തിരുവനന്തപുരം: സമസ്തയുടെ പരിപാടിയിൽ പത്താം ക്ലാസുകാരിയെ സമ്മാനം നൽകാൻ വേദിയിൽ കയറ്റിയതിനെ മതപണ്ഡിതൻ അധിക്ഷേപിച്ചതിനെതിരേ രൂക്ഷവിമർശനവുമായി സിപിഐ മുഖപത്രമായ ജനയുഗം. യാഥാസ്ഥിതിക ചിന്തകളെ തളയ്ക്കണം. പെൺവിലക്ക് ആധുനിക സമൂഹത്തിന് അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ലെന്നും ജനയുഗം മുഖപ്രസംഗത്തിൽ പറയുന്നു.

പിന്തിരിപ്പൻ മനോഭാവമുള്ള പണ്ഡിതരും പുരോഹിതരും എത്ര അടിച്ചമർത്താൻ ശ്രമിച്ചിട്ടും ശാസ്ത്ര, സാങ്കേതിക, സാഹിത്യ മേഖലകളിൽ മുസ്ലിം സ്ത്രീകൾ മുഖ്യധാരയിലേക്ക് വരുമ്പോഴും യാഥാസ്ഥിതിക നിലപാടുകളും ആക്രോശങ്ങളും ഉയർന്നു വരുന്നത് അപമാനകരമാണെന്ന് മുഖപ്രസംഗം വിമർശിച്ചു.

സ്വാതന്ത്ര്യാനന്തരം ആവിഷ്‌കരിക്കപ്പെട്ട വിദ്യാഭ്യാസ പദ്ധതികൾ എല്ലാ മതങ്ങളിലുമെന്ന പോലെ മുസ്ലിം സമുദായത്തിനകത്തും പരിഷ്‌കരണ പ്രക്രിയയ്ക്ക് ശക്തി പകർന്നു. കേരളത്തിൽ മുസ്ലിം ജനസംഖ്യ കൂടുതൽ ഉള്ള മലബാർ മേഖലയിൽ സിപിഐയുടെ നേതൃത്വത്തിൽ 1954ൽ ആവിഷ്‌കരിച്ച മലബാർ ജില്ലാബോർഡ് വിദ്യാഭ്യാസ വ്യാപന പ്രക്രിയയുടെ ആക്കം കൂട്ടിയെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ എല്ലാ വിരുദ്ധ സാഹചര്യങ്ങളെയും അവഗണിച്ച് വിദ്യാഭ്യാസം നേടുകയും പരമോന്നത കോടതി ജഡ്ജി വരെ ആയി പ്രവർത്തിക്കുകയും ചെയ്ത ജസ്റ്റിസ് ഫാത്തിമാ ബീവിയെയും, നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കർ പദവി അലങ്കരിച്ച എ നഫീസത്തു ബീവിയെയും മുഖപ്രസംഗത്തിൽ ഓർത്തെടുക്കുന്നുണ്ട്.

പുരോഗമനത്തിന്റെ ഉയർന്ന ഘട്ടമായ വർത്തമാന കാലത്ത് പ്രാകൃത ചിന്താഗതിയുള്ള ചിലർ നൂറ്റാണ്ടുകൾക്ക് പിന്നിലേക്ക് തിരിച്ചു നടത്തിക്കുന്നതിനുള്ള ശ്രമങ്ങളിൽ വ്യാപൃതരാണ്. ഇത്തരം ശ്രമങ്ങൾ എല്ലാ കാലഘട്ടത്തിലും നടക്കുന്നുണ്ടെന്നും മുഖപ്രസംഗത്തിൽ വിമർശനമുണ്ട്. ക്ഷേത്രത്തിൽ മുസ്ലിം പെൺകുട്ടിക്ക് നൃത്തം അവതരിപ്പിക്കുന്നതിനുള്ള അനുമതി നിഷേധിച്ച സംഭവവും മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടുന്നു.

സമൂഹത്തിന്റെ പൊതുചിന്ത ഇത്തരം പ്രാകൃത - യാഥാസ്ഥിതിക നിലപാടുകൾക്കെതിരാണെന്ന് വ്യക്തമാക്കുന്ന പ്രതികരണങ്ങളാണ് വിഷയത്തിൽ ഉണ്ടായത്. അതേസമയം ഈ വിഷയത്തെ സാമുദായികവൽക്കരിക്കുവാനും രാഷ്ട്രീയവൽക്കരിക്കുവാനുമുള്ള ശ്രമങ്ങൾ ആശാസ്യമല്ലെന്നും മുഖപ്രസംഗത്തിൽ പറയുന്നുണ്ട്.

ഒരു മതത്തിനെതിരെ തിരിച്ചുവിടാനുള്ള ചില വർഗീയ സംഘടനകളുടെ ശ്രമങ്ങളെ തിരിച്ചറിയണം.എല്ലാ മതങ്ങളിലും ഇത്തരം യാഥാസ്ഥിതിക പിന്തിരിപ്പൻ നിലപാടുകളുള്ള ഒരു വിഭാഗമുണ്ട്. ആധുനിക നവോത്ഥാന കേരളത്തിൽ ഒരുതരത്തിലും വച്ചുപൊറുപ്പിക്കുവാൻ പാടില്ലാത്ത ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുവാൻ അതേ സമുദായങ്ങൾക്കകത്തുനിന്നുതന്നെ പ്രതിരോധമുയരണമെന്നും മുഖപ്രസംഗത്തിൽ പറയുന്നു.