- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുൽവാമയിലെ അവന്തിപ്പൂരിൽ ഭീകരാക്രമണം; പൊലീസ് ഓഫീസറും ഭാര്യയും ഭീകരരുടെ വെടിയേറ്റ് മരിച്ചു; ഗുരുതരമായി പരിക്കേറ്റ മകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; വീട്ടിൽ കയറി ആക്രമണം നടത്തിയത് മൂന്നംഗ സംഘം
ന്യൂഡൽഹി: ജമ്മു വിമാനത്താവള സ്ഫോടനത്തിന്റെ നടുക്കം മാറും മുൻപേ പുൽവാമയിൽ ഭീകരാക്രമണം. ജമ്മുകശ്മീരിൽ സ്പെഷ്യൽ പൊലീസ് ഓഫീസറും ഭാര്യയും ഭീകരരുടെ വെടിയേറ്റ് വീരമൃത്യു വരിച്ചു. വീട്ടിൽ കടന്നുകയറിയുള്ള വെടിവെപ്പിൽ സ്പെഷ്യൽ പൊലീസ് ഓഫീസർ ഫയാസ് അഹമ്മദും ഭാര്യ രാജ ബീഗവുമാണ് വീരമൃത്യു വരിച്ചത്. ഫയാസിന്റെ മകൾക്ക് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു.
ഞായറാഴ്ച രാത്രിയാണ് സംഭവം. അവന്തിപ്പുരയിലെ വീട്ടിൽ കയറി ഭീകരർ പൊലീസ് ഓഫീസറെയും കുടുംബത്തെയും വെടിവെയ്ക്കുകയായിരുന്നു. രണ്ടോ മൂന്നോ ഭീകരർ ആക്രമണത്തിനെത്തിയെന്നാണ് വിവരം. വെടിയേറ്റ കുടുംബത്തെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടു പേരുടെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ശ്രീനഗറിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
രാത്രി പതിനൊന്ന് മണിയോടെ ഭീകരർ വീട്ടിൽ അതിക്രമിച്ചു കയറി തുടരെ നിറയൊഴിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പ്രദേശം സുരക്ഷാസേന വളഞ്ഞിരിക്കുകയാണെന്നും ഭീകരർക്കായുള്ള തിരച്ചിൽ നടത്തുകയാണെന്നും സേനാവക്താവ് അറിയിച്ചു.
ആരാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമായിട്ടില്ല. സ്പെഷ്യൽ പൊലീസ് ഓഫീസറായാണ് ഫയാസ് പ്രവർത്തിച്ചിരുന്നത്. ഭീകരരെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കുന്നതിനും അതിനായി ഗ്രാമീണരെ ഒപ്പം നിർത്താനും ഒക്കെയാണ് കശ്മീരിൽ സ്പെഷ്യൽ പൊലീസ് ഓഫീസർമാരെ ചുമതലപ്പെടുത്തുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ സ്പെഷ്യൽ പൊലീസ് ഓഫീസർമാർക്കു നേരെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണ് ഇത്. രണ്ട് ആക്രമണങ്ങളുണ്ടായത് ശ്രീനഗറിലായിരുന്നു.
ജമ്മുവിലെ വ്യോമസേനാ ആസ്ഥാനത്ത് ഭീകരർ നടത്തിയ ഡ്രോൺ ആക്രമണത്തിന് പിന്നാലെയാണ് പൊലീസ് ഉദ്യോഗസ്ഥന് നേരെയുള്ള ആക്രമണം. ഇന്ത്യൻ സേനയുടെ ഏതെങ്കിലും ആസ്ഥാനത്ത് ഭീകരർ നടത്തുന്ന ആദ്യ ഡ്രോൺ ആക്രമണമായിരുന്നു അത്.
ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ രണ്ട് വ്യോമസേന ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. പാക് അതിർത്തിയിൽ നിന്ന് പതിനാല് കിലോമീറ്റർ അകലെ ശക്തമായ സുരക്ഷാസംവിധാനങ്ങളോടു കൂടിയ വ്യോമസേനാ വിമാനത്താവളത്തിലായിരുന്നു ആക്രമണമുണ്ടായത്.