മ്മു കാശ്മീർ പ്രശ്‌നം പരിഹരിക്കൽ അത്ര എളുപ്പമല്ലെന്ന് ബിജെപിക്കും വ്യക്തമായി. കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ 370-ാം വകുപ്പിൽ തൊടില്ലെന്ന് ഉറപ്പാക്കി ബിജെപി പ്രകടന പത്രിക പുറത്തിറക്കി. ബിജെപിയുടെ സ്ഥാനാർത്ഥികളടക്കം ഒട്ടേറെപ്പേർ ഇക്കാര്യത്തിൽ എതിർപ്പുമായി രംഗത്തെത്തിയതോടെയാണ് വിവാദ വിഷയത്തെ തൊടേണ്ടെന്ന് അമിത് ഷായും കൂട്ടരും തീരുമാനിച്ചത്.

370-ാം വകുപ്പ് അസാധുവാക്കുന്ന കാര്യം പ്രകടനപത്രികയിൽ പരാമർശിച്ചാൽ ആദ്യം തോക്കെടുക്കുക താനായിരിക്കുമെന്ന് ശ്രീനഗറിലെ ആമിറ കാഡൽ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായ ഹിന ഭട്ട് പ്രഖ്യാപിച്ചിരുന്നു. സ്വയംഭരണ വകുപ്പിൽ തൊട്ടാൽ, അത് കാശ്മീരികളെ വീണ്ടും അക്രമത്തിലേക്ക് നയിക്കും. ഞാനും ഒരു കാശ്മീരുകാരിയാണെന്ന് ഓർക്കണം-എന്നായിരുന്നു അവരുടെ പ്രഖ്യാപനം. അനന്തനാഗ് മണ്ഡലത്തിലെ സ്ഥാനാർത്ഥിയായ ഗുലാം നബി ധറും 370-ാം വകുപ്പ് സംരക്ഷിക്കേണ്ടതാണെന്ന് പ്രഖ്യാപിച്ചിരുന്നു.

നവംബർ 25-നാണ് അഞ്ച് ഘട്ടങ്ങളായുള്ള തിരഞ്ഞെടുപ്പ് പ്രക്രീയക്ക് തുടക്കം കുറിക്കുന്നത്. മഹാരാഷ്ട്രയിലും ഹരിയാണയിലും നേടിയ വിജയങ്ങളുടെ ചുവടുപിടിച്ച് കാശ്മീരിലും ചരിത്ര നേട്ടം കുറിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. കാശ്മീരിൽ ബിജെപിയുടെ വരവ് സ്വയംഭരണമുറപ്പാക്കുന്ന 370-ാം വകുപ്പ് അസാധുവാക്കിയേക്കുമെന്ന ധാരണ ആദ്യം മുതൽക്കുതന്നെ ഉയർത്തിയിരുന്നു. എന്നാൽ, ഇപ്പോൾ അതിൽനിന്ന് തീർത്തും പിന്നോക്കം പോയിരിക്കുകയാണ് പാർട്ടി.

87 അംഗ നിയമസഭയിൽ ഭൂരിപക്ഷത്തിനാവശ്യമായ 44 സീറ്റുകൾ നേടാനാകുമെന്നുതന്നെയാണ് ബിജെപി കണക്കുകൂട്ടുന്നത്. നരേന്ദ്ര മോദിയുടെ പ്രഭാവത്തിൽ മിഷൻ 44 എന്ന പരിപാടിക്കും അമിത് ഷാ തുടക്കമിട്ടിരുന്നു. കാശ്മീരിന് പ്രത്യേക പദവി നൽകുന്ന 370-ാം വകുപ്പ് കാലങ്ങളായുള്ള തർക്ക വിഷയമാണ്. പൗരത്വമുൾപ്പെടെയുള്ള കാര്യങ്ങളിൽ കാശ്മീരികൾക്ക് പ്രത്യേക അവകാശങ്ങൾ അനുവദിക്കുന്ന നിയമം എടുത്തുമാറ്റേണ്ടതാണെന്ന ആവശ്യം നേരത്തെ ഉയർന്നിരുന്നു.

വിവാദ വകുപ്പ് അസാധുവാക്കുമെന്ന പ്രഖ്യാപനം ബിജെപിയുടെ പ്രകടനപത്രികയിൽ ഉണ്ടാവുമെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ, അക്കാര്യം പൂർണമായി ഉപേക്ഷിച്ചിട്ടില്ലെന്നും ഈ വകുപ്പിന്റെ പ്രയോജനം സംസ്ഥാനത്താകെയുള്ളവർക്ക് ലഭിക്കുന്നുണ്ടോ എന്ന കാര്യം പരിഗണിച്ചുവരികയാണെന്ന് ബിജെപി ജമ്മു കാശ്മീർ വക്താവ് ഖാലിദ് ജഹാംഗീർ പറഞ്ഞു.