- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീൽമണി ഫൂക്കനും ദാമോദർ മോസോയ്ക്കും ജ്ഞാനപീഠ പുരസ്‌കാരം; കൊങ്കണി സാഹിത്യകാരൻ ദാമോദർ മോസോയ്ക്ക് ഈ വർഷത്തെ പുരസ്‌കാരവും അസമീസ് സാഹിത്യകാരൻ നീൽമണി ഫൂക്കന് കഴിഞ്ഞ വർഷത്തെയും പുരസ്‌കാരം
ന്യൂഡൽഹി: കഴിഞ്ഞവർഷത്തെയും ഈ വർഷത്തെയും ജ്ഞാനപീഠ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.56-ാമത് ജ്ഞാനപീഠ പുരസ്‌കാരത്തിന് അസമീസ് സാഹിത്യകാരൻ നീൽമണി ഫൂക്കൻ അർഹനായി. ഈ വർഷത്തെ രാജ്യത്തെ പരമോന്നത സാഹിത്യ പുരസ്‌കാരം കൊങ്കണി സാഹിത്യകാരൻ ദാമോദർ മോസോയ്ക്കാണ്.
ഗോവൻ ചെറുകഥാകൃത്തും നോവലിസ്റ്റും നിരൂപകനും കൊങ്കണി തിരക്കഥാകൃത്തുമാണ് ദാമോദർ മോസോ. കാർമേലിൻ എന്ന നോവലിന് 1983-ൽ സാഹിത്യ അക്കാദമി അവാർഡും 2011-ൽ സൂനാമി സൈമൺ എന്ന നോവലിന് വിമല വി.പൈ.വിശ്വ കൊങ്കണി സാഹിത്യ പുരസ്‌കാരവും ലഭിച്ചു.
സാഹിത്യ അക്കാദമിയുടെ എക്സിക്യൂട്ടീവ് ബോർഡ്, ജനറൽ കൗൺസിൽ, ഫിനാൻസ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഗാഥൺ, സാഗ്രണ, റുമാദ് ഫുൾ, സപൻ മോഗി, സൂനാമി സൈമൺ, സൂദ്, കാർമേലിൻ, ചിത്തരങ്ങി എന്നിവയാണ് പ്രധാന കൃതികൾ.
ഇന്ത്യയിലെ മുൻനിര കവികളിൽ ഒരാളായ നീൽമണി ഫൂക്കന്റെ കവിതകളിൽ പ്രതീകാത്മകതയാണ് നിറഞ്ഞുനിൽക്കുന്നത്. ഫ്രഞ്ച് പ്രതീകാത്മകതയാണ് ഇദ്ദേഹത്തിന്റെ കവിതകൾക്ക് പ്രചോദനം. സൂര്യ ഹേനു നമി ആഹേ ഈ നൊടിയേദി, ഗുലാപി ജമുർ ലഗ്ന, കോബിത തുടങ്ങി ശ്രദ്ധേയമായ നിരവധി രചനകൾ ഇദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്. കവിതാ സമാഹരമായ കോബിതയ്ക്ക് 1981ൽ അസം സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. സമഗ്ര സംഭാവന കണക്കിലെടുത്ത് 1990ൽ പത്മശ്രീ അവാർഡ് നൽകി രാജ്യം ആദരിച്ചു.
1933ൽ ഗോലാഘട്ടിൽ ജനിച്ച ഇദ്ദേഹം ഗുവാഹത്തി സർവകലാശാലയിൽ നിന്ന് ചരിത്രത്തിൽ ബിരുദാനന്തര ബിരുദമെടുത്തു. 1950 മുതലാണ് ഇദ്ദേഹം കവിത എഴുതാൻ തുടങ്ങിയത്. ആര്യ വിദ്യാപീഠം കോളജിൽ 1964ൽ അദ്ധ്യാപകനായാണ് ഔദ്യോഗിക ജീവിതം തുടങ്ങുന്നത്
. 1992ൽ അദ്ധ്യാപകവൃത്തിയിൽ നിന്ന് വിരമിച്ച ഇദ്ദേഹം നിരവധി ജപ്പാനീസ്, യൂറോപ്യൻ കവിതകൾ അസമീസിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.