ന്യൂഡൽഹി: ഇന്ത്യ മുഴുവൻ കാവിക്കൊടി പാറിക്കാനുള്ള ബിജെപിയുടെ നീക്കത്തിന് തിരിച്ചടി നൽകി ജമ്മുകാശ്മീർ. പിഡിപിയും നാഷണൽ കോൺഫറൻസും കോൺഗ്രസും ചേർന്ന് നിലവിലെ രാഷ്ട്രപതി ഭരണത്തിന് അന്ത്യം കുറിച്ചു കൊണ്ട് സർക്കാർ രൂപീകരിക്കാൻ ശ്രമിച്ചതാണ്ബിജെപിക്ക് കാശ്മീരിൽ കിട്ടിയ ആദ്യത്തെ ഷോക്ക് ട്രീറ്റ്‌മെന്റ്. എന്നാൽ ഈ നീക്കത്തെ നിയമ സഭ തന്നെ പിരിച്ചു വിട്ടുകൊണ്ട് കൂട്ടുകക്ഷി ഗവൺമെന്റ് എന്ന പിഡിപിയുടെ മോഹത്തെ ബിജെപി തകർത്തു. ഇതോടെ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം ജമ്മ കാശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പും നടക്കുമെന്ന് ഉറപ്പായി.

ലോക്‌സഭാ തിരഞ്ഞെടുപ്പു പടിവാതിൽക്കൽ എത്തി നിൽക്കെ ഒരു സംസ്ഥാനത്തു കൂടി ബിജെപി വിരുദ്ധ പ്രതിപക്ഷ സഖ്യം അധികാരത്തിൽ വരുന്നതു തടയാൻ കൂടിയാണ് കേന്ദ്രസർക്കാരും ബിജെപിയും സർക്കാർ പിരിച്ചുവിടുന്ന നടപടിയിലേക്കു നീങ്ങിയത്. ബദ്ധശത്രുക്കളായ നാഷണൽ കോൺഫറൻസും പിഡിപിയും ഒരുമിക്കുമെന്ന സൂചന വന്നതോടെ കൂടുതൽ പരീക്ഷണത്തിന് കാത്തു നിൽക്കാനുള്ള കരുത്ത് ബിജെപിക്ക് ഉണ്ടായില്ല. ഇതോടെയാണ് കോൺഗ്രസിനെയും നാഷണൽ കോൺഫറൻസിനെയും കൂട്ടുപിടിച്ചു കൊണ്ടുള്ള ബദ്ധ ശത്രുവായ പിഡിപിയുടെ സർക്കാർ രൂപീകരണ മോഹത്തെ നിയമ സഭ പിരിച്ചു വിട്ടു കൊണ്ട് ബിജെപി തകർത്തത്.

ഇതോടെ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിനോടൊപ്പം ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പും നടക്കാൻ സാധ്യതയേറി. ഈ ലക്ഷ്യത്തോടെയാണ് ഗവർണർ സത്യപാൽ മാലിക് നിയമസഭ പിരിച്ചുവിട്ടത്. കശ്മീരിൽ 6 വർഷമാണ് നിയമസഭയുടെ കാലാവധി. 2020 ലാണ് സാധാരണനിലയിൽ തിരഞ്ഞെടുപ്പു നടക്കേണ്ടിയിരുന്നത്. എന്നാൽ ബിജെപിയുടെ കുതന്ത്രത്തിൽ കുരുങ്ങി തിരഞ്ഞെടുപ്പ് ജമ്മുകാശ്മീരിൽ നേരത്തെ എത്തി.

പിഡിപിയെ ബിജെപി പിളർത്തുമെന്ന ശക്തമായ അഭ്യൂഹം ഏറെ നാളായി ഇവിടെ നിലനിന്നിരുന്നു. ഇതാണ് പിഡിപിയെ കോൺഗ്രസിനും നാഷണൽ കോൺഫറൻസിനും ഒപ്പം ചേരാൻ പ്രേരിപ്പിച്ചത്. ഇതോടെ പിഡിപി, നാഷനൽ കോൺഫറൻസ്, കോൺഗ്രസ് കക്ഷികൾ വേഗം അടുത്തു. പിഡിപി നേതാവിന് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തുകൊണ്ട് ഭരണം തിരിക്കാനും സഖ്യം തീരുമാനത്തിലാകുകയും ചെയ്തു.

കശ്മീരിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സർക്കാർ രൂപവൽക്കരിക്കാൻ ബിജെപിയും പ്രതിപക്ഷ കക്ഷികളും കൊണ്ടു പിടിച്ചു ശ്രമിക്കുകയായിരുന്നു. കർണാടകയിലെപ്പോലെ ഇവിടെയും പ്രതിപക്ഷം ഭരണത്തിലെത്തുന്നത് എന്തു വില കൊടുത്തും തടയുക എന്നായിരുന്നു ബിജെപിയുടെ തന്ത്രം. അതിനായി, ഒരുകാലത്തു വിഘടനവാദിയായിരുന്ന സജ്ജാദ് ലോണിന് മുഖ്യമന്ത്രി സ്ഥാനം നൽകാൻ വരെ തയാറായി. രണ്ട് എംഎൽഎമാർ മാത്രമുള്ള ലോണിന് ഭൂരിപക്ഷം ഇല്ലെന്നു വ്യക്തമായിരുന്നു. ഇതോടെ ആ നീക്കം പാളി.

സഖ്യനീക്കം നടക്കുമ്പോഴും നിയമസഭ പിരിച്ചു വിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകുമെന്നു പ്രതിപക്ഷ കക്ഷികൾ സംശയിച്ചിരുന്നു. നിയമസഭ മരവിപ്പിച്ചു നിർത്തുകയേയുള്ളൂ എന്നു ഗവർണർ സത്യപാൽ മാലിക് പറഞ്ഞതിനെ ഇവർ വിശ്വസിച്ചിരുന്നില്ല. രാഷ്ട്രപതി ഭരണത്തിന്റെ കാലാവധിയാകട്ടെ ഡിസംബർ 19 ന് കഴിയേണ്ടതായിരുന്നു.

പ്രതിപക്ഷ കക്ഷികൾ ഗവർണറുടെ നടപടിക്കെതിരേ കോടതിയെ സമീപിക്കുമോ എന്നു വ്യക്തമായിട്ടില്ല. നിയമസഭ പിരിച്ചു വിട്ടതിനാൽ ഇനി കോടതിയുടെ ഇടപെടലിനും സാധ്യത കുറവാണ്. പുതിയ തിരഞ്ഞെടുപ്പു മാത്രമേ പോംവഴിയായുള്ളൂ. കശ്മീരിലും ഏതായാലും പുതിയ പ്രതിപക്ഷ സഖ്യം നിലവിൽ വന്നു കഴിഞ്ഞു. ഈ സഖ്യം ഒരുമിച്ച് മുന്നണിയായിത്തന്നെ മത്സരിക്കാനാണു സാധ്യത. അങ്ങനെ എങ്കിൽ അത് ബിജെപിക്ക് കനത്ത തിരിച്ചടിയാകും.

പിഡിപിയും നാഷനൽ കോൺഫറൻസും ഇതുവരെ ബദ്ധവൈരികളായി നിന്ന കക്ഷികളാണ്. കോൺഗ്രസ് നേരത്തേ 2 തവണ പിഡിപിയുമായി സഖ്യമുണ്ടാക്കിയിട്ടുണ്ട്: 2002 ലും 2008 ലും. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് പിഡിപി സർക്കാരിനുള്ള പിന്തുണ ബിജെപി പിൻവലിച്ചത്. പിഡിപിയെ പിളർത്തി മറ്റൊരു സർക്കാരുണ്ടാക്കാമെന്ന് ബിജെപി കണക്കു കൂട്ടിയിരുന്നു. ഈ മോഹത്തിന് തിരിച്ചടി വന്നതോടെ കാശ്മീരിന്റെ മണ്ണിൽ ഇനി ബിജെപിയുടെ കൊടി പാറിക്കുക ബിജെപിയെ സംബന്ധിച്ചടത്തോളം കീറാമുട്ടിയായി മാറും.