തിരുവനന്തപുരം: എകെജി സെന്റർ ആക്രമണത്തിലെ രണ്ടാം ബൈക്കുകാരൻ ചെങ്കൽചൂളക്കാരൻ. ജനറൽ ആശുപത്രിക്ക് അടുത്തുള്ള തട്ടുകടയിൽ ജോലി നോക്കുന്ന ആൾ. ഇയാൾ അവിടെ നിന്ന് വെള്ളം എടുക്കാൻ വേണ്ടി എകെജി സെന്ററിന് മുമ്പിലെത്തേണ്ട ഒരു സാഹചര്യവുമില്ല. എന്നിട്ടും വന്നു. ഇയാളുടെ ബൈക്ക് നമ്പർ അടക്കം പൊലീസിന് കിട്ടി. ആളെ പിടികൂടി. ഇയാൾ എന്തോ ഒരു പൊതി മറ്റേയാൾക്ക് കൊടുത്തുവെന്ന് ടിവി ചാനലുകൾ പൊലീസിനെ ഉദ്ദരിച്ച് വാർത്തയും നൽകി. എന്നാൽ പെട്ടെന്ന് ഇടപെടൽ വന്നു. ഇയാൾ വെറുമൊരു സാധാരണക്കാരനെന്ന് വിശദീകരണമെത്തി. ഇതോടെ കേസ് തന്നെ അട്ടിമറിക്കപ്പെട്ടു. ഇതിന് പിന്നിലെ പ്രദേശവാസിയായ സിപിഎം നേതാവിന്റെ ഫോൺ വിളി കണ്ടെത്തിയതായിരുന്നുവെന്നതാണ് വസ്തുത. ഇത് മറുനാടൻ നേരത്തെ പുറത്തു വിട്ടിരുന്നു. ഇപ്പോൾ കൂടുതൽ വിശദാംശങ്ങൾ പുറത്തു വരികയാണ്.

അന്വേഷണം വഴിമുട്ടിക്കാൻ ഉന്നതരുടെ ഇടപെടൽ നടന്നതായാണ് കണ്ടെത്തൽ. ജനം ടിവി റിപ്പോർട്ടർ വി വിനീഷ് ആണ് നിർണായക വിവരങ്ങൾ പുറത്തുവിട്ടത്. 30-06-22 11 മണി മുതൽ 11.45 വരെ 12 തവണയാണ് എകെജി സെന്ററിന് മുന്നിലൂടെ KL01 BS--- എന്ന ചുവന്ന ഹോണ്ട ആക്ടീവ കടന്നു പോയത് . എന്നാൽ ഇപ്പോൾ ആ ആക്ടിവയെ കുറിച്ച് അന്വേഷണത്തിൽ എവിടെയും പരാമർശമില്ല. ചെങ്കൽചൂളയിലെ സിപിഎം പ്രവർത്തകനായ വിജയാണ് ഈ വാഹനത്തിന്റെ ഉടമ. 12 തവണ എകെജി സെന്ററിന്റെ മുന്നിൽ കൂടി കടന്നുപോയ വിജയ് പടക്കം എറിയാൻ മുൻകൂട്ടി നിശ്ചയിച്ച വ്യക്തിയുമായി ബന്ധപ്പെടുന്ന ദൃശ്യങ്ങളും പൊലീസിന്റെ പക്കലുണ്ട്. ഇതിൽ വ്യക്തതയില്ലെന്ന് കാട്ടി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഈ ദൃശ്യങ്ങളും ഇപ്പോൾ മറച്ചു പിടിക്കുകയാണ്. അതേസമയം വിജയുടെ കോൾരേഖകളും പൊലീസ് പരിശോധിച്ചു-ജനം ടിവി റിപ്പോർട്ട് പറയുന്നു.

സംഭവം നടന്ന 01-07-2022 രാവിലെ 6:45ന് വിജയുടെ ----- എന്ന നമ്പറിലേക്ക് ------- എന്ന നമ്പറിൽ നിന്ന് 10 സെക്കൻഡ് ദൈർഘ്യമുള്ള സിപിഎം വഞ്ചിയൂർ ലോക്കൽ സെക്രട്ടറിയും മുൻ നഗരസഭ അംഗവുമായ ഐ പി ബിനു വിളിച്ചതിന്റെ വിവരങ്ങൾ പൊലീസിന് ലഭിച്ചു. എന്നാൽ ഇതൊന്നും അന്വേഷണത്തിൽ എവിടെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പരാമർശിച്ചില്ല. ഐപി ബിനുവിനെതിരെ ലഭിച്ച ഫോൺ കോൾ തെളിവുകളുടെ തുടരന്വേഷണം ഉന്നത ഉദ്യോഗസ്ഥരുടെ സമ്മർദ്ദത്തിൽ പാതിവഴിയിൽ ഉപേക്ഷിക്കാനെ അന്വേഷണ ഉദ്യോഗസ്ഥർക്ക് സാധിച്ചുള്ളൂ-ഇതാണ് ജനം ടിവി വിശദീകരിക്കുന്നത്. ഇതിനിടയിൽ പൊലീസ് പിടികൂടിയ ചെങ്കച്ചുള്ളയിലെ സിപിഎം പ്രവർത്തകനായ വിജയുടെ ഫോണിലെ ഐപി ബിനുവും വിജയുമായുള്ള വാട്സ്ആപ്പ് സന്ദേശങ്ങൾ ചില ഉന്നത ഉദ്യോഗസ്ഥർ ഡിലീറ്റ് ചെയ്തുവെന്നും ജനം ടിവി ആരോപിക്കുന്നു.

ഐപി ബിനുവിനെയും പാർട്ടിയെയും സംരക്ഷിക്കാനായി സിഡിആർ രേഖകളിൽ പോലും സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ സതീഷ് കൃത്രിമം കാട്ടിയെന്ന ഗുരുതര ആരോപണവും ജനം ടിവി വാർത്തയിലുണ്ട്. തുടർന്ന് തെറ്റായ വിവരങ്ങളാണ് ഡിസിപി അങ്കിത്ത് അശോകന് എസി റിപ്പോർട്ട് ചെയ്തത്. ഇനി ബാക്കി നിൽക്കുന്ന ആകെയുള്ള തെളിവ് ടെലികോം സർവീസ് പ്രൊവൈഡർ നൽകിയ എഡിറ്റ് ചെയ്യാത്തെ സിഡിആർഉം, പടക്കേ്‌റ നടക്കുന്നതാണ് മുൻപും പിൻപുമുള്ള ദൃശ്യങ്ങളുമാണ്. ഇതൊന്നും പൊലീസ് മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നതാണ് വസ്തുത. ഏതായാലും ജനം ടിവി വാർത്തയോടെ എകെജി സെന്ററിലെ ബോംബാക്രമണം പുതിയ തലത്തിലെത്തുകയാണ്. ബോംബാക്രമണം നടന്നിട്ട് മൂന്നാഴ്ചയാകുമ്പോഴാണ് നിർണ്ണായക വിവരങ്ങൾ പുറത്തു വരുന്നത്.

മറുനാടൻ ജൂലൈ 14ന് പുറത്തു വിട്ട വാർത്ത ചുവടെ

എകെജി സെന്ററിലെ സിസിടിവിയിൽ പതിഞ്ഞ ആ അജ്ഞാതനെ തേടി പുലർച്ചെ എത്തിയത് സഖാവിന്റെ സെക്കന്റുകൾ നീളുന്ന ഫോൺ കോൾ! ബൈക്കിലെത്തിയ രണ്ടാമന്റെ പങ്ക് വ്യക്തമായിട്ടും അറസ്റ്റില്ല; ആളെ തിരിച്ചറിഞ്ഞെങ്കിലും പ്രാദേശിക നേതാവിന്റെ സൗഹൃദം സമ്മർദ്ദമായി; ബോംബെറിഞ്ഞയാൾ സിപിഎമ്മുകാരനോ? നിർണ്ണായക ദൃശ്യങ്ങൾ മറുനാടൻ പുറത്തു വിടുന്നു

എകെജി സെന്റർ ബോംബാക്രമണത്തിൽ നിർണ്ണായക വിവരങ്ങൾ പൊലീസിന് കിട്ടിയെങ്കിലും ഇതിനെ മറ്റൊരു 'സുകുമാരക്കുറുപ്പ്' കേസാക്കാൻ ഉന്നത ഇടപെടൽ. രണ്ടു ബൈക്കുകൾക്ക് ബോംബാക്രമണത്തിൽ പങ്കുണ്ട്. ആദ്യം ഒരു ബൈക്ക് എത്തുന്നു. സാഹചര്യം നിരീക്ഷിക്കുന്നു. പിന്നീട് തിരിച്ചു പോകുന്നു. അതിന് ശേഷം ഈ ബൈക്ക് വീണ്ടും എകെജി സെന്ററിന് മുമ്പിലൂടെ പോകുന്നു. അതിന് ശേഷമാണ് ബോംബേറ്. ഇതിൽ ബോംബ് എറിഞ്ഞ ആളിന് പിറകെ മാത്രമാണ് പൊലീസ് യാത്ര. ഇയാൾ എത്തിയത് ടിവി എസ് കമ്പനി ഇറക്കിയ മോഡൽ സ്‌കൂട്ടറിലാണ്. തിരുവനന്തപുരത്ത് ആയിരത്തിൽ താഴെ പേർക്കു മാത്രമേ ഈ ബൈക്ക് ഉണ്ടാകാനും സാധ്യതയുള്ളൂ. എന്നാൽ ഈ വഴിക്കൊന്നും പൊലീസിന് മുമ്പോട്ട് പോകാനാകുന്നില്ല. ഇതിന് കാരണം ആദ്യം സിസിടിവിയിൽ കാണുന്ന വ്യക്തിക്കുള്ള പാർട്ടി സൗഹൃദമാണ്.

ഇതുമായി ബന്ധപ്പെട്ട നിർണ്ണായക വീഡിയോ മറുനാടന് ലഭിച്ചു. എകെജി സെന്ററിലെ വീഡിയോ പൊലീസുകാർ പരിശോധിക്കുമ്പോൾ എടുത്ത വീഡിയോ ആണിത്. ഇതിൽ രണ്ടു പേരെ കുറിച്ചും അവരുടെ ബോംബ് എറിയുന്നതിലെ ബന്ധത്തെ കുറിച്ചുമെല്ലാം വിശദമായി പൊലീസുകാർ തന്നെ പറയുന്നുണ്ട്. ടിവിഎസിന്റെ സ്‌കൂട്ടറാണെന്നും വിശദീകരിക്കുന്നു. എന്നാൽ പൊലീസുകാർ കണ്ടെത്തിയ ഈ വിവരത്തിലേക്ക് അന്വേഷണം പോയില്ല. രണ്ടു പേർ സംഭവത്തിൽ പങ്കെടുത്തുവെന്ന് പറഞ്ഞ പൊലീസ് പിന്നീട് അതൊരു തട്ടുകടക്കാരനായിരുന്നു എന്നും വിശദീകരിച്ചു. വെള്ളം എടുക്കാൻ പോയ തട്ടുകടക്കാരൻ. എന്നാൽ ദൃശ്യത്തിലുള്ള ആളിന്റെ ഫോൺ റിക്കോർഡ് പരിശോധിച്ച പൊലീസ് ഞെട്ടി. ഈ തട്ടുകടക്കാരനെ പൊലീസ് കണ്ടെത്തും മുമ്പ് തന്നെ ആ ആളിന്റെ ഫോണിലേക്ക് ഒരു കോൾ പോയി. അതും അന്ന് രാവിലെ അഞ്ചു മണിക്ക്. സെക്കന്റുകൾ മാത്രം നീണ്ട ഫോൺ സംഭാഷണം. ഈ ഫോൺ സംഭാഷണം കണ്ടെത്തിയതോടെ ആ വഴിക്ക് അന്വേഷണം വേണ്ടെന്ന് ഉന്നത നിർദ്ദേശവും വന്നു.

കുന്നുകുഴിയിലെ മുൻ കൗൺസിലറും സിപിഎം ജനറൽ ആശുപത്രി ലോക്കൽ സെക്രട്ടറിയുമായി ഐപി ബിനുവാണ് ഇയാളെ വിളിച്ചിട്ടുള്ളത്. ബിജെപി ഓഫീസ് ആക്രമണക്കേസിലെ പ്രതിയാണ് ബിനു. എകെജി സെന്റർ ആക്രമിച്ച അന്നായിരുന്നു ബിജെപി ഓഫീസ് ആക്രമണ കേസിൽ നിർണ്ണായക വിധി കോടതിയിൽ നിന്നുണ്ടായത്. ഐപി ബിനുവിനെ വിചാരണയ്ക്ക് മുമ്പ് കുറ്റവിമുക്തനാക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യമാണ് കോടതി തള്ളിയത്. എകെജി സെന്റർ ആക്രമിച്ചിട്ടും തൊട്ടടുത്ത് താമസിക്കുന്ന ഐപി ബിനു ഏറെ വൈകിയാണ് സ്ഥലത്ത് എത്തിയത്. പ്രതിഷേധങ്ങളുടെ മുന്നിൽ നിന്നതുമില്ല. ഇതെല്ലാം സംശയത്തിന് ഇടനൽകിയിരുന്നു. ഇതിനൊപ്പമാണ് ഇപ്പോൾ മറുനാടൻ പുറത്തു വിടുന്ന വീഡിയോയിലുള്ള ആളുമായി ഐപി ബിനുവിനുള്ള ബന്ധം ചർച്ചയാകുന്നതും. ഈ ഫോൺ കോളാണ് എകെജി സെന്റർ ആക്രമണത്തിലെ രണ്ടാമനിലേക്കുള്ള അന്വേഷണം വഴി തെറ്റിച്ചത്.

വീഡിയോയിലുള്ള രണ്ടാമനുമായി അടുത്ത സൗഹൃദം ഐപി ബിനുവിനുണ്ടെന്ന് വ്യക്തമായതായി പൊലീസിലെ ഉന്നതരും സമ്മതിക്കുന്നു. എന്നാൽ അന്വേഷണം മുമ്പോട്ട് കൊണ്ടു പോകാനും കഴിയുന്നില്ല. ഈ സാഹചര്യത്തിൽ എകെജി സെന്റർ ആക്രമണ കേസിലെ പ്രതിയും സുകുമാരക്കുറുപ്പിനെ പോലെ അപ്രത്യക്ഷനായി തന്നെ തുടരാനാണ് സാധ്യത. ഈ കേസിൽ സിപിഎമ്മിനും നിലവിൽ താൽപ്പര്യമില്ല. എകെജി സെന്റർ ആക്രമണത്തിൽ സിപിഎമ്മിന്റെ ഉന്നത നേതൃത്വത്തിന് അറിവോ പങ്കാളിത്തമോ ഇല്ലെന്നതും വസ്തുതയാണ്. അതിന് അപ്പുറത്ത് പ്രാദേശിക തലത്തിലെ സിപിഎം അനുഭാവമുള്ളവർ ഈ കേസിൽ ഉൾപ്പെടാനുള്ള സാധ്യതയാണ് കൂടുതൽ. രണ്ടാമത്തെ ആളിനെ പിടിക്കാൻ അനുവദിച്ചിരുന്നുവെങ്കിൽ ബോംബ് എറിഞ്ഞ ആളിനേയും കണ്ടെത്താനാകുമായിരുന്നു. ഇതിന് കഴിയാത്തതാണ് അന്വേഷണം വഴിമുട്ടിച്ചത്.

നിർണ്ണായക വീഡിയോ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ റിപ്പോർട്ട് ചുവടെ

തിരുവനന്തപുരത്തെ മിക്ക തട്ടുകടകളും രാത്രി പതിനൊന്ന് മണിവരെയാണ് പ്രവർത്തിക്കാറുള്ളത്. അതുകൊണ്ട് തന്നെ തട്ടുകടക്കാരനായ ബൈക്ക് യാത്രികൻ ആ സമയം അവിടെ എത്തിയതും ദുരൂഹമാണ്. സിസിടിവി ദൃശ്യത്തിൽ പൊലീസ് ഗൗരവത്തോടെ സംസാരിക്കുന്ന ആൾ തട്ടുകടക്കാരനാണോ എന്ന് വ്യക്തമല്ല. എന്നാൽ ആ വ്യക്തിയെ പൊലീസ് തിരിച്ചറിഞ്ഞുവെന്നാണ് ലഭിക്കുന്ന വ്യക്തമായ സൂചന. എകെജി സെന്ററിനുനേരെ ബോംബാക്രമണം നടന്നിട്ട് രണ്ടാഴ്ച ആവാറായി. അപ്പോഴും ഒന്നും തെളിയുന്നില്ല. ഇതിന് കാരണം അന്വേഷണ സംഘത്തിന് മേലുള്ള സമ്മർദ്ദമാണ്.

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾ താമസിക്കുന്ന ഫ്‌ളാറ്റ് സമുച്ചയം വിളിപ്പാടകലെയാണ്. ആ നിലയിൽ സെന്ററിന് നേരെ നടന്ന ബോംബേറ് സിപിഎം ഫ്‌ളാറ്റിന് നേരെകൂടി നടന്ന അക്രമമായി വ്യാഖ്യാനിക്കുന്നതിൽ തെറ്റില്ല. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും താമസിക്കുന്ന ഔദ്യോഗിക വസതികളും ഏറെയൊന്നും അകലെയല്ല. സംസ്ഥാന പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സും മിനിറ്റുകൾക്കുള്ളിൽ എത്താനുള്ള ദൂരമേയുള്ളൂ. എന്നിട്ടും ബോംബെറിഞ്ഞ ആളിനെ പിടികൂടാൻ പൊലീസിന് സാധിച്ചില്ല.

ഭരിക്കുന്ന പാർട്ടിയുടെ ആസ്ഥാന മന്ദിരത്തിനുപോലും രക്ഷയില്ലാത്ത രീതിയിൽ അരാജകത്വവും അക്രമങ്ങളും അഴിഞ്ഞാടുകയാണ്. കേരളത്തിൽ അതീവ സ്‌ഫോടന ശേഷിയുള്ള ബോംബ് വന്ന് വീണപ്പോൾ പ്രദേശമാകെ കിടുങ്ങിയെന്നാണ് ശ്രീമതി ടീച്ചറും ഇപി ജയരാജനും വിശദീകരിക്കുന്നത്. രാത്രി 11.26ന് ബോംബ് സ്‌ഫോടനമുണ്ടായ ഉടനെതന്നെ സ്ഥലത്തെത്തിയ ഇപി ജയരാജന് യാതൊരു സംശയവുമുണ്ടായിരുന്നില്ല, അക്രമികൾ കോൺഗ്രസുകാരെന്ന് പറയാൻ. എന്നിട്ടും സംഭവമുണ്ടായി രണ്ടാഴ്ചയോടടുത്തിട്ടും പ്രതികളിൽ ഒരാളെയെങ്കിലും അറസ്റ്റ് ചെയ്യാൻ പൊലീസിന് സാധിച്ചില്ല.

ആഭ്യന്തര വകുപ്പ് ഭരിക്കുന്ന പിണറായി വിജയന് നാണക്കേടുണ്ടാക്കാൻ സിപിഎം തന്നെ ആസൂത്രണം ചെയ്ത പദ്ധതിയാണിതെന്നാമ് കോൺഗ്രസിന്റെ ആരോപണം. പിണറായി വിജയന്റെ ഭരണത്തിൽ നടന്നുവരുന്ന അഴിമതികൾക്കും സ്വജനപക്ഷപാതങ്ങൾക്കുമെതിരെ ഉയരുന്ന ജനരോഷത്തിന് തടയിടാൻ വേണ്ടിയാണ് എകെജി സെന്റർ ആക്രമണ തിരക്കഥ രചിച്ചത് എന്ന മറ്റൊരു വ്യാഖ്യാനവും പ്രതിപക്ഷം ഉയർത്തുന്നുണ്ട്.