- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രായമൊക്കെ വെറും നമ്പർ; ടെസ്റ്റ് ക്രിക്കറ്റിൽ സമാനതകളില്ലാത്ത നേട്ടവുമായി ജെയിംസ് ആൻഡേഴ്സൺ; കരിയറിൽ 650 ടെസ്റ്റ് വിക്കറ്റുകൾ സ്വന്തമാക്കുന്ന ആദ്യ പേസർ എന്ന നേട്ടവുമായി ഇംഗ്ലീഷ് താരം

ട്രെന്റ് ബ്രിഡ്ജ്: ടെസ്റ്റ് ക്രിക്കറ്റിൽ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ട് ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച പേസ് ബൗളർ ജെയിംസ് ആൻഡേഴ്സൺ. ന്യൂസിലൻഡിനെതിരെ നടക്കുന്ന രണ്ടാം ടെസ്റ്റ് മത്സരത്തിൽ തന്റെ കരിയറിലെ 650-ാം വിക്കറ്റ് ആൻഡേഴ്സൺ സ്വന്തമാക്കി. കിവീസിന്റെ രണ്ടാം ഇന്നിങ്സിൽ ടോം ലാഥമിനെ ക്ലീൻ ബൗൾഡ് ചെയ്താണ് ആൻഡേഴ്സൺ ചരിത്ര നേട്ടത്തിലേക്ക് കുതിച്ചെത്തിയത്.
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ 650 വിക്കറ്റുകൾ വീഴ്‌ത്തുന്ന മൂന്നാമത്തെ താരമാണ് ആൻഡേഴ്സൺ. ശ്രീലങ്കൻ ഇതിഹാസ സ്പിന്നർ മുത്തയ്യ മുരളീധരനും ഓസ്ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോണും മാത്രമാണ് ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. 650 വിക്കറ്റുകൾ വീഴ്‌ത്തുന്ന ആദ്യ പേസർ എന്ന നേട്ടം സ്വന്തമാക്കിയ 39 കാരനായ ആൻഡേഴ്സൺ ഈ പ്രായത്തിലും ഇംഗ്ലണ്ടിന്റെ ബൗളിങ് കുന്തമുനയാണ്.
ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടക്കാരിൽ ഷെയ്ൻ വോണിന്റെ റെക്കോർഡ് ആൻഡേഴ്സണ് മറികടക്കാനാകുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. വോണിനേക്കാൾ വെറും 58 വിക്കറ്റുകൾ മാത്രം പിന്നിലാണ് ആൻഡേഴ്സൺ. 708 വിക്കറ്റുകളാണ് വോണിന്റെ അക്കൗണ്ടിലുള്ളത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ വിക്കറ്റ് വേട്ടക്കാരിൽ ആൻഡേഴ്സൺ അഞ്ചാം സ്ഥാനത്തുണ്ട്.
383 മത്സരങ്ങളിൽ നിന്ന് 933 വിക്കറ്റുകളാണ് ആൻഡേഴ്സൺ വഴ്‌ത്തിയത്. ഇതിൽ 33 തവണ 5 വിക്കറ്റ് നേട്ടവും 3 തവണ 10 വിക്കറ്റ് നേട്ടവും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. പ്രായം 40നോട് അടുക്കുമ്പോഴും കായിക ക്ഷമത പഴയപടി നിലനിർത്തുന്ന ആൻഡേഴ്സൺ ഇതുവരെയും വിരമിക്കലുമായി ബന്ധപ്പെട്ട യാതൊരു സൂചനയും നൽകിയിട്ടില്ല.
രണ്ടാം ടെസ്റ്റിന്റ ആദ്യ ഇന്നിങ്സിൽ ന്യൂസീലൻഡ് 553 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് 539 റൺസ് സ്വന്തമാക്കി. ആദ്യ ടെസ്റ്റിൽ ആതിഥേയരായ ഇംഗ്ലണ്ടാണ് വിജയം നേടിയത്.


