കൊച്ചി: നോട്ട പിൻവലിക്കൽ നടപടിയോടെ കള്ളപ്പണം വെളുപ്പിക്കാൻ വേണ്ടി സാധാരണക്കാരുടെ ജൻധൻ അക്കൗണ്ടുകളെ ദുരുപയോഗം ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചിരുന്നു. ഇങ്ങനെ കള്ളപ്പണക്കാരുടെ പണം നിക്ഷേപിക്കാൻ ജൻധൻ അക്കൗണ്ടുകൾ നൽകുന്നവർ കുടുങ്ങും. ജൻധൻ അക്കൗണ്ടിൽ 2.5 ലക്ഷം വീതം നിക്ഷേപിച്ചാൽ പണത്തിന്റെ സ്‌ത്രോതസ് കാണിക്കേണ്ടി വരും. അങ്ങനെ നിക്ഷേപിച്ച തുകയുടെ സ്രോതസ്സ് വെളിപ്പെടുത്താൻ കഴിഞ്ഞില്ലെങ്കിൽ ബെനാമി ഇടപാട് നിയമപ്രകാരം ക്രിമിനൽ നടപടി നേരിടേണ്ടിവരും. ഏഴു വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണിത്.

ഇന്ത്യയാകെ സാധാരണക്കാരുടെ ജൻധൻ അക്കൗണ്ടുകളിൽ 21,000 കോടി രൂപ ഇതിനകം നിക്ഷേപിക്കപ്പെട്ടതായാണു പുറത്തുവരുന്ന കണക്കുകൾ. ഇങ്ങനെ അക്കൗണ്ടുകളിൽ നിക്ഷേപിക്കപ്പെട്ടത് കള്ളപ്പണമുണ്ടെന്ന വിവരം നേരത്തെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഇങ്ങനെ നിക്ഷേപിച്ചത് കള്ളപ്പണമാണെങ്കിൽ തിരിച്ചു പിടിക്കുമെന്നാണ് പ്രധാനമന്ത്രി മോദി വ്യക്തമാക്കിയതും. ഇതിന് പിന്നാലെ ആദായനികുതി വകുപ്പും നടപടികളുമായി രംഗത്തെത്തുന്നു എന്നാണ് വ്യക്തമാകുന്നത്. പെട്ടെന്നു രണ്ടര ലക്ഷം രൂപ നിക്ഷേപിക്കപ്പെടുമ്പോൾ അതിന്റെ സ്രോതസ്സ് വെളിപ്പെടുത്തേണ്ടിവരും. ജൻധൻ അക്കൗണ്ടുള്ളവർ വർഷംതോറും ആദായനികുതി അടച്ചശേഷം റിട്ടേൺ കൊടുക്കുന്നവരും ആവണമെന്നില്ല.

പെട്ടെന്നു തുക വരുമ്പോൾ സ്വാഭാവികമായും സംശയം ഉയരുന്നു. അങ്ങനെ ജൻധൻ അക്കൗണ്ടിൽ നിക്ഷേപിച്ചവരെ പിടികൂടാൻ പുതിയ നിയമത്തിനു തന്നെ രൂപം നൽകുകയാണെന്നായിരുന്നു മോദിയുടെ പ്രഖ്യാപനം. എന്നാൽ എല്ലാ വർഷവും ആദായനികുതി റിട്ടേൺ കൊടുക്കുന്നവരുടെ അക്കൗണ്ടിൽ രണ്ടരലക്ഷം രൂപ കൂടി നിക്ഷേപിക്കപ്പെട്ടാൽ അത് അടുത്തവർഷത്തെ റിട്ടേണിൽ കാണിച്ച് മുൻകൂർ നികുതി അടച്ചാൽ മതിയാകുമെന്നു വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി. ജൻധൻ അക്കൗണ്ടിൽ നിക്ഷേപിച്ച പണമായാൽ പോലും സ്രോതസ്സ് വിശ്വസനീയമായി അറിയിക്കാൻ കഴിഞ്ഞാലും പ്രോസിക്യൂഷൻ നടപടി നേരിടേണ്ടിവരില്ല.

ചിലർ രണ്ടരലക്ഷം രൂപയോ അതിൽ താഴെയുള്ള തുകയോ നിരവധി പേർക്കായി പലിശരഹിത വായ്പയായിട്ടും നൽകുന്നുണ്ട്. പക്ഷേ, കടം സ്വീകരിക്കുന്നവർക്കു പഴയ നോട്ടുകൾ ഇനി ക്രയവിക്രയം ചെയ്യാൻ കഴിയണമെന്നില്ല. എന്നാൽ ബെനാമി നിരോധന നിയമം കൂടുതൽ ശക്തമാക്കിയാൽ ഇത്തരം പണമൊന്നും തിരികെ ലഭിച്ചെന്നും വരില്ല. ബെനാമി സ്വത്തുക്കൾക്കെതിരെയാണ് അടുത്ത നീക്കമെന്ന ശക്തമായ സൂചന കേന്ദ്രത്തിൽ നിന്നുണ്ടായിട്ടുമുണ്ട്.