- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പറയുന്നവർ പറയട്ടെ, ഞങ്ങൾക്കതൊരു വിഷയമല്ല; ഒന്നിച്ചു പഠിക്കുന്നു, ഒന്നിച്ചു കഴിക്കുന്നു... അപ്പോ പിന്നെ ഒന്നിച്ചൊരു ഡാൻസ് കളിച്ചു, ഇനിയും കളിക്കും; കുറച്ചു പേർ മാത്രമാണ് നെഗറ്റീവ് ആയി പ്രതികരിച്ചത്, ഭൂരിപക്ഷത്തിന്റേതും പോസിറ്റീവ് റിവ്യൂ ആയിരുന്നു; വിദ്വേഷ പ്രചാരകരെ തള്ളി നവീനും ജാനകിയും
തൃശൂർ: ഡാൻസു കളിച്ചതിന്റെ പേരിൽ സൈബർ ഇടങ്ങളിൽ ചില വിദ്വേഷ പ്രചാരകർ ഉയർത്തയ ആക്ഷേപങ്ങൾ തള്ളി തൃശ്ശൂർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളായ നവീനും ജാനകിയും. വിവാദങ്ങളും വിദ്വേഷ പ്രചരണങ്ങളൊന്നും തങ്ങളെ ബാധിക്കില്ലെന്ന് ഇരുവരും വ്യക്തമാക്കി. പ്രചാരണങ്ങളും തങ്ങളെ ബാധിക്കുന്നില്ലെന്നും ഇനിയും ഡാൻസ് കളിക്കുമെന്നും ഇരുവരും വ്യക്തമാക്കി. കുറച്ചു പേർ മാത്രമാണ് നെഗറ്റീവ് ആയി പ്രതികരിച്ചത് എന്നും ഭൂരിപക്ഷത്തിന്റേതും പോസിറ്റീവ് റിവ്യൂ ആയിരുന്നു എന്നും അവർ പറഞ്ഞു.
'കുറച്ചു പേരെ നെഗ്റ്റീവായി വന്നുള്ളൂ. ഭൂരിപക്ഷവും പോസിറ്റീവ് റെസ്പോൺസാണ് തന്നത്. ഞങ്ങളിപ്പോ കോളജാണ്... ഒന്നിച്ചാണ് ക്ലാസിൽ പോകുന്നത്, ഒന്നിച്ചാണ് പഠിക്കുന്നത്. ഒന്നിച്ചാണ് കഴിക്കാൻ പോകുന്നേ.. അപ്പോ പിന്നെ ഒന്നിച്ചൊരു ഡാൻസ് കളിച്ചു. അത് അത്രയേ ഉള്ളൂ. എല്ലാവരും ആ സെൻസിൽ എടുക്കണം. ഞങ്ങൾ എന്റർടെയ്ന്മെന്റേ ഉദ്ദേശിച്ചുള്ളൂ. എല്ലാവരും കാണണമെന്ന രീതിയിൽ ഒന്നുമല്ല ഇതെടുത്തത്. എങ്ങനെയോ അത് വൈറലായിപ്പോയി. അത്രയേ ഉള്ളൂ. ഇനിയും വീഡിയോ എടുക്കും. ഞങ്ങൾ തന്നെ ആകണമെന്നില്ല. ഡാൻസ് കളിക്കുന്ന ഇനിയും പിള്ളേരുണ്ട് കോളജിൽ. ഇതിനും തീർച്ചയായും എടുക്കും' - സ്വകാര്യ ചാനലിനോട് സംസാരിക്കവെ ഇരുവരും നിലപാട് വ്യക്തമാക്കി.
സൈബർ ഇടത്തിൽ വിവാദം കൊഴുക്കവേ ഇന്നലെ ഇരുവരും മറുപടി ഡാൻസുമായി രംഗത്തുവന്നിരുന്നു. ക്ലബ് എഫ്.എം സെറ്റിലായിരുന്നു ഇത്തവണ ഇരുവരുടേയും ഡാൻസ്. ആറാം തമ്പുരാൻ എന്ന ചിത്രത്തിലെ പാട്ടിന്റെ റീമിക്സിനൊപ്പമാണ് ഇരുവരും ഇത്തവണ ചുവടുവെച്ചത്. സംഭവം നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയ ഏറ്റെടുത്തു. വിദ്വേഷ പ്രചാരണങ്ങളിൽ തലകുനിക്കാതെ ധൈര്യമായി മുന്നോട്ട് പോവൂ എന്നാണ് വീഡിയോക്ക് താഴെ പിന്തുണയർപ്പിച്ചെത്തിയവർ എഴുതിയത്.
ലൗ ജിഹാദ് ആരോപിച്ചാണ് ഇരുവർക്കുമെതിരെ വലതുപക്ഷ പ്രൊഫൈലുകളിൽ നിന്ന് ആക്രമണം നടക്കുന്നത്. പ്രതീഷ് വിശ്വനാഥനോട് അടുപ്പമുള്ള കൃഷ്ണരാജ് എന്ന അഭിഭാഷകന്റെ കുറിപ്പാണ് ഇത്തരത്തിലെ വിദ്വേഷ പ്രചാരണത്തിന് തുടക്കമിട്ടത്. 'ജാനകിയും നവീനും. തൃശൂർ മെഡിക്കൽ കോളേജിലെ രണ്ട് വിദ്യാർത്ഥികളുടെ ഡാൻസ് വൈറൽ ആകുന്നു. ജാനകി എം ഓംകുമാറും നവീൻ കെ റസാക്കും ആണ് വിദ്യാർത്ഥികൾ. എന്തോ ഒരു പന്തികേട് മണക്കുന്നു. ജാനകിയുടെ മാതാപിതാക്കൾ ഒന്ന് ശ്രദ്ധിച്ചാൽ നന്ന്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്നല്ലേ നിമിഷയുടെ അമ്മ തെളിയിക്കുന്നത്. ജാനകിയുടെ അച്ഛൻ ഓംകുമാറിനും ഭാര്യക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം' - എന്നാണ് കൃഷ്ണരാജ് ഫേസ്ബുക്കിൽ കുറിച്ചത്.
കൃഷ്ണരാജിന്റെ പരാമർശം ക്രിസ്റ്റ്യൻ ഹെൽപ് ലൈൻ എന്ന പ്രൊഫൈലും ഏറ്റെടുത്തു. വർഗീയവാദികളെ ഭയന്ന് പലരും പറയാൻ മടിക്കുന്ന നഗ്നസത്യങ്ങൾ പച്ചയ്ക്കു വിളിച്ചു പറയുന്ന അഡ്വ. കൃഷ്ണരാജിന് ഐക്യദാർഢ്യം എന്നാണ് ഇദ്ദേഹത്തിന്റെ ചിത്രം പങ്കുവച്ച് ക്രിസ്റ്റ്യൻ ഹെൽപ് ലൈൻ കുറിപ്പിട്ടത്. തൃശൂർ മെഡിക്കൽ കോളജ് വരാന്തയിലായിരുന്നു ഇവരുടെ 30 സെക്കൻഡ് മാത്രം ദൈർഘ്യം വരുന്ന വൈറൽ നൃത്തം. റാ റാ റാസ്പുട്ടിൻ... ലവർ ഓഫ് ദ റഷ്യൻ ക്വീൻ എന്ന ബോണി എം ബാൻഡിന്റെ പാട്ടിനൊത്താണ് ഇവർ ചുവടുവച്ചത്. ഇൻസ്റ്റഗ്രാം റീൽസിൽ നവീൻ പങ്കുവച്ച വീഡിയോ ആണ് തരംഗമായി മാറിയത്.
അതിനിടെ ജാനകിയുടെയും നവീന്റെയും നൃത്തത്തെ ലൗ ജിഹാദുമായി കൂട്ടിക്കെട്ടി ഫേസ്ബുക്കിലൂടെ സമൂഹത്തിൽ വർഗീയ ചേരിതിരിവുണ്ടാക്കി പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ച അഡ്വ. കൃഷ്ണരാജിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന ഡി.ജി.പിക്കും തൃശൂർ എസ്പിക്കും അതിജീവന കലാസംഘം സംസ്ഥാന സെക്രട്ടറി ടി. മുജീബ് റഹ്മാൻ പരാതി നൽകി.
മുപ്പത് സെക്കന്റ് നൃത്തത്തിലൂടെയാണ് തൃശൂർ മെഡിക്കൽ കോളജ് വിദ്യാർത്ഥികളായ ജാനകിയും നവീനും സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. ഇരുവരുടേയും നൃത്തച്ചുവടുകൾ സോഷ്യൽ മീഡിയയിൽ തരംഗമായതിന് പിന്നാലെ ജാനകിക്കും നവീനുമെതിരെ സംഘപരിവാർ പ്രൊഫൈലുകൾ വിദ്വേഷ പ്രചാരണം നടത്തുകയായിരുന്നു. രണ്ടു മതവിഭാഗങ്ങളിൽ പെട്ട വിദ്യാർത്ഥികൾ ഒരുമിച്ച് നൃത്തം ചെയ്യുന്നത് അപകടകരമാണ് എന്ന് പ്രത്യക്ഷമായി കൃഷ്ണരാജ് പറയാൻ ശ്രമിക്കുന്നു.
ആയതിനാൽ ഇരു വിഭാഗങ്ങൾക്കിടയിൽ വർഗീയ ചേരിതിരിവുണ്ടാക്കുവാനും തെറ്റിദ്ധാരണ പരത്തുവാനുമുള്ള കൃഷ്ണരാജിന്റെ നീക്കത്തിനെതിരെ നിയമപരമായി നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ടി. മുജീബ് റഹ്മാൻ ആവിശ്യപ്പെട്ടു. അതിനിടെ മെഡിക്കൽ കോളജിൽ നൃത്തംകളിച്ച് വൈറലായ ജാനകി എം ഓംകുമാറും നവീൻ കെ. റസാഖിനെയും അഭിനന്ദിച്ച് ബിജെപി വക്താവ് സന്ദീപ് വാര്യരും രംഗത്തെത്തി.
തിരുവനന്തപുരം സ്വദേശിയാണ് ജാനകി. രാജീവ് ഗാന്ധി സെന്ററിലെ ശാസ്ത്രജ്ഞൻ ഡോ ഓം കുമാറിന്റെയും ചൈൽഡ് ഡവലപ്മെന്റ് സെന്ററിലെ ഡോക്ടർ മായാദേവിയുടെയും മകളാണ്. മാനന്തവാടി സ്വദേശി റസാഖിന്റെയും ദിൽഷാദിന്റെയും മകനാണ് നവീൻ റസാഖ്. സഹോദരൻ റോഷൻ ഹൈദരാബാദിൽ സിവിൽ എഞ്ചിനീയറാണ്.
മറുനാടന് മലയാളി ബ്യൂറോ