണിറ്റി മൂവ്‌മെന്റിന്റെ സംസ്ഥാന നേതാക്കളിലൊരാൾ. എസ്‌ഐഒയുടെ പഴയ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് നഈം ഗഫൂർ തന്നെയാണ് ഇപ്പോൾ ഫ്രട്ടേണിറ്റിയുടെയും കോഴിക്കോട് ജില്ലാ പ്രസിഡണ്ട്. ഇത്തരം നിരവധി ഉദാഹരണങ്ങൾ ഇവരുടെ സംഘടനകളിൽ കാണം. ഇങ്ങനൊക്കെയാണെങ്കിലും ഇവർ പറയും ഞങ്ങളെല്ലാം സ്വതന്ത്രപാർട്ടികളാണെന്ന്. ഒരുമാതിരി ഡിവൈഎഫ്‌ഐക്ക് സിപിഎമ്മുമായി യാതൊരു ബന്ധവുമില്ലെന്ന് പറയുന്നത് പോലെയെന്നാണ് സോഷ്യൽ മീഡിയ ടോളുന്നത്.ജമാഅത്തെ ഇസ്ലാമിയും ആർഎസഎസും തമ്മിലുള്ള അന്തർധാര ഇത്ര സജീവമായതായി അറിഞ്ഞിരുന്നില്ലെന്നും ട്രോളന്മാർ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ എഴുത്തുകാരൻ ഹമീദ് ചേന്ദമംഗല്ലൂരിനെപ്പോലുള്ളവർ പറയുന്നത് ഇത് ജമാഅത്തെ ഇസ്ലാമിയുടെ അടവ് മാത്രമാണെന്നാണ്.മതരാഷ്ട്ര വാദമെന്ന അപകടകരമായ മൗദൂദിയൻ ആശയം മറച്ചുവെച്ച് ജനാധിപത്യ വാദികളായി നടക്കാനുള്ള ജമാഅത്തെയുടെ വേഷം കെട്ടലുകൾ മാത്രമാണ് ഇവയെന്നും, ഇത്തരം വിധികൾ വരുമ്പോഴാണ് ഇവരൂടെ മുഖംമൂടി അഴിയുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ജമാഅത്തെ ഇസ്ലാമിയുടെ നിലപാട്

വിധിപ്രസ്താവിച്ച ആ ദിവസം തന്നെ സഘടനയും ഇതേ നിലപാട് മുന്നോട്ട് വെച്ചിട്ടുണ്ട്. കുടുംബ ബന്ധങ്ങളെ തകർക്കുമെന്നാണ് അന്ന് സംഘടന പറഞ്ഞത്. ജമാഅത്തെ ഇസ്ലാമിയുടെ സംസ്ഥാന അമീർ എംഐ അബ്ദുൽ അസീസ് കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിൽ കുറിച്ചത് കോടതി വിധിയെ അംഗീകരിക്കില്ല എന്നാണ്. അദ്ദേഹം ഇപ്പോഴും അത് തന്നെയാണ് ആവർത്തിക്കുന്നത്. അതായത് ഇന്ത്യരാജ്യത്തെ നിയമസംവിധാനത്തെ അംഗീകരിക്കുന്നില്ല എന്നു തന്നെയാണ് ഇതിന്റെ അർഥമെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.

അബ്ദുൽ അസീസിന്റെ നിലപാടിന്റെ പൂർണ്ണ രൂപം ഇപ്രകാരമാണ്:

വ്യക്തിസ്വാതന്ത്ര്യത്തിന്റെയും സ്വകാര്യതയുടെയും പേരിൽ സ്വവർഗരതിക്ക് നിയമാംഗീകാരം നൽകുന്ന നടപടി അംഗീകരിക്കാനാവില്ല. പ്രകൃതി നിയമങ്ങളെ വെല്ലുവിളിക്കുന്ന വലിയ സാമൂഹിക തിന്മയാണ് സ്വവർഗരതി. സദാചാരബോധവും ധാർമിക മൂല്യങ്ങളുമുള്ള ഒരു സമൂഹത്തിനും ഇത്തരം വൈകൃതങ്ങളെ പൊറുപ്പിക്കാനാവില്ല. പൗരാവകാശങ്ങളിലും വ്യക്തിയുടെ സ്വകാര്യതയ്ക്കും മേൽ ഭരണകൂടങ്ങൾ കയ്യേറ്റം നടത്തുന്നുവെന്നത് യാഥാർഥ്യമാണ്. അത്തരം പ്രവണതകളെ തടയുന്നതിന് സമഗ്രമായ നിയമനിർമ്മാണം നടത്തുന്നതിന് പകരം സമൂഹത്തിന്റെ ധാർമികബോധത്തിന് മേൽ നടത്തുന്ന കയ്യേറ്റം അപലപനീയമാണ്. നിയമങ്ങളും ചട്ടങ്ങളും മാത്രമല്ല, ഉദാത്തമായ ധാർമിക സദാചാര മൂല്യങ്ങൾ കൂടിയാണ് സമൂഹത്തെ ആരോഗ്യകരമായി നിലനിർത്തുന്നത്. ഇവ തമ്മിലുള്ള പാരസ്പര്യമാണ് പ്രോൽസാഹിപ്പിക്കപ്പെടേണ്ടത്. സമൂഹത്തിന്റെ ധാർമികതയെയും സദാചാരത്തെയും മാനിക്കാനുള്ള ബാധ്യത ഭരണകൂടങ്ങൾക്കും നീതിന്യായ സ്ഥാപനങ്ങൾക്കുമുണ്ട്.

മനോവൈകൃതങ്ങളുടെ കൂട്ടത്തിലാണ് സ്വവർഗലൈംഗികത കണക്കാക്കപ്പെട്ടിരുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലും മനോരോഗങ്ങളുടെ കൂട്ടത്തിൽ നിന്നും അത് ഒഴിവാക്കാപ്പെടാൻ ശാസ്ത്രീയ പിൻബലമായിരുന്നില്ല കാരണം. മറിച്ച് സാമൂഹിക സമ്മർദമായിരുന്നു. മനോരോഗങ്ങളുടെയും മറ്റ് രോഗങ്ങളുടെയും വ്യാപനത്തിന് സ്വവർഗ ലൈംഗികത കാരണമാകുന്നുവെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.
സ്വവർഗലൈംഗികതക്ക് സാധുതയും പ്രോൽസാഹനവും നൽകുന്ന നടപടികൾ സ്വാഗതം ചെയ്യപ്പെടുന്നത് നമ്മുടെ നാടിനെ ഗ്രസിച്ചിരിക്കുന്ന ധാർമികാധപതനത്തിന്റെ ആഴമാണ് സൂചിപ്പിക്കുന്നത്. അറപ്പുളവാക്കുന്ന നീചകൃത്യങ്ങൾ ന്യായീകരിക്കപ്പെടുന്നത് മലീമസമായ സാമൂഹികാന്തരീക്ഷത്തിന്റെ സൂചനയാണ്.

ട്രാൻസ് ജൻഡേഴ്സ് അനുഭവിക്കുന്ന പ്രതിസന്ധികളെ അനുഭാവപൂർവം പരിഗണിക്കാൻ സമൂഹവും ഭരണകൂടവും തയാറാകണം. ട്രാൻസ്ജൻഡേഴ്സിനെ പരിഗണിക്കുന്ന പ്രത്യേക നിയമനിർമ്മാണം അനിവാര്യമാണ്. ട്രാൻസ്ജൻഡേഴ്സ് അനുഭവിക്കുന്ന സാമൂഹികമായ വിവേചനങ്ങൾക്കും അതിക്രമങ്ങൾക്കും പരിഹാരമാവാൻ നിലവിലെ സുപ്രീം കോടതി ഇടപെടൽ പര്യാപ്തമല്ല. സ്വവർഗലൈഗിംകതക്ക് അംഗീകാരം നൽകുന്ന നടപടികൾ അവരുടെ പ്രതിസന്ധികൾ വർധിക്കാൻ കാരണമാവും. അവർ കൂടുതൽ ചൂഷണത്തിന് വിധേയമാകാനും ഇടയാക്കും. ട്രാൻസ്ജൻഡേഴ്സിന്റെ പേരിൽ ഉദാര ലൈംഗികവാദികളും സദാചാരവിരുദ്ധരുമാണ് കോടതി ഇടപെടലിനെ ആഘോഷമാക്കുന്നത്.

വെൽഫെയർ പാർട്ടി നേതാവ് ശ്രീജ നെയ്യാറ്റിൻകരയുടെ നിലപാട്

ജമാഅത്തെ ഇസ്ലാമിയുടെ നിലപാടിന് നേർവിപരീതമായാണ് അവരുടെ തന്നെ രാഷ്ട്രീയപാർട്ടിയായ വെൽഫയർപാർട്ടിയുടെ സംസ്ഥാന നേതാവായ ശ്രീജ നെയ്യാറ്റിൻകരയുടെ നിലപാട്. വിധിയെ സ്വാഗതം ചെയ്തും വിധിക്കെതിരെ നിലപാടെടുക്കുന്ന മതസംഘടനകളെ കണക്കിന് വിമർശിച്ചുമാണ് അവർ നിലപാടെടുത്തത്. .എന്നാൽ ഇത് തന്നെയാണോ വെൽഫയർപാർട്ടിയുടെ ഔദ്യോഗിക നിലപാടെന്നും അല്ലെങ്കിൽ പാർട്ടിയിലെ തന്നെ ഹമീദ് വാണിയമ്പലത്തിന്റെ നിലപാടെന്നും വ്യക്തമാക്കണമെന്നും വിമർകർ ചോദിക്കുന്നു.

ശ്രീജ നെയ്യാറ്റിൻകരയുടെ നിലപാടിന്റെ പൂർണ്ണരൂപം

സ്വവർഗാനുരാഗം ...സുപ്രീം കോടതി വിധിയെ എതിർക്കുന്ന മതസംഘടനകളോട് ഇത്രയേ പറയാനുള്ളൂ നിങ്ങളുടെ ധാർമ്മികബോധവും യുക്തിയും അനുസരിച്ചു മാറ്റിയെഴുതാനുള്ള ഒന്നല്ല ഇന്ത്യൻ ഭരണഘടന .... ഭരണഘടനയെ മാറ്റിവച്ചു മനുസ്മൃതി ഭരണം നടത്തിക്കൊണ്ടിരിക്കുന്ന സംഘ് പരിവാറിനോളം അധഃപതിക്കരുത് നിങ്ങളൊന്നും ....മതശാസനകൾ നടപ്പിലാക്കാൻ മതമല്ല ഈ രാജ്യം ഭരിക്കുന്നത് ... ഈ രാജ്യത്തെ മുഴുവൻ മനുഷ്യരുടേയും അവകാശങ്ങൾ ഉറപ്പുവരുത്തുന്ന ഒരു ഭരണഘടനയുടെ ബലത്തിലാണ് ഈ രാജ്യത്തിന്റെ നിലനിൽപ് അത് മറന്നു പോകരുത് ...ഒരു മതവിശ്വാസിക്ക് മതമനുസരിച്ചു ജീവിക്കാനുള്ള ഭരണഘടനാവകാശമുണ്ട് അതനുസരിച്ചു നിങ്ങൾ എങ്ങനേയും ജീവിച്ചുകൊൾക .. മറ്റുള്ളവന്റെ അവകാശത്തിൽ ദയവായി കൈകടത്താതിരിക്കുക ... ബീഫിന്റെ കാര്യത്തിൽ സംഘ് പരിവാർ പറയുന്ന ന്യായീകരണത്തിനു സമാനമായ ന്യായീകരണവും പൊക്കിപ്പിടിച്ചു സുപ്രീംകോടതി വിധിയുടെ കാര്യത്തിൽ വരാതിരിക്കാനുള്ള സാമാന്യ മര്യാദയെങ്കിലും കാണിക്കുക ..അഥവാ സ്വവർഗാനുരാഗികളെ അവരുടെ പാട്ടിന് വിടുക ...

ഫ്രട്ടേണിറ്റി മൂവ്‌മെന്റിന്റെ ഒദ്യോഗിക നിലപാടിന്റെ പൂർണ്ണരൂപം ഇതാണ്.

ഐ.പി.സി 377 ഭാഗികമായി റദ്ദ് ചെയ്ത സുപ്രീം കോടതിവിധി ജനാധിപത്യ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയമാണ്. ജനാധിപത്യ വ്യവസ്ഥയിൽ വ്യക്തിസ്വാതന്ത്ര്യവും സ്വകാര്യതയും വിലപ്പെട്ട ആശയങ്ങളാണ്. രാജ്യത്തെ ഭരണഘടന അത് ഉറപ്പുനൽകുന്നുണ്ട്. ഭരണകൂടവും ആധിപത്യ-അധികാര രൂപങ്ങളും വ്യക്തി സ്വാതന്ത്ര്യത്തിനും സ്വകാര്യതയ്ക്കും മേൽ കൈ വെക്കുന്ന ഏതൊരു നീക്കവും ചെറുക്കപ്പെടേണ്ടതാണ്. പൗരസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടതും തീർപ്പുകളിൽ എത്തേണ്ടതും ഭൂരിപക്ഷഹിതമനുസരിച്ചല്ലെന്ന കോടതിയുടെ പരാമർശവും സ്വാഗതാർഹമാണ്. ലിംഗപരമായ വ്യത്യസ്തത കാരണം അന്യവൽരിക്കപ്പെട്ട വലിയൊരു വിഭാഗം ട്രാൻസ്‌ജെൻഡറുകൾ ഇവിടെയുണ്ട്. അവർക്കും വ്യത്യസ്ത ലൈംഗിക സ്വത്വം പുലർത്തുന്നവർക്കും നിയമഭേദഗതി പ്രതീക്ഷാദായകമാണ്. ട്രാൻസ്‌ജെൻഡർ സാമൂഹിക ജനവിഭാഗങ്ങൾ കാലങ്ങളായി നേരിടുന്ന അതിക്രമങ്ങളെയും വിവേചനങ്ങളെയും നിയമപരമായി ചോദ്യം ചെയ്യാൻ നിയമം കൊണ്ട് സാധ്യമാകും എന്ന് കരുതാവുന്നതാണ്. വ്യക്തിത്വവും ആത്മാഭിമാനം ഉയർത്തിപ്പിടിച്ചു കൊണ്ട് ജീവിക്കുവാനുള്ള അവകാശങ്ങൾക്കും വേണ്ടി നിയമ പോരാട്ടം നടത്തിയ ട്രാൻസ് കമ്മ്യൂണിറ്റി തീർച്ചയായും അഭിവാദ്യങ്ങൾ അർഹിക്കുന്നു. ലൈംഗികതയുടെ തിരഞ്ഞെടുപ്പിന്റെ പേരിൽ ഏതെങ്കിലും വ്യക്തിയോ സമൂഹമോ അക്രമിക്കപ്പെടുകയും ആൾക്കൂട്ട വിചാരണയ്ക്ക് വിധേയമാക്കപ്പെടുകയും അതിജീവനോപാധികൾ തടയപ്പെടുകയും ചെയ്യുന്നത് ശരിയല്ല. അത്തരം പ്രവണതകളിൽ നിന്ന് ഈ ജനവിഭാഗങ്ങൾക്ക് സംരക്ഷണം നൽകാനും ഈ നിയമഭേദഗതി ഉപകരിക്കും.

അതേസമയം രാജ്യത്തെ വലിയൊരു സമൂഹം ജനങ്ങൾ അവരുടെ വിശ്വാസത്തിന്റെയും ധാർമിക - സദാചാര കാഴ്ചപ്പാടുകളുടെയും ഭാഗമായി സ്വവർഗലൈംഗികതയെ അംഗീകരിക്കാത്തവരായുണ്ട്. അവരുടെ വിശ്വാസ കാഴ്ചപ്പാടുകളുമായി മുന്നോട്ടുപോകുവാനുള്ള സ്വാതന്ത്ര്യവും ഭരണഘടനയും ജനാധിപത്യ വ്യവസ്ഥയും അവർക്ക് പ്രദാനം ചെയ്യുന്നുണ്ട്. കുടുംബവ്യവസ്ഥ, ധാർമിക വിചാരങ്ങൾ തുടങ്ങിയ പൊതു സാമൂഹിക യാഥാർഥ്യങ്ങളും വ്യക്തിസ്വാതന്ത്ര്യവും സന്തുലിതമായി നിലനിൽക്കുന്ന സഹവർത്തിത്വം സാധ്യമാണോ എന്ന നിലയിലുള്ള വ്യവഹാരങ്ങൾ വരും കാലങ്ങളിൽ നമ്മുടെ ജനാധിപത്യ ഭാവനകളെ ശക്തിപ്പെടുത്തും എന്ന് കരുതുന്നു.

എസ്‌ഐഒ സംസ്ഥാന പ്രസിഡണ്ട് സിടി ശുഹൈബിന്റെ നിലപാട്

ഇനി അവസാനത്തേത് എസ്‌ഐഒവിന്റേതാണ്. പൂർണ്ണമായും ഖുർആനും ഹദീസുമൊക്കെ വിവരിച്ചാണ് എസ്‌ഐഒ നിലപാടെടുത്തത്. സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് സിടി ശുഹൈബാണ് നിലപാട് വ്യക്തമാക്കിയത്. ഇത് തന്നെയായിരിക്കും സംഘടനയുടേതും എന്ന് തന്നെ കരുതാം. സ്റ്റുഡന്റ്‌സ് 'ഇസ്ലാമിക്' ഓർഗനൈസേഷന് ഇത്തരമൊരു നിലപാടെടുക്കാനേ കഴിയൂവെന്നാണ് സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നത്. ഈയൊരു പേര്്‌കൊണ്ട് തന്നെയാണ് ഇവർ ഇനി കോളേജുകളിൽ പിടിച്ചുനിൽക്കാനാകില്ലെന്ന് കണ്ട് ഫ്രട്ടേണിറ്റിയെന്ന പേരിൽ പുതിയ സംഘടനയുണ്ടാക്കിയതുമെന്നുമാണ് ആരോപണം.

സിടി ശുഹൈബെടുത്ത നിലപാടിന്റെ പൂർണ്ണരൂപം

മറ്റൊരു വ്യക്തിയുടെ അവകാശത്തെ ഹനിക്കാത്തിടത്തോളം വ്യക്തി സ്വാതന്ത്ര്യത്തിന് പരിധികൾ നിശ്ചയിക്കേണ്ടതില്ലെന്ന കാഴ്ചപ്പാട് ഇസ്ലാമിനന്യമാണ്. മറ്റൊരു വ്യക്തിയെ ബാധിക്കുന്നില്ലെങ്കിലും അല്ലാഹുവിന്റെ അവകാശങ്ങൾ ഹനിക്കാതിരിക്കുക എന്നത് അതിൽ പ്രധാനമാണ്. അവൻ നിശ്ചയിച്ച പരിധികളിൽ നിൽക്കുക എന്നതാണ് അവനു നൽകേണ്ടുന്ന അവകാശം .അതാണ് ഇസ്ലാം മനസിലാക്കുന്ന ധാർമികതയും.

സ്വവർഗരതിയെ കുറിച്ച് ഖുർആൻ അതിരുകവിച്ചിൽ എന്നാണ് പ്രയോഗിച്ചത്.( 7:81)മനുഷ്യന്റെ താൽപര്യങ്ങളും ആഗ്രഹങ്ങളും ചോദനകളും പരിധികളില്ലാതെ സാക്ഷാൽക്കരിക്കപ്പെടേണ്ടതാണെന്ന കാഴ്ചപ്പാടിനെ ഇസ് ലാം നിരാകരിക്കുന്നു. അതാകട്ടെ സമ്പൂർണമായ നിരാകരണമല്ല മറിച്ച് പരിധി കളിൽ നിന്നു കൊണ്ടുള്ള ആഗ്രഹ പൂർത്തീകരണവും ആസ്വാദനങ്ങളും നിശ്ചയിച്ച് നൽകുകയും ചെയ്തിട്ടുണ്ട്. ഈ ലോകത്തിനപ്പുറം മറ്റൊരു ലോകവും ജീവിതവുമുണ്ടെന്ന കാഴ്ചപ്പാടിൽ നിന്നാണ് ഈ ലോകത്തെ ആസ്വാദനത്തെയും സ്വാതന്ത്രത്തെയും കുറിച്ച ഇസ്ലാമിന്റെ കാഴ്ചപ്പാട് നിർണയിക്കപ്പെടുന്നതും.

മനുഷ്യ ശരീരത്തിന്റെയും ജീവിതത്തിന്റെയും ഉടമാധികാരം അല്ലാഹു വിനാണെന്ന നിലക്ക് ഇഷ്ടാനിഷ്ടങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെയും തെരെഞ്ഞെടുപ്പ് അല്ലാഹു വിന്റെ കൽപനാധികാരത്തിലും താല്പര്യത്തിനും നൽകുക എന്നതാണ് വിശ്വാസത്തിന്റെ തേട്ടം. സദാചാരവുമായി ബന്ധപ്പെട്ട് വ്യക്തിയേയും സമൂഹത്തേയും സ്വാധീനിക്കുന്നത് നിയമങ്ങളേക്കാൾ വിശ്വാസ ജീവിത കാഴ്‌ച്ചപ്പാടുകളാണ് ..മത രഹിത ജീവിത കാഴ്ചപ്പാടാണ് പുരോഗമനപരവും മഹത്തരവുമെന്ന് പ്രചരിപ്പിക്കപ്പെടുന്ന സമൂഹത്തിൽ നിയമം കൂടി അത്തരം പരിധികളെ മറികടക്കുന്നതിനെ പിന്തുണക്കുമ്പോൾ അതിന്റെ ആഘാതം വലുതായിരിക്കും.

ട്രോളിക്കൊന്ന് സോഷ്യൽ മീഡിയയും

'ഇനിയുമുണ്ട് ഇവരുടെ സഹോദര സ്ഥാപനങ്ങൾ. എല്ലാത്തിലും ഒരേ ആളുകളായിരിക്കും. കൊടികളും പുറത്തേക്ക് പറയുന്ന നിലപാടുകളും വ്യത്യസ്തമായിരിക്കും. എന്നാൽ ഉള്ളിലെല്ലാവർക്കും ഒരേ നിലപാടായിരിക്കും. അത് ഇസ്ലാമിക രാഷ്ട്രവാദത്തിന്റെ പിന്തിരിപ്പൻ നിലപാടുകളായിരിക്കും.'- സോഷ്യമീഡിയയിൽ കണ്ട വിമർശനങ്ങളിൽ ഒന്നാണ്. മറ്റൊരു കമന്റ് ഇങ്ങനെയാണ്.'ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ സജി ചെറിയാൻ വിജയിച്ചത് ഞങ്ങളുടെ പിന്തുണകൊണ്ടാണെന്ന് പോസ്റ്ററിറക്കിയവരിൽ നിന്ന് ഇതിൽ കൂടുതലൊന്നും പ്രതീക്ഷിക്കണ്ട.. ഒരേ ആളുകളുടെ ഈ നാല് നിലപാടുകളും വായിച്ചുകഴിഞ്ഞ് മാധ്യമം ദിനപ്പത്രംകൂടി വായിച്ചാൽ ഒരുശരാശരി മനുഷ്യന്റെ മനസ്സിൽ മാന്നാർ മത്തായി സ്പീക്കിംഗിൽ ഇതു ഞങ്ങളങ്ങോട്ട് വിളിച്ച കോളല്ലേ എന്ന് ചോദിക്കുമ്പോഴുള്ള ഡയലോഗായിരിക്കും വരിക.

'കൺഫ്യൂഷനായല്ലോ' എന്ന്. ഇത് തന്നെയാണ് ഇവരുടെ തന്ത്രവും.'- ഇത് തന്നെയാണ് സംഘപരിവാർ പ്രവർത്തന രീതിയുമെന്ന് സ്വതന്ത്ര ചിന്തകർ ചൂണ്ടിക്കാട്ടുന്നു. 'മോദിജിയും ബിജെപിയും ഔദ്യോഗികമായി പറയും നിങ്ങൾ ബീഫ് കഴിച്ചോളൂ ആരും ഒന്നും ചെയ്യില്ലെന്ന്. എന്നാൽ ആർഎസ്എസാകട്ടെ ബിഫ് മസാലയിട്ട് വെച്ച സോയാബീനിന്റെ മണം കിട്ടിയാൽ പോലും നിങ്ങളെ തല്ലിക്കൊല്ലും.അതുപോലെ തന്നെ.'- സോഷ്യൽമീഡിയയിലെ വിമർശന ശരങ്ങൾ ഇങ്ങനെപോവുമ്പോൾ, വീണും ഉരുണ്ടും ന്യായീകരിക്കായാണ് ജമാഅത്ത് അനുഭാവികൾ.