ശ്രീനഗർ: കത്വയിൽ പെൺകുട്ടി കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട കേസിലെ വിചാരണ ജമ്മു കാഷ്മീരിനു പുറത്തുനടത്തണമെന്ന് പെൺകുട്ടിയുടെ കുടുംബം. ഇക്കാര്യം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്നും പെൺകുട്ടിയുടെ കുടുംബം അറിയിച്ചു. കേസിൽ രാഷ്ട്രീയ ഇടപെടലുണ്ടായ സാഹചര്യത്തിലാണ് നീക്കം. കേസിലെ വിചാരണ അതിവേഗ കോടതിയിൽ വേണമെന്നു ശനിയാഴ്ച ജമ്മു കാഷ്മീർ ഹൈക്കോടതി ചീഫ് ജസ്റ്റീസിനോടു മുഖ്യമന്ത്രി മെഹബൂബ മുഫ്തി കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട് എട്ടുപേരാണ് അറസ്റ്റിലായിട്ടുള്ളത്.

എട്ടു വയസ്സുമാത്രം പ്രായമുള്ള പെൺകുട്ടിയെ പൂജാരിയും നിയമ പാലകരായ പൊലീസും അടങ്ങുന്ന ആറംഗ സംഘം ദിവസങ്ങളോളം കെട്ടിയിട്ട് പീഡിപ്പിച്ച ശേഷം അതിക്രൂരമായി കൊന്നത് രാജ്യത്തെ ഇളക്കിമറിച്ചിരുന്നു. ക്ഷേത്രത്തിനുള്ളിൽ വച്ച് പൂജാരിയും രണ്ട് പൊലീസുകാരും പ്രായപൂർത്തിയാവാത്ത ഒരാളും അടക്കം ആറംഗ സംഘമാണ് ദിവസങ്ങളോളം കെട്ടിയിട്ട് പീഡിപ്പിച്ചു കൊന്നത്.

എട്ടു വയസ്സുള്ള ഈ കുഞ്ഞിനെ കെട്ടിയിട്ട ശേഷമായിരുന്നു പീഡനം അരങ്ങേറിയത്. ഒരാഴ്ചയോളം കെട്ടിയിട്ട് പീഡിപ്പിച്ച കുഞ്ഞിനെ ആവശ്യം കഴിഞ്ഞപ്പോൾ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രായപൂർത്തിയാകാത്തയാളാണ് കുട്ടിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയും കാട്ടിൽ ഉപേക്ഷിക്കുകയും ആയിരുന്നെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു.

ജനുവരി 10നാണ് ഈ സംഘം കുട്ടിയെ തട്ടിക്കൊണ്ടു പോയി ക്ഷേത്രത്തിനുള്ളിൽ ഒളിവിൽ വെച്ചത്. ക്ഷേത്രത്തിലെ പൂജാരിയായ സഞ്ജയ് റാമാണ് ഗൂഢാലോചനയിലെ മുഖ്യപ്രതി. ഇയാളും സ്പെഷ്യൻ പൊലീസ് ഓഫീസർമാരായ ദീപക് കജുരിയ, സുരേന്ദർ വർമ, സുഹൃത്ത് പർവേശ് കുമാർ എന്ന മന്നു, സഞ്ജിറാമിന്റെ മകൻ വിശാൽ, പ്രായപൂർത്തിയാവാത്ത അനന്തിരവൻ എന്നിവരാണ് പ്രതികൾ. കത്വ ജില്ലയിലെ രസാന മേഖലയിൽ ജീവിക്കുന്ന ബക്രീവാൾ നാടോടിസംഘത്തെ പ്രദേശത്ത് നിന്നും ഓടിക്കാൻ പ്രതികൾ ആസൂത്രിതമായാണ് പീഡനവും കൊലപാതകവും ആസൂത്രണം ചെയതത്.

സഞ്ജിറാമിന്റെ പ്രായപൂർത്തിയാവാത്ത അനന്തിരവൻ കല്ലുപയോഗിച്ച് പെൺകുട്ടിയുടെ തലയിൽ ഇടിച്ച് കൊന്നു. ശേഷം കുട്ടിയുടെ മൃതദേഹം കാട്ടിൽ ഉപേക്ഷിക്കുക ആയിരുന്നു. കുട്ടിക്ക് വേണ്ടി തിരച്ചിൽ നടത്തിയ നാട്ടുകാർ ജനുവരി 17നാണ് കുട്ടിയുടെ മൃതദേഹം കാട്ടിൽ നിന്നും കണ്ടെത്തിയത്. ജനുവരി 23ന് കേസ് സംസ്ഥാന സംസ്ഥാന സർക്കാർ ക്രൈംബ്രാഞ്ചിന് കൈമാറുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരകൃത്യത്തിന്റെ ചുരുളഴിയുന്നത്. കേസിലെ നിർണായക തെളിവുകൾ നശിപ്പിക്കാൻ പ്രതികളെ സഹായിച്ച പൊലീസ് ഇൻസടറായ ആനന്ദ് ദത്തയെയും ഹെഡ് കോൺസറ്റബിൾ തിലക് രാജിനെയും പൊലീസ് പിടികൂടിയിരുന്നു.

ജനുവരി 10ന് തന്റെ കുതിരകളെ വീട്ടിലേക്ക് കൊണ്ടുവരാനായി കാടിന്റെ ഭാഗത്തേക്ക് പോയ കുട്ടിയെ ഇവർ തട്ടിക്കൊണ്ടു പോവുകയായിരുന്നു. കുതിരകൾ തിരിച്ചെത്തിയിട്ടും കുട്ടിയെ കാണാതായതോടെ പെൺകുട്ടിയുടെ അമ്മ കുട്ടിയുടെ പിതാവിനെ അറിയിച്ചു. രാത്രി മുഴുവൻ ഇവർ നാട്ടുകാരുമായി ചേർന്ന് തിരച്ചിൽ നടത്തുകയും പൊലീസിൽ അറിയിക്കുകയും ചെയ്തു. എന്നാൽ കുട്ടിയെ കുറിച്ച് വിവിരം ഒന്നം കിട്ടിയില്ല. ജനുവരി 17ന് മൃതദേഹം മാത്രമാണ് കിട്ടിയത്.