കൊല്ലം: ആഢംബരത്തിൽ മുഴുകിയുള്ള പാശ്ചാത്യ ലോകത്തിന്റെ ജീവിത ശൈലിയിൽ മനം മടുക്കുമ്പോഴാണ് സമാധാനം തേടി ഇന്ത്യയിലെ ആശ്രമത്തിലേക്ക് സായിപ്പന്മാർ അടക്കമുള്ളവർ എത്തുന്നത്. ആശ്രമങ്ങളിൽ അദ്ധ്യാത്മിക ജീവിതം നയിക്കാൻ ഉതകും വിധമുള്ള സാഹചര്യം നിലവിൽ ഉണ്ടെന്ന നിരീക്ഷണത്തിലാണ് പലരും എല്ലം ഉപേക്ഷിച്ച് ഇന്ത്യയിലെത്തുന്നത്. ഇങ്ങനെ നിരവധി പേർ മാതാ അമൃതാനന്ദമയിയുടെ ഭക്തരായി മാറിയിട്ടുണ്ട്. ആദ്യകാലത്ത് അമ്മയുടെ ശിക്ഷ്യയായി മാറിയ ഗെയ്ൽ ട്രെഡ്‌വെൽ നടത്തിയ വെളിപ്പെടുത്തലുകൾ അമൃതാനന്ദമയി മഠത്തെ കുറിച്ചുള്ള മുൻധാരണകളെല്ലാം തിരുത്തുന്നതായിരുന്നു. ലൈംഗിക ആരോപണങ്ങളും മാഫിയാ പ്രവർത്തനങ്ങളും അടക്കമുള്ള കാര്യങ്ങൾ ഇവിടെ നടക്കുന്നുണ്ടെന്ന് ഗെയിൽ തന്റെ പുസ്തകത്തിലൂടെ പറഞ്ഞു. ഈ വിവാദം അടങ്ങിയിരിക്കേയാണ് ജപ്പാൻ സ്വദേശി കൊല്ലത്തെ അമൃതാനന്ദമയി ആശ്രമത്തിൽ വച്ച് അസ്വാഭാവികമായി മരണപ്പെട്ടത്.

15 വർഷമായി മാതാ അമൃതാനന്ദമയിയുടെ ഭക്തനായിരുന്ന ഔചി വിജിയെന്ന(56)കാരനാണ് ആശ്രമത്തിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. മനസമാധാനം തേടി ഇന്ത്യയിലെ സന്യാസ കേന്ദ്രങ്ങൾ തേടി അലഞ്ഞ ഔചിയുടെ മരണം മാനസിക പ്രശ്‌നത്തെ തുടർന്നാണെന്നാണ് പുറത്തുവരുന്ന വിശദീകരണം. എന്തായാലും അമൃതാനന്ദമയി ആശ്രമത്തിൽ ഉണ്ടായ ദുരൂഹ മരണങ്ങളുടെ കൂട്ടത്തിലേക്കാണ് ഔചിയുടെ മരണവും പെട്ടിരിക്കുന്നത്. എന്നാൽ ഔചിയുടേത് ആത്മഹത്യയാണെന്ന നിഗമനമാണ് ഇതേക്കുറിച്ച് അന്വേഷിച്ച മറുനാടൻ മലയാളിയോട് കരുനാഗപ്പള്ളി പൊലീസ് പങ്കുവച്ചത്.

ഇന്നലെ രാവിലെയായിരുന്നു ഔചിയെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. ഇദ്ദേഹം മഠത്തില സ്ഥിര അന്തേവാസി ആയിരുന്നില്ല. ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അവാസ്ഥവമാണെന്ന് മഠവും പൊലീസും വ്യക്തമാക്കി. ഇയാൾ മഠത്തിൽ 15 വർഷമായി നിത്യസന്ദർശകനാണെന്നാണ് അമൃതാനന്ദമയി ആശ്രമം പറഞ്ഞെത്. അമൃതാനന്ദമയി ആശ്രമത്തിലുള്ളപ്പോൾ ഔചി ഇവിടെ പ്രാർത്ഥനയെക്കെത്തുകമാത്രമാണ് ചെയ്യാറുള്ളതെന്നും കരുനാഗപ്പള്ളി എസ്.ഐ ഷാഫി പറയുന്നു.

അമൃതാനന്ദമയി മഠത്തിന് പുറമെ സത്യസായിബാബ ആശ്രമത്തിലും ഔചി പ്രാർത്ഥനയ്ക്ക് പോവാറുണ്ടായിരുന്നു. അവിടുത്തെ യോഗയും മെഡിറ്റേഷനുമെല്ലാമാണ് ഔചി വിജിയുടെ പ്രധാനപരിപാടി. മന:സമാധാനം തേടിയായിരുന്നു ഇയാൾ കൊല്ലത്തെ ആശ്രമത്തിൽ എത്തിയത്. എന്നാൽ ചില മാനസിക പ്രശ്‌നങ്ങളും അദ്ദേഹത്തിന് ഉണ്ടായിരുന്നതായി ഇയാളോട് അടുപ്പമുള്ളവർ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. എന്നാൽ മാതാ അമൃതാനന്ദമയിയുടെ മഠത്തിൽ നടന്ന ആത്മഹത്യ മുഖ്യധാര മാദ്ധ്യമങ്ങളിൽ ഇന്നലെ കാര്യമായ വാർത്തയായിരുന്നില്ല. ഈ വിവരം നവമാദ്ധ്യമങ്ങളിലൂടെയാണ് പുറത്തുവന്നത്.

സംഭവം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസിന്റെ അന്വേഷണം ഇപ്പോൾ മുന്നോട്ടുപോകുന്നത്. ഇതിനുമുൻപും നിരവധി തവണ അമൃതാനന്ദമയി മഠത്തിൽ ഇത്തരം ആത്മഹത്യകൾ നടന്നിട്ടുണ്ട്. മരണത്തിന് ശേഷം മൃതദേഹം താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മാറ്റിയിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യുന്നത് വൈകിയതായും ആക്ഷേപമുണ്ട്. എന്നാൽ ഔചിയുടെ ബന്ധുക്കൾ എത്തിയ ശേഷം പോസ്റ്റ് മോർട്ടം ചെയ്താൽ മതിയെന്നതുകൊണ്ടാണ് ഈ നടപടി വൈകുന്നതെന്നും പറയപ്പെടുന്നു. ഇയാളുടെ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ടെന്നും അവർ എത്തുന്ന മുറയ്ക്ക് മൃതദേഹം വിട്ടുനിൽക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും കരുനാഗപ്പള്ളി എസ് ഐ ഷാഫി പറഞ്ഞു.

ഔചി വിജി മഠത്തിലെ അന്തേവാസിയല്ലെന്നും മഠത്തിലെ ദൈനംദിന പ്രവർത്തിയിൽ യാതൊരു പങ്കുമില്ലെന്നും മഠം വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ മാതാ അമൃതാനന്ദമയി മഠത്തിൽ നടക്കുന്ന ദുഷ്‌ചെയ്തികൾ വിവരിച്ച മുൻ ശിഷ്യ ട്രെഡ്‌വെൽ ഗെയിലിന്റെ ''വിശുദ്ധനരകം'' എന്ന പുസ്തകത്തിൽ വന്ന വെളിപ്പെടുത്തലിൽ പറഞ്ഞ കാര്യങ്ങളെ അടിസ്ഥാനമാക്കി കേസെടുക്കാൻ പോലും പൊലീസും സംസ്ഥാന സർക്കാറും തയ്യാറായിരുന്നില്ല. നേരത്തെ സത്‌നംസിംഗിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടും മഠത്തിനെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു.

നേരത്തെ അമൃതാനന്ദമയി മഠത്തിലെ താമസക്കാരനായിരുന്ന തേവന്നൂർ സ്വദേശിയായ രാധാകൃഷ്ണൻ എന്നയാളുടെ ആത്മഹത്യയും ദുരൂഹമായിരുന്നു. ആശ്രമത്തിലെ പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന കുറിപ്പും എഴുതിയായിരുന്നു രാധാകൃഷ്ണന്റെ ആത്മഹത്യ. ഈ കുറിപ്പ് പത്രപ്രവർത്തകർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും തപാൽ മാർഗ്ഗം അയച്ച ശേഷമാണ് ആത്മഹത്യ ചെയ്തത്. മാദ്ധ്യമപ്രവർത്തകർക്ക്‌ അയച്ച ആത്മഹത്യാ കുറിപ്പിൽ ഒരു ജപ്പാൻകാരന്റെ സ്വത്തുക്കൾ മഠം തട്ടിയെടുക്കാൻ ശ്രമിച്ചെന്ന ആരോപണവും അന്ന് ഉന്നയിച്ചിരുന്നു. ഫുജി സവ അകിര എന്ന ജപ്പാൻകാരന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്ഥലമാണ് തട്ടിയെടുത്ത് അമൃതശിൽപകലാക്ഷേത്രം എന്ന പേരിൽ പ്രവർത്തിക്കുന്നതെന്നായിരുന്നു രാധാകൃഷ്ണൻ ഉന്നയിച്ച ആരോപണം.

രാധാകൃഷ്ണന്റെ ആത്മഹത്യയിലേക്ക് നയിച്ച സംഭവങ്ങളെ കുറിച്ച് അമൃതാനന്ദമയി മഠത്തിന്റെ വൻ സ്വാധീനമുള്ളതിനാൽ അന്വേഷണം ഫലപ്രദമായി നടക്കുന്നില്ലെന്ന് വ്യാപകമായ പരാതിയും ഉയർന്നിരുന്നു. അമൃതാനന്ദമയിയുടെ സഹോദരൻ നാരായണൻകുട്ടി, ധുരന്തൻ, അമ്മയുടെ ബന്ധുവായ പ്രദീപ്കുമാർ ഒരു വിദേശ വനിത തുടങ്ങിയവരുടെ മരണങ്ങളും വിവാദത്തിലായിരുന്നു.