കാസർഗോഡ്: ചീമേനി പുലിയന്നൂരിലെ റിട്ടയേർഡ് അദ്ധ്യാപിക ജാനകിയെ കൊലപ്പെടുത്തിയത് അനാർ വിൽപ്പനയുടെ മറവിലെത്തിയ പ്രൊഫഷണൽ കവർച്ചാ സംഘമോ? ജാനകിയെ മരണത്തിലേക്ക് നയിച്ച അക്രമത്തിന്റെ സ്വഭാവം ആ നിലയിലേക്കാണ് സൂചന നൽകുന്നത്. കഴുത്തിന് ഇരുവശവും കത്തി കൊണ്ട് കുത്തിയ നിലയിലായിരുന്നു ജാനകി. തലച്ചോറിലേക്കും ശ്വാസകോശത്തിലേക്കുമുള്ള ഞരമ്പുകൾ മുറിഞ്ഞതാണ് മരണ കാരണമായത്.

ഇത്തരത്തിൽ ഒരാളെ അപായപ്പെടുത്താൻ സാധാരണ കവർച്ചക്കാർക്ക് ആവില്ല. അതാണ് ഈ കൊലപാതകത്തിലെ അന്വേഷണം പ്രൊഫഷണൽ സംഘത്തിലേക്ക് എത്തി നിൽക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് വീട്ടിന്നകത്ത് അധിക്രമിച്ചു കയറിയ സംഘം ജാനകിയെ കെട്ടിയിട്ട് കഴുത്തിൽ കുത്തി കൊലപ്പെടുത്തുകയും പണവും സ്വർണ്ണാഭരണവും കവർന്നത്. സംഭവത്തിൽ പരിക്കേറ്റ ജാനകിയുടെ ഭർത്താവ് കൃഷ്ണൻ മാസ്റ്റർ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്. കൃഷ്ണൻ മാസ്റ്റർ നൽകുന്ന സൂചനകൾ അക്രമികളെ കണ്ടെത്താൻ ആകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി 50 ലേറെ പേരെ പൊലീസ് ചോദ്യം ചെയ്തെങ്കിലും ഈ കേസിൽ പ്രാദേശിക ബന്ധമുള്ള ആരെങ്കിലുമുണ്ടെന്ന കാര്യത്തിൽ സൂചനകൾ ഒന്നു ലഭിച്ചിട്ടില്ല. അന്വേഷണം ഇപ്പോൾ മഹാരാഷ്ട്രയിലെ സാഗ്ലിയിലേക്ക് എത്തി നിൽക്കുകയാണ്. അനാർ കച്ചവടത്തിനെത്തിയ മൂന്ന് പേരുടെ ഫോട്ടോയാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. കുംബ്ല എസ്.ഐ. മനോജിന്റെ നേതൃത്വത്തിലുള്ള സംഘം സാഗ്ലിയിൽ അന്വേഷണം നടത്തി വരികയാണ്. അക്രമികൾ സഞ്ചരിച്ചുവെന്ന് കരുതുന്ന ജീപ്പിന്റെ രജിസ്്രേടഷൻ അവിടെ തന്നെയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സാഗ്ലിയിലെ ഉൾപ്രദേശത്താണ് ഈ വാഹനം ഇപ്പോൾ ഉള്ളത്. അവിടുത്തെ പൊലീസുമായി ബന്ധപ്പെട്ട് ഗ്രാമവാസികളോട് ഇവരെപ്പറ്റി ചോദിച്ചെങ്കിലും വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചില്ല.

ജാനകിയുടെ ഭർത്താവ് കൃഷ്ണൻ മാസ്റ്ററെ ആശുപത്രിയിൽ ചെന്ന് കണ്ട് പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങൾ പൊലീസ് ഇന്ന് കാണിക്കും. അദ്ദേഹത്തിൽ നിന്നും പ്രതികളെക്കുറിച്ച് എന്തെങ്കിലും സൂചന ലഭിക്കുമെന്നാണ് കരുതുന്നത്. അക്രമ സമയത്ത് പ്രതികൾ മുഖം മൂടി നീക്കിയതിനാൽ തിരിച്ചറിയാനാവുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. കൊലയും കവർച്ചയും നടന്ന ശേഷം രാത്രി ചീമേനിയിലും പുലിയന്നൂരിലുമുള്ള കച്ചവട സ്ഥാപനങ്ങളിലെ സി.സി.ടി.വി,.. ക്യാമറയിൽ പ്രതികൾ ഉപയോഗിച്ചുവെന്ന് കരുതുന്ന വാഹനത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. അതിന് പിന്നാലെയുള്ള അന്വേഷണമാണ് പൊലീസിനെ മഹാരാഷ്ിട്ര സാഗ്ലിയിലേക്ക് എത്തിച്ചത്.

എന്നാൽ പ്രദേശവാസികളെ കുഴക്കുന്നത് അക്രമി സംഘം എങ്ങിനെ പുലിയന്നൂരിൽ എത്തിയെന്നാണ്. പുലിയന്നൂർ പ്രദേശത്തുള്ള ആരെങ്കിലും ഇവർക്ക് വേണ്ടി പ്രവർത്തിച്ചോ? അയ്യപ്പൻ വിളക്ക് നടക്കുന്ന സമയം ഈ വീട്ടിൽ ഈ വയോധിക ദമ്പതികൾ മാത്രമേ ഉള്ളൂവെന്ന വിവരം അക്രമി സംഘത്തിന് എങ്ങിനെ ലഭിച്ചു? അക്രമത്തിനു ശേഷം അതിവേഗതയിൽ ഓടിയ വാഹനമാണോ കാഞ്ഞങ്ങാട് വെച്ച് നാട്ടുകാർ തടഞ്ഞത്? അങ്ങിനെയൊരു സംഭവവും അക്രമ ദിവസം നടന്നിട്ടുണ്ട്.

വാഹനത്തിന്റെ ഓട്ടം കണ്ട് സംശയത്തിൽ നാട്ടുകാർ തടഞ്ഞിട്ടതായിരുന്നു. ആ സമയം അക്രമ വിവരം അറിയാത്തതിനാൽ വാഹനം വിട്ടയക്കുകയായിരുന്നു. അക്രമികൾ മറാട്ടിയോ ഹിന്ദിയോ സംസാരിച്ചതായുമുള്ള വിവരം പുറത്ത് വന്നിട്ടുണ്ട്. കാഞ്ഞങ്ങാട് ഡി.വൈ. എസ്‌പി. കെ. ദാമോദരൻ, നിലേശ്വരം സിഐ ഉണ്ണികൃഷ്ണൻ എന്നിവരടങ്ങുന്ന സംഘത്തിനാണ് അന്വേഷണ ചുമതല.