കോഴിക്കോട്: വർഷങ്ങളായി പൊലീസിനെ പറ്റിച്ച് നടക്കുന്ന സുകുമാരക്കുറുപ്പിനെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട് പൊലീസ് എത്ര അന്വേഷിച്ചിട്ടും സുകുമാരക്കുറുപ്പിനെ കണ്ടെത്താൻ സാധിച്ചില്ല എന്നാണ് പൊലീസ് ഭാഷ്യം. ഇപ്പോഴിതാ മറ്റൊരു സുകുമാരക്കുറുപ്പിനെ സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് കേരള പൊലീസ്. എന്നാൽ സുകുമാരക്കുറുപ്പിനെ പോലെ ആരും കാണാ മറയത്തല്ല ഈ കൊലയാളി. പൊലീസിന്റെ മൂക്കിന്റെ തുമ്പത്ത് കൂടെ ഓടിനടക്കുന്ന ഇയാളെ എന്തുകൊണ്ട് പിടിക്കാൻ ആകുന്നില്ല എന്നത് ഇന്നും അരമന രഹസ്യമാണ്.

പതിനാറു വർഷങ്ങൾക്ക് മുൻപ് കൃത്യമായി പറഞ്ഞാൽ 2001 സെതംപംബര് 8 നാണ് എടച്ചേരി സ്വദേശിനി ആയാടത്തിൽ ജമീല കൊല്ലപ്പെടുന്നത്. ആദ്യനോട്ടത്തിൽ സ്വാഭാവിക മരണമാണെന്ന് തോന്നിയെങ്കിലും പിന്നീടുള്ള വിശദമായ അന്വേഷണത്തിന് ഒടുവിലാണ് പ്രതീക്ഷ ഭർത്താവായ ഹമീദ് വ്യക്തമായത്. നിസ്‌കാരപ്പായയിൽ മരിച്ചുകിടക്കുന്ന ജമീലയെ ആദ്യം കണ്ടത് രാവിലെ പത്രം ഇടൽ കഴിഞ്ഞുവന്ന മക്കളായ ഷജിലും സമീറുമാണ്. ഈ സമയം ഭർത്താവായ ഹമീദ് വീട്ടിലുണ്ടായിരുന്നില്ല മക്കളുടെ കരച്ചിൽ കേട്ട് നാട്ടുകാർ ഓടിക്കൂടി അതിനുശേഷമാണ് ഭർത്താവ് ഹമീദ് വീട്ടിലെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും പോസ്റ്റുമോർട്ടം ചെയ്യണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടപ്പോൾ ഹമീദ് പതിയെ മുങ്ങുകയായിരുന്നു.

പോസ്റ്റ്‌മോർട്ടത്തിനു ശേഷമാണ് ജമീല സ്വാഭാവികമായി മരണപ്പെട്ടതല്ലെന്നും ആരോ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണ് എന്നും കണ്ടെത്തിയത്. തുടർന്ന് നടന്ന അന്വേഷണത്തിനൊടുവിൽ പ്രതി ഭർത്താവായ ഹമീദ് ആണെന്ന് കണ്ടെത്തി. എന്നാൽ അപ്പോഴേക്കും പ്രതി ഒളിവിൽ പോയിരുന്നു. വർഷങ്ങൾ 16 കഴിഞ്ഞിട്ടും ഇപ്പോഴും പ്രതിയായ ഹമീദിനെ പൊലീസ് തേടിക്കൊണ്ടിരിക്കുകയാണ് കേസ് ആണെങ്കിൽ വടകര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില് ക്രൈം നമ്പര് 216/2001 ലോംഗ് പെന്റിങ് കേസായി കിടക്കുകയാണ്.

ഉമ്മ കൊല്ലപ്പെടുമ്പോൾ 15 വയസ്സുള്ള സഹീർ ഇപ്പോഴും ഉമ്മയുടെ ഘാതകനായ പിതാവായ ഹമീദിനെ പൊലീസ് അറസ്റ്റ് ചെയ്യാത്തതിൽ അമർഷനാണ്. പ്രതിയായ ഹമീദ് ഇയാളുടെ ബന്ധുക്കളുടെ വീടുകളിൽ സ്ഥിരമായി സന്ദർശനം നടത്താറുണ്ടെന്ന് സഹീർ ആരോപിക്കുന്നു. പരാതിയും കേസുമായി മുന്നോട്ട് പോവുകയാണെങ്കിൽ ഉമ്മ ജമീലയുടെ ആദ്യ ഗതിയായിരിക്കും തനിക്കും ഉണ്ടാകുകയെന്ന് ബന്ധുക്കൾ ഭീഷണിപ്പെടുത്തുന്നതായും സഹീർ പറയുന്നു. പ്രതിയായ ഹമീദിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടങ്കിലും ഇയാൾ നാട്ടിലും പരിസരപ്രദേശത്തും വിലസി നടക്കുകയാണ്. ഇതിനുശേഷം ബന്ധുവിന്റെ കല്യാണ ചടങ്ങുകളിൽ പോലും ഹമീദ് പങ്കെടുത്തിരുന്നു എടച്ചേരിയിലെ സ്വന്തം വീട്ടിലും ബന്ധു വീടുകളിലും പ്രതി സ്ഥിരം സന്ദർശകനാണ്.

ജമീലയ്ക്ക് ഭർത്താവിൽനിന്നും ഭർത്താവിന്റെ ബന്ധുക്കളിൽനിന്നും സ്ഥിരം പീഡനം ഏൽക്കാറുണ്ടായിരുന്നു എന്നാണ് ജമീലയുടെ മാതാവായ 78 കാരി മറിയം വെളിപ്പെടുത്തിയത്. ജമീലയുടെ ആഭരണങ്ങൾ വിറ്റതുമായി ബന്ധപ്പെട്ട് അവർ തമ്മിൽ പല സമയത്തും തർക്കങ്ങൾ ഉണ്ടായിരുന്നു. ഇതായിരിക്കാം കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് ജമീലയുടെ കുടുംബക്കാർ സംശയിക്കുന്നത്. പ്രതിയായ ഹമീദിന്റെ ബന്ധുക്കളെ ചോദ്യംചെയ്താൽ ഹമീദ് എവിടെയുണ്ടെന്ന് വ്യക്തമായി മനസ്സിലാകും എന്നാണ് സഹീറും കുടുംബാംഗങ്ങളും പറയുന്നത്.

മാത്രമല്ല പ്രദേശത്തെ പല രാഷ്ട്രീയ നേതാക്കളും ഇവർക്ക് നൽകുന്നതായി കുടുംബാംഗങ്ങൾ ആരോപിക്കുന്നു. പലർക്കും പരാതി നൽകിയെങ്കിലും ഇതുവരെ ഇതിൽ നടപടി സ്വീകരിക്കാൻ പൊലീസിനായിട്ടില്ല. വർഷം 16 കഴിഞ്ഞെങ്കിലും തന്റെ മകളെ കൊന്ന ഘാതകനെ നിയമത്തിന് മുന്നിൽ കൊണ്ടു വരുമെന്ന് തന്നെയാണ് ജമീലയുടെ ഉമ്മ മറിയുമ്മയുടെ പ്രതീക്ഷ.