കണ്ണൂർ: വടക്കേ മലബാറിലെ സഹകരണ സ്ഥാപനങ്ങളുടെ കുത്തക സിപിഎം. നാണ്. പഞ്ചായത്ത് തലം മുതൽ സംസ്ഥാന തലം വരെ പടർന്ന് പിടിച്ച സഹകരണ മേഖലക്ക് പാർട്ടി നൽകിയ പ്രാധാന്യമാണ് അതിന് പ്രധാന കാരണം. ഇന്നത്തെ നിലയിൽ സഹകരണ സംഘങ്ങളുടെ വളർച്ച്ക്ക് സിപിഎം. ന്റെ പ്രാദേശിക- ജില്ലാ-സംസ്ഥാന നേതാക്കളുടെ പങ്ക് വിസ്മരിക്കാനാവില്ല.

മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ മികച്ച ഒരു സഹകാരിയാണ്. സ്വന്തം പഞ്ചായത്തിലും സഹകരണ സംഘങ്ങളുടെ മാതൃക കാണാൻ കഴിയും. കണ്ണൂർ ജില്ലാ സഹകരണ ബാങ്കിന്റെ പ്രസിഡണ്ട് പദവിയും പിണറായി അലങ്കരിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ ഉപദേശകൻ കൂടിയാണ് പിണറായി. അടുത്തിടെ കണ്ണൂരിൽ നടന്ന സംസ്ഥാന സഹകരണ കോൺഗ്രസ്സിൽ സഹകരണ പ്രസ്ഥാനത്തിന്റെ മേന്മയെ ശ്ലാഘിക്കുമ്പോൾ തന്നെ കെടുകാര്യസ്ഥക്കെതിരെ താക്കീത് നൽകാനും മുഖ്യമന്ത്രി മറന്നില്ല.

എന്നാൽ മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരിൽ തന്നെ പേരാവൂർ സഹകരണ ആശുപത്രി സ്വകാര്യ വ്യക്തിക്ക് വിൽപ്പന നടത്തിയതുമായി ബന്ധപ്പെട്ട വിവാദം സിപിഎം. നെ തിരിഞ്ഞ് കുത്തുകയാണ്. സഹകരണ സ്ഥാപനത്തെ മറ്റാർക്കെങ്കിലും വിട്ട് കൊടുക്കുന്ന ചരിത്രം സിപിഎം. ന് ഉണ്ടായിരുന്നില്ല. നഷ്ടത്തിൽ പ്രവർത്തിച്ചാൽ പോലും അതിനേ നേരെയാക്കാൻ പഠിച്ച പണി പതിനെട്ടും അവരെടുക്കും. എന്നാൽ പേരാവൂരിൽ നടന്നത് സഹകരണ പ്രസ്ഥാനത്തിന് തന്നെ കളങ്കമായിരിക്കയാണ്. 38 ലക്ഷം രൂപയുടെ നഷ്ടമാണ് ഈ ആശുപത്രി വിൽപ്പനയിൽ നടന്നതെന്ന ആരോപണവും ഉയരുന്നുണ്ട്. 4.10 കോടി രൂപക്ക് ലേലത്തിൽ വിൽപ്പന നടത്തിയതായാണ് രേഖകളിൽ പറയുന്നത്. എന്നാൽ യഥാർത്ഥ വിൽപ്പന വില ഇതിലും കൂടുതലാണെന്നും പറയുന്നു. 2010 ലാണ് പേരാവൂർ കേന്ദ്രീകരിച്ച് സിപിഎം. സഹകരണ ആശുപത്രി ആരംഭിച്ചത്. മലയോര മേഖലയിലെ പ്രധാന കേന്ദ്രത്തിലാരംഭിച്ച ആശുപത്രി നഷ്ടത്തിലെത്തിച്ചത് കെടുകാര്യസ്ഥത ഒന്നുകൊണ്ടു മാത്രം.

കർണ്ണാടകത്തിൽ നിന്നും ഒരു വ്യവസായിക്കു വേണ്ടി ആശുപത്രി ലേലത്തിലെടുക്കാൻ ഒരാൾ വന്നതും ദുരൂഹതയുണർത്തുന്നു. ഈ വ്യവസായിക്ക് 38 ലക്ഷം രൂപ നൽകിയാണ് ലേലത്തിൽ നിന്നും പിൻതിരിപ്പിച്ചത്. സംഘം നേരിട്ട് ലേലം നടത്തിയെങ്കിലും അതൊഴിവാക്കി സഹകരണ വകുപ്പിന്റെ അനുമതിയോടെയാണ് പിന്നീട് ലേലം നടന്നത്. ചിലർക്ക് പണം തട്ടിയെടുക്കാൻ കർണ്ണാടക വ്യവസായി എന്ന പേരിൽ ചില നേതാക്കൾ തന്നെ സൃഷ്ടിച്ചതാണ് എന്നും പറയുന്നു. കേരളത്തിലെ ഒരു ആശുപത്രി ലേലം ചെയ്യുന്നത് കർണ്ണാടക വ്യവസായി എങ്ങിനെയാണ് അറിഞ്ഞതെന്ന സംശയവും നിലനിൽക്കുന്നു. സംഘം ഭരണ സമിതിയിൽ പോലും ഈ വിഷയം ചർച്ചയായിട്ടില്ല. വിദേശ നഴ്സിങ് ജോലിക്കു വേണ്ടി നഴ്സിങ് കൗൺസിലിന്റെ വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ കേസിൽ അറസ്റ്റിലായ വ്യക്തിക്കാണ് ആശുപത്രി വിറ്റതെന്ന പരാതിയും നിലനിൽക്കുന്നുണ്ട്.

പേരാവൂർ സഹകരണ ആശുപത്രി നഷ്ടത്തിലായതും വിൽപ്പന നടത്തിയതുമായ കാര്യങ്ങൾ പാർട്ടിയിൽ ശക്തമായ പ്രതിഷേധം ഉണ്ടാക്കിയിട്ടുണ്ട്. ആശുപത്രി സംഘം പ്രസിഡണ്ടിന്റെ തലയിൽ മാത്രം കുറ്റങ്ങൾ ചാർത്തി നടപടിയെടുക്കാനായിരുന്നു ആദ്യ ശ്രമം. എന്നാൽ ചില സീനിയർ നേതാക്കൾ കൂടി പ്രതിപ്പട്ടികയിൽ ഉണ്ടെന്ന പാർട്ടി അണികളുടെ ആരോപണത്തെ തുടർന്ന് അന്വേഷണത്തിന് സംസ്ഥാന സമിതി അംഗം ജെയിംസ് മാത്യുവിനേയും മുൻ ജില്ലാ സഹകരണ ബാങ്ക് പ്രസിഡണ്ട് പി. ഹരീന്ദ്രനേയും നിയോഗിച്ചിരിക്കയാണ്. സാമ്പത്തിക ആരോപണങ്ങളെക്കുറിച്ചാണ് അന്വേഷണം നടത്തുക. സഹകരണ മേഖലയിൽ കഴിഞ്ഞ സഹകരണ കോൺഗ്രസ്സിന് ശേഷം സഹകരണ വകുപ്പിന്റെ ഇടപെടൽ കാര്യക്ഷമമായി വരികയാണ്.

ഓഡിറ്റിങും ഇൻസ്പെക്ഷനും മാത്രം നടത്തി പോന്ന പതിവ്നടപടി ക്രമത്തിൽ നിന്നും മാറി സംഘത്തിന്റെ നയരൂപീകരണം നഷ്ടത്തിലേക്ക് കുതിക്കാതിരിക്കാനുള്ള ഉപദേശം എന്നിവ ലാക്കാക്കി പ്രവർത്തനം നടത്തി വരികയാണ്. അതിനിടെയാണ് പേരാവൂർ സഹകരണ ആശുപത്രി വിവാദം കൊഴുക്കുന്നത്.