തിരുവനന്തപുരം: ജീവനക്കാർക്കിടയിൽ കലാപം രൂക്ഷമായതിനെ തുടർന്ന് ജനം ടിവിയുടെ സിഒഒ സ്ഥാനത്ത് നിന്ന് രാജേഷ് പിള്ളയെ മാറ്റാൻ സംഘപരിവാറിൽ ധാരണ. അവധിയിലുള്ള രാജേഷ് പിള്ളയോട് ഇനി ചാനലിൽ വരേണ്ടെന്ന് അനൗദ്യോഗികമായി ആവശ്യപ്പെട്ടു കഴിഞ്ഞു. എന്നാൽ രാജേഷ് പിള്ള അതിന് വഴങ്ങിയിട്ടില്ലെന്നാണ് സൂചന. ഓഹരി ഉടമകളിൽ ചിലരുടെ പിന്തുണയോടെ തിരിച്ചെത്തുമെന്ന വാശിയിലാണ് രാജേഷ് പിള്ള.

തൊഴിൽ ചൂഷണം നടക്കുന്നുവെന്ന പരാതിയിൽ ലേബർ കമ്മീഷൻ ജനം ടിവിയുടെ തിരുവനന്തപുരത്തുള്ള കോർപ്പറേറ്റ് ഓഫീസിൽ നടത്തിയ റെയ്ഡിന് പിന്നിൽ രാജേഷ് പിള്ളയാണെന്നാണ് സംഘപരിവാറിന് ലഭിച്ച സൂചന. ഷോപ്പ് ആൻഡ് കൊമേഴ്‌സ്യൽ ആക്റ്റ് പ്രകാരം രജിസ്റ്റർ ചെയ്ത ഒരു കമ്പനിയുടെ പക്കൽ വേണ്ട യാതൊരു രേഖകളുമില്ലാതെയാണ് ജനം ടിവിയുടെ പ്രവർത്തമെന്ന പരാതിയെ തുടർന്നാണ് ലേബർ ഓഫീസർ റെയ്ഡ് നടത്തിയത്. ഇത് അക്ഷരാർത്ഥത്തിൽ ജനം ടിവി മാനേജ്‌മെന്റിനെ ഞെട്ടിച്ചു. മറ്റൊരു ചാനലായ അമൃതാ ടിവിക്ക് എതിരെ ഇത്തരത്തിൽ നിരവധി പരാതികളെത്തിയിട്ടും ലേബർ ഓഫീസർമാർ അനങ്ങിയിരുന്നില്ല. എന്നിട്ടും ജനം ടിവിയിലെ പരാതിയിൽ ഇടപെടൽ ശക്തമാക്കി. അമൃതാ ടിവിയിലെ ചില മുൻ ഉദ്യോഗസ്ഥരുടെ പിന്തുണയോടെ ജനം ടിവിയിൽ സിഇഒ പദവി ലക്ഷ്യമിടുന്ന മാദ്ധ്യമ പ്രവർത്തകനാണ് ഇതിന് പിന്നിലെന്ന അഭ്യൂഹവും ശക്തമാണ്.

രാജേഷ് പിള്ളയേയും അനിൽ നമ്പ്യാരേയും മാറ്റി പുതിയ ടീമിനെ കൊണ്ടു വരണമെന്ന അഭിപ്രായം വളരെ നാളായി സംഘപരിവാറിൽ ശക്തമാണ്. ഇതിന് മുന്നോടിയായി മേജർ ലാൽ കൃഷ്ണയെ അഡ്‌മിനിസ്‌ട്രേറ്ററായി നിയമിച്ചു. ഇതോടെ രണ്ട് അധികാര സ്ഥാനങ്ങൾ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി രാജേഷ് പിള്ള അവധിയിൽ പോയി. ഇതോടെ അമൃതാ ടിവിയിൽ നിന്ന് പുറത്താക്കിയ മാദ്ധ്യമ പ്രവർത്തരൻ കരുക്കൾ നീക്കം ശക്തമാക്കി. പ്രതിരോധ വകുപ്പിന്റെ കോഴ്‌സിന് മാദ്ധ്യമ പ്രവർത്തകനെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് നൽകി അയച്ച കേസിൽ അന്വേഷണം നേരിടുന്ന വ്യക്തിയാണ് പ്രസ്തുത മാദ്ധ്യമ പ്രവർത്തകൻ. ജനം ടിവിയിലെത്തിയാൽ മോദി ഭരണകാലത്ത് തനിക്കെതിരെ പ്രതിരോധ വകുപ്പ് നീങ്ങില്ലെന്ന വിലയിരുത്തലിലായിരുന്നു അത്. അമൃതാ ടിവി പുറത്താക്കിയ മറ്റൊരു ഉദ്യോഗസ്ഥൻ മുൻ ലേബർ ഓഫീസറാണ്. ലേബർ കമ്മീഷണർ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥന്റെ അടുപ്പക്കാരൻ. ഈ ബന്ധമാണ് ജനംടിവിയിലെ റെയ്ഡിലേക്ക് കാര്യങ്ങളെത്തിച്ചത്.

ജനം ടിവിയിൽ ജീവനക്കാർക്ക് മിനിമം വേതനം ഉറപ്പ് വരുത്തുന്നില്ല. തൊഴിൽവകുപ്പിന്റെ ചട്ടമനുസരിച്ച് 240 രൂപയാണ് മിനിമം ദിവസ വേതനം. എന്നാൽ അതുപോലും ലഭിക്കാത്ത ജീവനക്കാർ ജനം ടിവിയിൽ ജോലി ചെയ്യുന്നുണ്ട്. പ്രൊവിഡന്റ് ഫണ്ട്, ഇൻഷുറൻസും ജീവനക്കാർക്ക് നൽകുന്നില്ല. പ്രൊവിഡന്റ് ഫണ്ടിന്റെ പേരിൽ ജീവനക്കാരിൽ നിന്ന് തുക പിടിക്കുന്നുണ്ടെങ്കിലും പിഎഫ് അടയ്ക്കുന്നില്ലെന്നും റെയ്ഡിൽ കണ്ടെത്തി. ജീംലൃലറ യ്യ അസ്റ്റസ്റ്റ് ലേബർ കമ്മീഷ്ണറുടെ നേതൃത്വത്തിൽ ഏഴംഗ സംഘത്തിലായിരുന്നു റെയ്ഡ്. ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ് ആക്റ്റിന്റെ നഗ്‌നമായ ലംഘനമാണ് ജനം ടിവിയിൽ നടക്കുന്നതെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. ജിവനക്കാരുടെ പിഎഫ് അടയ്ക്കുന്നത് സംബന്ധിച്ച യൊതൊരു രേഖകളും സ്ഥാപനത്തിലില്ല. പേ റോളിലും കൃത്രിമത്വം കണ്ടെത്തി. ചാനലിലെ ഭിന്നതകൾക്ക് പുതുമാനം നൽകുന്നതായിരുന്നു ഈ സംഭവം.

ആർഎസ്എസ് പിന്തുണയോടെ തുടങ്ങിയ ജനം ചാനലിൽ സംഘപരിവാരുകാരല്ലാത്തവരെയാണ് രാജേഷ് പിള്ള ജോലിക്ക് എടുത്തത്. ഇതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്ക് കാരണം. ബിജെപി നേതാവായ ടിജി മോഹൻദാസിന്റെ പൊളിച്ചെഴുത്താണ് ജീവനക്കാരിലെ സ്ഥാപന വിരുദ്ധത വ്യക്തമാക്കിയത്. അഭിഭാഷക-മാദ്ധ്യമ തർക്കത്തിൽ അഡ്വക്കേറ്റുമാരുടെ പക്ഷം ടിജി മോഹൻദാസ് പിടിച്ചിരുന്നു. അതുകൊണ്ട് തന്നെ പൊളിച്ചെഴുത്ത് സംപ്രേഷണം ചെയ്യരുതെന്ന ആവശ്യം സജീവമായി. ഇതിനെതുടർന്ന് ജീവനക്കാർ പ്രതിഷേധവും ഘരോവയും നടത്തി. ഇതിനെ പ്രതിരോധിക്കാൻ മാനേജ്‌മെന്റിന് കഴിഞ്ഞില്ല. ജനം ടിവിയിൽ നുഴഞ്ഞു കയറിയ ആർഎസ്എസ് വിരുദ്ധരാണ് പ്രശ്‌നങ്ങൾക്ക് കാരണം. അതുകൊണ്ട് തന്നെ രാജേഷ് പിള്ളയെ പുറത്താക്കണമെന്ന് ആർഎസ്എസിലെ വലിയൊരു വിഭാഗം ആവശ്യപ്പെടുന്നു.

ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ലേബർ കമ്മീഷ്ണർ ജനം ടിവി എംഡിക്ക് നോട്ടീസ് നൽകിയിരിക്കുകയാണ്. ചാനലിന്റെ തലപ്പത്ത് ആർഎസ്എസ് പിടിമുറുക്കിയതോടെയാണ് ജനം ടിവിയിൽ ആഭ്യന്തര കലഹം മൂർച്ഛിച്ചതെന്ന പ്രചരണവും ശക്തമാണ്. ഇതിന് രാജേഷ് പിള്ളയെ നിയമിച്ചതും ആർ എസ് എസാണെന്ന വാദമാണ് അവർ ഉന്നയിക്കുന്നത്. ലാൽ കൃഷ്ണയെ നിയമിച്ചത് സ്ഥാപനം രക്ഷിക്കാനാണ്. അതിൽ മറ്റാരും പരിഭവപ്പെടേണ്ട ആവശ്യമില്ല. അതിനിടെ കോൺഗ്രസ് ചാനലിൽ നിന്നെത്തിയ കോൺഗ്രസുകാരനെ ജനം ടിവിയിൽ കോഓർഡിനേറ്ററായി. ഇത് മാറി സംഘപരിവാർ പശ്ചാത്തലമുള്ളവരെ നിയമിക്കണമെന്നാണ് ആവശ്യം. ലാൽ കൃഷ്ണയെ പലരും തെറ്റധരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ഇതാണ് ഡൽഹിയിൽ നിന്ന് കോൺഗ്രസുകാരനായ രാധാകൃഷ്ണൻ കോ ഓർഡിനേറ്ററായതെന്നാണ് വിമർശനം.

അതിനിടെ പ്രശ്‌നത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ഇടപെടുമെന്നാണ് സൂചന. പുതിയ നേതൃത്വത്തിലൂടെ മാത്രമേ ജനം ടിവിയെ രക്ഷിക്കാനുകമെന്നാണ് വിലയിരുത്തൽ. അതിനിടെ പ്രശ്‌നങ്ങൾ ബിജെപി ദേശീയ നേതൃത്വത്തെ അറിയിക്കാൻ ഒരു വിഭാഗം ശ്രമം തുടങ്ങിയിട്ടുണ്ട്. ആർഎസ് എസ് സംസ്ഥാന നേതൃത്വവും അതൃപ്തിയിലാണ്. ബിലീവേഴ്‌സ് ചർച്ചുമായി ജനം ടിവിയെ അടുപ്പിച്ചതും മറ്റും ആർഎസ്എസ് നേതൃത്വത്തെ അലോസരപ്പെടുത്തുന്നുണ്ട്. സംഘപരിവാർ ആശയങ്ങൾക്ക് വിരുദ്ധമായതൊന്നും ജന്മഭൂമിയിലും ജനം ടിവിയിലും നടക്കരുതെന്നാണ് അവരുടെ പക്ഷം. ജനം ടിവിയിൽ ആർഎസ്എസിന് നേരിട്ട് ഇടപെടാനാകില്ല. കാരണം അത് നിയന്ത്രിക്കേണ്ടത് ഓഹരി ഉടമകളാണെന്നും പ്രമുഖ ആർഎസ്എസ് നേതാവ് മറുനാടൻ മലയാളിയോട് പറഞ്ഞു. ആശാവഹമായ വാർത്തകളല്ല പുറത്തു വരുന്നതെന്നും വ്യക്തമാക്കി.