പാലക്കാട്:തദ്ദേശതിരഞ്ഞെടുപ്പിൽ വീരേന്ദ്രകുമാറിന്റെ ജനതാദൾ യുണൈറ്റഡ് പാലക്കാട് ജില്ലയിൽ വട്ടപ്പൂജ്യത്തിനടുത്തായി. അതായത്, ഒരു ഗ്രാമ പഞ്ചായത്ത് സീറ്റ് മാത്രം. നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തിൽ കിട്ടിയ ഒരു വാർഡിൽ മാത്രമാണ് പാർട്ടിക്ക് ജയിക്കാനായത്. 12 ഗ്രാമ പഞ്ചായത്ത് വാർഡുകൾ, 2 ബ്ലോക്ക് വാർഡുകൾ, ഒരു ജില്ലാ പഞ്ചായത്ത് വാർഡ് എന്നിവയിലേക്കാണ് പാർട്ടി ഇത്തവണ മത്സരിച്ചത്.

എന്നാൽ സ്ഥാനാർത്ഥിയുടെ മികവ് കൊണ്ടു കൂടിയാണ് ഒരു ഗ്രാമപഞ്ചായത്ത് വാർഡിലെങ്കിലും പാർട്ടി കഷ്ടിച്ചു കടന്നുകൂടിയത്. എന്നാൽ ഇടതുപക്ഷത്തുള്ള ജനതാദൾ സെക്യുലറിനാകട്ടെ, മത്സരിച്ച ഭൂരിഭാഗം സീറ്റിലും ജയിക്കാനായി. ജില്ലയിൽ 42 സീറ്റിൽ ജനതാദൾ സെക്യൂലർ ജയിച്ചു. രണ്ടു ജില്ലാ പഞ്ചായത്ത് ഡിവിഷൻ, 6 ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, 34 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവ ജനതാദൾ എസ്സിന് കിട്ടി.

ചിറ്റൂർ ബ്ലോക്ക് പഞ്ചായത്തിൽ പാർട്ടിക്കു ഭരിക്കാനുമാവും. കഴിഞ്ഞ തവണ ഒന്നിച്ചു നിന്നു മത്സരിച്ചതിനെക്കാൾ കൂടുതൽ സീറ്റുകൾ തനിയെ ജനതാദൾ എസ് നേടിയിട്ടുണ്ട്. യഥാർത്ഥത്തിൽ എൽ.ഡി.എഫ്- യു.ഡി.എഫ് മത്സരം എന്നതു പോലെ രണ്ടു ജനതാദളുകൾ തമ്മിലുള്ള മത്സരം കൂടിയായിരുന്നു ജില്ലയിൽ കഴിഞ്ഞത്. മത്സരത്തിൽ പരിപൂർണമായും അടിയറവ് പറഞ്ഞ് വീരേന്ദ്രകുമാർ വിഭാഗം പതിവുപോലെ പരാജയത്തിന് യു.ഡി.എഫ് നേതൃത്വത്തെ പഴി ചാരുന്നുണ്ട്. യു.ഡി.എഫ് പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടക്കാത്തതും വിമതശല്യവും കോൺഗ്രസിന്റെ സഹകരണമില്ലായ്്മയുമാണ് ഇത്രയും നാണം കെട്ട പരാജയത്തിന് കാരണമായി ജനതാദൾ യു. ജില്ലാ പ്രസിഡന്റ് ഭാസ്‌കരൻ മറുനാടൻ മലയാളിയോട് പറഞ്ഞത്.

എന്നാൽ ജനതാദളിലെ അണികളെല്ലാം ഇപ്പോളും ജനതാദൾ എസ്സിലാണെന്നും പാർട്ടിക്ക് ജില്ലയിൽ സ്വാധീനം വർദ്ധിച്ചു വരുന്നതായും ജനതാദൾ എസ് ജില്ലാ സെക്രട്ടറി എം സുഗതൻ മറുനാടൻ മലയാളിയോട് പറഞ്ഞു. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി ജനതാദൾ യു സംസ്ഥാന അദ്ധ്യക്ഷൻ വീരേന്ദ്രകുമാറാണ് പാലക്കാടുനിന്ന് മത്സരിച്ചത്. മാതൃഭൂമി പത്രം പരമാവധി ഉപയോഗപ്പെടുത്തി വിജയപ്രതീക്ഷയിലായിരുന്നു് വീരേന്ദ്രകുമാർ പാലക്കാട് മത്സരിച്ചത്. മാതൃഭൂമി പത്രം തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കുന്നതായി കാണിച്ച് ബിജെപി സ്ഥാനാർത്ഥി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി വരെ നൽകിയിരുന്നു.

മോതിരം ചിഹ്നത്തിലാണ് വീരേന്ദ്രകുമാർ മത്സരിച്ചത്. നവജാത പെൺകുട്ടികൾക്ക് ഒരു ഗ്രാം സ്വർണ മോതിരം നൽകി വോട്ട് പിടിത്തം നടത്തിയതായുള്ള പരാതികളും പുറത്തു വന്നിരുന്നു. പക്ഷെ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ഒരു ലക്ഷത്തി അയ്യായിരത്തിലധികം വോട്ടുകൾ ഭൂരിപക്ഷം നേടി സിപിഎമ്മിലെ എം.ബി. രാജേഷ് വിജയിച്ചത് യു.ഡി.എഫിനും പാർട്ടിക്കും നാണക്കേടായിരുന്നു. വീരേന്ദ്രകുമാറിന്റെ തെരഞ്ഞെടുപ്പ് തോൽവിയെ കുറിച്ച് ഒരന്വേഷണം തന്നെ യു.ഡി.എഫ് നടത്തിയതാണ്. ജില്ലാ കോൺഗ്രസ് നേത്യത്വത്തിനെതിരായിരുന്നു അന്വേഷണ ഫലം.

യു.ഡി.എഫിൽ നിന്നാൽ പാർട്ടിയുടെ അടിവേരുകൾ തന്നെ ഇല്ലാതാകുമെന്ന അവസ്ഥയിലാണെന്നാണ് പാർട്ടിയിലെ ഒരു വിഭാഗം പറയുന്നത്. എന്നാൽ യു.ഡി.എഫിൽ തന്നെ ഉറച്ചു നിൽക്കണമെന്നതാണ് നേതൃത്വത്തിന്റെ തീരുമാനം. എന്നാൽ ഇതേനില തുടർന്നാൽ നിയമസഭാ സീറ്റ് പോയിട്ട് ഒരു ഗ്രാമ പഞ്ചായത്ത് സീറ്റ് പോലും മത്സരിക്കാൻ ഇനി പാർട്ടിക്ക് യു.ഡി.എഫിൽനിന്ന് കിട്ടണമെന്നില്ലെന്നതാണ് വാസ്തവം. ഇത്തവണത്തെ ഒരു സീറ്റ് വിജയം അതാണ് സൂചിപ്പിക്കുന്നത്.