ഭീകരതയുമായി മുഖാമുഖം നേരിടേണ്ടിവന്ന കഥ ജമ്മു കാശ്മീരിലെ ഓരോ യുവാവിനും പറയാനുണ്ടാകും. അത്തരമൊരു കഥ മാത്രമല്ല അഞ്ജും ബഷീർ ഖാൻ ഖട്ടക്ക് എന്ന 27-കാരന് പറയാനുള്ളത്. ഭീകരർ വീടുതകർത്തിട്ടും തന്റെ സ്വപ്നത്തെ വിടാതെ പിന്തുടർന്ന അഞ്ജും ബഷീർ, ജമ്മു കാശ്മീർ പബ്ലിക് സർവീസ് കമ്മിഷന്റെ സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാം റാങ്കോടെ പാസ്സായി. അതും ആദ്യശ്രമത്തിൽത്തന്നെ.

ഉന്നത ഉദ്യോഗസ്ഥനാവുകയെന്ന സ്വപ്‌നമാണ് കാശ്മീർ അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസിൽ പ്രവേശിച്ചതോടെ അഞ്ജുമിന് സ്വന്തമാകാൻ പോകുന്നത്. ഭീകരതയുടെ താവളങ്ങളിലൊന്നായിരുന്ന സുരാൻകോട്ടിൽനിന്നാണ് അഞ്ജും ബഷീർ പറയുന്നത്. 1998-ൽ അദ്ദേഹത്തിന്റെ വീട് ഭീകരർ തകർത്തു. പക്ഷേ, ഭീതിയുടെ തടവറയിലേക്ക് ജീവിതം ഒളിച്ചുവെക്കാൻ അദ്ദേഹം തയ്യാറായില്ല. കാശ്മീർ അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസിൽ പ്രവേശിക്കുകയെന്ന സ്വപ്‌നം സ്‌കൂളിൽവെച്ചുതന്നെ അഞ്ജുവിന്റെ മനസ്സിൽ കടന്നുകൂടിയിരുന്നു.

2012-ൽ ബാബ ഗുലാം ഷാ ബാദ്ഷാ സർവകലാശാലയിൽനിന്ന് എൻജിനീയറിങ് ബിരുദം നേടിയ ശേഷം സ്വന്തം നിലയ്ക്ക് സിവിൽ സർവീസിനുള്ള പരിശീലനം സ്വന്തം നിലയ്ക്ക് അഞ്ജും ആരംഭിച്ചിരുന്നു. ഇതിനിടെ, സർക്കാർ സ്‌കൂളൽ അദ്ധ്യാപകനായി ജോലി ലഭിച്ചു. കോളേജ് അദ്ധ്യാപകനായിരുന്നു അഞ്ജുമിന്റെ പിതാവ് മുഹമ്മദ് ബഷീർ ഖാൻ. അമ്മ ഗുലാം ഫാത്തിമ സകൂളിൽ അദ്ധ്യാപികയുമായിരുന്നു.

അഞ്ജുമിനെപ്പോലെതന്നെ സിവിൽ സർവീസിൽ നാലാം റാങ്കോടെ പ്രവേശനം തേടിയ കാശ്യപ് നേഹ പണ്ഡിതയ്ക്കും സമാനമായ കഥയുണ്ട്. കാശ്മീരി പണ്ഡിറ്റ് സമുദായത്തിൽപ്പെട്ട നേഹ, വരുന്നത് സർക്കാർ കെട്ടിക്കൊടുത്ത ടെന്റിലിരുന്ന് പഠിച്ചാണ്. ജമ്മുവിന്റെ പ്രാന്തപ്രദേശമായ ഝിറി മേഖലയിലാണ് നേഹ താമസിച്ചിരുന്നത്. പിന്നീട് മിസ്രിവാലയിലെ ഒറ്റമുറി വീട്ടിലേക്ക് മാറി. ഷോപ്പിയാൻ ജില്ലയിലെ വീട്ടിൽനിന്ന് ഭീകരരുടെ തോക്കിന്മുനയിൽനിന്ന് രക്ഷപ്പെട്ട് ഝിറിയിലേക്ക് പലായനം ചെയ്ത കുടുംബമാണ് നേഹയുടേത്.

ഓർഗാനിക് കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദവും ബിഎഡും സ്വന്തമാക്കിയിട്ടുള്ള നേഹ 27-ാം വയസ്സിൽ ആദ്യശ്രമത്തിൽത്തന്നെ കാശ്മീർ അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസിൽ പ്രവേശനം തേടി. കാശ്മീരി പണ്ഡിറ്റുകൾക്ക് ലഭിച്ചിരുന്ന സാമ്പത്തിക സഹായവും റേഷനുമായിരുന്നു നേഹയുടെ കുടുംബത്തിന്റെ ആശ്രയം. അമ്മാവൻ രത്തൻ ലാലിന്റെയും സഹോദരൻ ഡോ. കാശ്യപ് വിരേഷും നൽകിയ പിന്തുണയാണ് നേഹയെ സിവിൽ സർവീസിൽ വിജയങ്ങളിലേക്ക് നയിച്ചത്.