വല്ലാർപാടം: ജമീലയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയത് ഭർത്താവ് തന്നെയെന്ന നിഗമനത്തിൽ പൊലീസ്. കൊച്ചിൻ പോർട്ട് ട്രസ്റ്റ് ജീവനക്കാരൻ പോഞ്ഞിക്കര നോർത്ത് ജെട്ടി പള്ളത്തുപറമ്പിൽ എം.എ. അഷ്‌റഫിന്റെ ഭാര്യ ജമീല (ഉസൈബ-47) യെ ആണു കൊലപ്പെടുത്തിയ നിലയിൽ കിടപ്പുമുറിയിൽ കണ്ടെത്തിയത്.

തലയിൽ നിന്നു ചോരയൊലിച്ച നിലയിലാണ് മൃതദേഹം കട്ടിലിൽ കിടന്നിരുന്നത്. തലയിൽ ആഴത്തിലുള്ള മുറിവുണ്ട്. ലോഹനിർമ്മിതമായ ആയുധമുപയോഗിച്ചാണ് തലയിൽ മുറിവേൽപിച്ചിരിക്കുന്നത്. ആയുധം കണ്ടെത്താനായിട്ടില്ല. അഷറഫ് തന്നെയാണ് കൊലയാളിയെന്നാണ് പൊലീസ് നിഗമനം. വാക്ക് തർക്കത്തിനിടെ കൊല നടന്നതാകാമെന്നാണ് വിലയിരുത്തൽ. സംഭവത്തെത്തുടർന്നു ഭർത്താവ് അഷ്‌റഫ് ഒളിവിലാണ്. അഷ്‌റഫിന്റെ ചിത്രം പുറത്തുവിട്ട പൊലീസ്, ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവർ 9497987103, 9497980417 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് അറിയിച്ചിട്ടുണ്ട്.

ഇന്നലെ പുലർച്ചെയാണ് കൊലപാതകം നടന്നത്. സംഭവസമയത്ത് വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. അഷ്‌റഫിനും ജമീലയ്ക്കും രണ്ട് ആൺമക്കളും ഒരു മകളുമാണുള്ളത്. ജമീലയ്‌ക്കൊപ്പം ഇളയമകൻ അനീഷും ഭാര്യയുമാണ് താമസിക്കുന്നത്. അഷ്‌റഫ് വല്ലപ്പോഴും മാത്രമേ വീട്ടിൽ വരാറുണ്ടായിരുന്നുള്ളു. തേവരയിലും സൗത്ത് റെയിൽവേ സ്‌റ്റേഷനു സമീപത്തുമുള്ള ലോഡ്ജുകളിലായാണ് ഇയാൾ താമസിച്ചിരുന്നത്.

വീട്ടിൽ വരുമ്പോഴെല്ലാം ജമീലയുമായി ഇയാൾ വഴക്കുണ്ടാക്കാറുണ്ടായിരുന്നു. ഭാര്യ ഷംനയ്ക്കു സുഖമില്ലാതിരുന്നതിനാൽ അനീഷ് ശനിയാഴ്ച രാത്രി 9.30ന് ശേഷം ആശുപത്രിയിൽ പോയി. ഇന്നലെ രാവിലെ ജമീലയെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഫോൺ എടുക്കാതിരുന്നതിനെ തുടർന്ന് അനീഷ് സുഹൃത്തിനെക്കൊണ്ട് അന്വേഷിപ്പിച്ചപ്പോഴാണ് വീട്ടിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു.

മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മറ്റു മക്കൾ : അജാസ് (സൗദി), അനീഷ. മരുമകൻ : ഷംസീർ. അഷ്‌റഫിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.