- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയിൽ വമ്പൻ നിക്ഷേപ പദ്ധതികളുമായി ജപ്പാൻ; 3.2 ലക്ഷം കോടി നിക്ഷേപിക്കും; പ്രഖ്യാപനം മോദി-ഫുമിയോ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ; സൈബർ സുരക്ഷ അടക്കം ആറ് കരാറുകളിൽ ഒപ്പിട്ടു; മോദി സർക്കാരിന്റെ അഭിമാന നേട്ടം
ന്യൂഡൽഹി: ഇന്ത്യയിൽ വമ്പൻ നിക്ഷേപത്തിനൊരുങ്ങി ജപ്പാൻ. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ജപ്പാൻ ഇന്ത്യയിൽ 42 ബില്യൻ ഡോളർ (3.2 ലക്ഷം കോടി രൂപ) നിക്ഷേപം നടത്താനാണ് തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചത്. ഡൽഹിയിൽ ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തുവിട്ട സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം നരേന്ദ്ര മോദി അറിയിച്ചത്.
ഡൽഹിയിലെ ഹൈദരാബാദ് ഹൗസിലായിരുന്നു ഇരു നേതാക്കളും തമ്മിലെ കൂടിക്കാഴ്ച നടന്നത്. 2014 ൽ ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ നിക്ഷേപ പങ്കാളിത്ത പദ്ധതിയുടെ ഭാഗമായാണ് പുതിയ നിക്ഷേപം പ്രഖ്യാപിച്ചിരിക്കുന്നത്. ലോകം ഇപ്പോഴും കോവിഡ് പ്രതിസന്ധിയോടുള്ള പോരാട്ടത്തിലാണെന്നും സാമ്പത്തിക രംഗത്തെ തിരിച്ചുവരവിന് ഇപ്പോഴും തടസങ്ങളുണ്ടെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
#WATCH Japan will invest 5 trillion Yen or Rs 3.2 lakh crores in the next five years in India, says PM Modi pic.twitter.com/IlpJQbbmAp
- ANI (@ANI) March 19, 2022
ഇന്ത്യ-ജപ്പാൻ സാമ്പത്തിക പങ്കാളിത്തത്തിൽ പുരോഗതി ഉണ്ടായതായി പ്രധാനമന്ത്രി പറഞ്ഞു. 'ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപകരിൽ ഒന്നാണ് ജപ്പാൻ. മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ ഇടനാഴിയുമായി ബന്ധപ്പെട്ട് ഇന്ത്യ-ജപ്പാൻ 'ഒരു ടീം-ഒരു പദ്ധതി' ആയി പ്രവർത്തിക്കുന്നു.' പ്രധാനമന്ത്രി പറഞ്ഞു. കിഷിത ഇന്ത്യയുടെ സുഹൃത്താണെന്നും കിഷിത ജപ്പാൻ വിദേശകാര്യ മന്ത്രിയായിരുന്നപ്പോൾ ഇടപഴകാൻ അവസരം ലഭിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.
ജപ്പാനുമായുള്ള പങ്കാളിത്തം മെച്ചപ്പെടുത്തുന്നത് പുരോഗതിയിലേക്കും സാമ്പത്തിക സ്ഥിരതയിലേക്കുമുള്ള പാതയാണ് തുറക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാർ തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ സൈബർ സുരക്ഷ അടക്കം ആറു കരാറുകളിൽ ഒപ്പിട്ടു. ക്ലീൻ എനർജി പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്.
റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധവും പ്രധാനമന്ത്രി തല ചർച്ചയിൽ ഉയർന്നുവന്നു. ലോക ക്രമത്തെയും അന്താരാഷ്ട്ര നിയമങ്ങളെയും ലംഘിക്കുന്നതാണ് റഷ്യയുടെ യുക്രൈനെതിരായ അധിനിവേശമെന്ന് ഫുമിയോ കിഷിദ പറഞ്ഞു. ഇദ്ദേഹത്തിനൊപ്പം ജപ്പാനിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരും വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ദ്ധരും ഉൾപ്പെട്ട സംഘവും ഡൽഹിയിലെത്തിയിട്ടുണ്ട്. ഇതാദ്യമായാണ് ഫുമിയോ കിഷിദ ഇന്ത്യയിലെത്തിയത്.
മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെ 2014ൽ ഇന്ത്യാ സന്ദർശന വേളയിൽ 3.5 ട്രില്യൻ യെൻ വിവിധ ഇന്ത്യൻ പദ്ധതികളിൽ നിക്ഷേപിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. ആദ്യമായാണ് ഫുമിയോ കിഷിത ഇന്ത്യ സന്ദർശിക്കുന്നത്. നിലവിൽ 1455 ജാപ്പനീസ് കമ്പനികളാണ് ഇന്ത്യയിൽ ഉള്ളത്. മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ, മെട്രോ പദ്ധതികൾ, ഡൽഹി-മുംബൈ വ്യാവസായിക ഇടനാഴി തുടങ്ങി ജാപ്പനീസ് സഹായത്തോടെ നിരവധി അടിസ്ഥാന സൗകര്യ പദ്ധതികൾ ഇന്ത്യയിൽ നടന്നുവരുന്നുണ്ട്.
2007ൽ രൂപീകരിച്ച ക്വാഡ്രിലാറ്ററൽ സെക്യൂരിറ്റി ഡയലോഗ് ആണ് ക്വാഡ് എന്ന പേരിൽ അറിയപ്പെടുന്ന ക്വാഡ് സഖ്യത്തിൽ, യുഎസ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾക്കു പുറമേ ജപ്പാനു ഇന്ത്യയും അംഗങ്ങളാണ്. ക്വാഡ് അംഗങ്ങളിൽ ഇന്ത്യ മാത്രമാണു റഷ്യൻ അധിനിവേശത്തെ അപലപിക്കാത്തത്. ജപ്പാൻ ഉൾപ്പെടെയുള്ള ക്വാഡ് രാജ്യങ്ങൾ റഷ്യൻ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ ഉപരോധം ഏർപ്പെടുത്തിയിരുന്നു. യുക്രെയ്നിൽ നിന്നുള്ള നിരവധി അഭയാർഥികളെ ജപ്പാൻ സ്വീകരിക്കുന്നുണ്ട്.
2018 ഒക്ടോബർ മാസത്തിൽ ടോക്കിയോയിലാണ് അവസാനമായി ഇന്ത്യൻ ജപ്പാൻ ഉച്ചകോടി നടന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 2020, 2021 വർഷങ്ങളിൽ ഉച്ചകോടി ഒഴിവാക്കിയിരുന്നു.
പ്രധാനമന്ത്രിയായ ശേഷം ആദ്യമായിട്ടാണ് കിഷിദ ഇന്ത്യയിലെത്തുന്നത്. 2021 ഒക്ടോബറിൽ കിഷിദ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മോദി അദ്ദേഹത്തെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചിരുന്നു. ഇന്ത്യയുടെ നഗരവികസനത്തിൽ ജപ്പാന്റെ പിന്തുണ വളരെ വലുതാണെന്നും ഹൈസ്പീഡ്, ബുള്ളറ്റ് ട്രെയിൻ പദ്ധതികളിൽ പിന്തുണ വളരെ വലുതാണെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്