നശ്വര പോപ്പ് താരം മൈക്കൽ ജാക്സന്റെ സഹോദരിയും പ്രമുഖ പോപ്പ് താരവുമായ ജാനറ്റ് ജാക്സൻ അവരുടെ മൂന്നാമത്തെ ഭർത്താവിൽ നിന്നും വേർപിരിഞ്ഞതായി റിപ്പോർട്ട്. 2012ൽ വിവാഹം കഴിച്ചിരുന്ന ഖത്തറി കോടീശ്വരനായ വിസാം അൽ മനയുമായിട്ടാണ് ജാനറ്റ് ബന്ധം പിരിഞ്ഞിരിക്കുന്നത്. ഇതോടെ പർദ ധരിച്ച് ഈ പോപ്പ് താരം ഇസ്ലാമിലേക്ക് പോയിരിക്കുന്നത് വെറുതെയായിരിക്കുകയാണ്. ഇവർക്കൊരു കുഞ്ഞുണ്ടായതോടെ ജാനറ്റിൽ കോടീശ്വരനുള്ള താൽപര്യം തീർത്തും പോയതാണ് വേർപിരിയലിന്റെ കാരണമെന്ന് സൂചനയുണ്ട്. 50ാം വയസിൽ തന്റെ ആദ്യ കുഞ്ഞിന് ജന്മം നൽകി മാസങ്ങൾക്ക് ശേഷമാണീ വേർപിരിയൽ.

ഇക്കഴിഞ്ഞ ജനുവരി 3നായിരുന്നു ജാനറ്റിന് ഇസ്സ എന്ന പേരിലുള്ള മകൻ ജനിച്ചത്. വിവാഹത്തിന് മുമ്പ് വരെ വേദികളിൽ നിറഞ്ഞ് നിന്നിരുന്നു ജാനറ്റ് അതിന് ശേഷം ലൈംലൈറ്റിൽ നിന്നും മാറി നിന്ന് ഒതുങ്ങി ജീവിക്കുന്ന അവസ്ഥയായിരുന്നു. ഒരു മിച്ച് പോകാൻ സാധിക്കാത്തതിനാൽ ഇരുവരും കഴിഞ്ഞ രാത്രി തീരുമാനിക്കുകയായിരുന്നുവെന്നാണ് ജാനറ്റിന്റെ അടുത്ത സുഹൃത്തുക്കൾ വെളിപ്പെടുത്തുന്നത്. ഇരുവർക്കും അവരുടേതായ തിരക്കുകളുള്ളതിനാൽ രണ്ട് വഴിക്ക് പോകാൻ തീരുമാനിച്ചുവെങ്കിലും കുട്ടിയുടെ ഭാവി ഓർത്ത് ഇരുവരും നല്ല രക്ഷിതാക്കളായി പെരുമാറുമെന്നും സൂചനയുണ്ട്.

രണ്ട് പേരും പരസ്പര ധാരണയോടെയാണ് വേർപിരിയുന്നതെന്നും കുട്ടി ജാനറ്റിനൊപ്പം ലണ്ടനിലായിരിക്കും കഴിയുകയെന്നും റിപ്പോർട്ടുണ്ട്. എന്നാൽ ഇവരുടെ ഡിവോഴ്സ് സെറ്റിൽ മെന്റ് 42കാരനും അൽമന ബിസിനസ് കോൻഗ്ലോമെറേറ്റ് സിഇഒയുമായ അൽമനയെ സംബന്ധിച്ചിടത്തോളം സങ്കീർണമായിരിക്കുമെന്നും സൂചനയുണ്ട്. 800 മില്യൺ പൗണ്ടിന്റെ ആസ്തിയാണ് ഇദ്ദേഹത്തിനുള്ളത്. ജാനറ്റിന്റെ മൊത്തം ആസ്തിയേക്കാൾ നാലിരട്ടി വരുമിത്. ഇവരുടെ വിവാഹത്തെക്കുറിച്ചുള്ള വാർത്തകൾക്കൊപ്പവും നിരവധി ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു.

ജാനറ്റ് ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്തുവെന്ന വാർത്ത അത്തരത്തിലുള്ള ഒന്നായിരുന്നു. ഇതിനെ ബലപ്പെടുത്തുന്ന വിധം അവർ ശിരോവസ്ത്രം ധരിച്ച ചിത്രങ്ങൾ പ്രചരിക്കുകയും ചെയ്തിരുന്നു. 1984ൽ ജാനറ്റ് ഗായകനായ ജെയിംസ് ഡി ബാർജിനെ വിവാഹം കഴിച്ചിരുന്നു. എന്നാൽ തൊട്ടടുത്ത വർഷം തന്നെ വേർപിരിഞ്ഞു. തുടർന്ന് മെക്സിക്കൻ ബാക്കപ്പ് ഡാൻസറായ റെനെ എലിസോൻഡോയെ വിവാഹം കഴിച്ചു. 1991ൽ വിവാഹിതരായി ഇവർ 2000ത്തിൽ വേർപിരിഞ്ഞു. ഇപ്പോൾ ഇതാ മൂന്നാമത് വിവാഹത്തിൽ നിന്നും മോചനം നേടാൻ ജാനറ്റ് ഒരുങ്ങുകയാണ്.