- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുളം തണ്ടിൽ വിസ്മയം തീർക്കും; വേരുകളിൽ ജീവൻ വയ്പിക്കും; പാഴ് വസ്തുക്കൾ കൊണ്ട് അമൂല്യ കലാശേഖരമുണ്ടാക്കും...; അംഗീകാരങ്ങളെറെ നേടി അബ്ദുൾ കലാം വരെ ആദരിച്ചിട്ടും തലചായ്ക്കാനിടം തേടി ജയിംസ്
ആലപ്പുഴ : പാഴ്മുളം തണ്ടിലും തായ്‌വേരുകളിലും വിസ്മയം തീർക്കുന്ന കലാകാരൻ തലചായ്ക്കുന്നത് ഏറുമാടത്തിൽ. കിടന്നുറങ്ങാൻ ഇടംതേടി അധികാര കേന്ദ്രങ്ങളിൽ മുട്ടിവിളിക്കുന്ന തട്ടേക്കാട് പാലമറ്റം സ്വദേശി ജെയിംസിന്റെ യാത്രയ്ക്ക് പാതിറ്റാണ്ടിന്റെ പഴക്കം. ഇനിയും പൂവണിയാത്ത സ്വപ്‌നങ്ങളുടെ ഭാണ്ഡവും പേറി വിരൽത്തുമ്പിൽ അതിശയങ്ങൾ ഒരുക്കി ജെയിംസ് യാത്ര തുടരുകയാണ്. മുളങ്കാലിൽ വിസ്മയം തീർക്കുന്ന ഈ കലാകാരന്റെ ജീവിതകഥ ഇങ്ങനെ. പതിനാലാം വയസിൽ കുടുംബത്തിന്റെ പട്ടിണിയകറ്റാൻ നാടുവിട്ടു. മദ്രാസിന്റെ തെരുവീഥികളിൽ അലഞ്ഞു തിരിഞ്ഞു. എങ്കിലും വീടുപുലർത്താൻ പറ്റിയ ജോലിയൊന്നും കിട്ടിയില്ല. നിരാശയോടെ നാട്ടിലേക്ക് മടങ്ങി. പ്രാരബ്ധങ്ങളിൽ ഉഴലുന്ന കുടുംബത്തിന് കൈതാങ്ങായി അച്ഛനെ ജോലിയിൽ സഹായിച്ചു തുടങ്ങി.അങ്ങനെ വിദ്യാഭ്യാസവും അഞ്ചാം ക്ലാസിൽ അവസാനിപ്പിച്ചു. നാട്ടിൻപുറത്തെ ഒരു വീടിന്റെ പറമ്പിൽ കളപറിക്കുന്നതിനിടയിലാണ് ജെയിംസിന് ഒരുമരത്തിന്റെ വേര് കിട്ടുന്നത്. വേരിന്റെ ആകൃതിയിൽ കൗതുകം തോന്നിയ ജെയിംസ് ചെറിയ കത്തികൊണ്ട് ഇതിനെ ചെത്തിമിനുക്
ആലപ്പുഴ : പാഴ്മുളം തണ്ടിലും തായ്‌വേരുകളിലും വിസ്മയം തീർക്കുന്ന കലാകാരൻ തലചായ്ക്കുന്നത് ഏറുമാടത്തിൽ. കിടന്നുറങ്ങാൻ ഇടംതേടി അധികാര കേന്ദ്രങ്ങളിൽ മുട്ടിവിളിക്കുന്ന തട്ടേക്കാട് പാലമറ്റം സ്വദേശി ജെയിംസിന്റെ യാത്രയ്ക്ക് പാതിറ്റാണ്ടിന്റെ പഴക്കം. ഇനിയും പൂവണിയാത്ത സ്വപ്‌നങ്ങളുടെ ഭാണ്ഡവും പേറി വിരൽത്തുമ്പിൽ അതിശയങ്ങൾ ഒരുക്കി ജെയിംസ് യാത്ര തുടരുകയാണ്.
മുളങ്കാലിൽ വിസ്മയം തീർക്കുന്ന ഈ കലാകാരന്റെ ജീവിതകഥ ഇങ്ങനെ. പതിനാലാം വയസിൽ കുടുംബത്തിന്റെ പട്ടിണിയകറ്റാൻ നാടുവിട്ടു. മദ്രാസിന്റെ തെരുവീഥികളിൽ അലഞ്ഞു തിരിഞ്ഞു. എങ്കിലും വീടുപുലർത്താൻ പറ്റിയ ജോലിയൊന്നും കിട്ടിയില്ല. നിരാശയോടെ നാട്ടിലേക്ക് മടങ്ങി. പ്രാരബ്ധങ്ങളിൽ ഉഴലുന്ന കുടുംബത്തിന് കൈതാങ്ങായി അച്ഛനെ ജോലിയിൽ സഹായിച്ചു തുടങ്ങി.അങ്ങനെ വിദ്യാഭ്യാസവും അഞ്ചാം ക്ലാസിൽ അവസാനിപ്പിച്ചു.
നാട്ടിൻപുറത്തെ ഒരു വീടിന്റെ പറമ്പിൽ കളപറിക്കുന്നതിനിടയിലാണ് ജെയിംസിന് ഒരുമരത്തിന്റെ വേര് കിട്ടുന്നത്. വേരിന്റെ ആകൃതിയിൽ കൗതുകം തോന്നിയ ജെയിംസ് ചെറിയ കത്തികൊണ്ട് ഇതിനെ ചെത്തിമിനുക്കി. പിന്നീട് നാട്ടുകാർക്ക് കാഴ്ചവച്ചു.വേരിലെ വിസ്മയം കണ്ട് നാട്ടുകാർ ജെയിംസിനെ ഏറെ പ്രശംസിച്ചു. ഇത് ജെയിംസിന്റെ ജീവിതത്തിൽ വഴിത്തിരിവായി.
പിന്നീട് അന്വേഷണങ്ങളും യാത്രകളുമായിരുന്നു ഈ ചെറുപ്പക്കാരന്റെ ജീവിതത്തിൽ ഉടനീളം. വനത്തിൽനിന്നും വനത്തിലേക്ക് ജെയിംസിന്റെ യാത്രയ്ക്ക് അറുതിയില്ലായിരുന്നു. മുറിഞ്ഞുവീഴുന്ന മരത്തിന്റെ നിശ്ചലമാകുന്ന വേരുകളിൽ ജെയിംസിന്റെ കൈവിരൽ തൊട്ടാൽ പിന്നെ ജീവന്റെ ചലനങ്ങൾ വേരുകളിലെത്തിക്കഴിയും. രൂപത്തിലും ഭാവത്തിലും വേരുകൾ സാധാരണയിൽനിന്നും അസാധാരണമാകുമ്പോൾ ജെയിംസെന്ന കാലകാരന് സാക്ഷാത്ക്കാരത്തിന്റെ നിമിഷങ്ങൾ. ജെയിംസിന്റെ കരവിരുതിൽ വിസ്മയം ഇതൾ വിരിക്കാത്ത വേരുകളില്ല.
വനാന്തരങ്ങളിൽ നിന്നും മുളയും ഈറ്റയും വെട്ടി പരിശീലനം ലഭിച്ചിട്ടുള്ള ജെയിംസിന് കാടൊരു പുത്തരിയല്ല. നാടും കാടും ജെയിംസിന് ഒരുപോലെ. മുളവെട്ടാനും ഈറ്റ മുറിക്കാനും തൊഴിലാളികൾക്കൊപ്പം ചേരുമ്പോഴും ഈറ്റ മുറിക്കുന്നതിലും ജെയിംസ് താളം കണ്ടെത്തിയിരുന്നു. തന്റെ കുശാഗ്രബുദ്ധിയിലൂടെ ജെയിംസ് നാല് ഇതൾ മാത്രം ലഭിച്ചിരുന്ന ഈറ്റയിൽനിന്നും ഏഴ് ഇതൾ മുറിച്ചെടുക്കുന്ന രീതി കണ്ടെത്തിയത് ഈറ്റ തൊഴിലാളികളെ അൽഭുതപ്പെടുത്തി. പിന്നീട് തൊഴിലാളികൾക്കും ക്ലാസ് നൽകി ജെയിംസ് അവരുടെ ഇടയിലെ പരിചയസമ്പന്നരെയും പിന്നിലാക്കി.
ഇപ്പോൾ കരവിരുതിന്റെ വലിയ ശേഖരമാണ് ജെയിംസിനുള്ളത്. ഏറ്റവും ചെറിയ കുട്ട നിർമ്മിച്ച ഈ കലാകാരന് ലോകത്തിലെ ഏറ്റവും വലിയ കുട്ട് നിർമ്മിക്കാനുള്ള കൊതിയാണ് മനസിലുള്ളത്. സ്‌പോൺസറെ ലഭിച്ചാലുടൻ കുട്ടയുടെ പണി ആരംഭിക്കുമെന്നും ജെയിംസ് പറയുന്നു.ഇപ്പോൾ വനത്തിൽനിന്നും ലഭിച്ച പരിചയവും പരിശീലനവും കൈമുതലാക്കി ആദിവാസി ചികിൽസയും വനദൃശ്യങ്ങളും ഒത്തൊരുമിപ്പിച്ച് സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ ഫെസ്റ്റുകൾ നടത്തുകയാണ് ജെയിംസ്.
അംഗീകാരങ്ങൾ സർട്ടിഫിക്കറ്റുകളായും മെഡലുകളായും എത്തിയെങ്കിലും കിടപ്പാടമെന്ന സ്വപ്നം ജെയിംസിന് അകലെതന്നെ. ഈ വിസ്മയങ്ങളുടെ കളിത്തോഴനെ അധികാരികൾ കണ്ടെങ്കിലും കണ്ടില്ലെന്നു നടിച്ചു. ജീവിക്കാൻ തെങ്ങുകയറ്റ തൊഴിലാളിയായും വനാന്തരങ്ങളിൽ ഈറ്റവെട്ടുകാരനായും ജീവിതം അഭിനയിച്ച് തീർക്കുമ്പോഴും ഈ കലാകാരൻ അതിശയങ്ങൾ തേടിയുള്ള പ്രയാണത്തിലാണ്. തന്റെ കൈയിൽ കിട്ടുന്ന ഏത് പാഴ്‌വസ്തുവിലും കൗതുകം നിറയ്ക്കാൻ കഴിവുള്ള ഈ കലാകാരന്റെ മികവിനെ അൽഭുതമെന്ന് പറയാതെ തരമില്ല.
ലോകത്തിലെ ഏറ്റവും ചെറിയ മുളംകുട്ട ഉണ്ടാക്കിയ ജെയിംസിനെ തേടി 2000 ൽ മികച്ച ഹാന്റി ക്രാഫ്റ്റ് വിദഗ്ധൻ എന്ന ദേശീയ അംഗീകാരം എത്തി. രാഷ്ട്രപതിയായിരുന്ന എ പി ജെ അബ്ദുൽ കലാമാണ് ഈ അതിശയങ്ങളുടെ കലാകാരനെ നേരിട്ട'് ആദരിക്കാനെത്തിയത്. 2002 ൽ വീണ്ടും ജെയിംസിനെ തേടി അംഗീകാരം എത്തി. നാഗാലാന്റിൽ നടന്ന പതിനേഴ് ലോകരാഷ്ട്രങ്ങൾ പങ്കെടുത്ത ഹാന്റിക്രാഫ്റ്റ് മേളയിൽ ഇന്ത്യയുടെ പ്രതിനിധിയാകാൻ. ഇതോടെ ഇന്ത്യാ ഗവൺമെന്റ് നടപ്പിലാക്കുന്ന ജെ എസ് എസ് പ്രോഗ്രാമിന്റെ പരിശീലകനായി.എന്നാൽ വേതനമില്ലാത്ത നാമമാത്ര ജോലിയായിരുന്നു ഇതെന്ന് ജെയിംസ് പറയുന്നു.
രുചിയുടെ ലോകത്തും ജെയിംസ് കേമൻ തന്നെയെന്ന് തെളിയിക്കുന്നതായിരുന്നു ജെയിംസിന്റെ പ്രകടനം. രാജസ്ഥാനിൽ നടന്ന ദേശീയ ഫുഡ് ഫെസ്റ്റിൽ കേരളീയ വിഭവങ്ങളൊരുക്കി മികച്ച സ്റ്റാളെന്ന പദവി ജെയിംസിന്റെ നേതൃത്വത്തിൽ കേരളത്തിന് ലഭിച്ചിരുന്നു. അംഗീകാരങ്ങൾ തലയ്ക്കുമീതെ കുമിഞ്ഞുകൂടുമ്പോഴും തലചായ്ക്കാൻ ഇടമില്ലാതെ തളരുകയാണ് ഈ കലാക്കാരൻ.