ശ്രീനഗർ: ജമ്മു കശ്മീരിൽ രണ്ട് ഭീകരരെ എൻഐഎ പിടികൂടി. ലഷ്‌കർ ഇ ത്വായ്ബ അനുബന്ധ സംഘടനയായ ദി റസിസ്റ്റൻസ് ഫോഴ്സിലെ(ടിആർഎഫ്) രണ്ട് ഭീകരരെയാണ് പിടികൂടിയത്. കശ്മീരിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട അഹമ്മദ് വാനി, ഫായിസ് അഹമ്മദ് ഖാൻ എന്നിവരാണ് പിടിയിലായത്.

കശ്മീരിലെ വിവിധ ഭാഗങ്ങളിൽ എൻഐഎ നടത്തിയ റെയ്ഡിലാണ് ഭീകരരെ പിടികൂടിയത്. ശ്രീനഗർ, അനന്ത്നാഗ് , കുൽഗാം, ബാരാമുള്ള, ദോഡ, കിഷ്ത്വാർ ഉൾപ്പെടെ 16 ജില്ലകളിലാണ് എൻഐഎ റെയ്ഡ് നടത്തിയത്.

ന്യൂനപക്ഷത്തെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങൾ വർദ്ധിച്ച സാഹചര്യത്തിൽ കശ്മീർ പൊലീസിന്റെയും സിആർപിഎഫിന്റെയും സഹായത്തോടെയാണ് എൻഐഎ പരിശോധന നടന്നത്.

കശ്മീരിലെ മുസ്ലിം യുവാക്കളെ ഭീകരതയിലേക്ക് കൊണ്ടുവരുന്നതിനായി ഐ എസ് ഭീകരർ പ്രവർത്തിക്കുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഐ എസിന്റെ വോയ്സ് ഓഫ് ഹിന്ദ് മാഗസിൻ കേസുമായി ബന്ധപ്പെട്ട വിവരങ്ങളും രഹസ്യന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന വ്യാപക പരിശോധന നടന്നത്.