കണ്ണുർ: ബീഡി തൊഴിലാളിയായ ജനാർദ്ദനന്റെ ഉദാരമനസ്‌കതയ്ക്ക് നന്ദി പ്രകടിപ്പിച്ച് എം.വി, ജയരാജൻ. എന്നാൽ ജനാർദ്ദനന്റെ സ്വത്തുക്കൾ പാർട്ടി ഏറ്റെടുക്കില്ലെന്നും സ്‌നേഹപൂർവ്വം നിരസിക്കുന്നതായും ജയരാജൻ അറിയിച്ചു. ഈ വിഷയത്തിൽ കണ്ണൂർ ജില്ലാ കമ്മിറ്റി അനൗപചാരികമായ ചർച്ച നടത്തിയിരുന്നു. തുടർന്നാണ് ജനാർദ്ദനന്റെ വാഗ്ദ്ധാനം നിരസിക്കാൻ തീരുമാനിച്ചത്.

ആകെയുണ്ടായിരുന്ന സമ്പാദ്യം മുഖ്യമന്ത്രിയുടെ വാക്‌സിൻ ചാലഞ്ചിലേക്ക് സംഭാവന ചെയ്ത കണ്ണൂർ കുറുവയിലെ ജനാർദനൻ തന്റെ വീടും സ്ഥലവും സിപിഎമ്മിന് നൽകാൻ സന്നദ്ധത പ്രകടിപ്പിച്ചത് സമുഹമാധ്യമങ്ങളിൽ വാർത്തയായിരുന്നു. ഇതിനെ തുടർന്നാണ് ജനാർദനന്റെ വാഗ്ദാനം സ്‌നേഹത്തോടെ നിരസിക്കുന്നതായി സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ അറിയിച്ചത്.

പാർട്ടിക്ക് വേണ്ടെങ്കിൽ വീടും സ്ഥലവും അനാഥ മന്ദിരത്തിന് നൽകുമെന്നാണ് ജനാർദനന്റെ നിലപാട്. ആകെ സമ്പാദ്യമായ രണ്ട് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ വാക്‌സിൻ ചാലഞ്ചിലേക്ക് സംഭാവന ചെയ്താണ് ചാലാടൻ ജനാർദനൻ മലയാളികളുടെ മനസിൽ ഇടം പിടിക്കുന്നത്. എൽഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ജനാർദനന് പ്രത്യേക ക്ഷണം ലഭിച്ചതും വാർത്തയായിരുന്നു. പിന്നാലെയാണ് തന്റെ പേരിലുള്ള പതിനാറ് സെന്റ് സ്ഥലവും വീടും സിപിഎമ്മിന് നൽകാനുള്ള സന്നദ്ധത അറിയിച്ച് ജനാർദനൻ രംഗത്തെത്തിയത്.

എന്നാൽ ജനാർദനന്റെ വലിയ മനസിനെ ബഹുമാനിക്കുന്നുവെന്നും വാഗ്ദാനം സ്‌നേഹത്തോടെ നിരസിക്കുന്നുവെന്നും സിപിഎം ജില്ലാസെക്രട്ടറി എം വി ജയരാജൻ പറഞ്ഞു. 'ജനാർദനന്റെ കുടുംബം അനാഥമാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ജനാർദനന്റെ നല്ല മനസ്സിന് നന്ദി പറയുന്നു'- എം വി ജയരാജൻ വ്യക്തമാക്കി.

ജനാർദനന്റെ തീരുമാനത്തിനെതിരെ മക്കൾ സിപിഎം ജില്ലാ നേതൃത്വത്തെ സമീപിച്ചതിനെ തുടർന്നാണ് പാർട്ടി ഇത്തരം ഒരു നിലപാടിലെത്തിയതെന്നാണ് സൂചന. എന്നാൽ പാർട്ടിക്ക് വേണ്ടെങ്കിൽ വീടും പറമ്പും ഏതെങ്കിലും അനാഥാലയത്തിന് നൽകുമെന്ന് ജനാർദനൻ പറഞ്ഞു. ജനാർദനനുമായി ഇന്ന് സിപിഎം നേതാക്കൾ ചർച്ച നടത്തുമെന്നാണ് വിവരം.

16 സെന്റും വീടുമാണ് ഇദ്ദേഹത്തിന് ഉള്ളത്. സെന്റിന് ഈ മേഖലയിൽ നാലുലക്ഷത്തോളമാണ് വിപണി വില. എല്ലാം ചേർത്ത് 75 ലക്ഷത്തോളം വില വരുന്ന സ്വത്താണ് പാർട്ടിക്ക് നൽകാമെന്ന് ജനാർദനൻ അറിയിച്ചത്. പകരം തന്റെ രണ്ടുപെൺമക്കൾക്ക് പത്തുലക്ഷം രൂപ വീതം പാർട്ടി നൽകണം. ഭാര്യ രജനിയുടെ അമ്മ യശോദയ്ക്ക് രണ്ടുലക്ഷവും. ഇതു ചെയ്യുമെങ്കിൽ ഇപ്പോൾതന്നെ സ്വത്ത് പാർട്ടിയുടെ പേർക്ക് എഴുതിനൽകാമെന്ന് ജനാർദനൻ അറിയിച്ചിരുന്നു.

തീരുമാനം മാധ്യമങ്ങളിലൂടെ അറിഞ്ഞ പാർട്ടിപ്രവർത്തകർ ജനാർദനനുമായി സംസാരിച്ചു. ഇത്തരം കാര്യങ്ങളെക്കുറിച്ച് പിന്നീട് ചിന്തിക്കാമെന്ന് അവർ ഉപദേശിച്ചു. സിപിഎം. ജില്ലാ സെക്രട്ടറി എം വി ജയരാജൻ മക്കളെ ഫോണിൽ വിളിച്ച് പാർട്ടി സ്ഥലം ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് അറിയിക്കുകയും ചെയ്തു.