ന്യൂയോർക്ക്: കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടെ, ജോലി ചെയ്യുന്നതിനിടെ, ലോകമെമ്പാടും കൊല്ലപ്പെട്ടത് 25,000 ത്തിലേറെ മാധ്യമപ്രവർത്തകർ. ലോകത്ത് നടക്കുന്ന യുദ്ധങ്ങൾ, വിപ്ലവങ്ങൾ, അഴിമതി, കുറ്റകൃത്യം തുടങ്ങിയവയിലാണ് ഇത്രയും മാധ്യമപ്രവർത്തകർ ജീവൻ വെടിഞ്ഞത്. കൊലയാളികൾ ശിക്ഷിക്കപ്പെടുന്നില്ല എന്നതും കുറ്റകൃത്യങ്ങളുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നു. ഏറ്റവുമൊടുവിൽ വാഷിങ്ടൺ പോസ്റ്റ് ലേഖകനും സൗദിയുടെ കണ്ണിലെ കരടുമായിരുന്ന തുർക്കിയിലെ സൗദി കോൺസുലേറ്റിൽ ജമാൽ ഖഷോഗിയുടെ ക്രൂരമായ കൊലപാതകമാണ് ലോകത്തെ ഞെട്ടിച്ചു. സൗദി അറേബ്യയാകട്ടെ ആരോപണങ്ങളുടെ മുൾമുനയിൽ നിൽക്കുന്നു. മാധ്യമപ്രവർത്തകർ സത്യത്തിന് വേണ്ടി നിലകൊള്ളുന്നതിന്റെ പേരിലാണ് ഈ ക്രൂരതകൾ അരങ്ങേറുന്നത്. ഇതുകണക്കിലെടുത്ത് ജമാൽ ഖഷോഗി ഉൾപ്പെടെ സത്യത്തിന്റെ സംരക്ഷകരായ മാധ്യമപ്രവർത്തകരെ ടൈം വാരിക 'പഴ്‌സൻ ഓഫ് ദി ഇയർ' ആയി തിരഞ്ഞെടുത്തു.

ഫിലിപ്പീൻസിലെ മരിയ റെസ്സ, മ്യാന്മറിൽ തടവിൽ കഴിയുന്ന റോയിട്ടേഴ്‌സ് റിപ്പോർട്ടർമാരായ വാ ലോൺ, ക്വാവ സോവു, കഴിഞ്ഞ ജൂണിൽ അക്രമികളുടെ വെടിയേറ്റ് 5 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ട മേരിലാൻഡിലെ അന്നപൊലീസിലെ 'ക്യാപിറ്റൽ ഗസറ്റ്' എന്നിവയാണ് ഖഷോഗിക്കൊപ്പം ആദരിക്കപ്പെടുന്നത്. കഴിഞ്ഞ വർഷം വാർത്തകളെ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തിയെയോ, ഗ്രൂപ്പിനെയോ ആണ് ്‌ടൈംസ് പേഴ്‌സൺ ഓഫ് ദ ഇയർ പുരസ്‌കാരം നൽകി ആദരിക്കാറുള്ളത്. 1927 ൽ ആരംഭിച്ച ഈ ബഹുമതി ഇതാദ്യമായാണ് മരണശേഷം ഒരാൾക്കു സമ്മാനിക്കുന്നത്. 2016 ലെ ജേതാവായിരുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് ഈ വർഷത്തെ റണ്ണർ അപ്. 2016 യുഎസ് തിരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ അന്വേഷിക്കുന്ന റോബർട് മുള്ളർക്കാണ് മൂന്നാം സ്ഥാനം.

ബംഗ്ലാദേശി ഫോട്ടോഗ്രാഫർ ഷാഹിദുൾ ആലം, സുഡാനിലെ ഫ്രീലാൻസ് മാധ്യമപ്രവർത്തകൻ അമൽ ഹബാനി, ബ്രസീലിലെ റിപ്പോർട്ടർ പട്രീഷ്യ കാമ്പോസ് മെല്ലോ, ഫിനാൻഷ്യൽ ടൈംസ് ഏഷ്യ ന്യൂസ് എഡിറ്റർ വിക്ടോർ മാലറ്റ്, എന്നിവരും ബഹുമാനിതരുടെ പട്ടികയിൽ ഉണ്ട്. മാധ്യമപ്രവർത്തകരെ സംരക്ഷിക്കാനുള്ള കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷം 262 മാധ്യമപ്രവർത്തകരാണ് ജയിലിൽ അടയ്ക്കപ്പെട്ടത്. ഇതൊരു റെക്കോഡാണ്. ഫിലിപ്പൈൻസിലെ 'റാപ്ലർ' എന്ന വാർത്താ വെബ്‌സൈറ്റിന്റെ സ്ഥാപകയായ റെസ്സ പ്രസിഡന്റ് ഡ്യൂട്ടെർട്ടിന്റെ നിയമവിരുദ്ധക്കൊലകൾ റിപ്പോർട്ട് ചെയ്തതിനും സർക്കാരിനെ വിമർശിച്ചതിനും ഒട്ടേറെ കേസുകളുടെ കുരുക്കുകളിലാണ്. മ്യാന്മറിലെ പട്ടാള ഭരണകൂടത്തിന്റെ മനുഷ്യാവകാശ ലംഘനം വാർത്തയാക്കിയ ലോമും സോവുവും അവിടെ ജയിലിൽ കഴിയുന്നു.

ആരാണ് ജമാൽ ഖഷോഗി?

സൗദി അറേബ്യയിലെ ഏറ്റവും പ്രശസ്തനായ മാധ്യമപ്രവർത്തകനായിരുന്നു ജമാൽ ഖഷോഗി. സോവിയറ്റ് യൂണിയന്റെ അഫ്ഗാനിസ്ഥാൻ അധിനിവേശവും ഉസാമ ബിൻ ലാദന്റെ വളർച്ചയുമൊക്കെ ലോകത്തെ ആദ്യമറിയിച്ച പത്രപ്രവർത്തകൻ. സൗദിയിലെ വിവിധ മാധ്യമങ്ങൾക്കുവേണ്ടി പ്രവർത്തിച്ച അദ്ദേഹം കൊട്ടാരവുമായി ഏറ്റവും അടുപ്പം പുലർത്തിയിരുന്ന മാധ്യമപ്രവർത്തകനുമായിരുന്നു. ദശാബ്ദങ്ങളോളം തുടർന്ന അടുപ്പം പെട്ടെന്ന് ഇല്ലാതാവുകയായിരുന്നു. കിരീടാവകാശിയായി മുഹമ്മദ് ബിൻ സൽമാൻ വന്നതോടെയാണ് ഖഷോഗി സൗദി രാജകുടുംബത്തിന് അനഭിമതനായത്.

ഇതോടെ, സൗദി വിട്ട ഖഷോഗി അമേരിക്കയിൽ അഭയം തേടി. ഒരുവർഷമായി അവിടെ കഴിയുന്ന കാലയളവിൽ വാഷിങ്ടൺ പോസ്റ്റിൽ മാസത്തിലൊരു പംക്തി അദ്ദേഹം എഴുതിയിരുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ വിമർശിക്കുന്നതായിരുന്നു ഈ ലേഖനങ്ങളിലേറെയും. സൗദിയിൽ മുഹമ്മദ് ബിൻ സൽമാൻ നടത്തിയ അഴിമതി വിരുദ്ധ പോരാട്ടത്തെയും അദ്ദേഹം വിമർശിച്ചു. വിമതരെയല്ല, സ്വതന്തമായി ചിന്തിക്കുന്ന മനസ്സുള്ളവരെയാണ് എംബിഎസ് അകത്താക്കിയതെന്നായിരുന്നു ഖഷോഗിയുടെ വിമർശനം.

എന്തിനാണ് ഖഷോഗി തുർക്കിയിൽ വന്നത്

അമേരിക്കയിൽവെച്ച് പരിചയപ്പെട്ട ഹാത്തിസ് സെൻഗിസിനെ വിവാഹം ചെയ്ത് തുർക്കിയിൽ സ്ഥിരതാമസമാക്കണമെന്നായിരുന്നു ഖഷോഗിയുടെ മോഹം. എന്നാൽ, ബഹുഭാര്യാത്വത്തിന് വിലക്കുള്ള തുർക്കിയിൽ, ഹാത്തിസിനെ വിവാഹം ചെയ്യുന്നതിന് ഖഷോഗിക്ക് ആദ്യഭാര്യയെ വിവാഹമോചനം ചെയ്തതിന്റെ രേഖകൾ ഹാജരാക്കേണ്ടിയിരുന്നു. ഇത് സംഘടിപ്പിക്കുന്നതിനായാണ് സെപ്റ്റംബർ 28-ന് അദ്ദേഹം കോൺസുലേറ്റിലെത്തിയത്. നാലുദിവസം കഴിഞ്ഞ് വരാനായിരുന്നു മറുപടി.

താൻ നിയമപരമായി വിവാഹമോചനം നേടിയതാണെന്ന സർട്ടിഫിക്കറ്റിനുവേണ്ടി ഒക്ടോബർ രണ്ടിന് അദ്ദേഹം വീണ്ടുമെത്തി. ഹാത്തിസിനെ എംബസിക്ക് പുറത്തുനിർത്തിയശേഷം ഉച്ചയോടെ അകത്തേക്കുപോയ അദ്ദേഹം പിന്നീട് മടങ്ങിവന്നില്ല. വൈകുന്നേരമായിട്ടും ഖഷോഗിയെ കാണാത്തതിനെത്തുടർന്നാണ് ഹാത്തിസ് പൊലീസിൽ വിവരമറിയിക്കുന്നത്. തുർക്കിയിലെ എംബസിയിൽവെച്ച് തനിക്കെന്തെങ്കിലും സംഭവിക്കുമെന്ന് ഖഷോഗി കരുതിയിരുന്നില്ലെന്ന് പിന്നീട് വാഷിങ്ടൺ പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ ഹാത്തിസ് പറഞ്ഞു.

ഖഷോഗിയുടെ അവസാന വാക്കുകൾ

എനിക്കു ശ്വാസം കിട്ടുന്നില്ല' മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ അവസാനവാക്കുകൾ ഇതായിരുന്നുവെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. കൊലപാതകികളോടാണ് ഖഷോഗി 3 തവണ ഇങ്ങനെ പറഞ്ഞത്. സംഭവം നടക്കുമ്പോളെടുത്ത ഓഡിയോ റെക്കോർഡിങ്ങിന്റെ രേഖ കണ്ട ആളാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നും സിഎൻഎൻ വ്യക്തമാക്കി. കൊലപാതക വിവരങ്ങൾ അപ്പപ്പോൾ അറിയിക്കാൻ ഫോൺ വിളികളും ഉണ്ടായി. ഇതെല്ലാം തെളിയിക്കുന്നത് വളരെ ആസൂത്രിതമായാണ് കൊലപാതകം നടത്തിയതെന്നാണ്. ഫോൺ വിളികൾ റിയാദിലെ ഉന്നതോദ്യോഗസ്ഥർക്കായിരുന്നുവെന്നു കരുതുന്നു.

എല്ലു മുറിക്കുന്ന ഉപകരണം കൊണ്ടാണ് ശരീരം കീറിമുറിച്ചതെന്നും കൊലപാതകികളിലൊരാളെ ഖഷോഗി തിരിച്ചറിഞ്ഞതായും സൂചനയുണ്ട്. സൗദിയിലെ മുതിർന്ന ഇന്റലിജൻസ് ഓഫിസർ ജനറൽ മഹർ മുത്രബ് എന്നയാൾ 'നിങ്ങൾ (സൗദിയിലേക്ക്) തിരിച്ചുപോരുകയാണ്' എന്നു പറയുന്നതും 'അതു നടക്കില്ല, പുറത്തു ആളുകൾ കാത്തിരിപ്പുണ്ട്' എന്ന് ഖഷോഗി പറയുന്നതും രേഖപ്പെടുത്തിയിട്ടുണ്ട്. മുത്രബ് ആണ് അപ്പപ്പോൾ വിവരങ്ങൾ ഫോണിൽ കൈമാറിയത്. ഖഷോഗിയുടെ തുർക്കിക്കാരിയായ കാമുകി ഹാറ്റിസ് സെൻഗിസ് അപ്പോൾ കോൺസുലേറ്റിനു മുന്നിൽ കാത്തിരിപ്പുണ്ടായിരുന്നു.