- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇവിടെ ഈ സാധനം ശക്തിയാണ്; കുറേ കാലമായിട്ടുള്ള യാഥാർത്ഥ്യമാണ് അത്; നിങ്ങൾ ചേന്ദമംഗല്ലൂരിൽ ജീവിക്കുന്നിടത്തോളം കാലം അത് സഹിക്കണം; അല്ലെങ്കിൽ ഈ നാട്ടിൽ നിന്ന് മൈഗ്രേറ്റ് ചെയ്യുക': വിമർശനം ഉന്നയിച്ച കോൺഗ്രസുകാരനോട് നാടുവിടാൻ ജമാഅത്തെ നേതാവിന്റെ 'കൽപ്പന'; ശബ്ദ സന്ദേശം വൈറൽ ആയതോടെ പുലിവാല് പിടിച്ച് വെൽഫെയർ പാർട്ടിയും
കോഴിക്കോട്: വെൽഫെയർ പാർട്ടിയുമായുള്ള സഖ്യത്തെ ചൊല്ലി യുഡിഎഫിൽ കലഹങ്ങൾ തുടരുകയാണ്. അതിനിടെയാണ് വെൽഫെയർ പാർട്ടി ബന്ധത്തിൽ എതിർപ്പുള്ള കോൺഗ്രസ് പ്രവർത്തകനെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ജമാ അത്തെ ഇസ്ലാമിയുടെ പ്രമുഖനായ നേതാവിന്റെ ശബ്ദ സന്ദേശം പുറത്തായത്. ചില കോൺഗ്രസ് നേതാക്കൾ നിഷേധിക്കുമ്പോഴും യുഡിഎഫ്- വെൽഫെയർ പാർട്ടി പരസ്യ കൂട്ടുകെട്ടുള്ള മുക്കം ചേന്ദമംഗല്ലൂരിലാണ് കൂട്ടുകെട്ടിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും സമൂഹ മാധ്യമങ്ങളിലൂടെ ഏറ്റുമുട്ടുന്നത്.
ജമാഅത്തെ ഇസ്ലാമിയുടെ പ്രമുഖനും അവരുടെ പ്രസിദ്ധീകരണ വിഭാഗം മേധാവിയുടെ മകനുമാണ് ശബ്ദ സന്ദേശത്തിന്റെ ഉടമയെന്നു പറയുന്നു. 'ഇവിടെ ഈ സാധനം (ജമാഅത്തെ ഇസ്ലാമി) ശക്തിയാണ്. കുറേ കാലമായിട്ടുള്ള യാഥാർത്ഥ്യമാണ് അത്. അക്കാര്യത്തിൽ നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല. നിങ്ങൾ ചേന്ദമംഗല്ലൂരിൽ ജീവിക്കുന്നിടത്തോളം കാലം അത് സഹിക്കണം. അല്ലങ്കിൽ ഈ നാട്ടിൽ നിന്ന് മൈഗ്രേറ്റ് ചെയ്യുക'എന്നാണ് ശബ്ദ സന്ദേശത്തിൽ വ്യക്തമായി ആവശ്യപ്പെടുന്നത്. 'എവിടെയെങ്കിലും നല്ല സ്ഥലത്ത് പോയി മൈഗ്രേറ്റ് ചെയ്തോ'എന്ന് അവസാനം ആവർത്തിക്കുന്നുമുണ്ട്. ജമാഅത്തെ ഇസ്ലാമിക്ക് വലിയ സ്വാധീനമുള്ള പ്രദേശത്തു നിന്ന് അവരുടെ ചെയ്തികളോട് വിയോജിപ്പുള്ളവർ നാടുവിട്ടു പോകണമെന്ന് ആവശ്യപ്പെടുന്നവർ അധികാരസ്ഥാനത്തെത്തിയാൽ എന്താവും അവസ്ഥയെന്നാണ് വിമർശകരുടെ ചോദ്യം. പക്ഷേ സന്ദർഭത്തിൽനിന്ന് അടർത്തിയെടുത്ത ഒരു ഓഡിയോ ആണ് ഇതെന്നും, ചേന്ദമംഗല്ലൂരിന്റെ പ്രാദേശിക രാഷ്ട്രീയം വിശദീകരിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് വെൽഫെയർ പാർട്ടി നേതാക്കൾ പറയുന്നുത്.
അതേസമയം വെൽഫെയർ പാർട്ടി സഖ്യത്തിനെതിരെ മുല്ലപ്പള്ളി രാമചന്ദ്രനും കെ സി വേണുഗോപാലും അടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് എതിർപ്പുണ്ട്. സിപിഎം ആകട്ടെ യുഡിഎഫിന്റെ വെൽഫയർ പാർട്ടി ബന്ധം ഈ തെരഞ്ഞെടുപ്പിൽ വലിയ പ്രചാരണ ആയുധം ആക്കുന്നുണ്ട്. ബിജെപിയാകട്ടെ ഈ വിഷയം ദേശീയ തലത്തിൽ തന്നെ ഉയർത്തിക്കൊണ്ടുവരുന്നുണ്ട്.
വെൽഫെയർ പാർട്ടിയുമായി കേരള നേതാക്കൾ ചർച്ച നടത്തിയത് ആരുടെ നിർദ്ദേശ പ്രകാരമാണെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വ്യക്തമാക്കണമെന്ന് കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്വി ന്യൂഡൽഹിയിൽ ആവശ്യപ്പെട്ടത്. വെൽഫെയർ പാർട്ടിയുമായുള്ള സഹകരണം കോൺഗ്രസ് ദേശീയ നേതൃത്വത്തെ അടിക്കാനുള്ള വടിയാക്കുകയാണ് ബിജെപി. തീവ്രവാദ ശക്തികളുമായി ഒളിഞ്ഞും തെളിഞ്ഞുമുള്ള കോൺഗ്രസിന്റെ ബാന്ധവമാണ് പുറത്ത് വരുന്നത്. ജമാ അത്തെ ഇസ്ലാമി, പോപ്പുലർ ഫ്രണ്ട് എന്നീ സംഘടനകളുമായി കോൺഗ്രസിന് ബന്ധമുണ്ട്. വയനാട്ടിൽ രാഹുുൽഗാന്ധിയുടെ പ്രചാരണത്തിൽ ജമാ അത്തെ ഇസ്ലാമിയുടെ കൊടി കണ്ടത് യാദൃശ്ചികമല്ലെന്നും മുക്താർ അബ്ബാസ് നഖ് വി വിമർശിച്ചു.
ഹാഥ്റസ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് തീവ്രവാദബന്ധമുണ്ടെന്നറിഞ്ഞാണ് അദ്ദേഹത്തിന്റെ കുടുംബത്തെ കാണാൻ രാഹുൽഗാന്ധി തയ്യാറായതെന്നും നേതാക്കൾ ആരോപിച്ചു. വെൽഫെയർ പാർട്ടിയുമായുള്ള സഹകരണം സംസ്ഥാനത്ത് സിപിഎമ്മും കോൺഗ്രസിനെതിരെ രാഷ്ട്രീയായുധമാക്കുന്നുണ്ട്.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.