കൊച്ചി: കെഎസ്ആർടിസിയുടെ അതിവേഗ സർവീസ് നടത്തുന്ന ബസുകളിൽ നിന്നുകൊണ്ട് യാത്ര ചെയ്യുന്നതിന് ഹൈക്കോടതി വിലക്ക് ഏർപ്പെടുത്തിയതോടെ കെഎസ്ആർടിസിക്ക് അത് വലിയ തിരിച്ചടിയാകുമെന്നാണ് ആദ്യഘട്ട വിലയിരുത്തൽ വന്നത്. എക്സ്‌പ്രസ്, സുപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ യാത്രക്കാർ നിന്ന് യാത്ര ചെയ്യുന്നതിനാണ് കോടതി വിലക്ക് ഏർപ്പെടുത്തിയത്. നഷ്ടത്തിൽ ഓടുന്ന കെഎസ്ആർടിസിയെ കൂടുതൽ നഷ്ടത്തിലേക്ക് ഈ ഉത്തരവ് നയിക്കുമെന്നും വ്യാപകമായി വിമർശനം ഉയരുന്നു. ഉത്തരവിനെതിരെ അപ്പീൽ നൽകാനുള്ള ആലോചനയിലാണ് കെഎസ്ആർടിസി മാനേജ്മെന്റ്.

എന്നാൽ ഇതല്ല യഥാർത്ഥത്തിൽ സംഭവിക്കുകയെന്നും ഈ വിധിമൂലം ഉണ്ടാകുമെന്ന് പറയുന്ന കുറവുകൾ പരിഹരിക്കാൻ മറ്റ് നിരവധി മാർഗങ്ങൾ കോർപ്പറേഷന് അവലംബിക്കാമെന്നും മറുവാദവും ഉയരുന്നു. അധിക യാത്രാക്കൂലി ഈടാക്കുന്ന സൂപ്പർ ക്‌ളാസ് സർവീസുകളിൽ യാത്രക്കാർക്ക് അധിക സൗകര്യങ്ങൾ നൽകണമന്നും അതിനാൽ തന്നെ നിന്നും യാത്രചെയ്യാൻ സന്നദ്ധരാവുന്നവരെ കൂടി തിക്കിനിറച്ച് അത്തരം ബസ്സുകളിൽ കയറ്റരുതെന്നും ആയിരുന്നു ആവശ്യമുയർന്നത്. കഴിഞ്ഞ 29 വർഷമായി ഇത്തരം വിഷയങ്ങളിൽ നിയമപരമായി ഇടപെടുന്ന പാലായിലെ സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷനാണ് ഇത്തരമൊരു പരാതിയുമായി കോടതിക്ക് മുന്നിലെത്തുന്നതും ഇപ്പോൾ അനുകൂല വിധി സമ്പാദിച്ചതും.

ഇത്തരമൊരു വിധി കെഎസ്ആർടിസിയുടെ വരുമാനത്തെ പ്രതികൂലമായി ബാധിക്കില്ലെന്ന് സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷൻ സ്ഥാപകനും ഗതാഗത മാനേജ്‌മെന്റ് വിദഗ്ധനുമായ ജെയിസ് വടക്കൻ വ്യക്തമാക്കി. കഴിഞ്ഞ ഒക്ടോബറിൽ കെഎസ്ആർടിസി ഓർഡിനറി ബസ്സുകൾ ഒരു കിലോമീറ്ററിന് 3116 പൈസ വരുമാനം നൽകിയെങ്കിൽ സൂപ്പർ എക്സ്‌പ്രസ് ബസ്സുകളുടെ കിലോമീറ്റർ വരുമാനം കേവലം 3063 പൈസയും സൂപ്പർ ഡീലക്‌സിന്റേത് 3051 പൈസയും ആയിരുന്നു. ഫാസ്റ്റ് പാസഞ്ചറിന് 3466 പൈസയും സൂപ്പർ ഫാസ്റ്റിന് 3360 പൈസയും ആയിരുന്നു കിലോമീറ്റർ വരുമാനം. മിക്ക മാസങ്ങളിലേയും നില ഇതുതന്നെ.

കോടതി വിധി മൂലം യാത്രക്കാർക്ക് ക്‌ളേശമുണ്ടാകും എന്ന് പറയുന്നുണ്ടെങ്കിലും അത് ഒഴിവാക്കാൻ നിലവിലെ എല്ലാ സൂപ്പർ ക്‌ളാസ് സർവീസുകളിലും ഓർഡിനറി യാത്രാക്കൂലി ഈടാക്കുകയാണ് പോംവഴിയെന്ന നിർദ്ദേശമാണ് ഉയരുന്നത്. സൂപ്പർ ക്‌ളാസുകളുടെ ബോർഡുകൾ ടിടി ഓർഡിനറി, ഫാസ്റ്റ് ഓർഡിനറി, ലിമിറ്റഡ് സ്‌റ്റോപ്പ് ഓർഡിനറി എന്നിങ്ങി മാറ്റി പ്രശ്‌നം പൂർണമായും പരിഹരിക്കാമെന്നാണ് വാദം.

സൂപ്പർ ക്‌ളാസ് ബസുകളുടെ യാത്രാക്കൂലി ഓർഡിനറി ആക്കിയാൽ കൂടുതൽ യാത്രക്കാർ അത്തരം ബസ്സുകളിൽ കയറുമെന്നും നിലവിലെ സൂപ്പർ ക്‌ളാസിനേക്കാൾ വരുമാനം കിട്ടുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. നിലവിലുള്ള സൂപ്പർ ക്‌ളാസ് സർവീസുകളുടെ റണ്ണിങ് ടൈമും സ്റ്റോപ്പുകളും മാറ്റാതെ തന്നെ ടിടി ഓർഡിനറി ആയി ഓടിക്കാനാവും. കായംകുളത്തു നിന്ന് കാസർകോട് ജില്ലയിലെ കൊന്നക്കാട്ടേക്ക് 600 കിലോമീറ്റർ ദൂരത്തിൽ ഓർഡിനറി നിരക്കിൽ സൂപ്പർ എക്സ്‌പ്രസിന്റെ വേഗതയിൽ കെഎസ്ആർടിസി തന്നെ ടിടി ഓർഡിനറി ഓടിച്ചിരുന്നു. നിലവിൽ എറണാകുളത്തുനിന്ന് പഴനിയിലേക്കും (250 കി.മീ) ആലപ്പുഴ നിന്ന് മൂന്നാറിലേക്കും കട്ടപ്പനയ്ക്കും കുമളിയിൽ നിന്ന് എറണാകുളത്തേക്കും കെഎസ്ആർടിസി അതിവേഗ ഓർഡിനറി ബ്സ്സുകൾ ഓടിക്കുന്നുണ്ട്.

ജനങ്ങളെ കൊള്ളയടിക്കുന്ന അമിത ചാർജ് ഈടാക്കുന്ന സൂപ്പർ ക്‌ളാസ് സർവീസുകളെല്ലാം ഓർഡിനറി നിരക്കീടാക്കുന്ന സർവീസുകളായി മാറ്റാൻ കെഎസ്ആർടിസിക്ക് ഒരുദിവസം മതി. ഇലക്ട്രോണിക് ടിക്കറ്റ് മെഷിനിൽ ഓർഡിനറി ചാർജ് അപഡേറ്റ് ചെയ്താൽ മാത്രം മതി മാറ്റങ്ങൾ വരുത്താൻ. സൂപ്പർ ക്‌ളാസ് സർവീസുകൾക്ക് എതിരെ 1989 മുതൽ നടത്തുന്ന നിയമ പോരാട്ടത്തിന്റെ വിജയമാണ് ഇന്ന് ഹൈക്കോടതി വിധിയിലൂടെ ഉണ്ടായത്. സ്വകാര്യ സൂപ്പർ ക്‌ളാസ് സർവീസുകൾ കെഎസ്ആർടിസിയെ കൊണ്ട് ഏറ്റെടുപ്പിക്കുന്നതിലും മറ്റ് അനുബന്ധ മേഖലകളിലും നിരവധി കേസുകൾ നടത്തി വിജയിച്ച സ്ഥാപനമാണ് പാലായിലെ സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷൻ.

ബസ് ചാർജ് വർധിപ്പിക്കാൻ കണക്കുകളുടെ പിലൻബലം ഉണ്ടാവണമെന്നും അതിനായി നാറ്റ്പാക് ഇടപെടൽ ഉണ്ടാവണമെന്നും ഉള്ള ഹൈക്കോടതി കേസുകളും സെന്റർ നൽകിയിരുന്നു. റോഡിലെ ഫ്‌ളക്‌സ് ബോർഡുകൾ, റോഡിലെ പ്രകടനം തുടങ്ങിയ നിരവധി വിഷയങ്ങളിലും സെന്റർ കോടതിയെ സമീപിച്ചിട്ടുണ്ട്. അഡ്വ. ജോൺസൺ മന ആണ് സെന്ററിന്റെ അഭിഭാഷകൻ. വിവിധ വിഷയങ്ങളിൽ ഗൗരവമേറിയ പഠനങ്ങളും ഗവേഷണങ്ങളും നടത്തുന്ന സെന്റർ കണക്കുകളുടേയും നിയമവശങ്ങളുടെ പഠനത്തിന്റെ പിൻബലത്തിലുമാണ് ഇത്തരം ഹർജികൾ നൽകുന്നത്.

ഉയർന്ന നിരക്ക് ഈടാക്കുന്ന ബസുകളിൽ ഇരുന്ന് യാത്ര ചെയ്യാൻ യാത്രക്കാർക്ക് അവകാശമുണ്ടെന്ന് ഇന്നത്തെ വിധിയിൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിൽ പറയുന്നു. ബസുകളിൽ ആളുകളെ നിർത്തി യാത്ര ചെയ്യിക്കരുതെന്നും കെ.എസ്.ആർ.ടി.സി ലക്ഷ്വറി ബസുകൾക്കും ഉത്തരവ് ബാധകമാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ബസ്ചാർജ് വർധന നടപ്പാക്കുക, മോട്ടോർ വാഹന ചട്ടം കൃത്യമായി പാലിക്കാൻ നിർദ്ദേശിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടും ചാർജ് വർധന നടപ്പാക്കുമ്പോൾ യാത്രക്കാരുടെ സൗകര്യവും വർധിപ്പിക്കണമെന്നും ഉള്ള 199ലെ കോടതി വിധി പാലിക്കപ്പെട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയും ആയിരുന്നു ഇപ്പോഴത്തെ ഹർജി.