തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിൽ എൽഡിഎഫ് സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതേയുള്ളൂ. സിപിഎമ്മിൽ കെ ടി ജലീൽ ഒഴികെ എല്ലാ മന്ത്രിമാരും ദൃഢപ്രതിജ്ഞ ചെയ്യുകയും ചെയ്തു. സിപിഐ മന്ത്രിമാരും സമാനമായ രീതിയിൽ ദൃഢ പ്രതിജ്ഞയാണ് കൈക്കൊണ്ടത്. ഇങ്ങനെ അധികാരമേറ്റ എൽഡിഎഫ് സർക്കാറിന്റെ ഭാവി പ്രവചിക്കുകയാണ് ബിജെപി മുഖപത്രമായ ജന്മഭൂമി. വൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ എത്തിയ എൽഡിഎഫ് സർക്കാറിനെ ജ്യോതിഷമെന്ന ഉടുക്കു കൊട്ടി പേടിപ്പിക്കുകയാണ് ജന്മഭൂമി.

ഇന്ന് സത്യപ്രതിജ്ഞ ചൊല്ലിയ സമയവും മറ്റു ചൂണ്ടിക്കാട്ടിയാണ് ജ്യോതിഷി സർക്കാറിന്റെ ഭാവി പ്രവചിച്ചിരിക്കുന്നത്. പിണറായി സർക്കാറിന്റെ ഭാവി ഇരുളടഞ്ഞതാണെന്ന് പറഞ്ഞ് ഭയപ്പെടുത്തുന്ന വിധത്തിലാണ് പ്രവചനം. മന്ത്രിസഭ അധികാരമേൽക്കുന്ന സമയം അത്ര ശുഭകരമല്ലെന്നാണ് ജ്യോതിഷികളുടെ വിലയിരുത്തൽ എന്നാണ് ബിജെപി മുഖപത്രം റിപ്പോർട്ട് ചെയ്യുന്നത്. കറുത്തപക്ഷത്തിലെ ചതുർത്ഥിയും കന്നിരാശിയുമാണ്. അതുകൊണ്ട് ഇത് ഭരണത്തിന് ദീർഘായുസുണ്ടാക്കില്ലെന്ന് ജ്യോതിഷികൾ ചൂണ്ടിക്കാട്ടുന്നു. കൂടാതെ ഭരണത്തിലുള്ള മുതിർന്നവർക്ക് ദോഷകരമായി ബാധിക്കുമെന്നും ജന്മഭൂമി പറയുന്നു.

പ്രകൃതി ദുരന്തവും പകർച്ചവ്യാധിയും അക്രമവും വ്യാപകമായി ഉണ്ടാകുമെന്നും അതുകൊണ്ട് ഭരണം ഇരുളടഞ്ഞതാകുമെന്നുമാണ് പ്രവചനം. സിപിഐ(എം) പ്രവർത്തകരെയും മന്ത്രിമാരെയും ഭയപ്പെടുത്തുന്ന വിധത്തിലുള്ള ജന്മഭൂമിയുടെ വാർത്ത ഇങ്ങനെയാണ്:

ഭരണം ഇരുളടഞ്ഞതാകുമെന്ന് ജ്യോതിഷ പ്രവചനം

കൊച്ചി: സിപിഐ(എം) നേതൃത്വത്തിലുള്ള ഇടതുപക്ഷ മന്ത്രിസഭ അധികാരമേൽക്കുന്ന സമയം അത്ര ശുഭകരമല്ലെന്നാണ് ജ്യോതിഷികളുടെ വിലയിരുത്തൽ. പൂരാടത്തിന്റെ മൂന്നാംപാദത്തിലാണ് സത്യപ്രതിജ്ഞ. കൂടാതെ സൂര്യൻ മൗഢ്യത്തിലുമാണ്.

കറുത്തപക്ഷത്തിലെ ചതുർത്ഥിയും കന്നിരാശിയുമാണ്. ഇത് ഭരണത്തിന് ദീർഘായുസുണ്ടാക്കില്ലെന്ന് ജ്യോതിഷികൾ ചൂണ്ടിക്കാട്ടുന്നു. കൂടാതെ ഭരണത്തിലുള്ള മുതിർന്നവർക്ക് ദോഷകരമായി ബാധിക്കുമെന്നും പറയുന്നു.

നവദോഷങ്ങൾ ഇല്ലാത്തതും രാഹു, ഗുളികൻ, യമകണ്ടകാലം എന്നിവ ഒഴിവായ സമയത്താണ് മുഖ്യമന്ത്രിയായി പിണറായി വിജയനും മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുന്നതെങ്കിലും ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത അനുസരിച്ച് ഭരണം ഇരുളടഞ്ഞതാകുമെന്നാണ് ജ്യോതിഷികളുടെ വിലയിരുത്തൽ.

കൂടാതെ 2017 ൽ കേരളത്തിൽ പ്രകൃതിദുരന്തം, അക്രമം, പകർച്ചവ്യാധി തുടങ്ങിയ വൻദുരന്തങ്ങൾ അരങ്ങേറുമെന്നും പറയുന്നു. എല്ലാ മേഖലയിലും തകർച്ചയും സംഘർഷഭരിതവും പ്രത്യേകിച്ച് സ്ത്രീകൾക്ക് ഗുണകരമല്ലെന്നും ജ്യോതിഷികൾ ചൂണ്ടിക്കാട്ടുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിനെ തുടർന്ന് സംസ്ഥാനത്ത് ബിജെപി - സിപിഐ(എം) സംഘർഷം വിവിധ സ്ഥലങ്ങളിൽ ഉടലെടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കേന്ദ്രവും കേരളവും തമ്മിൽ കൊമ്പുകോർക്കുകയുമുണ്ടായി. സംസ്ഥാന സർക്കാറിന് മുന്നറിയിപ്പെന്ന രൂപത്തിൽ കേന്ദ്രമന്ത്രിയുടെ പരാമർശവുമുണ്ടായി. കൂടാതെ രാഷ്ട്രപതിയെ കണ്ട് വിഷയത്തിൽ ഇടപെടണമെന്ന അഭിപ്രായവും ബിജെപി നേതാക്കൾ രേഖപ്പെടുത്തുകയുണ്ടായി. ഈ സാഹചര്യത്തിലാണ് ജ്യേതിഷം പറഞ്ഞു കൊണ്ട് സിപിഎമ്മിനെ ഭയപ്പെടുത്താൻ ജന്മഭൂമിയുടെ ശ്രമം നടന്നതും. എന്തായാലും ജന്മഭൂമിയുടെ പ്രവചനം സോഷ്യൽ മീഡിയയിൽ ട്രോളിംഗിന് ഇരയായി കൊണ്ടിരിക്കയാണ്.