- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേലി വിളവുതിന്നുന്ന സ്ഥിതി അനുവദിക്കരുത്; ആത്മഹത്യാ കുറിപ്പിൽ സിഐയുടെ പേര് ഇടംപിടിച്ചത് യാദൃശ്ചികമല്ല; കൊച്ചിയിലെ മോഡലുകളുടെ മരണത്തിലും മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പിലും ഉന്നതർ സംശയത്തിന്റെ നിഴലിൽ; വിമർശിച്ച് സിപിഐ മുഖപത്രം
തിരുവനന്തപുരം: കേരളാ പൊലീസിനെതിരെ വിമർശനവുമായി സിപിഐ മുഖപത്രമായ ജനയുഗം. വേലി തന്നെ വിളവുതിന്നുന്ന സ്ഥിതിയിലേക്ക് അധഃപതിക്കാൻ അനുവദിക്കരുതെന്ന് ജനയുഗം മുഖപ്രസംഗത്തിൽ പറയുന്നു. പല സംഭവങ്ങളിലും പൊലീസ് ഉന്നതർ സംശയനിഴലിലാണെന്നും ജനയുഗം കുറ്റപ്പെടുത്തുന്നു. ഒറ്റപ്പെട്ട അപഭ്രംശങ്ങൾ സർക്കാരിന്റെ പ്രതിഛായക്ക് മങ്ങലേൽപ്പിക്കുന്നത് ഖേദകരമാണ്. നിയമവാഴ്ച ഉറപ്പുവരുത്താൻ സർക്കാരിന് ഉത്തരവാദിത്വമുണ്ടെന്നും സിപിഐ മുഖപത്രം പറയുന്നു.
ആലുവയിൽ നിയമ വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് ഇൻസ്പെക്ടറുടെ പേര് ആത്മഹത്യാ കുറിപ്പിൽ സ്ഥാനംപിടിച്ചത് കേവലം യാദൃച്ഛികതയായി തള്ളിക്കളയാനാവില്ല. മുമ്പ് ഇതേ ഉദ്യോഗസ്ഥൻ മറ്റൊരു യുവതിയുടെ ദാരുണമായ കൊലപാതകം സംബന്ധിച്ച അന്വേഷണത്തിൽ വിവരശേഖരണം നടത്തുന്നതിൽ വീഴ്ചവരുത്തിയതായി ആരോപണം ഉയർന്നിരുന്നു എന്ന കാര്യവും ജനയുഗം ചൂണ്ടിക്കാട്ടുന്നു.
കൊച്ചിയിൽ വാഹനാപകടത്തിൽ രണ്ട് യുവതികളടക്കം മൂന്നുപേർ മരിക്കാനിടയായ സംഭവം, മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് എന്നിവയിലുൾപ്പെടെ പല സംഭവങ്ങളിലും പൊലീസ് ഉന്നതർ സംശയത്തിന്റെ നിഴലിലാണ്. സമൂഹത്തിന്റെ ഉത്ക്കണ്ഠകൾ ദുരീകരിക്കാനും നിയമവാഴ്ച ഉറപ്പുവരുത്താനും കേരളത്തിന്റെ പൊലീസ് സേനയെ ആധുനിക ജനസൗഹൃദ പൊലീസായി നിലനിർത്താനും സംസ്ഥാനം ഭരിക്കുന്ന ജനകീയ സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും ജനയുഗം മുഖപ്രസംഗത്തിൽ പറഞ്ഞുവെക്കുന്നു
മുഖപ്രസംഗത്തിന്റെ പൂർണരൂപം ഇങ്ങനെ:
വേലി വിളവു തിന്നുന്നത് അനുവദിച്ചുകൂട
അഞ്ച് ദിവസങ്ങൾക്ക് മുമ്പാണ് ഇന്ത്യൻ പൊലീസ് ഫൗണ്ടേഷൻ പുറത്തുവിട്ട 'സ്മാർട്ട് പൊലീസ് ഇൻഡക്സി'ൽ കേരള പൊലീസ് രാജ്യത്തെ നാലാമത്തെ മികച്ച പൊലീസ് സേനയായി വിലയിരുത്തിക്കൊണ്ടുള്ള വാർത്ത പുറത്തുവന്നത്. ഗവേഷണങ്ങളിലൂടെയും നയപരമായ പിന്തുണ നല്കിയും തൊഴിൽപരമായ പ്രാപ്തി ഉയർത്തിയും പരിഷ്കാരങ്ങൾ വഴിയും പൊലീസിന്റെ പ്രവർത്തനമികവ് ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന വിദഗ്ധ സംഘമാണ് ഇന്ത്യൻ പൊലീസ് ഫൗണ്ടേഷനെ നയിക്കുന്നത്. സർവീസിൽ ഉള്ളവരും വിരമിച്ചവരുമായ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ, സിവിൽ സർവീസ് രംഗത്തെ പ്രമുഖർ, നിയമജ്ഞർ, മാധ്യമ പ്രവർത്തകർ, വിദ്യാഭ്യാസ വിചക്ഷണർ തുടങ്ങിയവർ ഉൾപ്പെട്ടതും നയിക്കുന്നതുമാണ് ഐപിഎഫ്.
അവരുടെ വിലയിരുത്തൽ അനുസരിച്ച് ആന്ധ്രാപ്രദേശ്, തെലങ്കാന, അസം എന്നീ സംസ്ഥാനങ്ങൾക്കു പിന്നിൽ നാലാമതാണ് കേരള പൊലീസ് സൂചികയിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. സൂചികയിൽ ഒന്നാം സ്ഥാനത്തുള്ള ആന്ധ്രാപ്രദേശും കേരളവും തമ്മിൽ കേവലം 0.22 പോയിന്റിന്റെ വ്യത്യാസം മാത്രമാണുള്ളത്. കേരളത്തിലെ പൊലീസ് പൊതു ജീവിതത്തിലും മാധ്യമ വ്യവഹാരത്തിലും തുടർച്ചയായി നേരിടുന്ന കടുത്ത വിമർശനങ്ങളുടെ പശ്ചാത്തലത്തിലാണ് ഐപിഎഫ് സ്മാർട്ട് പൊലീസ് സൂചിക പരാമർശ വിധേയമാകുന്നത്. ഐപിഎഫിന്റെ പഠനം മാത്രമല്ല കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തലിലും രാജ്യത്തെ മികച്ച പൊലീസ് സേന എന്ന ബഹുമതി തുടർച്ചയായി കരസ്ഥമാക്കാൻ കേരള പൊലീസിന് കഴിഞ്ഞിട്ടുണ്ട്.
ഉത്തർപ്രദേശ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും പൊലീസിനെ സംബന്ധിച്ച് വരുന്ന വാർത്തകൾ കേരള പൊലീസിനെ ഒരു ആധുനിക ജനാധിപത്യ സമൂഹത്തിൽ പ്രവർത്തിക്കുന്ന പൊലീസ് എന്ന നിലയിൽ വേറിട്ടു നിർത്തുന്നു. എന്നാൽ എത്ര രുചികരമായി പാകം ചെയ്ത പാൽപ്പായസവും അപ്പാടെ വിഷലിപ്തമാക്കാൻ ഒരു തുള്ളി വിഷം മതിയാവും. കേരള പൊലീസിന്റെ പ്രവർത്തനത്തിൽ സംഭവിക്കുന്ന ഒറ്റപ്പെട്ട അപഭ്രംശങ്ങൾ വൻ രാഷ്ട്രീയ വിവാദമാവുകയും സംസ്ഥാനത്തെ എൽഡിഎഫ് സർക്കാരിന്റെ പ്രതിഛായക്ക് മങ്ങലേല്പിക്കുകയും ചെയ്യുന്നു എന്നത് ഖേദകരമാണ്.
ആലുവയിൽ നിയമ വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് ഇൻസ്പെക്ടറുടെ പേര് ആത്മഹത്യാ കുറിപ്പിൽ സ്ഥാനംപിടിച്ചത് കേവലം യാദൃച്ഛികതയായി തള്ളിക്കളയാനാവില്ല. മുമ്പ് ഇതേ ഉദ്യോഗസ്ഥൻ മറ്റൊരു യുവതിയുടെ ദാരുണമായ കൊലപാതകം സംബന്ധിച്ച അന്വേഷണത്തിൽ വിവരശേഖരണം നടത്തുന്നതിൽ വീഴ്ചവരുത്തിയതായി ആരോപണം ഉയർന്നിരുന്നു. ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്ത കേസിൽ മൃതദേഹങ്ങൾ സംഭവസ്ഥലത്തുനിന്നും 17 കിലോമീറ്റർ അകലെയുള്ള തന്റെ വീട്ടിൽ കൊണ്ടുവരുവിച്ച് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ സംഭവവും വൻ വിവാദമായി. ഇയാളെ ക്രമസമാധാന ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്നും സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്നും ചുമതലയുണ്ടായിരുന്ന എസ്പി റിപ്പോർട്ട് നല്കിയതായും വാർത്ത ഉണ്ടായിരുന്നു.
ഇവയടക്കം കൃത്യനിർവഹണത്തിൽ ഗുരുതര വീഴ്ചയും തൊഴിൽപരമായ നിരുത്തരവാദിത്തവും മാത്രമല്ല അനധികൃത സ്വത്ത് സമ്പാദന ആരോപണവും ഇയാൾക്കു നേരെ ഉന്നയിക്കപ്പെട്ടിരുന്നു. അത്തരം പ്രവർത്തനങ്ങൾ ഔദ്യോഗിക കൃത്യനിർവഹണത്തിലെ വീഴ്ചയ്ക്ക് അപ്പുറം കാക്കിക്കുള്ളിലെ മനുഷ്യത്വരാഹിത്യവും കുറ്റവാസനയുമാണ് തുറന്നുകാട്ടുന്നത്. ഇത്തരക്കാർ കേരള പൊലീസിന്റെ സൽപേരിനു മാത്രമല്ല ജനാധിപത്യ സമൂഹത്തിനുതന്നെ അപമാനമാണ്. സമൂഹത്തിൽ നിയമവാഴ്ച ഉറപ്പുവരുത്തേണ്ട പൊലീസ് സംവിധാനം 'വേലി വിളവു തിന്നുന്ന' സ്ഥിതിയിലേക്ക് അധഃപതിക്കാൻ അനുവദിച്ചുകൂട.
കൊച്ചിയിൽ വാഹനാപകടത്തിൽ രണ്ട് യുവതികളടക്കം മൂന്നുപേർ മരിക്കാനിടയായ സംഭവം, മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് എന്നിവയിലുൾപ്പെടെ പല സംഭവങ്ങളിലും പൊലീസ് ഉന്നതർ സംശയത്തിന്റെ നിഴലിലാണ്. അത്തരം സംഭവങ്ങളും വിവാദങ്ങളും ആവർത്തിക്കുന്നത് നിയമവാഴ്ചയെപ്പറ്റിയും സുരക്ഷിതത്വത്തെപറ്റിയും പൗരജീവിതത്തിൽ ആശങ്ക ഉണ്ടാക്കുന്നു. സമൂഹത്തിന്റെ ഉത്ക്കണ്ഠകൾ ദുരീകരിക്കാനും നിയമവാഴ്ച ഉറപ്പുവരുത്താനും കേരളത്തിന്റെ പൊലീസ് സേനയെ ആധുനിക ജനസൗഹൃദ പൊലീസായി നിലനിർത്താനും സംസ്ഥാനം ഭരിക്കുന്ന ജനകീയ സർക്കാരിന് ഉത്തരവാദിത്തമുണ്ട്.
മറുനാടന് മലയാളി ബ്യൂറോ