കോട്ടയം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരായ പരാമർശത്തിൽ കെ.മുരളീധരൻ എം പിക്കെതിരെ കേസ് എടുത്ത പശ്ചാത്തലത്തിൽ പ്രതികരണവുമായി ജനപക്ഷം നേതാവ് പി.സി. ജോർജ്. മുരളീധരൻ പറഞ്ഞതിൽ എന്താണ് തെറ്റെന്നും ഇപ്പോഴെത്ത കാലാത്ത് സ്ത്രീകളെപ്പറ്റി മിണ്ടാതിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

മുരളീധരൻ പറഞ്ഞത് മേയർ സുന്ദരിയാണ് എന്നല്ലേ, മേയർ സുന്ദരിയാണല്ലോ അതിനെന്താണ് കുഴപ്പമെന്ന് അദ്ദേഹം ചോദിച്ചു

'എന്റെ അഭിപ്രായത്തിൽ മേയർ സുന്ദരിയാണ്. അതൊക്കെ ക്ഷമിക്കണം, ചുമ്മാ മുരളിക്ക് സന്തോഷം വന്നപ്പോ അങ്ങനെ പറഞ്ഞുകാണണം. ഇപ്പോഴത്തെ കാലത്ത് പെണ്ണുങ്ങളെപ്പറ്റി മിണ്ടാതിരിക്കുന്നതാണ് നല്ലത്.

സ്ത്രീകളെപ്പറ്റി മിണ്ടിയാൽ കുഴപ്പമാണ്. എന്നാൽ പുരുഷന്മാർ കുറേ പൊട്ടന്മാരുണ്ട്. അവരെ പറ്റി ആർക്കും എന്തും പറയാം. അത് പുരുഷന്മാരുടെ ഒരു അസോസിയേഷനുണ്ടാക്കി മുരളിയുമായി ആലോചിക്കേണ്ട പ്രശ്നമാണ്,' പി.സി. ജോർജ് പറഞ്ഞു.

മേയർ ആര്യ രാജേന്ദ്രന് എതിരായ പരാമർശത്തിൽ കെ.മുരളീധരൻ എംപിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചുള്ള പരാമർശം നടത്തിയതിനാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തത്.

മേയർ ആര്യാ രാജേന്ദ്രനെ കാണാൻ നല്ല സൗന്ദര്യമൊക്കെയുണ്ടെന്നും പക്ഷേ വായിൽ നിന്ന് കൊടുങ്ങല്ലൂർ ഭരണിപ്പാട്ടിനേക്കാൾ ഭയാനകമായ വർത്തമാനങ്ങളാണ് വരുന്നതെന്നുമായിരുന്നു കെ. മുരളീധരൻ പറഞ്ഞത്. നികുതിവെട്ടിപ്പിൽ പ്രതിഷേധിച്ച് കോർപ്പറേഷൻ ഓഫീസിന് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെയാണ് കെ. മുരളീധരൻ എംപി. മേയർക്കെതിരെ പദപ്രയോഗം നടത്തിയത്.