മസ്‌കത്ത്: മെയ് ഒന്നു മുതൽ കോഴിക്കോട്ടേക്ക് ജംബോ വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ടിക്കറ്റ് നിരക്ക് തിരികെ ലഭിക്കുമെന്ന് അധികൃതതർ അറിയിച്ചു. കരിപ്പൂർ വിമാനത്താവളത്തിലെ റൺവേയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വലിയ വിമാനങ്ങൾ ഇറങ്ങാൻ കഴിയാത്ത സാഹചര്യത്തിലാണിത്.

എമിറേറ്റ് എയർലൈൻസ്, ഇത്തിഹാദ്, സൗദി എയർലൈൻസ് എന്നീ വിമാന കമ്പനികളുടെ ജംബോ വിമാനങ്ങൾക്കാണ് കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങാൻ അനുവാദം നിഷേധിക്കുന്നത്.അതിനാൽ ഒമാനിൽനിന്ന് ഈ വിമാനങ്ങളിൽ മെയ്‌ ഒന്നു മുതൽ യാത്ര ചെയ്യാൻ ടിക്കറ്റെടുത്തവർക്കാണ് നിരക്കുകൾ മടക്കിനൽകുന്നത്. ടിക്കറ്റിൽ നഷ്ടമില്ലാതെ നേരത്തേ അധികൃതർ
ഈടാക്കിയ തുക തിരിച്ച് ലഭിക്കും.

മസ്‌കത്തിൽ ഈ വിമാനങ്ങൾ കോഴിക്കോട്ട് നേരിട്ട് സർവിസ് നടത്തുന്നില്ല. ഇവ ദുബൈ അടക്കമുള്ള മറ്റ് വിമാനത്താവളങ്ങൾ വഴി കണക്ഷൻ ഫൈ്‌ളറ്റുകളായാണ് കോഴിക്കോട്ടേക്ക് പോവുന്നത്.അതിനാൽ ഈ വിമാനങ്ങൾക്ക് നിരക്ക് കുറവുമുണ്ട്. നേരത്തേ ടിക്കറ്റെടുക്കുന്നവർക്ക് നിരക്കിളവ് ലഭിക്കുന്നതിനാൽ നിരവധി പേർ നേരത്തേ ഇത്തരം കണക്ഷൻ വിമാനങ്ങളിൽ ടിക്കറ്റുകൾ എടുത്തു വച്ചിരുന്നു.

160ലധികം സീറ്റുള്ള വിമാനങ്ങൾക്കാണ് കോഴിക്കോട്ട് നിയന്ത്രണം ഏർപ്പെടുത്തുന്നത്. മസ്‌കത്തിൽനിന്ന് കോഴിക്കോട്ടേക്ക് എയർ ഇന്ത്യ എക്സ്‌പ്രസും ഒമാൻ എയറും മാത്രമാണ് സർവിസ് നടത്തുന്നത്. ഇവ രണ്ടും 160ൽ താഴെ സീറ്റുകളുള്ള വിമാനങ്ങളാണ്. അതിനാൽ, ഈ വിമാനങ്ങൾ നിയന്ത്രണത്തിൽ ഉൾപ്പെടുകയില്ല.